Archives / july 2021

എം.കെ.ഹരികുമാർ
മറ്റുള്ളവരെ ഉള്ളിൽ താമസിപ്പിക്കുന്നതിനെക്കുറിച്ച് 

സ്നേഹിക്കാൻ ഊർജ്ജം വേണോ? ചിലർ പറയാറുണ്ട് ,സ്നേഹിച്ചാൽ മതി, എപ്പോഴും  എപ്പോഴും എന്ന്. അവർ എങ്ങും തൊടാത്ത ആഭിമുഖ്യമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. സ്നേഹം അനായാസമാണോ ?അല്ലെന്നാണ് എനിക്ക് തോന്നുന്നത് .സ്നേഹിക്കണമെങ്കിൽ നാം അതിനു സജ്ജരാകണം. അതിൻ്റെയർത്ഥം ,ആകസ്മികമായി സ്നേഹം സംഭവിക്കുകയില്ലെന്നാണോ ? സംഭവിക്കും. പക്ഷേ ,മനസ്സ് അതിനു പാകമായിരിക്കണം .സ്നേഹിക്കാൻ മനസ്സിനുള്ളിൽ ഒരു ശക്തി വേണം. ആ ശക്തിയാണ് മറ്റുള്ളവരിലേക്ക് പകരേണ്ടത്.ചാഞ്ഞ് കിടക്കുന്ന ചെടിയുടെ തണ്ട് എടുത്തുയർത്തുന്നതു പോലെ ക്രിയാത്മകമാകണം സ്നേഹം.അതിൽ ഒരു അസ്വസ്ഥതയുണ്ട്. ആ ചെടിയുടെ തണ്ട് ഒടിഞ്ഞല്ലോ എന്ന അസ്വസ്ഥത .അതിനോടുള്ള പ്രതികരണവും കൂടി സ്നേഹത്തിലുണ്ട്. സ്നേഹം സ്വാതന്ത്ര്യം കവർന്നെടുക്കലല്ല ;നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിനു കാവലിരിക്കലാണ് .

യേശുദേവൻ പറഞ്ഞത് ,അയൽക്കാരനെ സ്നേഹിക്കണമെന്നാണ്. എങ്ങനെ ? നമ്മെപ്പോലെ തന്നെ സ്നേഹിക്കണം.അതാണ് വെല്ലുവിളി .സ്നേഹം അനായാസമല്ലെന്നാണ് യേശുദേവൻ്റെ വാക്കുകളുടെ അർത്ഥം. ആരാണ് അയൽക്കാർ ?എൻ്റെ വീടിൻ്റെ തൊട്ടടുത്തുള്ളവർ എന്നല്ല അർത്ഥം .എൻ്റെ സ്നേഹത്തിൻ്റെ പ്രമേയമാകുന്നവരെല്ലാം അയൽക്കാരാണ്. അഞ്ച് കിലോമീറ്ററോ ,നൂറ് കിലോമീറ്ററോ ദൂരത്തുള്ളവരും അയൽക്കാരാണ്. യേശുദേവൻ കിലോമീറ്ററിൻ്റെ കണക്ക് പറഞ്ഞിട്ടില്ലല്ലോ. നിൻ്റെ അയൽക്കാർ എന്ന് പറഞ്ഞു. അത് എല്ലാവരെയും ഉൾക്കൊള്ളുന്നു. നമ്മുടെ മനസ്സിൻ്റെ അകത്തുള്ള വാസമാണത് ചൂണ്ടിക്കാണിക്കുന്നത്. മനസ്സിനുളളിൽ അയൽക്കാരുണ്ട്. അവർക്ക് ഭൂമിശാസ്ത്രപരമായ അകൽച്ചയില്ല. ജാതി ,മത ,വർഗ, ദേശപരമായ അകൽച്ചകളില്ല. അവരാണ് അയൽക്കാർ. അവരെ എപ്പോഴും ശ്രദ്ധിക്കണം.അവർക്ക് എന്ത് സംഭവിക്കുന്നതും നമ്മെ ബാധിക്കും. ഇതാണ് അസ്തിത്വപരമായ സ്നേഹം (Existential love). അയൽക്കാരൻ്റെ ബുദ്ധിയോ ,നിറമോ ,തൊഴിലോ ,ലിംഗമോ ,പദവിയോ ഒന്നും ബാധകമല്ലാത്ത അസ്തിത്വമാണ് യേശുവിൻ്റെ സ്നേഹത്തിൻ്റെ പൊരുൾ എന്ന് കാണാൻ വിഷമമില്ല. നിരുപാധികമായ സ്നേഹമാണിത്; അല്ലെങ്കിൽ നിരുപമമായ ,പ്രാപഞ്ചികമായ സ്നേഹം.

അസ്തിത്വപരമായ സ്നേഹം ഒഴിവാക്കാനാവാത്ത ദു:ഖവുമാണ്. നമ്മൾ ജീവിക്കുന്നത് അതുകൊണ്ടു കൂടിയാണ്. ഈ സ്നേഹമില്ലെങ്കിൽ നമ്മൾ ജീവിക്കുന്നില്ലെന്നാണ് ,യേശുവിൻ്റെ ചിന്തയിൽ ,അർത്ഥം.ഫ്രഞ്ച് അസ്തിത്വവാദ ചിന്തകനായ സാർത്ര് ഊന്നിപ്പറഞ്ഞ കാര്യം ,ഞാൻ ചിന്തിക്കുന്നു ,അതുകൊണ്ട് ഞാൻ നിലനില്ക്കുന്നു എന്നാണല്ലോ. അദ്ദേഹത്തിൻ്റെ Nausia എന്ന നോവലിൽ പ്രധാന കഥാപാത്രം ഇത് വ്യക്തമാക്കുന്നുണ്ട്. ഈ അസ്തിത്വ ബോധത്തെ നാസ്തികമായാണ് സാർത്ര് സമീപിക്കുന്നത്. അതായത് ,ദൈവമില്ലാത്തതുകൊണ്ടാണ് മനുഷ്യൻ സ്വതന്ത്രനായിരിക്കുന്നത് .മനുഷ്യൻ്റെ സ്വാതന്ത്ര്യം അവനെ ദു:ഖിപ്പിക്കുകയാണ്.കാരണം അവൻ്റെ തലയിലാണ് ഏത് തിരഞ്ഞെടുക്കണമെന്ന ഭാരമുള്ളത്. ഇത് അവൻ്റെ ഉത്തരവാദിത്തമാകയാൽ വരുംവരായ്കകൾ അവനെ വിഷാദത്തിലേക്ക് തള്ളിവിടുന്നു .

എന്നാൽ യേശുവിൻ്റെ അസ്തിത്വദർശനം മനുഷ്യകുലത്തിൻ്റെ വാഴ്വിൻ്റെ അന്തസത്തയും സമന്വയവുമാണ്. യൂറോപ്യൻ നിരീശ്വര അസ്തിത്വവാദം ഒരു വസ്തുവിൻ്റെയും ഗുണത്തെ അംഗീകരിക്കുന്നില്ല;അവർക്ക് സത്തയിൽ നിന്ന് വിഭിന്നമായതാണ് അസ്തിത്വം .

ഒരു ചിത്രശലഭത്തിൻ്റെ അസ്തിത്വം അതിൻ്റെ സൗകുമാര്യതയോ ചിറകുകളിലെ വർണ്ണപ്പകിട്ടോ ഒന്നുമല്ല;അത് വേറൊരു അസ്തിത്വമാണ്. അതിനു ഈ പ്രകൃതിയിൽ പ്രത്യേകിച്ച് യാതൊരു സത്തയുമില്ല എന്ന് അവർ വാദിക്കുന്നു. ശൂന്യതയെ അഭിമുഖീകരിക്കുന്ന ശലഭം മൃതിയടയുകയാണ്.മൃതിക്ക് ശേഷവും ആ ശൂന്യത നിലനില്ക്കുന്നു. എന്നാൽ അയൽക്കാരനെ സ്നേഹിക്കുന്നതിലൂടെ മനുഷ്യൻ ദൈവത്തിൻ്റെ ഇഷ്ടം നടപ്പാക്കുകയാണ്. അവൻ്റെ മനസ്സിനുള്ളിലെ ജീവിതം കാര്യക്ഷമമാകുന്നു; അതിനൊരു ലക്ഷ്യമുണ്ടാകുന്നു. അത് ദൈവത്തിൻ്റെ നാഗരികതയിലേക്ക് അടുക്കുകയാണ്.

മറ്റുള്ളവരെ ഉള്ളിൽ വസിക്കാൻ അനുവദിക്കുമ്പോഴേ സ്നേഹമുള്ളു. അല്ലാത്തപ്പോൾ മനുഷ്യൻ ഒരു ട്രാഫിക് ഐലൻഡിൽ നില്ക്കുന്ന പൊലീസുകാരനെപ്പോലെ ഡ്യൂട്ടിയുടെ ഭാഗമായി ആംഗ്യം കാണിക്കുകയാണ് ചെയ്യുന്നത്. ഒരു ആംഗ്യം തത്കാലത്തേക്കുള്ളതാണ്.അത് പിന്നീട് നിലനില്ക്കുന്നില്ല .സ്നേഹം ഇങ്ങനെയല്ല ,അതിനു ആയുസ്സുണ്ട്. അത് മറ്റുള്ളവരോടൊപ്പമുള്ള ജീവിതമാണ്. മറ്റുള്ളവർക്ക് വേണ്ടിയുള്ള ക്രിയയാണത്.

കൊറോണ പടർന്നപ്പോൾ സർഗാത്മകമായ രചനകളിലേർപ്പെടാൻ വൈഷമ്യമുണ്ടെന്ന് ഞാൻ എഴുതിയത് അതുകൊണ്ടാണ്. കാരണം മറ്റുള്ളവരുടെ ജീവിതം നമ്മെ സ്വാധീനിക്കുന്നു. സ്നേഹത്തിനു ഈ ശീലമുണ്ട്. അത് മറ്റുള്ളവരുമായുള്ള ഒരു സഹവാസമാണ്.അങ്ങനെയാണ് മനുഷ്യത്വമുണ്ടാകുന്നത്. മനുഷ്യനിലെ ദൈവികതയാണത്.

സ്നേഹിക്കുമ്പോൾ നമ്മളിലെ ഊർജ്ജം ഉണരുകയാണ്. മതാത്മകമായ ഉണർവ്വും ഇതാണ്. യേശുവിൻ്റെ അസ്തിത്വപരമായ സ്നേഹം വസ്തുവിൻ്റെ ഗുണത്തെയും ഉൾക്കൊള്ളുന്നു.ആ ഗുണത്തോടുള്ള സ്നേഹം മനുഷ്യനെ നിലനില്ക്കാൻ സഹായിക്കുന്നു. നമ്മെ ആത്മീയമായി വികസിപ്പിക്കുന്നത് ഇതാണ്. ഗുണങ്ങളിൽ നിന്ന് വേർപെട്ട അസ്തിത്വത്തെയല്ല യേശു അഭിസംബോധന ചെയ്യുന്നത്; ഗുണങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ്. കാരണം ഈ ഗുണങ്ങൾ നമ്മുടെ ഉള്ളിലാണ് വസിക്കുന്നത് .അതുകൊണ്ടാണ് നമുക്ക് അസ്തിത്വപരമായ വിഷാദമുണ്ടാകുന്നത്.

Share :