Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
: ശാർദ്ദൂലവിക്രീഡിതം

         പന്ത്രണ്ടാൽമസജം സതംതഗുരുവും എന്ന് ലക്ഷണം കല്പിച്ച വൃത്തമഞ്ജരീകാരൻ മാത്രയിലും ഗണത്തിലും ഊന്നി കവിതയെ ശാസ്ത്രീയമാക്കാൻ ശ്രമിച്ചപ്പോൾ, ഭാഷാസംസ്കൃതവൃത്തങ്ങളിൽ മാത്രം കവിതയെഴുതാൻ അന്നത്തെ മഹാകവികൾ പോലും ബദ്ധശ്രദ്ധരായപ്പോൾ അതിനെ ഖണ്ഡിക്കാനും ഒരു കവി ഉണ്ടായിരുന്നു. ഭാഷയിലെ എക്കാലത്തേയും ജനകീയ മഹാകവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ള! നിങ്ങൾ വരയ്ക്കുന്ന വൃത്തത്തിൽ കവിതയെഴുതുകയല്ല; ഞാനെഴുതുന്ന കവിതയുടെ വൃത്തം കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് വൈയാകരണന്മാരോട് പറഞ്ഞത് ചരിത്രമാണ്. എന്നും ചിത്രത്തിനെതിരെ നീന്തിയവരാണ് വിജയികളായത് എന്നതും സത്യം തന്നെ. പക്ഷെ, അതിന് ചരിത്രപരതയും വർത്തമാനക്ഷമതയും വേണം. ഇവിടെ ചിലർ കവിപ്പട്ടം സ്വയമെടുത്തണിഞ്ഞ് സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയും അനർഹമായ പിന്തുണ ചില കോണുകളിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നുവെന്നതാണ് ഇക്കാലദുര്യോഗം.

        മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1180 ൽ പരിണാമ ശരീരത്തിലെ പച്ചകുത്തുകൾ എന്ന പേരിലും ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ അകക്കാളി എന്ന പേരിലും ഓരോ കവിതകൾ എഴുതിയിരിക്കുന്നു. വായനാപരതയും ശിക്ഷിതപടുത്വവും കൊണ്ടാവാം കാവ്യഭാഷ നന്നായി വഴങ്ങുന്നുണ്ട്, പക്ഷെ, വൃഥാസ്ഥൂലത എന്ന ഏറ്റവും വലിയ കാവ്യദോഷം ഈ രണ്ട് കവിതകളെയും ഒരുപോലെ ബാധിച്ചിരിക്കുന്നു എന്നതാണ് പ്രശ്നം. ഫെമിനിസം തന്നെയാണ് രണ്ടു കവിതകളുടെയും അന്തർദ്ധാര. അഞ്ഞൂറുവരിയെ പത്തോ ഇരുപതോ വരിയാക്കിചുരുക്കാനുള്ള പടുത്വം ഈ കവി സ്വായത്തമാക്കിയിരുന്നെങ്കിൽ ദോഷം മാറി കിട്ടിയേനെ.

       
      ഇതേ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ ഡി.യേശുദാസിന്റെ ഒരു ക്രൈം ഫയൽ എന്ന കവിത വായിച്ച് നിരാശയിൽ നിന്ന് കരകയറുന്നു. ആക്സിഡന്റലായ കവിത എന്ന് ഇതിനെ വിശേഷിപ്പിക്കാം. രൂപവും ഭാവവും ഒത്തുചേരുന്ന പരരൂപക വാങ്മയങ്ങൾ! ഒട്ടും ചെടിപ്പിക്കാതെ, അർത്ഥപൂർണ്ണമായി പ്രജ്ഞയെ ഉണർത്തുന്ന കവിബോധ്യം.ആക്ഷേപം,സ്വയംവരമായ നിസ്സാരത, ഒരു നൂൽവെട്ടമായി കവിതയിൽ നിറയുന്നു.
" ഒന്നു പെയ്ത മഴയിലെ റോഡുമണത്തോടൊപ്പം
ഇരുട്ട് മൂക്കിലേക്ക് തെരുത്തു കയറി " എന്നീ വരികളിൽ സ്ഫുരിക്കുന്ന തന്മയീഭാവം ഈ കവിതയിലുടനീളം കരുത്തോടെ നിലനിർത്താൻ കവിക്കു കഴിയുന്നു എന്നതാണ് എടുത്തു പറയേണ്ട ഒരു സവിശേഷത.

     മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 30 ൽ വീരാൻകുട്ടി മുറിജീവിതം എന്ന കവിതയുമായി വരുമ്പോൾ, വായനാസുഖത്തിന്റെ ഗരിമയിൽ സന്തോഷം കൊള്ളുന്നു. തോറ്റുപോകുന്നതല്ല, പ്രതീക്ഷയുടെ തിരുശേഷിപ്പുകൾ അവശേഷിക്കുന്നതാണ് ജീവിതം.ഒറ്റയായ്പ്പോയ ജീവപരിണതി, പ്രതീക്ഷകളിൽ അർപ്പിതശേഷിയായി ഉരുവെടുക്കും എന്ന പരിരക്ഷ പങ്കുവയ്ക്കുന്നു, ഈ കവിത.രസേതിഭാവ സമ്മിളിതമായ ജീവരതിയുടെ അനുഭവം പകർന്നു തരികകൂടി ചെയ്യുന്നു.

     ഇതേ ലക്കത്തിൽ ജേക്കബ് എബ്രഹാമിന്റെ കുളി എന്ന കഥ വളരെ പ്രതീക്ഷയോടെ വായിക്കുന്നു. പൂർവാപരബന്ധത്തിന്റെ ചരട് ഇഴപൊട്ടാതെ മെനഞ്ഞു മുറുക്കി രസച്ചരട് പൊട്ടാതെ കഥ പറഞ്ഞിരിക്കുന്നു. എന്നാണ്, ജയിംസ് എന്ന ഗൂണ്ടയുടെ ദയനീയാന്ത്യം നാട്ടുനടപ്പുപോലെ സംഭവിപ്പിക്കുന്നു എന്നത് നന്നായി പറഞ്ഞ കഥയ്ക്ക് ഒരു കല്ലുകടി അനുഭവിപ്പിക്കുന്നു. അഥവാ, കഥയിലെ നാട്ടുനടപ്പുമാത്രമായി ഇവിടെ കഥാന്ത്യം ചുരുങ്ങിപ്പോകുന്നു.
: മാതൃഭൂമിയിൽ സച്ചിദാനന്ദന്റെ ടി.കെ.രാമചന്ദ്രൻ സ്മരണയായ രൂക്ഷം, സി. രാധാകൃഷ്ണന്റെ ഭൂഗർഭജലം എന്നീ മനോഹര കവിതകൾ വായിച്ച സന്തോഷം കൂടി പങ്കുവയ്ക്കുന്നു. 

       കവിതയിൽ നിരവധി ശാർദ്ദൂലങ്ങൾ ജനിക്കേണ്ടതുണ്ട്. കള്ളികളിലെ ഇടവരകൾ മായ്ക്കേണ്ടതുമുണ്ട്. അതിനായി കാത്തിരിക്കുക.....

Share :