Archives / september 2020

ഡോ. പി.ആർ. ജയശീലൻ
ഹൃദയം സംഗീതമായി പെയ്യുമ്പോൾ ...... (എസ്.പി. ബാലസുബ്രഹ്മണ്യം )

കവിതയും സംഗീതവും ഔന്നത്യം വഹിക്കുന്ന രണ്ടു കലാരൂപങ്ങളാണ്. എന്നാൽ കവിയും പാട്ടുകാരനും അവധൂത ജൻമങ്ങളും ആണ്. തിരുവള്ളുവരും തിരുവരങ്കത്തെ പാണനാരും ഷഡ്കാല ഗോവിന്ദമാരാരും അവധൂത ജൻമങ്ങൾ തന്നെ. നാടോടിപ്പാട്ടുകാരും ബാവുൽ ഗായകരും സംഗീതത്തിന്റെ ചരരാശിയെ കൂടി ഓർമിപ്പിക്കുന്നു. സ്ഥലകാലങ്ങൾക്കതീതമായ സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ജൈവീക പാഠങ്ങൾ അവർ നൽകുന്നു.

 ആധുനികത നമ്മുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ നിർണായകമാണ്. സാങ്കേതികത സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും പാഠങ്ങൾക്ക് പുതിയ വ്യാകരണം സൃഷ്ടിച്ചിരിക്കുന്നു. യഥാർത്ഥ ജനകീയതയുടെ മുദ്ര തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.


 കിഴക്കൻ പ്രദേശത്തു ജീവിക്കുന്ന ഞാൻ കേട്ടു വളർന്ന സ്വരമാണ് എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകന്റേത്. അതിനൊരിക്കലും ചിട്ടപെടുത്തിയ രൂപഭാവങ്ങളുണ്ടായിരുന്നില്ല. സ്ഥലകാലഭേദങ്ങളില്ലാതെ എന്റെ ബാല്യ കൗമാരയൗവനങ്ങളിൽ അതുണർത്തിയ സ്നേഹ സ്വാതന്ത്ര്യ കല്പനകൾ എന്റെ ജീവിതത്തിൽ, എഴുത്തിൽ അടിമുടി നിർണായകമായ മാറ്റം വരുത്തി.

 ചാണകം മെഴുകിയ  തറയിൽ ഇട്ടിരിക്കുന്ന ലോവർ പ്രൈമറി ക്ലാസുകളിലെ കുട്ടി ബെഞ്ചുകളിൽ ഇരുന്നു കൊണ്ട്  ഞങ്ങൾ കൈമാറിയിരുന്ന ചിത്രങ്ങൾ എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയുമായിരുന്നു. സാഹിത്യ സമാജത്തിനു പാടിയിരുന്ന പാട്ടുകളിൽ സൗന്ദർ റാജനും ശീർഗാഴിയും എസ്.പി. ബാലസുബ്രഹ്ണ്യനും ഒക്കെയായിരുന്നു നിറഞ്ഞു നിന്നിരുന്നത്.


 മരുതമലൈ മാമലെ യേ മുരുകയ്യാ എന്ന പാട്ടിന്റെ അലയൊലികളിൽ ഇന്നും ഗൃഹാതുരമാകുന്ന എത്ര സായാഹ്നങ്ങളുംസന്ധ്യകളും ! മാരിയമ്മൻ പൂജയും വണ്ടി വേഷവും തീയ്യാട്ടവും  ഒക്കെയുള്ള ദ്രാവിഡ ദൈവ സങ്കല്‌പകളിൽ ഞങ്ങൾ ആഴ്ന്നു ജീവിച്ചു.


എസ്.പി. ബാലസുബ്രഹ്മണ്യം ഹരികഥാ പാട്ടുകാരനായ സാംബമൂർത്തിയുടെ മകനായിട്ടാണ് ജനിച്ചത്. സാംബ മൂർത്തി ബ്രാഹ്മണനായിരുന്നു. അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളിലേയ്ക്ക് അനർഗളമായ ഗദ്യത്തിന്റെയും ഒപ്പം പാട്ടിന്റെയും പൗരാണിക വഴികളിലൂടെ സഞ്ചരിക്കു മ്പോൾ ബാലസുബ്രമണ്യം വെറും കാഴ്ച്ചക്കാരൻ മാത്രമായിരുന്നില്ല. ഭക്തിയുടേയും അതിലൂടെ കൈവരുന്ന സംഗീതത്തിന്റെയും ജനകീയതയുടേയും അണമുറിയാത്ത ഒഴുക്ക് ആ മനസ്സിലൂടെ  കടന്നു പോവുകയായിരുന്നു.

 പിടിച്ചു കെട്ടി ചിട്ടപ്പെടുത്തി വെയ്ക്കാത്ത ജീവിതം നമുക്ക് സ്നേഹ സ്വാതന്ത്ര്യത്തിന്റെ അത്ഭുതങ്ങൾ സമ്മാനിക്കും.


തമിഴിൽ വേദിക്ക് മേട എന്നാണ് പറയുക. മേടകളിൽ പാട്ടു പാടിയാണ് എസ്.പി.ബി. തെളിഞ്ഞു വരുന്നത്. ഇന്നത്തെ ടി.വി. ഷോകളിൽ ആസ്വാദകരായി ഇരിക്കുന്ന മേൽത്തട്ടിലുള്ള ജനവിഭാഗം അല്ലായിരുന്നു അന്നുണ്ടായിരുന്നത്. മറിച്ച് തെന്നിന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ചു പാടിയ ആ സംഘത്തിൽ ഇളയരാജയും കൂടി ഉണ്ടായിരുന്നു. പിന്നീട് ആ സഖ്യം തന്നെയാണ് അനവധി നിരവദ്യമായ ഗാനങ്ങൾ തീർക്കുന്നതും.

മാങ്കുയിലിനേയും പൂങ്കുയിലിനേയും തമിഴ് നാട്ടിലെ വൈഗ നദിയേയും തമിഴ് ഹൃദയത്തോട് ചേർത്തു വെച്ചു പാടിയ ഒരു പാട് രംഗങ്ങൾ.

ഒരേ സമയം ഗായകനും നടനും ശബ്ദാനുകർത്താവും ഒന്നിക്കുന്ന ഒരവസ്ഥയുണ്ട് എസ്.പി.യിൽ. അതു കൊണ്ടു തന്നെ ഏതൊരു നടനിലേയ്ക്കും ഉള്ള പരകാശപ്രവേശം അത്ഭുതകരമായ രീതിയിൽ സാധ്യമാവുന്നതു കാണാം. ദ്രാവിഡപ്പെരുമയുടെ നടൻമാരെല്ലാം എസ്.പി.ബി.യുടെ ശബ്ദത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എസ്.പി.ബി. ആയിട്ടല്ല അവരായി.

എം. ജി. ആർ. (പാടുമ്പോത് നാൻ തെൻട്രൽ കാറ്റ് ) ശിവാജി ഗണേശൻ (പൊട്ടു വെത്ത മുഖമോ ) ജമിനി ഗണേശൻ (ആയിരം നിനവു ആയിരം കനവു ) കമലഹാസൻ (ഇളമൈ ഇതോ ഇതോ ) രജനീ കാന്ത് (ഒരുവൻ ഒരുവൻ മുതലാളി ) - ഇത്തരത്തിൽ പുതു തലമുറയ്ക്ക് കാലാതിർ വർത്തിയായ ഒരു ഹിറ്റുകളുടെ നിര തന്നെ എസ്.പി.ബി . തീർത്തു. 

ഇത് വ്യത്യസ്ത നടൻമാരിലൂടെയുള്ള ഗാന സഞ്ചാരമാണെങ്കിൽ ഇന്ത്യൻ ഭാഷകളിലൂടെ എസ്.പി. നടത്തിയ സഞ്ചാരം മറ്റൊന്നാണ്.
തേരേ മേരേ ബീച്ച് മേം എന്ന് പാടുമ്പോൾ ബാലസുബ്രഹ്മണ്യൻ അസ്സൽ വടക്കേ ഇന്ത്യക്കാരനാണ്. ഇളയനിലാ പൊഴിയറുതെ എന്നു പാടുമ്പോൾ തമിഴന്റെ മനസ്സു തൊടുന്ന മറ്റൊരു തമിഴൻ തന്നെ. സുവി സുവി സുവാലമ്മാ എന്ന് വിസ്തരിക്കുമ്പോൾ സ്വദേശിയായ തെലുങ്കൻ . ബലേ ബലേ ചെരുദ എന്നു പാടുമ്പോൾ കന്നഡിക, ഇനി ഇതൊക്കെ കഴിഞ്ഞ് ചേതോഹരമായ താരാപഥത്തെ കാണിച്ചു തരുമ്പോൾ തികഞ്ഞ മലയാളി.

അങ്ങനെ കന്യാകുമാരി മുതൽ കാശ്മീർ വരെ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗാനാലാപന വൈവിധ്യത്തിന് ഉടമയാകാൻ എസ്.പിക്ക് കഴിഞ്ഞതിന്റെ പിന്നിലുള്ള രസതന്ത്രം ഇതായിരുന്നു.

 നാല്പതിനായിരത്തിലധികം പാട്ടുകൾ പാടുമ്പോഴും എസ്.പി.ക്ക് പാടാനായി ലഭിച്ച പാട്ടുകൾ ക്കും സവിശേഷത ഉണ്ടായിരുന്നു എന്നു വേണം പറയാൻ. ദാർശനികതയോ തത്വ ശാസ്ത്രമോ വിളമ്പാത്ത സാധാരണക്കാരന്റെ കല്പനകളെ പ്രണയങ്ങളെ ചെറിയ വിഷാദങ്ങളെ ഭക്തിയെ ഒക്കെയായിരുന്നു അദ്ദേഹം തൊട്ടുണർത്തിയത്. അതായത് എസ്.പി. എന്ന ലെജൻഡിന് വളരാൻ വെള്ളവും വളവും ആയി നിന്നതും ഇവിടുത്തെ സാധാരണതകൾ തന്നെ.

 എൺപതുകളിൽ പുറത്തുവന്ന  ശങ്കരാഭരണം എന്ന സിനിമയിൽ പാടുമ്പോൾ എസ്.പി.ബിക്ക് ശാസ്ത്രീയസംഗീതം വശമില്ലായിരുന്നു എന്ന് മിക്കവർക്കും അറിയുന്ന വിഷയമാണ്.

ശങ്കരാഭരണം എന്ന ആശയം മനസ്സിൽ രൂപപ്പെട്ടപ്പോഴേ അതിന്റെ ശില്പിയായ വിശ്വനാഥ് എസ്.പി.യെ തീരുമാനിച്ചു കഴിഞ്ഞുവത്രെ. ഇതിന് കാരണമുണ്ട്.

അച്ഛന്റെ ഹരികഥാലാപനം മുതൽക്ക് (ഹരികഥയിലും ശാസ്ത്രീയ സംഗീതമുണ്ട് ) മേടകളിൽ ജനങ്ങൾക്കു വേണ്ടി പാടു മ്പോഴും സിനിമാ പിന്നണി ഗാനത്തിലും സംഗീത സംവിധായകൻ ക്രമപ്പെടുത്തുന്ന നൊട്ടേഷൻസിൽ എസ്.പി. ശ്രദ്ധിച്ചിരുന്നില്ല. അതായത് സംഗീതത്തിന്റെ ശാസ്ത്രീയവും പ്രതിനിധാനത്മകവുമായ അവതരണങ്ങളിലല്ല എസ്.പി.ബിയുടെ സംഗീതം പുലർന്നിരുന്നത്. മറിച്ച് നാടൻ പാട്ടുകാരെ പോലെ അവധൂത ഗായകൻമാരെ പോലെ ഹൃദയത്തിൽ നിന്ന് സാഹിത്യവും സംഗീതവും ഒന്നിച്ചു പ്രവഹിക്കുന്ന രീതിയായിരുന്നത്രെ. അതുകൊണ്ടു തന്നെ എസ്.പി. പാടേണ്ട വരികൾ ആദ്യം തന്നെ ഹൃദിസ്ഥമാക്കിയിരുന്നു. അത്തരം ഒരു ഹൃദിസ്ഥമാക്കലിനു ശേഷം എത്ര തവണ പാടുന്നതിലും യാതൊരു മടിയും എസ്.പി.ബി. കാണിച്ചിരുന്നില്ല.

 അതായത് സ്വന്തം വായ്ത്താരിയിലും വോക്കൽ സംഗീതത്തിലും മറ്റെന്തിനേക്കാൾ അതിരു കടന്ന ആത്മവിശ്വാസം എസ്.പി.ബി. പ്രകടിപ്പിച്ചിരുന്നു. അതിന് മറ്റൊരു ഉദാഹരണം പറയാം. ഈയടുത്ത് പലരും അതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും

 'ഇളയനിലാ' ലൈവ് പാടുന്നതിനിടെ പിന്നണി വായിച്ച ഫ്ലൂട്ടിസ്റ്റിന് നോട്ട് സ്ലിപ്പ് ആയിപ്പോയപ്പോൾ എസ്.പി. ബി വായ്ത്താരി കൊണ്ട് ഫ്ലൂട്ടിനെ പൂരിപ്പിച്ച് ഒന്നും സംഭവിക്കാത്ത പോലെ പോലെ പാട്ട് തുടരുന്നു. ഇത് ഒരു നിസ്സാര കാര്യമല്ല. കാരണം ഫ്ലൂട്ട് എന്ന ഉപകരണത്തെ അതിന്റെ സ്വരസ്ഥാനങ്ങളിലെ അവതരണത്തെ സ്വന്തം വായ്ത്താരി കൊണ്ട് പൂരിപ്പിക്കുന്ന ഒരു ഗായകൻ ലോക സംഗീതത്തിൽ തന്നെ അടയാളപ്പെടുത്തേണ്ടതാണ്.

 അതായത് ആധുനികകാലത്ത് സംഗീതത്തിന്റെ ആധുനികവും ശാസ്ത്രീയവും ഒപ്പം സാങ്കേതികവുമായ എല്ലാ അവസ്ഥകളേയും ധാരണകളേയും എസ്.പി. തിരുത്തിക്കുറിച്ചു.

 ആധുനിക വസ്ത്രധാരണവും അത്യാവശ്യം നല്ല ആക്സന്റിൽ ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്തിരുന്ന എസ്.പി.ബി യുടെ ജൻമം യേശുദാസിനെ പോലെ ബാലമുരളീകൃഷ്ണയെ പോലെ യന്ത്ര ഭാഷയിൽ പാടുന്ന ഗായകരുടെ കൂടെയായിരുന്നില്ല . ആധുനിക ശാസ്ത്രീയ സംഗീതത്തിൽ ശ്രുതി തെറ്റാതെ പാടുക എന്ന യന്ത്രത്തിന്റെ മൂല്യ ബോധത്തിലാണ് മറ്റു ആധുനികഗായകർ പുലർന്നിരുന്നു തെങ്കിൽ അതിന് നേരെ വിപരീതമായിരുന്നു എസ്.പി.ബി.

സ്വന്തം തൊണ്ടയെ ഭയന്ന് പാടിയിരുന്ന ഗായകരുടെ കൂട്ടത്തിൽ നിന്ന് വ്യത്യസ്തനായി നിന്ന് ഐസ് ക്രീം കഴിച്ച് പുകവലിച്ച്  സ്വയം അപഥസഞ്ചാരിയായി തന്നെ തന്നെ വിശേഷിപ്പിച്ച് പാടിയ ഗായകൻ.
 തുടക്കത്തിൽ സൂചിപ്പിച്ച ജനകീയ മുഖം എസ്.പി.ക്ക് എവിടെയുമുണ്ടായിരുന്നു . എന്റെ ഏറ്റവും അടുത്ത് സുഹൃത്ത് പറഞ്ഞതാണ്.

 വളരെക്കാലങ്ങൾക്കു മുൻപ് കോയമ്പത്തൂർ ഗാന്ധി പുരത്ത് ഒരു വലിയ സംഗീത പരിപാടിക്ക് യേശുദാസും ഗംഗൈ അമരനും എസ്.പി.യുമായിരുന്നു. എസ്.പി. വരാൻ വളരെ വൈകി. അതിനു മുൻപെ യേശുദാസും ഗംഗൈ അമരനും പാട്ടുകൾ പാടി. വൈകി വന്ന എസ്.പി.നേരെ മേടയിലേയ്ക്ക് കയറി അവിടെ കൂടിയിരുന്ന ആയിരക്കണക്കിന് മനുഷ്യരെ അഭിസംബോധന ചെയ്ത് ഇളയ നിലാ പൊഴിയറുത് എന്ന പാട്ട് പാടി തുടങ്ങി.


ഇളയ നിലാ പൊഴികിറതെ 
ഇദയം വരൈ നനൈകിറതെ 
ഉലാ പോകും മേഘം കനാക്കാണുതേ 
വിഴാക്കാണുതേ വാനമേ

വരും വഴിയിൽ പനി മഴൈയിൽ ട്രാഫിക് ജാം .....

ആരും പ്രതീക്ഷിക്കാത്ത സമയത്ത്  ഉറക്കെ ചിരിച്ചു കൊണ്ട് പാടി അതു വരെയുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന്റെ ചെറിയ ഉൽക്കണ്ഠകളെ പോലും ഹൃദയ മഴയാക്കി അലിയിച്ചു കളഞ്ഞു. ഇത്തരത്തിൽ എസ്.പി.ബി. പലരീതികളിൽ വേദികളിൽ പാലിക്കുന്ന മനോധർമം അനന്യമായിരുന്നു.

ഈ കടലും മറുകടലും കടന്ന് എന്ന പാട്ടിലെ ആദ്യ വരികൾ ഇങ്ങനെയാണല്ലോ.

ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ
അവിടെ മതങ്ങളുണ്ടോ  (ഈ കടലും..)
 
ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞൂ
ഈശ്വരനെ കണ്ടൂ ഇബിലീസിനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല 
 (ഈ കടലും..)

എന്നുള്ള 1969 ലെ കടൽപ്പാലം എന്ന സിനിമയിലെ വരികൾക്ക്  2020 ൽ ഏറെ അർത്ഥമുള്ളതായി അനുഭവപ്പെടുന്നു. 

എസ്.പി.ക്ക് പാടാനായി പല ഭാഷകളിലും ലഭിച്ച ഗാനങ്ങൾ ഇത്തരത്തിൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ മാനവികതയുടെ ഒക്കെ അർത്ഥങ്ങൾ തിരയന്നുവ ആയിരുന്നു.

ഏറ്റവും ഒടുവിൽ റഫീക്ക് അഹമ്മദിന്റെ രചനയിൽ പാടിയ ഒരുമിച്ചു നിൽക്കേണ്ട സമയം എന്ന ഗാനം പോലും കാലത്തിന്റെ യഥാർത്ഥ ദൗത്യം നിർവഹിക്കാൻ വേണ്ടി പാടിയത് പോലെ തോന്നുന്നു. ഒരർത്ഥത്തിൽ അറം പറ്റുക എന്നതിനേക്കാൾ മനുഷ്യ സമൂഹത്തിനുവേണ്ടി ഒരു ഗായകൻ വരിച്ച രക്തസാക്ഷിത്വം കൂടിയാകാം അത്. 


നൻമതിൻമകൾക്കും ശരി തെറ്റുകൾക്കും അപ്പുറം പൊതു ജീവിതത്തെ ജനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഒരു മഹാഗായകൻ തന്റെ മനസ്സും ശരീരവും ജനങൾക്കു വേണ്ടി തുറന്നിടുക വഴി സംഭവിച്ചതാകാം വൈറസിന്റെ കടന്നുകയറ്റവും . എന്തിനേയും സഹർഷം സ്വീകരിച്ച ആ മനസ്സും ശരീരവും മരണത്തേയും സ്വതന്ത്രമായി വരിച്ചു. ലോകമുള്ളിടത്തോളം സംഗീതമുള്ളിടത്തോളം എസ്. പി.ബി. എന്ന ജനകീയസംഗീതകാരൻ 
നിലനിൽക്കും.

 

Share :