Archives / september 2020

ജാഫർ തലപ്പുഴ
പട്ടിണിത്തലേന്ന്

തേഞ്ഞു പൊട്ടാറായ

ചെരുപ്പ്

കണ്ടപ്പോൾ

അപ്പുവിനോട-

ഛൻ പറഞ്ഞത്...

വാഴ വെട്ടട്ടേ-

ന്നായിരുന്നു...

 

മാലതി

കല്ലുമാല വാങ്ങാൻ

പയറുമാല-യുടെ

മൂപ്പു നോക്കി

കാത്തിരുന്നു...

 

മുളച്ചു പൊന്തുന്ന

റബ്ബറിലും

കവുങ്ങിലും

ചിലർ

സ്വപ്നങ്ങൾ വരച്ചു 

ചേർത്തു കൊണ്ടേയിരുന്നു...

 

വീട്...

കാർ...

മോളുടെ കല്യാണം...

 

അടക്ക വിറ്റു

മാങ്ങിയോരും

മാങ്ങ വിറ്റ്

അടച്ചോരും

പുതിയ ചലഞ്ചുകൾ

തേടി

ഓൺലൈനിൽ

ഉറക്കമിളച്ചിരുന്നു...

 

കൊയ്ത്തുത്സവത്തിനു

പോയ

തൊഴിലുറപ്പുകാരാണ്

വയൽ

വരിഞ്ഞു കെട്ടിയ

നിയമത്തെ

ആദ്യം കണ്ടത്...

മെഷീനുകൾ

താടിക്ക് തൂമ്പയും

ചേർത്ത് വെച്ച്

കഥ പറയുന്നത്...

 

അറവുപോത്തിനു

വിലയിടുംപോലെ

ചുരുട്ടിയ

കടലാസുകഷ്ണങ്ങൾ

തോർത്തു

മൂടി

ആയുസ്സിന്

നേരെ നീട്ടി...

 

തരിശുഭൂമിയിൽ

ഗോതമ്പുകൃഷി

വിളയിച്ചതിന്,

 

നാലു ദിവസം മുമ്പേ

ആരൊക്കെയോ

അകത്തു 

പോയിരുന്നു...

 

'ഉടമ'ക്കുപ്പായം

'അളന്നു' മേടിച്ചവർ

ഹുക്ക വലിച്ച്

പൊട്ടിച്ചിരിച്ചു...

ഇനി കൊയ്ത്തും

വിളയും....

കൊയ്ത്തും വിളയും

മാത്രം

അവരുടേതാണത്രേ...

 

ഇനി...

തൊണ്ടു തല്ലി

ചകിരി

പിരിക്കാം....

വിഷത്തിനൊക്കെ

വിലയിടുന്നതിപ്പോ

ജന്മികളാണല്ലോ....!

 

    

Share :