Archives / july 2021

മാങ്ങാട് രത്‌നാകരൻ
ഖലാസ്-കലാസ്-കലശം ( വാക്കും വാപ്പയും 10 )

അധികം മുമ്പല്ല, ആർ.എസ്.എസ് നേതാവ് കുമ്മനം രാജശേഖരൻ ട്രോളർന്മാരുടെ ഓമനയായി വിലസിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. അങ്ങനെ, നീൽ ആംസ്‌ട്രോങിന്റെ തോളിൽ കൈയിട്ട് ചന്ദ്രോപരിതലത്തിലും റൈറ്റ് സഹോദരന്മാരുടെ നടുവിൽ ആദ്യത്തെ പരീക്ഷണപ്പറക്കലിലുമെല്ലാം നാം കുമ്മനംജിയെ കണ്ടു. ദൃശ്യത്തിൽ മാത്രമല്ല വാക്കുകളിലും കുമ്മനത്തെ എടുത്ത് അമ്മാനമാടി. 'കുമ്മനടിക്കുക' എന്ന ഒരു ഉഗ്രൻ പ്രയോഗം കുറച്ചുകാലം മലയാളത്തെ രസിപ്പിച്ചു.

കൂട്ടത്തിൽ ഒരു ട്രോൾ എനിക്കു വളരെയേറെ രസിച്ചു. നമ്മുടെ കുമ്മനം കുമ്മനടിക്കുകയാണ്: ''ഞാൻ പ്രധാനമന്ത്രിയായാൽ അറബിക്കടലിന്റെ പേരുമാറ്റി സംസ്‌കൃതക്കടൽ എന്നാക്കും.''

മലയാളം തമിഴിൽ നിന്നുണ്ടായോ സംസ്‌കൃതത്തിൽ നിന്നുണ്ടായോ എന്നൊക്കെയുള്ള ചർച്ചകൾ എത്രയോ കാലം നാം കേട്ടു. പറയുന്നവരുടെ ചെമ്പു പുറത്തായി എന്നല്ലാതെ വേറെ ഗുണമൊന്നുമുണ്ടായതായി അറിവില്ല. സംസ്‌കൃതവും മലയാളവും സമഞ്ജസമായി സമ്മേളിച്ച മണിപ്രവാളം നിയോ-ക്ലാസിക് കാലഘട്ടത്തിൽ മലയാളത്തെ അടക്കി ഭരിച്ചു. അറബിയും മലയാളവും ചേർന്നുള്ള അറബിമലയാളം അഥവാ മാപ്പിളമലയാളം അത്രതന്നെ ശ്രദ്ധയിൽ വന്നില്ല. നിയോ-ക്ലാസിക് കവികളെക്കാൾ എത്രയോ വലിയ കവിയായ മഹാകവി മോയിൻകുട്ടി വൈദ്യരെ 'സമുദായതാല്പര്യ'ത്തിനു പുറത്ത് അംഗീകരിക്കുകയുമുണ്ടായില്ല.

അറബിക്കടലിന്റെ ഒരോരത്ത് നാക്കിലയിട്ടതുപോലുള്ള ഭൂവിഭാഗത്തിന് 'മലബാർ' എന്ന പൊതുസംജ്ഞ അറബികൾ സമ്മാനിച്ചതത്രെ. ഏഴു കടലുകൾക്കും അക്കരെ ആ പേരിലായിരുന്നു നമ്മുടെ നാട് അറിയപ്പെട്ടിരുന്നത്.

ഒരു തമാശ പറയട്ടെ-തമാശ എന്ന വാക്കുപോലും അറബിയിൽ നിന്നും വന്നതാണെന്ന് അധികമാരും ഓർക്കുന്നുണ്ടാവില്ല-ഞങ്ങൾ കാസർകോട്ടുകാരുടെ ഒരു വാട്‌സാപ്പ് കൂട്ടായ്മയിൽ ('കാസർകോടൻ കൂട്ടായ്മ') ഞാനും അംഗമാണ്. പയ്യാരം പറയുകയാണ്-പയ്യാരം മോശമാണെന്ന് ഉദ്ദേശിച്ചിട്ടില്ല -വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പൊതുസ്വഭാവമെങ്കിലും ഞങ്ങളുടെ ഗ്രൂപ്പിന് ചെറിയൊരു മേന്മയുണ്ട്. 'സപ്തഭാഷകളുടെ സംഗമഭൂമി'യായതിനാൽ ഭാഷാചർച്ചയും അതിൽ തലനീട്ടുന്നു. ആഹ്ലാദകരം എന്നേ പറയാവൂ.

ഭാഷയുടെ തനിമയെക്കുറിച്ച് ഒരു ചർച്ച വന്നപ്പോൾ ഭാഷാപ്രേമിയായ ഞാനും അതിൽ ഇടപെട്ടു. ഭാഷയിലെ തനിമവാദം ചരിത്രനിരാസമാണെന്ന നിലപാട് ചെറുതായി വിശദീകരിച്ചു.

ഹൈന്ദവക്ഷേത്രകലകളിൽപ്പോലും സ്വാഭാവികമെന്നവണ്ണം അറബിവാക്കുകൾ ലയിച്ചുചേർന്നതിനെക്കുറിച്ച് ഒരു കുറിപ്പിട്ടു. കലാശം 'ഖലാസ്' എന്ന അറബിയിൽ നിന്നുവന്നതാണെന്ന് എഴുതി. കലാശക്കൊട്ടും കലാശക്കൈയുമെല്ലാം അങ്ങനെ വന്നതാണ്.

'കൂട്ടായ്മ'യിലെ വള്ളുവനാടൻ വിശിഷ്ടാതിഥിയും ഭാഷാപണ്ഡിതനും നിരൂപകനുമായ കെ.സി.നാരായണൻ വി.കെ.എൻ ശൈലിയിൽ 'ഇടപെട്ടളയും ഞാൻ' എന്നമട്ടിൽ അതിൽ ഇടപെട്ടു:

''കലാശം മേളത്തിൽ, കഥകളിയിൽ, എല്ലാ സവർണ്ണ ആഢ്യകലകളിലും കലർന്നിട്ടും പകർന്നിട്ടും ഉണ്ട്. അഷ്ടകലാശം എന്നു സംസ്‌കൃതമായിച്ചേർന്നും തീരുകലാശം എന്നു മലയാളമായിച്ചേർന്നും അതുകൊട്ടുകാർക്കും കഥകളിക്കാർക്കും ചിരപരിചിതമായിരിക്കുന്നു. അറബിയും സംസ്‌കൃതവുമായിച്ചേർന്ന ഏറെ വാക്കുകൾ നമുക്കില്ലല്ലോ.''

'ഖലാസ്' എന്ന അറബിവാക്കിന് മുക്തി, വിടുതൽ എന്നെല്ലാം അർത്ഥം പറയാം. 'കലാശം' പാട്ടിന്റെ അവസാനം, പാട്ടിന്റെയും നൃത്തത്തിന്റെയും അവസാനം എന്നീ അർത്ഥങ്ങളിലാണ് ആദ്യം ഉപയോഗിച്ചുവന്നതെന്ന് അനുമാനിക്കണം. നാട്ടുപ്രയോഗങ്ങളിൽ' കലാസ് ഇടയ്ക്കിടെ മിന്നിമറയാറുണ്ട്. ''അഞ്ചുമിനുട്ടുകൊണ്ട് ചക്കക്കൂട്ടാൻ കലാസാക്കി'', ''ഒറ്റവലിക്ക് കലാസ്!''

കൂട്ടത്തിൽ പറയട്ടെ, ഭാഷയെ സംബന്ധിക്കുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ് ഡോ.പി.എം.ജോസഫ്, പതിനഞ്ചോളം വർഷത്തെ 'കഠിനതപസ്സി'നുശേഷമെഴുതിയ മലയാളത്തിലെ പരകീയപദങ്ങൾ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്). ആ പുസ്തകത്തിന്റെ 1995-ലെ 'പരിഷ്‌കരിച്ച രണ്ടാം പതിപ്പി'നുശേഷം ഒരു പതിപ്പുണ്ടായോ? ഇല്ലെന്നാണ് തോന്നുന്നത്. എന്റെ തോന്നൽ ശരിയാണെങ്കിൽ, കഷ്ടം തന്നെ!

ഈ പുസ്തകത്തിലെ, 'അറബിപദങ്ങൾ' എന്ന അധ്യായം വായിച്ചപ്പോൾ മലയാളത്തിലെ ജീവനുള്ള നിരവധി വാക്കുകൾ-തമാശ, ബാക്കി, റദ്ദ്, വക്കീൽ, രാജി, താക്കീത്, ഇനാം അങ്ങനെയങ്ങനെ-അതിൽ കണ്ടുമുട്ടി.

കലാശം കൊണ്ടുതീരുന്നില്ല. ആന മലയാളമാകാമെങ്കിലും അമ്പാരി 'മലയാളത്തനിമ'യുള്ള വാക്കല്ല.

അമ്പാരി-സവാരിക്കായി ആനപ്പുറത്തു വച്ചുകെട്ടുന്ന ഇരിപ്പിടവും അതിന്റെ വിതാനങ്ങളും-അറബിയിൽ 'അമാരീ' ആണ്. ഹിന്ദിയിൽ അംബാരി. ഹിന്ദിയിലൂടെ ആ അറബിപദം മലയാളത്തിലെത്തിയപ്പോൾ അമ്പാരിയായി.

''ആനകളില്ലാതെയമ്പാരിയില്ലാതെ

ആറാട്ടുനടക്കാറുണ്ടിവിടെ...''

എന്ന സിനിമാപ്പാട്ടിൽ (ചിത്രം: തെരുവ് ഗീതം (1979), രചന: ബിച്ചു തിരുമല, ഗായകൻ: കെ.ജെ.യേശുദാസ്) അറബിച്ചുവ തീരെയില്ലെന്നു മാത്രമല്ല, മലയാളച്ചുവ ഏറെയുണ്ടുതാനും!

ഈ പംക്തിയുടെ പേരിലെ പാതിയും അറബിയിൽ നിന്നു വന്നതാണെന്നു മറക്കരുതേ. വാപ്പ-പിതാവ്.

അറബിയിൽ ബാബ.

 

Share :