Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
മാജിക്കൽ റിയലിസം

 ആധുനിക സാഹിത്യം ഏറെ സാധുതയിൽ പരിഗണിച്ച ഒരു സങ്കേതമാണ് മാജിക്കൽ റിയലിസം. ഗബ്രിയേൽ ഗാർസിയ മാർക്വിസ് എന്ന ഏകാന്തതയുടെ ഒരു നൂറു വർഷങ്ങളുടെ സങ്കേതകാരനിൽ ഉടക്കി നിന്നുകൊണ്ടാണ് ഈ സാങ്കേതിക വിദ്യ നമ്മുടെ സാഹിത്യത്തിലും ഉയിർകൊണ്ടത്. ഗദ്യസാഹിത്യം, വിശേഷിച്ച് നോവൽ സാഹിത്യം ഈ രംഗത്ത് ഏറെ പരീക്ഷണങ്ങൾ നടത്തി,ലോക സാഹിത്യത്തിൽ തന്നെ. പക്ഷെ, കാവ്യമേഖലയിൽ ഇതിന്റെ അശിഷിതപടുത്വം വളരെ ദുർഘട പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ എത്രമാത്രം വിജയിച്ചു എന്നിടത്താണ് പ്രതിസന്ധി ഉടലെടുത്തത്. പുറപ്പെട്ട ദിക്കിൽ തന്നെ അന്ധാളിച്ചു നിൽക്കാനേ മലയാളത്തിലെ പുതു കവികൾക്ക് കഴിയുന്നുള്ളൂ എന്നതാണ് ഇവിടെ ആലോചനാവിഷയം. 

       മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 28 ൽ ശ്രീകുമാർ കരിയാട് പാലുവാങ്ങാൻ പോകുമ്പോൾ എന്ന കവിതയുമായി വരുമ്പോൾ മേൽപറഞ്ഞ മാജിക്കൽ റിയലിസത്തിന്റെ പ്രേരണ പൂത്തുലയുന്നതായി കാണാം. പക്ഷെ, ആ ശ്രമം അമ്പേ പരാജയപ്പെട്ടുപോകുന്നു എന്നിടത്താണ് ഈ സാങ്കേതികതയുടെ ശ്രാന്ത പരിണതി. ശ്രമം നന്നായി; എന്നാൽ മാജിക്കിന്റെയോ റിയലിസത്തിന്റെയോ യാതൊരു തിരുശേഷിപ്പുകളുംഅവശേഷിപ്പിക്കാനോ, പ്രാവർതാതികമാക്കാനോ ഈ കവിതക്ക് കഴിയുന്നില്ല എന്നിടത്താണ് ഇതിന്റെ ലയവിന്യാസത്തിന്റെ ദുർഗതി
 ഇതേ ലക്കത്തിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ അശോകൻ ചരുവിൽ തലകുത്തി മറിഞ്ഞു കളിക്കുന്ന മൂന്ന് വൃദ്ധന്മാർ എന്ന കഥ എഴുതിയിരിക്കുന്നു. വൃഥാ സ്ഥൂലത എന്നതാണ് ഈകഥയുടെ ഏറ്റവും വലിയ ദോഷം. സ്ഥല വിശദീകരണവും ദേശവിശേഷങ്ങളും ഇത്രമാത്രം വിശദീകരിക്കുന്നതിലൂടെ കഥയുടെ, എന്നല്ല ചെറുകഥയുടെ ആത്മാവു തന്നെ നഷ്ടപ്പെടുകയാണ്. കൃതഹസ്തനായ ഒരു എഴുത്തുകാരനിൽ നിന്ന് ഒരിക്കലും വെളിച്ചപ്പെടാൻ പാടില്ലായിരുന്നു എന്ന് ആശിച്ചു പോകുന്നു.

       സമകാലിക മലയാളം വാരിക ലക്കം 20 ൽ പ്രമോദ് കെ.എം എഴുതിയ ഒരു നുള്ള് കവിത വായിക്കുന്നു. കവിത നന്നായി പറയാനറിയാം. പക്ഷെ, ഒരു ചെറുകഥ ആകേണ്ടിയിരുന്ന വിഷയത്തെ കവിതാഗർഭത്തിൽ തള്ളി ചാപിള്ളയാക്കിക്കളഞ്ഞു എന്നതാണ് ദുര്യോഗം. 

      മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1178 ൽ ബിജോയ് ചന്ദ്രന്റെ അക്വേറിയം എസ്.രമേശന്റെ  പുര കെട്ടി മേയാത്തതെന്തേ എന്നീ കവിതകൾ വായിക്കുന്നു. ആദ്യ കവിതയിൽ കവിത്വം നിനഞ്ഞുതുളുമ്പുന്നു. പക്ഷെ, ഓരോ വരിയിലും കവിത തുളുമ്പുമ്പോൾ തന്നെ എങ്ങുമെത്താതെ മുഴച്ചു നിൽക്കുന്ന വെറും കൈവഴികൾ മാത്രമായി ഒഴുക്കുനിലച്ച് കവിത അസ്തമിച്ചുപോകുന്നു. രണ്ടാമത്തെ കവിത പത്തു മുപ്പതു കൊല്ലങ്ങൾക്ക് അപ്പുറത്ത് നിൽക്കുന്നതേയുള്ളു. മലയാള കവിതക്ക് സംഭവിച്ച പരിണാമക്രിയകളൊന്നും ഈ കവി അറിഞ്ഞിട്ടേയില്ലെന്ന് തോന്നും ഈ കവിത വായിച്ചാൽ.

       മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1177 ൽ കുരീപ്പുഴ ശ്രീകുമാറിന്റെ കായലമ്മ എന്ന ഒരു കുഞ്ഞു കവിത വായിച്ചത് ഇവിടെ സ്മരിക്കുന്നു. ഏതാനും വരികൾ കൊണ്ട് അനന്തമായ കാവ്യാകാശം സൃഷ്ടിക്കുന്നതിന്റെ ജൈവമാന്ത്രികതയാണ് ഈ കവിത. പൂതു കവികൾക്ക് പാഠപുസ്തകമാക്കാവുന്നതാണ് ഈ കവിത.

      ഇതേ ലക്കത്തിൽ മറ്റൊരു മനോഹര കവിത കൂടി വായിക്കാൻ കഴിയുന്നുവെന്നത് ഏറെ സന്തോഷകരമാണ്. അബ്ദുൾ സലാമിന്റെ ഒരു കിണർ കവിത-തുളുമ്പാതെ തുളുമ്പാതെ. ദാഹിക്കുമ്പോൾ കിണർ ആശ്വാസവും എത്തിനോക്കുമ്പോൾ ഭയവുമാണ് പ്രദാനം ചെയ്യുക. ആത്മഹത്യയ്ക്ക് മുതിരുന്നവന് ആഴമളക്കാനുള്ള കണിശതയാണ്. കിണർ വട്ടത്തിന്റെയും, വെട്ടത്തിന്റെയും സാമൂഹ്യജീവിത പ്രതിബദ്ധത ഏറ്റവും ഭംഗിയായി ആവിഷ്കരിക്കുന്നു ഈ കവിത.

         ജൈവമല്ലാത്ത മാജിക്കുകൾ ആരെ പറ്റിക്കാനായാണ് നമ്മുടെ എഴുത്തുകാർ കൺകെട്ടികാണിക്കുന്നത്  എന്നതാണ് മനസ്സിലാകാത്തത്. മാജിക്കുമില്ല റിയലിസ്റ്റിക് വഴികളുമില്ല. ആകെയുള്ളത് കവിതയെ പെരുവഴിയിൽ ഇറക്കിവിട്ട പിതാക്കന്മാരുടെ നൊസ്റ്റാൾജിക് ഫീലിംഗ് മാത്രം

Share :