Archives / july 2021

അനു പി ഇടവ
ആ  രാഗകാലത്തിന്റെ ഓർമ്മയ്ക്ക്

ഒരെഴുത്തുകാരനെ വായിച്ചതിനുശേഷം എല്ലാ ദിവസവും അദ്ദേഹത്തെ ഓർക്കുന്ന ഒരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ ? എനിക്കുണ്ടായിട്ടുണ്ട് . 2005 ൽ വർക്കല SN കോളേജിൽ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാൻ 'ഒരിക്കൽ' എന്ന പുസ്തകം വായിക്കുന്നത് .പിന്നീട് ഇങ്ങോട്ടീ 15 വർഷവും എല്ലാ ദിവസവും എപ്പോഴെങ്കിലുമൊക്കെ എൻ മോഹനൻ  എന്റെ മനസിലൂടെ കടന്നു പോകാറുണ്ട് . ഈ ഒക്ടോബർ 3 അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം ചരമദിനമാണ് . കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ''ഇന്നലത്തെ മഴ'' എന്ന നോവലടക്കമുള്ള അദ്ദേഹത്തിന്റെ രചനകൾ ഞാൻ ആവേശത്തോട് കൂടി വായിച്ചിട്ടുണ്ട് . ''നിന്റെ കഥ (എന്റെയും),  പൂജയ്ക്കെടുക്കാത്ത പൂക്കൾ എന്നീ കഥാ സമാഹാരങ്ങൾ എനിക്കേറെ പ്രിയങ്കരവുമാണ് . എൻ മോഹനന്റെ കഥകൾ എന്ന പേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകവും വായിച്ചിട്ടുണ്ട് . എന്നാൽ ഞാൻ  സ്വന്തമാക്കി നിധിപോലെ സൂക്ഷിക്കുന്ന എൻ മോഹനന്റെ  രണ്ടു പുസ്തകങ്ങളെക്കുറിച്ച് മാത്രം പറയാനാണ് ഇവിടെ ശ്രമിക്കുന്നത് .

എൻ മോഹനൻ 

1933 ഏപ്രിൽ 27 നാണ് ലളിതാംബിംക അന്തർജനത്തിന്റെയും നാരായണൻ നമ്പൂതിരിപ്പാടിന്റെയും മകനായി ശ്രീ എൻ മോഹനൻ ജനിക്കുന്നത് . 1999 ഒക്ടോബർ 3 ന് സ്നേഹിച്ച് സ്നേഹിച്ച് കൊതിതീരാതെ സ്നേഹരാഹിത്യം  നിറഞ്ഞ ഈ ലോകത്തു നിന്ന് വിടവാങ്ങി . പ്രശസ്തയായ അമ്മയുടെ മകൻ , ഓരോ വായനയിലും വായനക്കാരനെ താനൊരു മനുഷ്യനാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കഥകൾ രചിച്ച കഥാകൃത്ത് , കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഡയറക്ടർ ... സ്നേഹത്തിനു പകരം ഏക്കാലവും സ്നേഹം മതി എന്ന് പറയുന്ന ഒരു മനുഷ്യൻ . ഇതൊക്കെയായിരുന്നു എൻ മോഹനൻ. ജീവിതത്തിലും എഴുത്തിലും പ്രണയവും സ്നേഹവും കൊണ്ടു നടന്ന ''മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണത നിറഞ്ഞ അവസ്ഥാവിശേഷങ്ങളെ' ലളിതമായി പറഞ്ഞ കഥാകൃത്ത് .  അദ്ദേഹത്തിന്റെ രചനകളിൽ  കഥാപാത്രങ്ങളോ എഴുത്തുകാരനോ വായനക്കാരനുമായി സംവദിക്കുകയല്ല മറിച്ച് കഥാകൃത്തും കഥാപാത്രവും വായനക്കാരനും ഒന്നായി മാറുകയാണ് . 

ഒരിക്കൽ 

എൻ മോഹനന്റെ രണ്ട് പുസ്തകങ്ങളാണ് എന്റെ കൈവശമുള്ളത് . അതിലൊന്ന് അദ്ദേഹത്തിന്റെ ആത്മാംശം  തുളുമ്പുന്ന 'ഒരിക്കൽ' എന്ന പുസ്തകമാണ് എത്ര തവണ ഒരിക്കൽ വായിച്ചു എന്നറിയില്ല . പക്ഷേ ഒന്നറിയാം മറ്റൊരു പുസ്തകവും ഞാൻ രണ്ട് തവണയിൽ കൂടുതൽ വായിച്ചിട്ടില്ല . ഇതിലെ പ്രണയവും പ്രണയ പരാജയവും വർഷങ്ങൾക്ക് ശേഷം നടക്കുന്ന കണ്ടുമുട്ടലുകളുമെല്ലാം എനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ് . ഖലീൽ ജിബ്രാൻ എഴുതിയിട്ടുണ്ട് ''എനിക്കൊരു ഉന്മാദിയെപ്പോലെ പ്രണയ സമുദ്രത്തിൽ ഒഴുകി നടക്കാനാണിഷ്ടം '' എനിക്കും അത് തന്നെയായിരുന്നു ഇഷ്ടം . പക്ഷേ സാധിച്ചില്ല . ഒരു പെണ്ണിന് ഇഷ്ടപ്പെടാനുള്ള രൂപമോ സൗന്ദര്യമോ ഒന്നും ദൈവം എനിക്ക് തന്നില്ല . വൈരൂപ്യങ്ങളെ സ്നേഹിക്കുവാൻ കെട്ടുകഥകളിലെ രാജകുമാരിമാർക്കോ പുരുഷൻമാർക്കോ മാത്രം സാധിക്കുന്നു !  

പ്രണയാനുഭവങ്ങളുടെ  കുറവ്  ഞാൻ നികത്തിയത് 'ഒരിക്കൽ' പിന്നെയും പിന്നെയും വായിച്ചു കൊണ്ടാണ്  . ചക്കി എന്റെയും കാമുകിയായിരുന്നു . അവൾ എനിക്കും വേദന തന്ന് കടന്നു പോയിട്ടുണ്ട്  . ഒടുവിൽ ''സ്ത്രീ അല്ലാതായി'' മാറിയ നിലയിൽ ഞാനും അവളെ കണ്ടിട്ടുണ്ട് . എഴുത്തുകാരൻ തന്നെയായി വായനക്കാരനും നീറുന്നു .

ഒരിക്കൽ മലയാള മനോരമയുടെ ഞായറാഴ്ചപ്പതിപ്പിലാണ്  'രാഗങ്ങൾക്ക് ഒരു കാലം' എന്ന പേരിൽ ഒരിക്കൽ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത് . ജീവിത സായാഹ്നത്തിലിരുന്ന്  എൻ മോഹനൻ തന്റെ കൗമാര പ്രണയത്തെ ഓർക്കുകയാണ് . അദ്ദേഹം എഴുതുന്നു ''സത്യം പറയട്ടേ .  ഇതിൽ പ്രേമമില്ല ആരാധനയില്ല വിരഹ വേദനയില്ല '' . വിശദീകരിക്കാൻ കഴിയാത്ത മനുഷ്യന് മനുഷ്യനോട് തോന്നുന്ന എന്തോ ഒന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത് . ആ ഒന്ന് സ്നേഹം തന്നെ . സ്നേഹത്തെ എങ്ങനെയാണ് വിശദീകരിക്കു ? 
 കാല്പ്പിനികം എന്ന് ചിലരതിനെ പരിഹസിക്കുന്നു . ദൈവവും ഒരു കാല്പ്പനികൻ തന്നെയല്ലേ ? ജിബ്രാൻ പറയുന്നു '' കാല്പനിക നായ ദൈവം നമ്മുടെ പ്രണയത്തെ സ്തുതിക്കാതിരിക്കില്ല ''

പ്രണയത്തിൽ പുരുഷൻ സ്ത്രീയ്ക്ക് സ്വയം സമർപ്പിക്കുകയാണ്  . തന്റെ ബലഹീനതകളെപ്പോലും  അവൻ കാമുകിയ്ക്ക് മുന്നിൽ സുതാര്യമാക്കുന്നു . അത് സ്ത്രീയ്ക്ക് ബലമാണ് . ഒരിക്കലിലെ ചക്കി രണ്ടു തവണ ആ ബലത്തിൽ നിന്ന് ഉടലെടുക്കുന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു . താനയച്ച കത്തുകൾ മോഹൻ ആരെയും കാണിക്കില്ല എന്നവൾ ടീച്ചറോട് പറയുന്നു . പിന്നെ വർഷങ്ങൾക്ക് ശേഷം അവൾ ഇങ്ങനെ പറയുന്നു ''പിറക്കാതെ പോയ കുഞ്ഞമ്പൂന്റഛന്റെ മകനല്ലേ അവൻ . അവനങ്ങനൊന്നുമാകാൻ ഒരിക്കലും ആവുകയില്ല'' . കുഞ്ഞമ്പൂന്റഛനെ ചക്കിക്ക് വിശ്വാസമാണ് . ആസിഡൊഴിച്ച് ഇന്നത്തെ പുരുഷൻമാർ നശിപ്പിക്കുന്നത്  ഈ വിശ്വാസം തന്നെ !

പ്രണയിക്കുന്ന പെൺകുട്ടി എപ്പോഴും ഒന്നിന് പകരം മറ്റൊന്നുണ്ട് എന്ന് വിശ്വസിക്കുന്നു . നിനക്കെന്നെക്കാൾ നല്ലൊരാളെ കിട്ടും എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ് . പക്ഷേ പുരുഷൻ കല്പ്പനികനാണ് . എൻ മോഹനൻ പ്രത്യേകിച്ചും . അദ്ദേഹം പറഞ്ഞു '' ഒന്നിനു പകരമായി വേറൊന്നില്ല കുട്ടീ !''

സ്നേഹത്തിന് പകരം സ്നേഹം മതി എന്നും എക്കാലത്തുമെന്നും മോഹനൻ ഒരു കഥയിൽ പറയുന്നുണ്ട് . അത് ശാപമോ പ്രതികാരമോ ആയി മാറുവാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല . അതു കൊണ്ട് തന്നെ മുറിവേറ്റ സ്നേഹത്തിന്റെ ആഴങ്ങളിൽ നിന്നു വന്ന വാക്കിന്റെ ശക്തിയിൽ അദ്ദേഹം ഭയക്കുന്നു . അത് അർബുദ ജീർണതയായി കാമുകിയിലെത്തിയോ  എന്ന് കുറ്റബോധത്തോടെ  ഓർക്കുന്നു . പ്രണയത്തെ മനുഷ്യനാകാനുള്ള ഒറ്റമൂലിയായി കണ്ട ഒരാൾക്കേ ഇങ്ങനെ ചിന്തിക്കാനാവൂ . അപ്പോഴും പുതിയ തലമുറയുടെ പ്രണയ സങ്കല്പ്പത്തെ അദ്ദേഹം ഭയക്കുന്നു .  പ്രണയം പകയാക്കുന്നു അവർ . 

നുണയുടെ ക്ഷണികതകൾ തേടി

കൊല്ലം സങ്കീർത്തനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'നുണയുടെ ക്ഷണികതകൾ തേടി' എന്ന കഥാസമാഹാരമാണ് ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്ന രണ്ടാമത്തെ എൻ മോഹനൻ കൃതി. 

ജീവിതം എന്നത് ഒരു പെരും നുണയാണ് . കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളും ഉണ്ടാക്കിയ പണവും പദവിയുമൊന്നും  ഒന്നുമല്ല എന്ന് കാലം തിരിച്ചറിവു തരുമ്പോഴും അത് മനസിലാക്കാതെ അപരനെ തരം താഴ്ത്തിയും പാഴ് സ്വപ്നങ്ങൾ നെയ്തും ആത്മരതിയടയുന്നവരോടാണ് ഇത് പറയുന്നതെന്നറിയാം . പക്ഷേ സത്യം അതാണ് . ഒരു നുണ . അതിലേറ്റവും വലിയ നുണ ഒരു പക്ഷേ പ്രണയവും . കുറച്ചു കൂടി വിശാലമായി പറഞ്ഞാൽ സ്നേഹം . ആ നുണ പകർന്നു തരുന്ന സംതൃപ്തിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ശ്യാമ യെ എങ്ങനെ മറക്കും . അവൾ രോഗിണിയാണ്  ജീവിതമല്ല മരണമാണ് മുന്നിലുള്ളത് . അവളെ സംബന്ധിച്ച് കാട്ടു തുമ്പയുടെ വെളുത്ത പൂവ് പോലെയാണ് സ്നേഹം .

അവസ്ഥാന്തരങ്ങളിലെ മത്തായി സാറിന്റെ എല്ലാ കടുംപിടുത്തങ്ങളും ഇല്ലാതായി തീരുന്നതും സ്നേഹത്തിന്റെ മുന്നിൽ തന്നെ . മതങ്ങളും മനുഷ്യനുമെല്ലാം സ്നേഹത്തിനും താഴെയാണ് . സ്വന്തം ഭാര്യയുടെയും മകന്റെയും മരണം . മരുമകളുടെ വൈധവ്യം . വിധവയായ മരുമകളെ ഒരു അഛന്റെ സ്ഥാനത്തുനിന്നാണ്  അയാൾ റഷീദിന്റെ കൈകളിൽ ഏൽപ്പിക്കുന്നത് . അപ്പോൾ അയാൾക്ക് മത്തായി സാർ അപ്പച്ചനാകുന്നു  സ്നേഹമുള്ളിടത്ത് അനാഥത്വം ഉണ്ടാവില്ല എന്ന് കഥാകൃത്ത് പറയാതെ പറഞ്ഞു
യാസിൻ നിസാർ അഹമ്മദ് എന്ന കഥയെയും നയിക്കുന്നത് സ്നേഹം തന്നെ . പ്രസ്ഥാനത്തിനു വേണ്ടി സ്വന്തം സഖാവിനു വേണ്ടി പിന്നെ ഷാഹിനയ്ക്കു വേണ്ടി . പിന്നെ ഷാഹിനയുടെ മക്കൾക്കുവേണ്ടി . അവരെയൊക്കെ സ്നേഹിച്ച് യാസിൻ സ്വയം ഇല്ലാതാവുകയാണ് .

വെറുമൊരു സ്വകാര്യ സങ്കടം എന്ന കഥയിലെ ടീച്ചറെ വായിക്കുമ്പോൾ ഇങ്ങനെയൊക്കെ മനുഷ്യന് സ്നേഹിക്കാനാവുമോയെന്ന് നമ്മൾ സംശയിച്ചു പോകും .

കണ്ണുകളെ ഈറനണിയിക്കുന്ന ഒരു കഥാപാത്രമാണ് ഒരു സാംസ്ക്കാരിക പ്രശ്നം  എന്ന കഥയിലെ ദാമോദരൻ . പ്രണയത്തിന്റെ പേരിൽ ആ പാവത്തിനെ ചിലർ കുരങ്ങു കളിപ്പിക്കുകയാണ് . പൊട്ടന് പോയി തൂങ്ങിച്ചത്തു കൂടേ എന്ന തിരസ്കാരം അയാൾ അതുപോലെ അനുസരിക്കുകയാണ്  . ശരിക്കും ആർക്കാണ് സ്ഥിരതയില്ലാത്തത് ?

കെ പി അപ്പൻ പറഞ്ഞതുപോലെ ദൈവത്തിനു വേണ്ടിയുള്ള വിശപ്പാണ് എൻ മോഹനന്റെ കഥകളിൽ നിറഞ്ഞ് നില്ക്കുന്നത് . മനുഷ്യൻ പരസ്പരം കുറച്ചു കൂടി സ്നേഹിക്കുന്ന ഒരു ലോകം കഥാകൃത്ത് ആഗ്രഹിക്കുന്നു . വായനക്കാരനെയും എഴുത്തുകാരനെയും കഥാപാത്രത്തെയും ഒന്നായി തീർക്കുന്ന മാന്ത്രികത അദ്ദേഹത്തിന്റെ എഴുത്തിനുണ്ട്

അനു പി ഇടവ

 

Share :