Archives / july 2021

അർച്ചന ഇന്ദിര ശങ്കർ 
ഗാന്ധി കണ്ട ഇന്ത്യ

പിറന്നാളിന്

ഇന്ത്യ കാണാനെത്തിയ ഗാന്ധി

ഊന്നുവടിയേന്തി നടക്കാനിറങ്ങി.

 

കാഴ്ചകൾ കരയുന്നുവോ, 

വീശിയടിച്ച കാറ്റിൽ 

ചിന്തിയ ചുടുചോര 

മണക്കുന്നുവോ ? 

 

പുഷ്പഹാരം ചാർത്തി പൂജിതനായ് 

നിൽക്കുന്നു ഗോഡ്‌സെ. 

കള്ളപ്പണക്കെട്ടിൽ 

നിസ്സഹായനായ് ചിരിക്കുന്ന  

തന്നുടെ ഛായാചിത്രവും. 

 

മതിലുകൾക്കപ്പുറം 

പശി തീർക്കാൻ 

ചവറ്റ് കൊട്ടയിൽ പരതും 

എല്ലിച്ച കുരുന്നിൻ 

പ്രതീക്ഷയറ്റ മുഖവും , 

ഇപ്പുറം 

നാടുകാണാനെത്തിയ

തമ്പ്രാക്കളും. 

 

കോടികളുടെ പ്രതിമ മുന്നിൽ 

കൊടിയേന്തി കർഷകർ 

ട്രാക്ടർ കത്തിച്ചൊടുക്കുന്നു. 

 

ചരിത്രക്ലാസിൽ 

ആരോ ഉറച്ച് വായിച്ചു ;

തന്റെ മരണമൊരു

ആത്മഹത്യയായിരുന്നത്രെ 

 

നേടിനൽകിയ സ്വാതന്ത്ര്യം 

അയവിറക്കും പശുക്കളും 

പൗരത്വം പരതും 

തൊപ്പിയും പൂണൂലും. 

 

മണ്ണടിയിൽ നിന്നു പൊന്തിവന്ന 

നൂറ്റാണ്ടിന്റെ പഴകിയ ആചാരം 

കീറിയെറിയുന്നു ക്ഷേത്രപ്രവേശനവിളമ്പരം, 

ഭരണഘടനയുടെ താളുകൾ 

കാറ്റിൽ പറക്കുന്നു. 

 

സ്വാതന്ത്ര്യം തെരുവിൽ 

പിടഞ്ഞു ചത്ത് 

പുഴുവരിച്ച് നാറുന്നു. 

 

പെണ്ണുടൽ ബലിഷ്ഠ 

കരങ്ങളാൽ കശക്കി, 

കത്തിയ പുക മണക്കുന്നു 

തെളിവെരിച്ച നിർവൃതിയാൽ 

 

ഗാന്ധിയുടെ കണ്ണടയാകെ 

പൊടി പിടിച്ചു പഴകി. 

കാഴ്ചകൾ അവ്യക്തം 

സത്യം നീതി അഹിംസ 

ഒന്നും കാണാനാവുന്നില്ലത്രേ.

 

പുതുതൊന്നു വാങ്ങാൻ 

മനസ്സില്ലാതെ 

മഹാത്മാവ് വീണ്ടും കണ്ണടച്ച്

ഊന്നുവടിയും കുത്തി മടങ്ങി. 

 

 

Share :