Archives / september 2020

ഗാഥ
ഹനനത്തെ മനനം ചെയ്യുന്നവർ

വിശക്കുന്നവന്റെ
മതം അന്നമതം
ദാഹിക്കുന്നവന്റെ
ജാതി ജലജാതി

മാനുഷ നിൻ
മാത്സര്യബുദ്ധിയിൽ
മടിശീലയിലാക്കിയതൊന്നുമേ
മരണയാത്രയിൽ കൂട്ടുവരില്ല

ഉദരാര്‍ത്തിക്കറുതി
വരുത്തുവതു ഭോജനമല്ലോ
നാണ - മാനമില്ലാ കൊയ്‌തെടുത്ത
നാണയത്തെ ഭുജിക്കുവാനാവതില്ല

നിലവിളിച്ചോതിയാലും
കൈകൊട്ടിയാർത്താലും
തെറ്റിനെ നേരിനാൽ പൊതി
കെട്ടി വെയ്‌പ്പതിന്നാവതില്ല

പോരടി നാശം വിതയ്ക്കും
വിപത്തു  കൊയ്യും
എല്ലാമറിഞ്ഞവൻ
എന്നാലും മനുഷ്യാ നീ...

കാറ്റോടി കടലോടി
സംഹാരതാണ്ഡവമാടി
തുടങ്ങിയാൽ കാമുകിയാം
വെള്ളപ്പെണ്ണും കൂടെയാടും
അതോടെ തീർന്നു മർത്യാ
നിന്നഹങ്കാരത്തേരോട്ടം

ഉൾപ്പൂവിലീ സത്യങ്ങൾ
പൂത്തതിനാലാ ഗുരു
അരുളിയിതെല്ലാം
നാരായത്തിലൂടെയൊഴുക്കി 
കടലാസ്സുപൂവായും
വാക്ശരങ്ങളെയ്ത്തിലും
മാത്രമൊതുക്കി വെച്ചു

നേരിനെ നേരായി കാണാതെ
കൺകെട്ടിയാടുന്നു...
കൊലവിളിച്ചാർത്തു
മിഥ്യയിൽ മുങ്ങി
കുളിക്കുന്നു നിത്യവും.

 

Share :