Archives / july 2021

കുളക്കട പ്രസന്നൻ
കേരളം മാറുന്നു

മലയാളികൾ പൊങ്ങച്ചത്തിൻ്റെയും ആഢംബരത്തിൻ്റെയും പ്രതീകമായി മാറി കഴിഞ്ഞിട്ട് വർഷങ്ങളായി. നാട്ടിൽ നിന്നും തൊഴിലു നേടി അയൽ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോയിട്ട് എത്ര വർഷമായി കാണും. മലയാളികൾ പുറം ലോകത്ത് എത്തി തുടങ്ങിയിട്ട് സ്വാതന്ത്ര്യ സമര കാലയളവോളം പഴക്കമുണ്ട്. എന്നാലും ഇന്ന് കാണുന്ന വിദേശ വാസത്തിനും 40 വർഷം പഴക്കം കാണും

1980കളിൽ മലയാളികൾ ദാരിദ്ര്യത്തിൻ്റെ കയ്പുനീരിൽ നിന്നും രക്ഷപ്പെടാൻ വീടും നാടും വിട്ട് പുറം ലോകത്തേക്കിറങ്ങി. 

ആദ്യഘട്ടങ്ങളിൽ പലരും വിസാ തട്ടിപ്പുകളിൽ കുടുങ്ങി. അന്നത്തെ ബോംബേയിലും മറ്റും തട്ടിപ്പിനിരയായവർ അനേകർ. എന്തായാലും മലയാളികൾ വിദേശ രാജ്യങ്ങളിൽ സമർത്ഥർ എന്ന് അംഗീകരിക്കപ്പെട്ടു.

കേരളം പതിയെ പതിയെ ഉണർന്നു. പുതിയ വീടുകൾ, കാറുകൾ. അങ്ങനെ ജീവിത നിലവാരം മെച്ചപ്പെട്ടു. പ്രത്യേകിച്ചും ഗൾഫുനാടുകളിലെ പണം കേരളത്തിൽ ഒഴുകിയെത്തി. കേരളം ഇതര സംസ്ഥാനത്തുള്ളവർ ഗൾഫ് നാടായി വിശേഷിപ്പിക്കപ്പെട്ടു.

കേരളത്തിൽ പാടത്തും വരമ്പത്തും പണിയെടുക്കാൻ ഇതര സംസ്ഥാനത്തുള്ളവർ വേണമെന്നായി. ഒരു ഹോട്ടൽ ഉണ്ടെങ്കിൽ ബറോട്ട അടിക്കാനും അതെടുത്തു കൊടുക്കാനും ബംഗാളി. മുതലാളി മലയാളി. വീടു നിർമ്മാണത്തിന് തൊഴിലാളികൾ അന്യസംസ്ഥാനത്തുള്ളവർ. കോൺട്രാക്ടർ മലയാളി. ഇതര സംസ്ഥാനത്തുള്ള തൊഴിലാളികളെ സപ്ലൈ ചെയ്യാൻ  കമ്മീഷൻ വ്യവസ്ഥയിൽ മലയാളി.

റിയൽ എസ്റ്റേറ്റ് , വാഹന ദല്ലാൾ തുടങ്ങിയ ജോലികളായിരുന്നു മലയാളികൾക്കിഷ്ടം. അതല്ലേൽ സർക്കാർ ജോലി. അൽപ്പ സ്വല്പം സംഘടന പ്രവർത്തനം, സൊറ പറച്ചിൽ എല്ലാമായി നേരമ്പോക്കി മലയാളികൾ കഴിഞ്ഞു കൂടി.

ഭക്ഷണം കഴിക്കാൻ ഹോട്ടൽ, അന്തിക്ക് കള്ള് മോന്തി വന്നിരുന്ന രീതി മാറി രാവിലെ മുതൽ ബാറിലോ, ബിവറേജസിലോ കാണാമായിരുന്നു മലയാളികളെ. സർഗ്ഗ വാസനയില്ല, സംവാദമില്ല. പുതിയ ലോകം, അതായിരുന്നു 2000 മുതൽ കേരളം.

ദേ, എല്ലാം തകിടം മറിഞ്ഞു.2018ലെ മഹാപ്രളയം. അതിൻ്റെ തുടർച്ചയെന്നോണം 2019 ലും 2020 ലും. ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നു പറയുന്നതു പോലെ കൊവിഡ് 19 എന്ന മഹാമാരിയും.

വയൽ നികത്തി . വനമേഖല വെട്ടി തെളിച്ചു. മല തുരന്നു. പുഴകൾ നികത്തി . മുൻപും പിൻപും നോക്കാതെ ചിലർ നടത്തിയ പ്രകൃതി ദ്രോഹം. അധികൃതർ കണ്ണടച്ചു. പരിസ്ഥിതി സ്നേഹികളെ ഭ്രാന്തർ എന്ന് മുദ്രകുത്തി. പണമാണ് ദൈവമെന്ന് ചിലർ വിധിച്ചു. ആ പണത്തിൽ നിന്നും നക്കാപിച്ച കിട്ടിയവർ പ്രകൃതിക്കെതിരെ നായ്ക്കോലം കിട്ടിയവർക്കൊപ്പം കുരച്ചു.

കേരളത്തിൽ കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യ സാധനങ്ങൾ എത്തണം . കൊവിഡ് മഹാമാരിയിൽ ഭക്ഷ്യ വിഭവങ്ങൾ എത്തുന്നതിൻ്റെ ബുദ്ധിമുട്ട് നമ്മൾ കണ്ടതാണ്. വിദേശത്തു നിന്നും വന്ന പണം ഇപ്പോൾ പ്രതിസന്ധിയിലാണ്. എങ്ങനെ മുന്നോട്ട് പോകും എന്ന ആലോചനയിലാണ് ഓരോരുത്തരും.

ഏതു സംസ്ഥാനത്തു പോയാലും രാജ്യത്തു പോയാലും നമ്മൾ മറക്കാൻ പാടില്ലാത്തത് ഒന്നുണ്ടായിരുന്നു. നമ്മുടെ സംസ്കാരം . എന്താണ് നമ്മുടെ നാടിൻ്റെ സംസ്കാരം . കാർഷിക സംസ്കാരമാണ് നമ്മുടേത്. വയലുകളും വനവും പുഴകളും എല്ലാം സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകാനുള്ള മാന്യതയായിരുന്നു വേണ്ടിയിരുന്നത്. 

സംഭവിച്ചതു സംഭവിച്ചു. ഇതൊരു പാഠമാണ്. എന്നും ഓർത്തിരിക്കാനും തലമുറകൾക്ക് കൈമാറാനുമുള്ള പാഠം. ഇന്നു മലയാളികൾ റോഡരുകിൽ വാഴ കൂമ്പും വാഴപിണ്ടിയും ചീനിയും മറ്റു സാധനങ്ങളും വിൽക്കാൻ തയ്യാറാകുന്ന കാഴ്ച. ഇനി കുടിൽ വ്യവസായങ്ങൾ തുടങ്ങാം. അങ്ങനെ മലയാളികൾ മാറുകയാണ്. അപ്രതീക്ഷിത തിരിച്ചടികളിൽ മലയാളികൾ മണ്ണിലേക്കിറങ്ങുന്നതോടെ നമ്മുടെ നാട് ഈ കൊവിഡ് കാലം അതിജീവിക്കും. സംശയമില്ല.

ഇനിയും കേരളത്തിൽ മാറ്റങ്ങൾ ഉണ്ടാവും. ജിമ്മിലും ബ്യൂട്ടി പാർലറിലും സമയം കളഞ്ഞ യൗവ്വനം സൈക്കിൾ ചവുട്ടി ഇടവഴികളിലൂടെ തങ്ങൾ നിർമ്മിച്ച സാധനങ്ങളുമായി എത്തും. ഗ്രാമങ്ങൾ നാട്ടു രാജ്യം പോലെ മാറും . ഈ മാറ്റങ്ങൾ കൊവിഡ് പശ്ചാത്തലത്തിലാണ്. എങ്കിലും പ്രകൃതിയുടെ താളം വീണ്ടെടുക്കുന്ന പോലെ. 

കമൻ്റ്: ചക്ക വേണേൽ വേരേലും കായിക്കും. അതാണ് ഈ കൊവിഡ് പ്രതിസന്ധിയിൽ മലയാളികൾ തെളിയിക്കുന്നത്. മണ്ണിൽ പണിയെടുത്ത് നാം മുന്നോട്ട് എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
 

Share :