Archives / september 2020

ഫില്ലിസ് ജോസഫ്
രാജാവും മന്ത്രിയും (ഓർമ ചില്ലകൾ പൂത്തപ്പോൾ -4 )

"മച്ചാനൊന്ന് പറഞ്ഞാല് അതിയാൻ അനുസരിക്കും. എങ്ങനേലും ഞാനിവിടെ എത്തിച്ചോളാം *മച്ചാ... ഒന്നു പറയണേ മച്ചാ... കിണറുകുത്താതെ ഒന്നും നടക്കത്തില്ല." ഉമ്മറത്തെ സ്ത്രീശബ്ദം കേട്ട് അക്കരെയമ്മച്ചി അടുക്കളയിൽ നിന്ന് പിറുപിറുത്തു."ഇന്ന് ഇപ്പോ പുലർച്ചയ്ക്ക് തന്നെ ആരോ എത്തിയല്ലോ" ഇടത്തേ കൈയ്യിൽ ഉമിക്കരിയുമായി ഞാൻ ഉമ്മറ വാതിലിനടുത്തേയ്ക്ക് പോയി. ആരായിരിക്കും അതെന്ന ജിജ്ഞാസ അക്കരെയമ്മച്ചിയ്ക്കെന്ന പോലെ എനിക്കും തോന്നി. മിക്ക ദിവസങ്ങളിലും പുലർച്ചെ തന്നെ അക്കരെയപ്പച്ചനെ കാണാൻ ആരെങ്കിലുമൊക്കെ കുന്നിറങ്ങി തറവാട്ടിലെത്താറുണ്ട്.

അക്കരെയപ്പച്ചൻ മിത സംസാരവും  കഠിനാധ്വാനവും ശീലിച്ചിരുന്നു. അത് തന്നെയാവാം അപ്പച്ചനെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അദ്ദേഹത്തെ വേറിട്ടു നിർത്തിയിരുന്നു.

അപ്പച്ചനോട് കാര്യം പറഞ്ഞാൽ വഴക്കില്ലാതെ പല പ്രവർത്തനങ്ങളും നടത്തിയെടുക്കാൻ കഴിയുമെന്ന് ചില ആളുകളെങ്കിലും അക്കാലത്ത് വിശ്വസിച്ചിരുന്നു.

അഞ്ച് മണിക്കൂർ ഉറക്കം അപ്പച്ചന് കിട്ടാറുണ്ടോ എന്ന് കുട്ടിക്കാലത്ത് ഞാൻ സംശയിച്ചിരുന്നു അതിരാവിലെ മമ്മട്ടിയുമെടുത്ത് മണ്ണിലിറങ്ങാറുള്ള അക്കരെയപ്പച്ചൻ രാത്രി വലയുമെടുത്ത് വളളം തുഴഞ്ഞു പോകുന്നത് സ്ഥിരം കാഴ്ചയായിരുന്നു എനിക്ക്. അതിനിടയിൽ ഓലകെട്ടലും മെടയലും വേറേ ചായക്കട നോക്കലും വൈക്കോൽ തുറുവോളം പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന തേങ്ങയും കായലിലെ തൊണ്ട് അഴക്കലും കയറുപിരിക്കലും എല്ലാം എങ്ങനെയാണ് നോക്കി നടത്തിയിരുന്നത് എന്ന് അതിശയിച്ച് ഓർത്തിരിക്കുന്ന അക്കരെയപ്പച്ചന്റെ കുട്ടിയാണ് ഞാനിപ്പൊഴും എല്ലുമുറിയെ പണിയെടുത്ത കാശൊക്കെ കൂട്ടി വച്ച് അടുത്ത് പലയിടങ്ങളിലും അപ്പച്ചൻ കൃഷി ചെയ്യുന്നതിനായി കുറച്ച് പുരയിടങ്ങൾ അപ്പച്ചൻ വാങ്ങിയിരുന്നു.

മരച്ചീനിയും തെങ്ങും വാഴയും പയറും മുതിരയും മാവും പ്ലാവും എന്നു വേണ്ട കൃഷികളിലെല്ലാം ഒരു അക്കരെയപ്പച്ചൻ ടച്ച് അദ്ദേഹം സൃഷ്ടിച്ചിരുന്നു എന്ന് തോന്നുമായിരുന്നു  ഇന്നും ആ തെങ്ങുകളിൽ നിന്ന് ലഭിക്കുന്ന തേങ്ങകളിൽ നിറയുന്നത് ഒരിക്കൽ സ്വയം മറന്ന് അധ്വാനിച്ച് തലമുറയ്ക്ക് പകർന്ന മധുരകരിക്കിൻ വെള്ളത്തിന്റെ നിറവ്.

മക്കൾക്ക് ഒരോരുത്തർക്കും ഒരോ ചുമതല നൂറു ശതമാനം വിശ്വാസത്തോടെ അപ്പച്ചൻ ഏൽപിച്ചിരുന്നു. എന്തിനേറേ ഒമ്പത് വയസിൽ എനിക്കും ചില രഹസ്യ ചുമതലകൾ അപ്പച്ചൻ ഏൽപിച്ചു തന്നിരുന്നല്ലോജോലികൾ ചെയ്യാൻ വരുന്നവർ തമ്മിലുള്ള സംഭാഷണങ്ങളും വീട്ടിലുള്ളവരുടെ പരാതികൾ കണ്ടെത്തലുമായിരുന്നു. അത്വർധിച്ച ആത്മവിശ്വാസത്തോടെ സത്യസന്ധമായി ഞാൻ ആ ജോലി ഏറ്റെടുത്ത് നിർവഹിക്കുകയും ചെയ്തിരുന്നു.

വീട്ടിലെ ഒരംഗം പോലെയായിരുന്ന ജാനിയക്ക അപ്പച്ചൻ നൽകിയിരുന്ന  കാശൊന്നും സൂക്ഷിച്ച് ഉപയോഗിക്കില്ലെന്ന് അപ്പച്ചൻ കണ്ടെത്തി. സദാ കർമ്മനിരതയായിരുന്ന അവരുടെ സ്ഥിരോത്‌സാഹം കണ്ടു പഠിക്കേണ്ടത് തന്നെയായിരുന്നു. എന്റെ അപ്പന് സർക്കാർ ജോലി ലഭിച്ചതിന് ശേഷം അപ്പന്റെ നേരേ ഇളയ ചിറ്റപ്പന് ചുമതല ഉണ്ടായിരുന്ന ചായക്കടയിലും തറവാട്ടിലെ അടുക്കളയിലും ജാനിയക്കയുടെ കൈപുണ്യം നിറഞ്ഞു നിന്നിരുന്നു.

ജാനിയക്ക കാശ് സൂക്ഷിച്ചിരുന്നത് സ്വന്തം മടിശീലയിലായിരുന്നു എന്ന് ഞാൻ മനസിലാക്കിയത് അപ്പച്ചൻ നൽകിയ നോട്ടുകൾ അലക്കുകല്ലിനരികിൽ നിന്ന് ഒന്നിലേറെ തവണ കിട്ടിയപ്പോഴായിരുന്നു.

"ലീനാമോളെ നമുക്കീ ജാനിയക്കയെ കാശ് സൂക്ഷിക്കാൻ പഠിപ്പിക്കണമല്ലോ" അപ്പച്ചൻ ഒരു സന്ധ്യയ്ക്ക് കായലിലേയ്ക്ക് വള്ളമിറക്കി കൊണ്ടു പറഞ്ഞു. ഞാൻ തലയാട്ടി സമ്മതിച്ചു കൈവീശി അപ്പച്ചനെ യാത്രയാക്കിയപ്പോൾ ഒരു സാമ്രാജ്യാധിപന്റെ മന്ത്രിയായ ഭാവമായിരുന്നു എനിക്ക്.....

* മച്ചാൻ: പണ്ട് ഈ നാട്ടിലെ ചെറിയ പ്രശ്നങ്ങൾക്ക് മധ്യസ്ഥം വഹിക്കുന്ന ബന്ധുവായ മുതിർന്ന ആൾ

Share :