വീടുകൾക്കും ഹൃദയമുണ്ട്.
സാവിത്രി രാജീവൻ
പ്രവാസത്തിൽ പല വീടുകളും മാറി മാറിത്താമസിക്കുമ്പോൾ തോന്നിയ ഒരു ചിന്തയാണ് " വീടുകൾക്കും ഹൃദയമുണ്ട് " എന്നത് . ഇറങ്ങിപ്പോകേണ്ടി വന്ന വീടുകളൊക്കെ പലപ്പോഴായി വിചാരങ്ങളിൽ കടന്നു കൂടി സംവദിക്കാറുണ്ട്. അവിടെ ഇഷ്ടപ്പെട്ട എത്രയെത്ര ഇടങ്ങളെയാണ് വേദനയോടെ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളത്. ആഹ്ളാദങ്ങളുടേയും വിരഹത്തിൻ്റേയും പ്രതീക്ഷകളുടേയും അകമുറികൾ! ആ ചിന്തയെ അന്വർത്ഥമാക്കിയ ഒരു കവിതയാണ് സാവിത്രി രാജീവിൻ്റെ "ആറ് മുറികളുള്ള വീട്" എന്ന കവിത.
കടപ്പാട് --മാതൃഭൂമിആഴ്ച്പതിപ്പ്
വീട് വർത്തമാനകാലത്ത് ആലങ്കാരികതയുടെ ചിഹ്നം ആയി മാറുന്നതിൻ്റെ അവസ്ഥയെ തളളിക്കളയാനാവില്ല. പഴയ എട്ട് കെട്ടുകളും നാലുകെട്ടുകളുമൊക്കെ നയന മനോഹാരിതയിൽ മാത്രം നിലനിൽക്കുന്നു. അത്രയും വലിയ വീടുകൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിന് ഭാരിച്ച സാമ്പത്തികച്ചിലവുകളുമാണ്. മാത്രമല്ല ആധുനിക യന്ത്രവൽക്കൃതയുഗത്തിൽ സൗന്ദര്യബോധങ്ങളും വഴി മാറി. പുതിയ രൂപഭാവങ്ങളോടെ വീടുകളും നിലവിൽ വന്നു. കാലം മാറുന്നതിനനുസരിച്ച് ഓരോന്നും മാറ്റത്തിന് വിധേയമാകുന്നു. എന്നിരുന്നാലും വിശാലമായ വീടുകൾ അതിൻ്റേതായ ആകാശ വെളിച്ചങ്ങളും നൽകുന്നു.
ഇവിടെ അധ്യാപനവൃത്തിയിൽ നിന്നും സ്വരുക്കൂട്ടി വെച്ച പൈസയും ബാങ്ക് ലോണും ചേർത്താണ് " ഈ ആറ് മുറികളുള്ള വീട്" പണിതിരിക്കുന്നത് എന്ന് കവി പറയുന്നു.
ഒരു വീട് എന്നല്ല എന്ത് ചെയ്താലും അതിനെ വിമർശിക്കുന്ന പലരും സമൂഹത്തിലെന്നുമുണ്ട്. വലിയ വീട് കണ്ട് പലരും ചോദിച്ചു. "ഓ ഇത്ര വലിയ വീടോ " ? അഭിപ്രായങ്ങൾ കയറിയും മറിഞ്ഞും വന്നു കൊണ്ടിരുന്നു. " താമസിക്കാൻ ഗോഡൗൺ ആണോ പണിതത്? ' മറ്റു് ചിലരുടെ ചോദ്യങ്ങളിങ്ങനേയും. ഇതൊക്കെ കണ്ടും കേട്ടും ആ വീട് വിലപിക്കുന്നതായിട്ടാണ് പ്രമേയം . അസംസ്കൃതത്തെ സംസ്ക്ക രിച്ചെടുക്കുന്നതാണല്ലൊ കവിത. അവിടെ അചേതനങ്ങളും സചേതനങ്ങളാകുന്നു. മനുഷ്യനെപ്പോലെ അസ്തിത്വമുള്ള ഒരു വ്യക്തിയായി ആ വീട് സംസാരിക്കുന്നു. കവിക്ക് പറയാനുള്ളതെല്ലാം വീടിൻ്റെ ഭാഷണത്തിലൂടെ വായനക്കാരന് ലഭിക്കുന്നു. " കുറ്റപ്പെടുത്തലുകൾ കേട്ട് വീട് വിലപിക്കുകയാണ്, " എന്നെയാർക്കും ഇഷ്ടമില്ല" .കുഞ്ഞിനെയെന്ന വണ്ണം അകലം പാലിച്ച് മ്ളാനിയായി നിൽക്കുന്ന വീടിനെ വീട്ടുകാർ ആശ്വസിപ്പിക്കുന്നു."നിൻ്റെയുള്ളിൽ ശ്വസിക്കാനും ,ഉച്ചത്തിൽ ചിരിക്കാനും ,മൗനത്തിൽ വീഴാനും ,മുങ്ങി നിവരാനുമുള്ള സ്ഥലം കുഴിച്ചെടുത്തതാണ് " എന്ന കാവ്യാത്മകമായ വരികളാണതിന് മറുപടി . ഇതിലൂടെ പുതിയ കാലത്തിൻ്റെ വിലക്കിൻ്റേയും അസ്വാതന്ത്ര്യത്തിൻ്റേയും ചേരി രാഷ്ട്രീയ നിലങ്ങളിൽ നിന്നും കുതറി മാറി സ്വന്തം അസ്തിത്വത്തിൻ്റെ ഭാഗമാകുകയുമാണ് വീട്. തുറസ്സായ ഇടങ്ങളിൽ സ്വത്വത്തെ അടയാളപ്പെടുത്തുമ്പോൾ കൂച്ചുവിലങ്ങുകൾ മുറുകാം. അപ്പോൾ സ്വന്തമായ ഇടങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കേണ്ട കാലിക സത്യം കൂടി കവിത വിളിച്ചോതുന്നുണ്ടിവിടെ. എത്ര സാന്ത്വനങ്ങൾ നൽകിയിട്ടും വീടിൻ്റെ വിഷാദം മാറിയില്ല. സ്വയം സമാശ്വസിപ്പിച്ചാലും മനസ്സിൻ്റെ അകത്തളങ്ങളിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട് . കാത്തിരിപ്പിൻ്റെ വിഹ്വലത പ്രത്യക്ഷത്തിൽ സൂചിപ്പിക്കുന്നില്ലെങ്കിലും "വർഷത്തിലൊരിക്കൽ വരുന്ന കുട്ടികൾക്ക് വേണ്ടി മാറ്റി വെച്ച അകമുറികൾ കാത്തിരിപ്പിൻ്റെ വേദന നമ്മെ ധ്വനിപ്പിക്കുന്നു. വർഷങ്ങളുടെ കാത്തിരിപ്പിൽ അവഗണനയുടെ ചവർപ്പുണ്ട്. വരാത്ത സുഹൃത്തിനായി കരുതി വെച്ച മുറിയോ, ഉള്ളിൽ താഴിട്ടു നിന്നു. തുറക്കാനാകാത്ത ജീവിതത്തിൻ്റെ അകമുറിവുകൾ ! അച്ഛൻ്റെ സാന്നിധ്യം നിറഞ്ഞിരുന്ന മുറി അച്ഛൻ്റെ അഭാവത്തിൽ ജീവിതാനുഭവങ്ങളുടെ പഴക്കവുമായി കുതിർന്നു നിന്നു. അച്ഛൻ്റെ പുതപ്പു പുതച്ച് കൊണ്ട് കിടപ്പുമുറി മരുന്നുകൾ നിറച്ച അലമാരയായി എന്ന് കവി സൂചിപ്പിക്കുമ്പോൾ രോഗാതുരത നിറഞ്ഞ വർത്തമാന കാലത്തിൻ്റെ മുഖമാണതിന്. വായന മരിച്ചതോടെ പുസ്തകങ്ങൾക്കായി കാത്തിരിക്കുന്ന ചിതലുകൾ മറുഭാഗത്ത്.
അപ്പോഴും തീ നാളമുയർന്നത് വായനമുറിയിലും അടുക്കളമുറിയിലും മാത്രമായിരുന്നു ആ വീട്ടിൽ. വീടിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ കുഴയുമ്പോൾ തീയിൽ നീറി നിന്ന അടുക്കള കവിയോട് ചോദിക്കുന്നു, "ഞാനും വായനമുറിയും മാത്രം മതിയായിരുന്നോ നിങ്ങൾക്ക് ? ആ ഉത്തരത്തിന് കാതോർക്കുന്ന വീടിനെ കുഞ്ഞു പ്രാണൻ്റെ വരവേൽപ്പിനായി ഒരുക്കിയിരിക്കുന്ന ഊഞ്ഞാലിലിരുന്ന് കവി കാണുന്നിടത്ത് കവിത യാത്ര പറയുന്നു. അത് പ്രത്യാശയുടെ തിരിനാളമാണ്.
വർത്തമാനകാല ജീവിതത്തിൻ്റെ വിഹ്വലതകളും സങ്കടങ്ങളും വേർപാടുകളും പ്രതീക്ഷകളമൊക്കെയാണ് ഈ ആറ് മുറികളിലും തങ്ങിനിൽക്കുന്നത്. ജീവിതകാലം മുഴുവൻ അധ്വാനിച്ച് സ്വരൂ ക്കൂട്ടി വെച്ച വീട് ആരെയൊക്കെയൊ കാത്തിരിക്കുന്നു . മക്കളെല്ലാം ഇന്ന് ഉപരിപഠനങ്ങളും ജോലികളുമായി വിദേശങ്ങളിലാണ്. പല വീടുകളിലും വാർദ്ധക്യത്തേയും കൂട്ടുപിടിച്ച് വിഹ്വലമായി ജീവിക്കുന്ന മാതാപിതാക്കൾ! അവിടെ വീട് തന്നെ ആൾരൂപം പൂണ്ട് അവരോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. ഉത്തരങ്ങളില്ലാതെ ! ജീവിത യാഥാർത്ഥ്യങ്ങളെ എത്ര സൂക്ഷ്മതയോടെ, നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു ഈ കവിത. കവിത ജീവിതം തന്നെയാണ്. ജീവിതമല്ലാത്തതൊന്നും കവിതയാവുന്നില്ല !