Archives / september 2020

സി ഗണേഷ് അസി പ്രഫസര്‍ മലയാള സര്‍വകലാശാല തിരൂര്‍ മലപ്പുറം
സത്യാനന്തരകാലത്തെ നാട്ടറിവ് പഠനം

         1846ലാണ് ഫോക്ലോര്‍ ഒരു ജ്ഞാനമേഖലയായി അടയാളപ്പെടുന്നത്.അറിവിന്‍റെ വിനിമയത്തിലും വിതരണത്തിലുമുള്ള വിശ്വാസമാണ് ജ്ഞാനമേഖലകളുടെ ഉല്‍പ്പത്തിയെ സാധൂകരിക്കുന്നത്.എന്നാല്‍ കൂട്ടായ്മയുടെ അറിവിനെ ആദ്യമായി അംഗീകരിച്ചതിനാല്‍ ഫോക്ലോര്‍ എന്നവിജ്ഞാനശാഖയുടെ പിറവി പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്.ഉല്‍പ്പത്തി മാത്രമല്ല അതിന്‍റെ പരിണാമവുംവിശകലനവിധേയമാകേണ്ടതുണ്ട്.വിജ്ഞാനശാഖ കാലാനുസൃതമായി മാറുമ്പോള്‍ ആ മാറ്റത്തെ വിശദീകരിക്കാനാവാതെ ഗവേഷകര്‍ കുടുങ്ങാറുണ്ട്.അടിസ്ഥാനയുക്തിയില്‍ മാറ്റമൊന്നുനില്ലെങ്കിലും ജ്ഞാനമേഖലാമാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മേഖലയിലെ വിദഗ്ധര്‍ മാത്രമല്ല, പുറത്തു നില്ക്കുന്നവരും പ്രയാസപ്പെടുന്നു.

          ചരിത്രത്തെ ഈശ്വരന്‍റെയോ പ്രകൃതിയുടെയോ കോപമായി വ്യാഖ്യാനിക്കാതെ മനുഷ്യസ്വഭാവ ത്തിന്‍റെയും കൂട്ടായ്മയുടെയും ആന്തരികവും ഭൗതികവുമായ കരുക്കളെക്കൊണ്ട് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഫോക്ലോറിന്‍റേത്.(എ എം ശ്രീധരന്‍ 2015 12)

          ഫോക്ലോറിന്‍റെ കേന്ദ്രം ഫോക് ആണോ ലോര്‍ ആണോ എന്ന തര്‍ക്കമാണ് ആദ്യകാലത്ത് നിലനിന്നിരുന്നത്.ആധുനികമായ ആശയാവലികളോട് പൊതുവെ പുലര്‍ത്തി വന്ന സന്ദേഹത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്തരം തര്‍ക്കങ്ങളെ കാണാനാവൂ.ജ്ഞാനമേഖലയുടെ അതിര്‍ത്തി നിര്‍ണയനവുമായി ബന്ധപ്പെട്ടു ഇതുപോലപള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.എന്നാല്‍ പിന്നീട് നിര്‍വചനങ്ങളിലൂന്നിയും വിഷയാതിര്‍ത്തി സംബന്ധമായുമുള്ള വിചാരങ്ങള്‍ യുക്തിസഹമായി വിശദികരീക്കാന്‍ ആധുനികാനന്തരമുള്ള ദര്‍ശങ്ങള്‍ക്ക് കഴിഞ്ഞു.അതോടൊപ്പം ജ്ഞാനമേഖലകളുടെ അതിര്‍ത്തി എന്നത് മിഥ്യാസങ്കല്പമാണെന്നും സൂക്ഷ്മരൂപത്തില്‍ അതിര്‍ത്തിയില്ലായ്മയിലാണ് അവയുടെ നിലനില്‍പ്പെന്നും ബോധ്യപ്പെട്ടു.പരമ്പരാഗതമായ പല വിഷയങ്ങളും സ്റ്റഡീസ് എന്നു ചേര്ഡത്തുകൊണ്ട് അവയുടെ വിഷയാതിര്‍ത്തി വിപുലപ്പെടുത്തി.അറിവിന്‍റെ വിഭജനപദ്ധതി ക്ലാസിക് കാലം മുതല്‍ നിലനിന്നിരുന്നു.ഈ വിഭജനയുക്തിയിലാണ ്ഫോക്ലോറും ഉണ്ടായത്.ആധുനികതയുടെ അറിവുവിഭജനസമ്പ്രദായത്തിനു കീഴില്‍ ഒരു ഡിസിപ്ലിന്‍ ആയി അറിയപ്പെടുമ്പോഴും ഫോക്ലോറ് വൈരുദ്ധ്യാത്മകത പ്രകടിപ്പിച്ചിരുന്നു.

             ഏതൊരു ജ്ഞാനമേഖലയുടെ വികാസപരിണാമത്തിലും അക്കാദമിക് ഘട്ടം നിര്‍ണായകമാണ്. ഫോക്ലോറിന്‍റെ കാര്യത്തില്‍ സവിശേഷമായ ചിന്താഘട്ടം തന്നെ പിന്നിടുകയാണ് കൊളോണിയല്‍യുക്തിയിലധിഷ്ഠിതമായ അക്കാദമികഘട്ടത്തില്‍ സംഭവിച്ചത്.ദേശീയോദ്ഗ്രഥനത്തിന്‍റെയും ശാസ്ത്രീയമായ ചിട്ടപ്പെടുത്തലിന്‍റെയും രീതിശാസ്ത്രമാണ് അക്കാദമികഘട്ടത്തിന്‍റെ തുടക്കം ഫോക്ലോറിനു  നല്‍കിയത്..ഫീല്‍ഡ്വര്‍ക്ക്,വസ്തുത,സമാഹരണം,രേഖപ്പെടുത്തല്‍,ക്രമീകരണം,അവതരണം എന്നിങ്ങനെ പൊതുഭൂമിക സൃഷ്ടിക്കപ്പെട്ടു.പ്രാദേശികവും,ദേശീയവുമായ കാഴ്ചപ്പാടുകള്‍ സ്വായത്തമാക്കാനും ആരംഭിച്ചു.ഇന്ത്യയിലെ ഗുവാഹത്തി,മൈസൂര്‍,കര്‍ണാടക സര്‍വകലാശാലകള്‍ ്ഫോക്ലോര്‍ പഠനവിഭാഗങ്ങള്‍ തുടങ്ങി.വസ്തുതാശേഖരണത്തിന്‍റെ ഈ
ഘട്ടത്തിലാണ് മ്യൂസിയങ്ങളും ആര്‍കൈവുകളും പഠനത്തിന്‍റെ ഉപോത്പന്നമായി തിരിച്ചറിയപ്പെട്ടത്.ഇതിനു മുമ്പേ തന്നെ റിച്ചാര്‍ഡ്.എം ഡോര്‍സനെ പോലുള്ളവര്‍ വാങ്മയസംസ്കാരം,സാമൂഹികസംസ്കാരം,ഭൗതികസംസ്കാരം,ഫോക് തീയേറ്റര്‍ എന്നിങ്ങനെ ഫോക്ലോറിനെ പട്ടികപ്പെടുത്തിയിരിക്കുന്നു.ഇത്തരമൊരു പട്ടികപ്പെടുത്തലിനു പിന്നില്‍ നിന്നുള്ള വിചാരങ്ങള്‍ മാത്രമായി ഫോക്ലോറിനു നിലനില്‍ക്കേണ്ടിവന്നു.അക്കാദമികസമൂഹത്തിനു മാത്രം പ്രയോജനപ്പെടുന്ന വര്‍ഗീകരണങ്ങളില്‍ നിന്ന് വിമുക്തി നേടുവാന്‍ ഫോക്ലോറിനു കഴിയാതെ പോയി.ആധുനികതയുടെ കൊളോണിയല്‍ താല്പര്യങ്ങള്‍ കൂടി ഇതിനോട് ചേര്‍ന്നപ്പോള്‍ കേവല കൗതുകത്തിന്‍റെ കെട്ടുകാഴ്ചകളായി നാടോടിവിജ്ഞാനീയപഠനങ്ങള്‍ മാറി.ഇതരമേഖലകളില്‍ നിന്നുള്ള വായു കടക്കാത്ത മുറിയായി ഫോക്ലോറിനെ വിഭാവനം ചെയ്തവര്‍ അധികം വൈകാതെ തിരിച്ചറിവു നേടിയതാണ് .
ഫോക്ലോറിന്‍റെ വര്‍ത്തമാനചരിത്രം.ജീവനസംസ്കാരമെന്ന സദാ ചലനാത്മകമായ ഒന്നിനെയാണ് തങ്ങള്‍ പഠനവിധേയമാക്കുന്നതെന്ന സത്യം പുതിയ വിശകലനരീതികള്‍ ഫോക്ലോറിന്‍റെ ഭാഗമാക്കേണ്ടതാണന്ന അനിവാര്യതയിലെത്തിച്ചു.

ഫോക്ലോറിനു മലയാള സന്ദര്‍ഭത്തില്‍ ഒരു നിര്‍വചനത്തിനു ഇനിയും കഴിഞ്ഞിട്ടില്ലെന്നു അഞ്ചു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച പണ്ഡിതന്‍ പറയുന്നുണ്ട്.അമേരിക്കന്‍ സാഹചര്യത്തിലാരംഭിച്ച നിര്‍വചനശ്രമങ്ങള്‍ കേരളത്തിന്‍റെ സവിശേഷമായ പരിസ്ഥിതിയോട് ചേര്‍ന്നുപോകുന്നില്ല എന്നതാണ് അദ്ദേഹത്തിന്‍റെന്യായം.അലന്‍ ഡന്‍റിസ് ഗദ്യാഖ്യാനങ്ങളെ മിത്ത്,ലജന്‍റ്,നടോടികഥ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തിലെ ഗദ്യാഖ്യാനങ്ങള്‍ക്ക് ഈ നിര്‍വചനങ്ങള്‍ ഇണങ്ങുകയില്ല.കാരണം ഇവിടുത്തെ പുരാവൃത്തങ്ങളില്‍ മിക്കതും ഗദ്യാഖ്യാനങ്ങല്ല,ഗാനാഖ്യാനങ്ങളാണ്.തെയ്യത്തിന്‍റെ
തോറ്റം പാട്ടുകളും തെക്കന്‍ പാട്ടുകളും മുടിയേറ്റപാട്ടുകളും് പടയണിപാട്ടുകളും പൂതന്‍-തിറമലവാഴിയാട്ടം,കാളിയൂട്ട്,കാളികെട്ട് തുടങ്ങിയവയുടെ പാട്ടുകളും പുരാവൃത്തങ്ങളാണ്. അവയെല്ലാം ഗാനാഖ്യാനങ്ങളാണ് . കെന്ത്രോന്‍പാട്ടും കുറുന്തിനിപാട്ടും കോതാമൂരിപാട്ടരമൊക്കെ ഗാനബദ്ധമായ പുരാവൃത്തങ്ങളാണ്.മാത്രവുമല്ല കേരളത്തിലെ ഫോക്ലോര്‍ രൂപങ്ങളില്‍
സിംഹഭാഗവും അനുഷ്ഠാനങ്ങളുടെ ഭാഗവുമാണ്.ഇതും അമേരിക്കന്‍ ഫോക്ലോറില്‍ നിന്നും വ്യത്യസ്തമാണ്.(അനില്‍ കെ എം 2004 8)

          എന്നാല്‍ അതുമാത്രമല്ല ഈ ജ്ഞാനമഖലയിലെ ജ്ഞാനം പല അടരുകളില്‍ നിര്‍മ്മിക്കപ്പെടുന്നതും വളരുന്നതുമാണ്.ഒരു പക്ഷേ ജ്ഞാനമഖല എന്ന നിലയില്‍ തന്നെ വ്യതരിക്തവും ജ്ഞാനമഖല എന്ന ആധുനികാവബോധത്തിനു പിന്‍തിരിഞ്ഞു നില്‍ക്കുന്നതുമായ വിഷയം എന്ന പ്രശിനത്തിലേക്കാണ് ഈചര്‍ച്ച നയിക്കുന്നത്.എന്നാല്‍ അത്തരത്തിലൊരു വിശകലനമോ വിശദീകരണമോ നടക്കുകയുണ്ടായില്ല.തെയ്യം ആടുന്ന കലാകാരനു അത് ആവിഷ്കാരമല്ല.ജീവിതത്തിന്‍റെ ഭാഗമാണ്.തുയിലു
ണര്‍ത്തു പാടുന്ന പാണന് അത് ഒരിക്കലും എഴുതിവെക്കേണ്ടുന്ന ആഖ്യാനമല്ല. ആധുനികാനന്തരമായ അര്‍ത്ഥത്തില്‍ ഫോക്ലോര്‍ ജ്ഞാനവിഷയമല്ല,ജ്ഞാനമാണെന്ന ബോധ്യമാണ് ഈ രംഗത്തും പ്രവര്‍ത്തിക്കേണ്ടവര്‍ക്ക് ആദ്യമുണ്ടാവേണ്ടത്.

         സത്യാനന്തരയുഗത്തില്‍ ജ്ഞാനവിഷയങ്ങളുടെ ഭാവി എന്താകുമെന്ന് നിശ്ചയിക്കുക സാധ്യമല്ല.ഒന്നുറപ്പാണ്. ഫോക്ലോര്‍ വിഷയമായിരിക്കാം സത്യാനന്തരയുഗത്തില്‍ കൂടൂതല്‍ വെല്ലുവിളികള്‍ നേരിടുക. കൂട്ടായ്മയുടെ ബോധം കണ്ടെത്തുമ്പോള്‍ എതിര്‍ബോധങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരും. ഏകീകൃതയുക്തിയില്‍ പ്രവര്‍ത്തിക്കാന്‍ ഫോക്ലോറിനു സാധ്യമല്ലാതെ വരുമ്പോള്‍ അന്തര്‍വൈജ്ഞാനികത അനിവാര്യമാവുകയും ചെയ്യും.

                       വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ജ്ഞാനമാര്‍ഗങ്ങളുടെ സാധ്യതകള്‍ ചേര്‍ത്തുവെയ്ക്കാന്‍ ഫോക്ലോര്‍ ശ്രമിച്ചിട്ടുണ്ട്.അത്തരം ശ്രമങ്ങളാണ് ഫോക്ലോറിനെ ഇന്നും പ്രസക്തമാക്കുന്നത്.

 

Share :