Archives / september 2020

സന്തോഷ്‌ശ്രീധർ
 മജ്ജ്ര

 

അന്ധകാര പഴുതിലൂടുറ്റു നോക്കുന്നൊരാൾ
മുനിഞ്ഞു കത്തും തിരിനാളത്തിന്നരികിലായി
ചുറ്റു വട്ടത്ത് നോക്കിയിരിപ്പവൻ
എന്തിനോ വേണ്ടി കേഴുന്നു മാനസം.

നോക്കു കുത്തിയായി നാളുകളേറെയായി
ഈ മരുക്കാട്ടിൽ മേവുന്നു, യേകനായി.

നിത്യ വസന്തങ്ങളെല്ലാമകന്നുപോയി
നിത്യ ദുഃഖങ്ങളും വറ്റി വരണ്ടു പോയി
സ്വപ്നങ്ങളെല്ലാമൊഴിഞ്ഞു പോയി മാനസം,
ഏകനായുഴറുന്നു
സ്തബ്ദനാം ബാന്ധവൻ.

നന്മകളെല്ലാമുറഞ്ഞുപോം ധരണിയിൽ
തിന്മകളേറെ കൊടി കുത്തി വാഴുന്നു. 

മിഴികളിലൂറിയുറഞ്ഞൊരാ നൊമ്പരം
വീണ്ടുമൊഴുകുന്നു കണ്ണീർ പുഴകളായി,
കണ്ണുനീരിനിന്നുപ്പു കുറഞ്ഞു പോയി
അത്രമേലെന്റെ,
കണ്ണീർപൊഴിഞ്ഞുപോയി.

ആധിയും വ്യാധിയുമെല്ലാമകന്നു പോയി
ആരോരുമില്ലാത്തൊരീ
ലോകത്തേകനായി
നിത്യ ദാരിദ്ര്യകൊടും ചൂടിൽ മേവുമീ-
മാനവനാരെന്നോർക്കുവാനാവാതെ,
വേച്ചു വേച്ചു നീങ്ങുന്നു പ്രാണന്റെ വേദന
ഈ മരുക്കാട്ടിനുള്ളിലെവിടെയോ.

ഗളദ്വാരത്തിലൂടേറുന്നു ധൂപങ്ങൾ
ഗളകത്തിലാകെ നിറഞ്ഞു കവിയവേ,
ഗളതലമറുത്തു മാറ്റുവാൻ വെമ്പുന്നു, മാനസം
ഗളനാള മാകെ വരണ്ടു പോം നാളുകൾ.

ഗളസ്തനം നൽകിയ
ദൈവത്തിൻ കൃപയാൽ,
ഗളസ്‌തനി ചുറ്റിലുമോടി കളിക്കുന്നു.
ഗളാഗളിക്കൊത്ത് മേളിപ്പൂവജഗണം.

ഗാനതാന പ്രധാനം പോൽ
മീട്ടുന്നു ചീരികൾ
ഗിരിക തൻ പുനം
നോക്കി പോകുന്നു ചുറ്റിലും,
ഗ്രീഷ്മം കഴിഞ്ഞു പോം നാളുകളേവുമീ,
പാരിൽ മനുജന് ഗ്ളാനി തൻ മിച്ചം.

ചക്രഗതി പോലുഴറുമീ ചക്രവാതം
ചക്രവാളത്തോളമേറുന്നു ചുറ്റിലും
ചക്രശ്വാസം വലിച്ചു കഴിയുവാനാവാതെ,
ചഞ്ചല ചിത്തനാകുമീ മാനവൻ. 

ചുറ്റിയടിക്കും വാതത്തിൽ മുഴങ്ങുന്ന
ഭൂവിന്റെ നിസ്വനം മാത്രം
തുണയായി നീളവേ,
നീർമിഴി ചാലുകൾ നിറയുന്നു വീണ്ടും
പൊഴിയുന്നു കണ്ണീർപാടങ്ങളീ രാവിൽ.

ഊഷരവാതമേറ്റു പിടയും രാവുകൾ
ശീതവാതത്തെയോർത്ത്
നൊമ്പരം കൊൾകയായി.

ഉപദർശകനായെത്തിയെന്നുടയവൻ
ഉപദേശം തന്നു ചൊല്ലി പഠിപ്പിച്ചു :

പകലന്തിയോളം നടക്കുന്നു കോമരം
ചുട്ടുപൊള്ളുമീ മരുക്കാട്ടിലെന്നും
നാൽക്കാലികൾക്ക് കൂട്ടിരിപ്പാകുവാൻ.

കാലയവനികക്കുള്ളിൽ മറഞ്ഞുപോം
ചേതോഹരങ്ങളാം ചേതസനവധി.
ദുഃഖങ്ങളെല്ലാം പങ്കിട്ടെടുത്തവർ,
സ്വപ്നങ്ങളെല്ലാം പകർത്തുവാനാവാതെ.

കൂട്ടിരിക്കുവാനെത്തുന്നുരഗങ്ങൾ
രാത്രി മഴ പെയ്യുമീ വേളയിൽ.
സ്വര രാഗങ്ങളുയർത്തുന്നു ചീരികൾ
സ്വര മാധുരി പൊഴിക്കുന്നു വണ്ടുകൾ
അലോസരമീ,
കാതിലലയ്ക്കുമാ നാളുകൾ
ഇന്നവരെല്ലാമെനിക്ക് പ്രിയമുള്ളോർ.

ഗദ്‌ഗദം കൊണ്ട്
ഗദനം നിലയ്ക്കയാൽ
ഗന്താവ് ഗന്തും വിനാഴികയിൽ
ഗന്ത്രികം മുന്നോട്ട് പോകുവാനാവാതെ
ഗന്ധദ്വീപത്തിൻ മുന്നിലകപ്പെട്ട
ഗന്ധർവ്വം പോലുഴറുന്നു ചുറ്റിലും,
ഗന്ധമാദനൻ പോൽ
വിരാജിപ്പൂ വാതങ്ങൾ.

ഗന്ധമാർജ്ജാരനവൻ തന്റെ
ഗന്ധമറിയാതെ,
കൂട്ടിലകപ്പെടും പോലവേ
ഗന്ധർവ്വം പായുന്ന പോലവേ
വീശുന്നു ചുറ്റിലും ഘോരമാം വാതങ്ങൾ.
ഗന്ധർവ്വവിദ്യക്ക് മേളനം കൂട്ടുന്നു
ഗന്ധവാഹനനിവനീയന്ധകാരത്തിൽ
ഗന്ധസാരം പേറിക്കൊണ്ടിടക്കിടെ.

സ്വപ്‌നങ്ങളെല്ലാമകന്നുപോം
താരകൾ,
ഏകനാം തന്നെയുറ്റു
നോക്കുന്ന പോലവേ,
അന്ധകാര പഴുതിലൂടൂളിയിടുന്നൂ ദൂരേ.

ബന്ധങ്ങളെല്ലാമറ്റുപോം വീഥിയിൽ
ബന്ധനം മാത്രമായി തീരുന്നു സുഹൃദങ്ങൾ.

നിത്യ ദാരിദ്ര്യമേറ്റിയ നാളുകൾ
ഒത്തിരിയുണ്ടു കഥിക്കുവാനായിനി
നിത്യ ദുരിതങ്ങളെത്രയോ പിന്നിട്ടു
നിത്യതയിലേക്കാഴ്ത്തിയ നാളുകൾ
എല്ലാം മറക്കുവാനാവില്ല മനുജന്
അത്രമേലുണ്ടീ കദനത്തിൻ കഥ.
--------------------------------------------------
(മജ്ജ്ര - മരുഭൂമിയിൽ ആടിനെയും ഒട്ടകത്തെയും വളർത്തുന്ന ഒറ്റപ്പെട്ട സ്ഥലം. അതിനോട് ചേർന്ന ചെറിയ തമ്പുകളിൽ ആണ് ഏകനായി ഇടയൻ കഴിയുന്നത്.)

Share :