Archives / july 2021

കുളക്കട പ്രസന്നൻ
കേരളം കൊവിഡ് കോളനിയാകരുത് 

മടിയൻ മല ചുമക്കും എന്നൊരു പഴമൊഴിയുണ്ട്.  കൊവിഡ് 19 പ്രതിരോധത്തിൻ്റെ കാര്യത്തിലും നമ്മൾ ഏതാണ്ട് അതേ അവസ്ഥയിലാണ്. മടിയൻ എന്നത് കൊവിഡിനോടുള്ള പോരാട്ടത്തിൽ അലസൻ എന്നു പറയാം. മല എന്നത് കൊവിഡ് ആയും കരുതാം. അതായത് അലസൻ കൊവിഡിനെ ചുമക്കും എന്നർത്ഥം.

2019 നവംബറിലോ മറ്റോ ചൈനയിലെ വുഹാനിൽ നിന്നും ലോകത്തെ പ്രതിസന്ധിയിലാക്കിയ നോവൽ കൊറോണ വൈറസിൻ്റെ ഉത്ഭവത്തിന് ഒരാണ്ട് തികയാൻ പോകുന്നു. ഇതിനിടയിൽ ലോകത്ത് മൂന്നു കോടി 35 ലക്ഷത്തോളം കൊവിഡ് വാഹകർ. പത്ത് ലക്ഷത്തിൽ കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. എന്നിട്ടും കൊവിഡ് ഭീഷണിയായി നിൽക്കുകയാണ്.

കൊവിഡ് പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ വാക്സിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഘട്ടം വരണം. അതുവരെ അവരവർ ശ്രദ്ധ പുലർത്തുക മാത്രമെ നിർവൃത്തിയുള്ളു.

ഇന്ന് കൊവിഡ് വിഷയത്തിൽ അലസത കാട്ടുന്നവർ മുൻപു നടത്തിയ ചില പ്രകടനങ്ങൾ മറക്കരുത്. റാന്നിയിൽ നാട്ടിലെത്തിയ പ്രവാസി മലയാളി സുഹൃത്തുക്കളുടെ വീട്ടിൽ പോയതിന് എന്തെല്ലാം വിമർശനങ്ങളായിരുന്നു. അന്ന് ആ വ്യക്തി ഈ രോഗത്തിൻ്റെ ഗുരുതര സ്വഭാവം അറിഞ്ഞു കൊണ്ടായിരുന്നില്ല  സുഹൃദ് സന്ദർശനം നടത്തിയത്. അതുമല്ല ആ  പ്രവാസി മലയാളി രോഗബാധിതനാണെന്നും അറിഞ്ഞില്ല. ആ വ്യക്തിയേയും കുടുംബത്തെയും  നവ മാധ്യമങ്ങളിലൂടെ ക്രൂരമായി വിമർശിച്ച എത്രയോ പേരുണ്ട്. ആ വിമർശകർ ഇന്ന് കൊറോണ വൈറസ് പ്രതിരോധത്തിൽ എവിടെ നിൽക്കുന്നു. അതു ചോദിച്ചിട്ട് കാര്യമില്ലല്ലോ ?

അതു കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും സ്വന്തം വീടുകളിലേക്ക് വന്ന മലയാളികളോട് കുറെ പേർ കാട്ടിയ ക്രൂരതയും മറക്കരുത്. ഈ വിഷയം ഓർമ്മിപ്പിച്ചത് ഇന്നു കേരളം എത്തി നിൽക്കുന്ന കൊവിഡ് തരംഗത്തെ കുറിച്ച് ഓർമ്മപ്പെടുത്താനാണ്.

കൊറോണ മൂലം വിവിധ മേഖലകളിൽ തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന മലയാളികളുടെ ദുരിതാവസ്ഥ ഭീതിദമാണ്. സ്റ്റേജ് പ്രോഗ്രാമുമായി ജീവിതം നയിച്ചിരുന്നവർക്ക് മറ്റു വഴികൾ തേടേണ്ടി വന്നിരിക്കുന്നു. അഭിഭാഷകർക്ക് വരുമാനം കുറഞ്ഞു. അങ്ങനെ ഓരോ മേഖല പരിശോധിച്ചു നോക്കണം. അത്തരമൊരു ഘട്ടത്തിൽ ഒരു ലോക് ഡൗൺ കൂടി ഉണ്ടായാൽ കേരളത്തിൻ്റെ അവസ്ഥ കൂടുതൽ പ്രയാസം നിറഞ്ഞതാവും അതു മനസ്സിലാക്കി വേണം സമൂഹം മുന്നോട്ടു പോകേണ്ടത്.

കേരളത്തിൽ പ്രതിദിനം രോഗികളുടെ എണ്ണം ഏഴായിരം കടന്നിരിക്കുന്നു. ഇതിനോടകം 700 ഓളം പേർ കൊവിഡ് ബാധിച്ച് മരിച്ചു . നിപയോടും മറ്റും പൊരുതി നിന്ന കേരളം കൊവിഡിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയുമോ എന്നിടത്തേക്കാണ് വിരൽ ചൂണ്ടുന്നത്.

ജീവിത ശൈലീ രോഗങ്ങൾ കേരളീയരിൽ ഒരുപാടു പേർക്കുണ്ട്. അതു കൂടാതെ ഹൃദ്രോഗം, കാൻസർ, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങളിലും മലയാളികൾ മുൻപന്തിയിലാണ്. അതിൻ്റെ കൂടെയാണ് കൊവിഡ് 19 എന്ന മഹാമാരിയും.

ജനസാന്ദ്രത കൂടിയ ഈ കൊച്ചു സംസ്ഥാനം ഗൗരവത്തിൽ ചിന്തിക്കേണ്ടുന്ന വിഷയമാണിത്. ആരോഗ്യ പ്രവർത്തകരും നിയമപാലകരും കൊവിഡ് ബാധിതരാകുന്നു. ഇതു പൊതു സമൂഹം ഗൗരവത്തിൽ ചിന്തിക്കണം. ഇവർ  കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്നു പട നയിക്കുന്നവരാണ്. ഒരു യുദ്ധത്തിൽ നായക സ്ഥാനത്തുള്ളവർക്ക് പരിക്കേറ്റു വീണാൽ എന്താണോ അവസ്ഥ അതു തന്നെയാവും ഇവിടെയും സംഭവിക്കുക.

കേരളീയർ ഗൗരവമായി ചിന്തിക്കു. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിയാൽ വെൻ്റിലേറ്ററിൻ്റെയും ഐസിയുവിൻ്റെയും ദൗർലഭ്യം ഉണ്ടാകും. ആരോഗ്യമുള്ള വ്യക്തികളിൽ കൊവിഡ് വലിയ വിഷയമല്ലാതെ പോയേക്കാം. ആരോഗ്യമില്ലാത്തവരുടെ സ്ഥിതി അങ്ങനെ ആവണമെന്നില്ല.

നമ്മൾ ഒന്നറിയണം. വാക്സിൻ ഇല്ലേലും കൊവിഡ് പ്രതിരോധത്തിനു മാർഗ്ഗങ്ങളുണ്ട്.  സത്യത്തിൽ അതു ഭാഗ്യമാണ്. സോപ്പിട്ട് കൈ കഴുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ ഫലപ്രദമല്ലായിരുന്നുവെങ്കിൽ മാനവരാശി ഈ മഹാമാരിക്കു മുന്നിൽ എന്തു ചെയ്യുമായിരുന്നു. അതു കൊണ്ട് നമ്മൾ ആ പ്രതിരോധ മാർഗ്ഗങ്ങൾ കൈവിടരുത്-

 കമൻ്റ്:  കൊവിഡിനെ നിസാരവത്കരിച്ചു കാണുന്നവനെ കോമാളിയായിട്ടെ കാണാൻ പറ്റു. 
 

Share :