Archives / september 2020

ഡോ. നീസാ
നിസ്സഹായത

 

ജീവിതം ഒരു പാരാവാരം
അതിൽ മുങ്ങി പൊങ്ങി
കരയണയുവാൻ കഴിയാതെ
ദിശയറിയാതൊഴുകുന്നതെങ്ങോട്ട്..

 വിളറി വെളുത്ത്, വിറളി പൂണ്ട്
ഒരു കൈതാങ്ങില്ലാതെ
ഒരു കച്ചിതുരുമ്പു കിട്ടാതെ
 നീന്തിയുമണച്ചുമിതെങ്ങോട്ട്...

സൂര്യനോ നിഷ്ക്കരുണം മറഞ്ഞു
ചന്ദ്രനൊട്ടു മറ നീക്കിയതുമില്ല
കുഞ്ഞു താരകങ്ങൾ പിണങ്ങി മാറി
ആഞ്ഞു വീശും കാറ്റിലിതെങ്ങോട്ട്...

കണ്ണീരിനുറവ വറ്റിയതറിയാതെ
കൈകാലുകൾ തളരുന്നതറിയാതെ
മനോബലത്തിൻ അതിർ വരമ്പിൽ
ഒരിത്തിരി സ്വപ്നവുമായിതെങ്ങോട്ട്..

 

Share :