Archives / september 2020

ഫില്ലിസ് ജോസഫ്
ഏലീശാവല്യമ്മയുടെ ചൂണ്ട ( ഓർമ്മചില്ലകൾ പൂത്തപ്പോൾ -മൂന്ന് )

        തറവാട്ടുപുരയിടത്തിന്റെ ഒത്ത നടുക്കുള്ള കവുങ്ങിലെ വലിയ വൈക്കോൽ തുറുവിനപ്പുറത്ത് പടർന്ന് വളരുന്ന കൂർത്ത മുള്ളുകളുള്ള, കായൽവ്യക്ഷചുവടെന്ന് ഞങ്ങൾ വിളിക്കാറുണ്ടായിരുന്നിടത്തിരുന്നാണ് ഏലീശാ വല്യമ്മ ചൂണ്ടയിടാറുള്ളത്.

        വല്യമ്മ സുന്ദരിയായിരുന്നു. വെളുത്ത ചട്ടയും മുണ്ടും വല്യമ്മയുടെ അഴക് കൂട്ടിയെന്ന് പറയാം. ആരേയും കൂസാത്ത ഭാവം. വല്യമ്മയ്ക്ക് കുറേ മക്കളുണ്ട്. മണൽത്തരികൾ പോലെ മക്കൾ വേണമെന്നായിരുന്നു  ആഗ്രഹമെന്നൊരിക്കൽ വല്യമ്മ പറഞ്ഞിട്ടുമുണ്ടായിരുന്നു. വല്യമ്മയുടെ മക്കളൊക്കെ വലുതായി. ആൺ മക്കളിലൊരാൾ മാത്രം തയ്യൽക്കാരനായി. ബാക്കിയുള്ള പത്ത് പേരും അഷ്ടമുടിക്കായലിന്റെ ഓളങ്ങളിൽ ആരുടേയും ആജ്ഞകൾക്ക് കാത്ത് നിൽക്കാതെ മീനും കക്കയും പിടിച്ചു വിറ്റും കഴിച്ചും ആസ്വദിച്ചു ജീവിച്ചു. തയ്യൽക്കാരൻ സഹോദരന് ഇഷ്ടം പോലെ മീൻ കൂട്ടാനുണ്ടാക്കാനും പൊരിക്കാനും മുടക്കമില്ലാതെ എത്തിക്കണമെന്ന ഏലീശാ വല്യമ്മയുടെ വാക്കുകൾ അവർ അക്ഷരം പ്രതി അനുസരിച്ചു. ഏലീശാ വല്യമ്മയുടെ നാലു പെൺ മക്കളും വല്യമ്മയുടെ മുഖഛായയുള്ള സുന്ദരികൾ തന്നെ. അതിൽ മൂത്തവർ ത്രേസ്യയും റെജിയും കന്യാസ്ത്രിമാരായിരുന്നു. ഇളവർ രണ്ടു പേരും ഈ നാട്ടിലുള്ള വലപ്പണി ചെയ്യുന്നവരെ തന്നെ കെട്ടി സുഭിക്ഷമായി ജീവിക്കുന്നു.

       രണ്ട് വീടുകളിലും ഞായറാഴ്ച സന്ദർശനം ഏലീശാ വല്യമ്മയ്ക്ക് പതിവായിരുന്നു. ചൂണ്ടയിടാൻ വരുമ്പോൾ എന്നോട് അവിടുത്തെ വിശേഷങ്ങൾ വല്യമ്മ പറയാറുണ്ടായിരുന്നു. മോളേ, സബേരയ്ക്ക്  തലവേദന കാരണം എണീറ്റൂടാ... പെമ്പിള്ളാര് മിടുക്കരാ.... വീട്ട് പണിയെല്ലാം ചെയ്തോളും. പിന്നെ കൂട്ടിലൊരു പട്ടീം രണ്ട് ആടും...പിള്ളാര് പഠിക്കാനിറങ്ങി പോയാപ്പിന്നെ അതുങ്ങള് പഷ്ണിയാ... പീറ്റര് വലപ്പണിം കഴിഞ്ഞേച്ച് നല്ല ഒറക്കോ മാരിക്കും..... ഏലീശാ വല്യമ്മയുടെ വാക്കുകളിലെ പിടച്ചിലിൽ നിന്ന് ആ വീട്ടിന്റെ താളം മുഴുവൻ അവരുടെ മകളിലായിരുന്നുവെന്നും മറ്റാർക്കും ചെയ്യാനാവാത്ത ചിലത് ആ വീട്ടിൽ ചെയ്യണമെങ്കിൽ വല്യമ്മയുടെ മകൾ സബേരയ്ക്ക് തലവേദന വരാതിരിക്കണമെന്നും എനിക്ക് നല്ലവണ്ണം മനസിലായി. അന്നത്തെ പ്രാർത്ഥനയിൽ ഏലീശാ വല്യമ്മയുടെ സബേര മോൾക്ക് സുഖമാവാൻ അന്തോനീസ് പുണ്യാളനോട് ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. നിഷ ചേച്ചിയും ജിഷ ചേച്ചിയും വല്യമ്മയുടെ വീട്ടിൽ വരുമ്പോൾ എന്നോടും നസീമയോടും ചങ്ങാത്തം കൂടുകയും ഒളിച്ചു കളിക്കാൻ വരികയും ചെയ്യുമായിരുന്നു. നസീമയുടെ നിസ്കാരത്തിലും സബേ രാമ്മയ്ക്ക് വേണ്ടിയുള്ള യാചനകൾ ഉണ്ടായിരുന്നു. സബേരാമ്മയുടെ ആടിനുള്ള പുല്ലും പറിച്ച് തുണിസഞ്ചിയിലാക്കിയാണ് ഏലീശാ വല്യമ്മ പോകാറ് . കൂട്ടത്തിൽ നസീമയുടെ പ്ലാവില കൊമ്പുകളും ഉണ്ടാവും. 

        ഒരു ഞായറാഴ്ച സന്ധ്യയ്ക്ക് നസീമയുടെ ഉമ്മ അക്കരെയമ്മച്ചിയോടു പറഞ്ഞു. "കൊറേ നെല്ലിക്ക വേണം അമ്മച്ചിയേയ്.... സബേറായ്ക്ക് തളമിടാൻ നാളെ വൈദ്യര് വരും". അക്കരെയമ്മച്ചി തേങ്ങയിടുന്ന ശിവാന്ദൻമൂപ്പരെ വിളിക്കാൻ ഇളയ ചിറ്റപ്പനെ പറഞ്ഞയച്ചു. പത്ത് കരിക്കിടീച്ച് ഏലീശായ്ക്ക് കൊടുക്കടാ..പിന്നെ നെല്ലിക്കയെല്ലാമിങ്ങ് പറിച്ചെടുത്തോ ... വെളഞ്ഞ് നിൽക്കുവാ എല്ലാം.... കൈയ്യൂന്ന്യോം കീഴാർ നെല്ലിയും ഞാൻ പറിക്കാം.... പെമ്പിള്ളാരേ വാടി... കേൾക്കാത്ത പാതി ഞാനും നസീമയും അക്കരെയമ്മച്ചിയുടെ പിന്നാലെ കൂടി.കൈനിറയെ പച്ചമരുന്നുകൾ പറിച്ചു കൂട്ടിയത് ഞാനും നസീമയും ഏലീശാ വല്യമ്മയുടെ തുണിസഞ്ചിയിൽ തിരുകി കയറ്റി. നെല്ലിക്കയും കരിക്കും തേങ്ങയും നിറച്ച കൂട്ട ജോസേപ്പിന്റെ തലയിൽ തുണിചുമ്മാടിന്റെ മുകളിലേയ്ക്ക് ശിവാനന്ദൻ മൂപ്പർ എടുത്തു വച്ചു കൊടുത്തു.ജോസേപ്പും ഏലീശാ വല്യമ്മയും സബീരയുടെ വീട്ടിലേയ്ക്ക് പോയി.

        ഏലീശാ വല്യമ്മയുടെ ചൂണ്ടയും ഓലവല്ലവും വീടിന്റെ പിന്നാമ്പുറത്തെ വരാന്തയിൽ അക്കരെയമ്മച്ചി സൂക്ഷിച്ചു വച്ചു. അടയ്ക്കാ വെള്ളത്തിലിട്ട് വയ്ക്കാറുള്ള വലിയ മൺകലത്തിന്റെയരികിലുള്ള ഗ്രാമ്പൂതൈയ്ക്ക് വെള്ളമൊഴിക്കെ ഞാനാ ചൂണ്ട കണ്ടെത്തി.നസീമയും ഞാനും ചൂണ്ടയിടാൻ തീരുമാനിച്ചു. കുറച്ചു നാളായിട്ടുള്ള വല്ലാത്തൊരു മോഹമായിരുന്നു 'ഏലീശാ വല്യമ്മയുടെ ചൂണ്ട'മൈദാ മാവും മഞ്ഞൾപ്പൊടിയും അക്കരെയമ്മച്ചിയില്ലാത്ത തക്കം നോക്കി കലവറയിൽ നിന്നെടുത്തു കുഴച്ചു പത്തോളം ചെറിയ ഉരുളകളാക്കി ചിരട്ടയിൽ സൂക്ഷിച്ചെടുത്തു. അതായിരുന്നു ഏലീശാ വല്യമ്മ ചൂണ്ടയിൽ കോർക്കാറുള്ള 'തീൻ'.

      ഏലീശാ വല്യമ്മ സബേരയുടെ വീട്ടിൽ തന്നെയായിരുന്നു പിന്നീടൊരു മാസം മുഴുവൻ. സബേരയ്ക്ക് തളമിടീലാണെന്ന് നസീമയുടെ ഉമ്മ പറഞ്ഞു. അക്കരെയമ്മച്ചി ഉണ്ടാക്കിയ കക്കത്തോരൻ ഏലീശാ വല്യമ്മയ്ക്ക് കൊടുക്കുവാൻ പോയി വന്ന് നസീമയുടെ ഉമ്മ വിഷമത്തോടെ വിശദീകരിച്ചു.'പീറ്ററിന്റെ കാര്യമാ സങ്കടം'. അക്കരെയമ്മച്ചി നെടുവീർപ്പുതിർത്തു താക്കോൽക്കൂട്ടം കിലുക്കി കായൽ തീരത്തേക്ക് നടന്നു പോയി.നസീമയുടെ ഉമ്മയും അക്കരെയമ്മച്ചിയുടെ പിറകേ നടന്നു. 

      ഞാനും നസീമയും കണ്ണിൽ കണ്ണിൽ നോക്കി. ഗ്രാമ്പൂതൈകളുടെ ചോട്ടിലേയ്ക്ക് ഒറ്റ ഓട്ടത്തിനെത്തി . ഓടിക്കിതച്ചെത്തി ചൂണ്ടയിൽ നോക്കിയങ്ങനെ നിന്നു കുറേ നേരം. അഞ്ചാം ക്ലാസുകാരികളുടെ കൗതുക പച്ചപ്പിന് വാനോളം ഉയരമുണ്ടായിരുന്നുവോ? അഷ്ടമുടിക്കായൽ പെറ്റ പരൽ മീനുകളെ ഓളങ്ങളിൽ മനസർപ്പിച്ച് നിശബ്ദമായി സ്വന്തമാക്കാൻ കൊതിച്ച പെൺബാല്യകൗതുക ശോഭയ്ക്ക് ഇന്നും നക്ഷത്രത്തോളം പ്രകാശം തന്നെയെന്നതാണ് സത്യം.നസീമയാണ് ശബ്ദമുണ്ടാക്കാതെ ചൂണ്ട എടുത്തത്.'തീൻ' ഞാനും ! ആരും കാണാതെ കായലോരത്തെ തണുത്ത കാറ്റിനോടൊത്ത് മീനുകളെ സ്വപ്നം കണ്ട്പല ദിവസങ്ങളിൽ, പല വൈകുന്നേരങ്ങളിൽ,മണിക്കൂറുകൾ ഞാനും നസീമയും മീൻ പിടിച്ചു. കാരലും മലങ്കണ്ണനും ജീവനോടെ കൈകൾക്കുള്ളിലാക്കിയും വീണ്ടും ഓളങ്ങളിലേക്കിട്ടും അനിർവചനീയ സന്ധ്യകൾ, ഗൃഹാതുരത്വത്തിന്റെ നനുത്ത ലാവണ്യ സ്പർശമായ് അഷ്ടമുടിക്കായലിലെ മീൻ കുഞ്ഞുങ്ങളെ പോലെ മനക്കൈയ്കളിൽ നീന്തി പിടയ്ക്കുന്നു

      വൈകുന്നേരത്തെ എന്റെ വിളക്കു കത്തിക്കലും നസീമയുടെ മുറ്റം വൃത്തിയാക്കലും ഉഴപ്പിയതിന്റെ കാരണം വിചാരണ ചെയ്യപ്പെട്ടു. അക്കരെയമ്മച്ചിയും നസീമയുടെ ഉമ്മയും ചെവി തിരുമ്മിയെടുത്തു കാര്യം തിരക്കി. ഞാനും നസീമയും ചൂണ്ടയുടെ കാര്യം മിണ്ടിയതേയില്ല. അപ്പച്ചന്റെ വലിയ ചാരു കസേരയിൽ അത് ഭദ്രമായി കൊളുത്തി വച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കാരണം ചൂണ്ടയിട്ട് മീനെ പിടിക്കാൻ ഞാനും നസീമയും പഠിച്ചിരിക്കുന്നുവെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എപ്പോഴെങ്കിലും സന്ദർഭം കിട്ടിയാൽ വീണ്ടും ചൂണ്ടയിടാൻ ഞങ്ങൾ അത്രയേറെ കൊതിച്ചിരുന്നല്ലോ.ചോദ്യം ചെയ്യലും ശിക്ഷ വിധിക്കലും കഴിഞ്ഞ്, ഞാനും നസീമയും അത്രയും സുന്ദരമായ ഒരു കുഞ്ഞികള്ളത്തരം വല്ലാത്തൊരു മിടുക്കോടെ ഒളിപ്പിച്ചു ചിരിച്ചു.

   ഈസ്റ്ററിന്റെ വലിയ നോമ്പ് തുടങ്ങുന്നതിന്റെ തലേന്ന് ഏലീശാ വല്യമ്മ വല്ലാതെ ക്ഷീണിതയായി തിരിച്ചെത്തി. വല്യമ്മയുടെ കാലിയായ തുണിസഞ്ചികൾ അവർ അലക്കി വെളുപ്പിച്ചു ഉണക്കാനിട്ടു. കുളിച്ചൊരുങ്ങി വിശേഷം പറയാൻ ശ്രീനിലയം വീടിന്റെ വരാന്തയിലെത്തി, ചിരവയിൽ ഇരുന്നു. തൊട്ടടുത്ത രണ്ട് വീടുകളിലെങ്കിലും രാത്രി ബൾബുകളുടെ വെളിച്ചത്തിൽ ഞാനും നസീമയും ഒരു പോലെ നീറി.ഏലീശാ വല്യമ്മ... ഗ്രാമ്പൂതൈ... ചൂണ്ട... മീനെ പിടിക്കൽ... കള്ളത്തരം.…. കണ്ടെത്തൽ.... തല്ല്... മാനക്കേട്.....മോഹഭംഗം...എന്നിങ്ങനെ നവസമസ്യകൾ പരസ്പരം തിരിച്ചറിയാതെ ഞങ്ങളുടെ ചിന്തകളെ ചുട്ടെടുത്തു..മുന്നിൽ തുറന്നിരുന്ന പാഠപുസ്തകങ്ങളിലെ അക്ഷരങ്ങൾ എന്നെയും നസീമയേയും തല്ലാനോങ്ങി നിൽക്കുന്നുണ്ടായിരുന്നു.

       രാത്രി ഏറെ വൈകി ഏലീശാ വല്യമ്മ സ്വന്തം വീട്ടിലേക്ക് തിരികെ പ്പോയി. "ജന്മ പാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയമേ ... തമ്പുരാന്റെ അമ്മേ" എന്ന ജപം ചൊല്ലി അക്കരെയമ്മച്ചിയുടെ മുറിയിലെ ബൾബും അമ്മച്ചിയോടൊപ്പം ഉറങ്ങാൻ കിടന്നു.'നാളെ അറിയാം' ആത്മഗതം പറഞ്ഞ് പ്രാർത്ഥനയും ചൊല്ലി ഞാനും കിടന്നു. കായലോളങ്ങളിൽ നിറയെ ചൂണ്ടകൾ കണ്ട് ഉറങ്ങിയും ഞെട്ടിയുണർന്നും ആ രാത്രി ഏങ്ങനെയോ അവസാനിച്ചു.

      രാവിലെ നസീമ ഓടിക്കിതച്ചെത്തി. "ലീനാാാ... വല്യമ്മ ചൂണ്ട ചോദിച്ചോ.. അക്കരെയമ്മച്ചി വച്ചിടത്ത് കാണാഞ്ഞിട്ട് എന്ത് പറഞ്ഞു?"ഞാൻ നസീമയുടെ വായ പൊത്തി, ചെവിയിൽ പറഞ്ഞു. 'പേടിപ്പിക്കാതെ നസീമ '... 'ഏലീശാ വല്യമ്മ ഇന്നലെ ഒന്നും ചോദിച്ചില്ല'. 'ഹാവൂ'... നസീമ ആശ്വാസത്തോടെ പറഞ്ഞു. 'നമുക്ക് അത് എടുത്തിടത്ത് തന്നെ തിരികെ വയ്ക്കാം ലീനാ ... എന്തിനാ ഇങ്ങനെ പേടിച്ചു ചാവണെ?'ചാരുകസാലയിൽ നിന്ന് ചൂണ്ട സുരക്ഷിതമായി വീണ്ടും ഗ്രാമ്പൂതൈയുടെ സമീപത്തേയ്ക്ക് എത്തിച്ചു കഴിഞ്ഞപ്പോൾ ഏതോ വലിയൊരു ശരിയുടെ ആദ്യാക്ഷരം ഞങ്ങളെ ഇറുകെ പുണർന്നിരുന്നു.   

       അന്ന്  വൈകുന്നേരം പറമ്പിലിട്ട തേങ്ങ വറുത്തിടിച്ച ചമ്മന്തിയുണ്ടാക്കി നസീമയുടെ ഉമ്മ ഭരണിയിലാക്കി മുറുക്കി തുണി അടക്കുന്നത് ഞാൻ നോക്കി നിൽക്കുകയായിരുന്നു. പൊടുന്നനേ നസീമ വന്നെന്റെ കൈപ്പിടിച്ച് വലിച്ചു കൊണ്ട് കായൽത്തീരത്തേയ്ക്കോടി.കായൽവൃക്ഷചുവട്ടിൽ ചൂണ്ടയിട്ട് മീനെ പിടിച്ച് ഏലീശാ വല്യമ്മ പാട്ടു പാടുന്നു. 'തോണീല് പോയോ നീ... മീനെ പിടിച്ചോനെ!'"ഓടി വാ മക്കളെ.. നിറയെ മലങ്കണ്ണനുണ്ട്.' ഏലീശാ വല്യമ്മ ഞങ്ങളെ വിളിച്ചു. കണ്ണടച്ചു തുറക്കും മുൻപ് ഞങ്ങൾ കായൽ വൃക്ഷ ചുവട്ടിലെത്തി"നിറയെ മീനുണ്ട് മക്കളെ..വാ നമുക്കൊരു കൈ നോക്കാം." അക്കരെയമ്മച്ചിയോട് വല്യമ്മ പറഞ്ഞെന്ന് പറഞ്ഞേച്ച് ആ ചൂണ്ടയും ഓലവല്ലവും ഇങ്ങടെ ത്തോണ്ടു വാ കുഞ്ഞേ നസീമാ" ഞാനും നസീമയും പരസ്പരം നോക്കി. സന്തോഷത്തിന്റെ ചാകര മനസാകെ പൊതിഞ്ഞു പിടിച്ചുവോ? "ലീനാ ... വല്യമ്മ പുതിയ ചൂണ്ട വാങ്ങി മോളേ... അപ്പോ പഴയ ചൂണ്ട? നമ്മുടെ ചൂണ്ട?... നമുക്ക്... ആഹാഹാ...'' ഞങ്ങൾ ഉറക്കെ ചിരിച്ചു കൊണ്ട് ഓടി.

              നസീമയുടെ ഉമ്മ കായൽവൃക്ഷചുവട്ടിലേയ്ക്ക് എടുത്തിട്ട് തന്ന പരന്ന പാറക്കല്ലിൽ ഇരുന്ന് പഴയചൂണ്ടയിൽ കക്കയിറച്ചി കൊരുക്കവേ ഏലീശാ വല്യമ്മയുടെ ഇടതു വശത്തും വലതു വശത്തും വച്ചിരുന്ന പുതിയ ഓലവല്ലങ്ങളിൽ കരിമീനും മലങ്കണ്ണനും കാരലും നിറഞ്ഞു. "കാഞ്ഞിരോട്ട് കായലിലെ മീനെടി പെണ്ണെ .... കാത്തിരുന്നു കിട്ടിയോരു പൊന്നെടി പെണ്ണേ"... . ഏലീശാ വല്യമ്മയുടെ വാൽസല്യപാട്ട് കോർത്ത ചൂണ്ട ഇപ്പോഴും മീനുകളെ  തേടുന്ന പോലെ .....

Share :