Archives / september 2020

അശോക്‌ പി.എസ്.
ഭാര്യയെ പ്രണയിച്ചിട്ടുണ്ടോ..?

ഉറക്കപ്പായേന്നെണീറ്റ്
മുറ്റമടിച്ച് മുഷിഞ്ഞഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

അടുക്കളത്തോട്ടത്തിൽ
വിളവെടുത്ത്
കരിപുരണ്ട ഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

സൈക്കിളിലെത്തിയ
മീൻകാരനോട്
മത്തിക്ക് വിലപേശി
തുറിച്ചുനോക്കുന്ന ഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

കുറുമ്പുകാട്ടിയ
കുറുമ്പൻ പൂച്ചയോട്
ഒട്ടിനടന്ന ഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

കുട്ട്യോളുടെ എച്ചിലുതിന്നു
വിശപ്പാറുന്നഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

പനിപിടിച്ച് പൊള്യാലും
എനിക്കൊന്നൂല്യായെന്ന ഭാവത്തിൽ
പാറിനടക്കുന്ന ഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

ഉദ്യോഗപ്പെട്ടീം തൂക്കി
സമയത്തോടി
ബസിലുടക്കിനില്ക്കുന്ന ഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

നേരത്തെ എണീറ്റാലും
താമസിച്ചുറങ്ങി
സ്വപ്നംകണ്ട് ചിരിക്കുന്നഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

സദാ,
ഘടികാരസൂചി പോലെ
തുടങ്ങിയവസാനിക്കാത്ത ഭാര്യയെ
എങ്ങനെ പ്രണയിക്കാനാണ് ?

കിടപ്പിലായപ്പോൾ
നരച്ച്, ചുളിഞ്ഞൊട്ടി
കൂനിപ്പിടിച്ച്
അരികിലേക്ക് നടന്നുവന്ന
ഭാര്യയുടെ കണ്ണുകളിൽ 
പ്രണയത്തിൻ്റെ ഒരു നേർത്തപൊട്ട്.

വരണ്ടതൊണ്ടയിലേക്ക് 
പകർന്ന ജലധാരയുടെ
മധുരംപോലെ
അങ്ങനെയവസാനം
ഭാര്യയെ പ്രണയിച്ചുതുടങ്ങി...
 

Share :