Archives / july 2021

ഫൈസൽ ബാവ
മരുഭൂമി ഒരു സങ്കടൽ

 

(അകാലത്തിൽ പൊലിഞ്ഞുപോയ കവിയും പ്രിയ കൂട്ടുകാരനുമായ ഷിറാസ് വാടാനപ്പള്ളി  യുടെ കവിതകളിലൂടെ, സൗഹൃദത്തിന്റെ ഓർമകളിലൂടെ.
2019 സെപ്റ്റംബർ 28നാണ്  ഷിറാസ് വിടവാങ്ങിയത്.  കടൽപെരുക്കങ്ങാക്കിടയിൽ ഒരു പുഴയനക്കം എന്ന കവിതാസമാഹാരം ഇറങ്ങിയിട്ടുണ്ട്)

       
 

ഷിറാസിന്റെ കവിതകളിൽ പ്രവാസത്തിന്റെ നോവുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. ആൾക്കൂട്ടത്തിനിടയിലും ഏകാന്തനായി ഷിറാസ് അലയുന്നു.  രാഷ്ട്രീയം, പ്രണയം, പിന്നെ ഗൃഹാതുരത്വവും എന്ന കവിതയിൽ 
"മരുഭൂമിയിൽ നിന്നാണ് ഗൃഹാതുരത്വത്തിന്റെ മഴത്തുള്ളികൾ  നാം കണ്ടെടുക്കുന്നത് തിരിച്ചു പോകേണ്ട മടുപ്പിക്കുന്ന വഴികൾ കാല്പനികതയുടെ ഇല്ലാവർണ്ണങ്ങൾ തേച്ച് നമ്മൾ സ്വയം നഷ്ടപ്പെടും"
മരുഭൂമിയിൽ നാം സ്വയം നഷ്ടപ്പെടുന്നതിനെ നൊമ്പരത്തോടെ ഷിറാസ് കാണുന്നു, ഉള്ള് വേവുന്ന വേദനയോടെ വാക്കുകളെ രാകിമിനുക്കി കവിതയിലൂടെ  ഒരു ശില്‌പം പണിയുന്നു. 
"മണൽതരികളിൽ അശാന്തമായ മൗനവുമായി ഉഷ്ണമാപിനികളെ പൊള്ളിച്ചു  കാറ്റിന്റെ വിരൽത്തുമ്പിലിളകി യാത്ര ചെയ്യുന്നൊരിടം" എന്നാണ്   മരുഭൂമിയെക്കുറിച്ച് എന്ന കവിതയിൽ പറയുന്നത്. മരുഭൂമി വിശാലമായ മണൽപ്പരപ്പ് മാത്രമല്ല ജീവിതത്തിന്റെ ചൂടും ചൂരും ഇഴകിച്ചേർന്ന സങ്കടൽ കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നു. മരുഭൂമി സമതലമായി വിയർത്തുകിടക്കുമ്പോളും മരീചികയിലേക്ക് തുറക്കപ്പെടുന്ന ഒരു അദൃശ്യജാലകം കവി പ്രതീക്ഷിക്കുനുണ്ട്. മഴയുടെ നനവ് കാത്തിരിക്കുന്ന ഓർ വേഴാമ്പലിനെ വരവും പ്രതീക്ഷിക്കുനുണ്ട് 
"മഴയുടെ നഗ്നനതയിലേക്ക് തപസ്സിരിക്കാൻ  മരുവിലെ ചിതറുന്ന മണൽകൊമ്പിലേക്ക് എന്നാണൊരു വേഴാമ്പലിന്റെ പുറപ്പാട്" 
മഴകാത്തിരിക്കുന്ന വേഴാമ്പലുകളാണ് ഓരോ പ്രവാസിയും. ജീവിതമെന്ന  പെരുമഴ കൊതിച്ചു കാത്തിരിക്കുന്നവർ.   

മരണത്തിന്റെ മുന്നറിയിപ്പെന്ന പോലെ അവൻ കോറിയിടുന്നു
 "മറവിയുടെ കറുത്ത രഥത്തിൽ മരണത്തിന്റെ തണുത്ത മരവുരിയുമായ് മടങ്ങുന്നതിന് മുൻപ്, എനിക്കൊന്നു കൂടു ചെയ്തു തീർക്കാനുണ്ട്"
മരിക്കുന്നവന്റെ ഓർമ്മ എന്ന കവിതയിൽ.  അവനു വേഗത്തിൽ പോകാനുണ്ടെന്ന ധ്വനി നൽകുന്ന  കോറിയിടൽ. മരണം അവനെ മാടിവിളിക്കുന്നത് നേരത്തെ അറിഞ്ഞത് പോലെ അവൻ ചിരിച്ചുകൊണ്ട് നടന്നു പോകുകയായിരുന്നു. വേർപാടിന്റെ കടൽ തീർത്ത് പോകുമ്പോൾ എഴുതാൻ ബാക്കിവെച്ച കവിതയിൽനിന്നും കടൽപ്പെരുക്കങ്ങൾ അവൻ കേട്ടിരിക്കുമല്ലോ? അപ്പോഴും ഉള്ളിൽ പിടയുന്ന പ്രണയം അങ്ങനെ പുഴയനക്കമായി അവൻ ബാക്കിവെച്ചിരുന്നു.
 "ഉടയാത്ത മൗനത്തിൻ കടലായിരം തീർത്ത വാചാലമാം തിരകളായെന്റെ പ്രണയം" എന്നും പിൻകാഴ്ച എന്ന കവിതയിൽ പറയുന്നുണ്ട്. 
"ഈ മണ്തരികളെ പോലെ  നിന്റെയുടൽ പൊതിഞ്ഞു എനിക്ക് എന്നിലേക്ക് തന്നെ ഉതിർന്നു വീഴണം" ഷിറാസ് അവനിൽ നിന്നും അവനിലേക്ക് തന്നെ ആഴത്തിൽ ഇറങ്ങിക്കൊണ്ടിരുന്നു. പ്രണയത്തിന്റെ മുഴക്കവും വിരഹത്തിന്റെ സങ്കടവും എല്ലാ കവിതയിൽ നിറയുന്നു ഒപ്പം പ്രവാസത്തിന്റെ നൊമ്പരവും 
നേർത്ത മഴവിരൽ പോലെ ആകാശം തൊടുമ്പോൾ നീ ഭൂമിയായ്‌  ഞാൻ നിന്റെ അകക്കാമ്പിൽ തിളയ്ക്കുന്ന ലാവയും!  (ഞാനും നീയും)
അതെ ചിലപ്പോൾ ലാവയോളം തിളയനക്കമുള്ള ഒഴുക്കാണ് കവിത, ചൂട് നിറച്ച വിശാലമായ നെഞ്ചാണ് ഈ മരുഭൂമി എന്ന് ഓരോ നെഞ്ചകവും ചൂണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നു.

ഷിറാസ് കണ്ട ലോകം വിശാലമായിരുന്നു. ഒരു കവി എന്ന നിലയിൽ മാനവീയതയുടെ അത്യുന്നതങ്ങളിൽ നിന്നും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ നിരീക്ഷിക്കുവാനും അത് ശില്പഭദ്രതയോടെ അതരിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങൾ ആയിരുന്നു ഓരോ കവിതയും.
"ഇരകളും, വേട്ടക്കാരും  കൂട് വിട്ടു കൂടുമാറി കളിക്കുന്ന രാഷ്ട്രമീമാംസയുടെ കളിക്കളങ്ങളില്‍, ഇനിയുമവതരിക്കാതെ ഒടുവിലെല്ലാമൊടുക്കുവാന്‍  അവതാരപ്പിറവി പൂകാനിരിക്കുന്ന ഒരു വേട്ടക്കാരനെക്കുറിച്ചും....!!"
വ്യവസ്ഥിതി രൂപപ്പെടുത്തുന്ന കറുത്ത യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കാൻ കവിക്കാവില്ല. 

*"റോഡിൽ 
ചതഞ്ഞരഞ്ഞ ഒരു പൂച്ചയുടെ സ്വപ്നത്തെ കുറിച്ചാണ് പറയാനുള്ളത്..  
സീബ്രലൈനിൽ, 
ഇരുകാലികൾ മുറിച്ചു കടക്കുന്നതു വരെ കാത്തു നിന്ന 
അതേ യന്ത്രശകടങ്ങൾ തന്നെയാണ് 
അവന്റെ നിണം കൊണ്ട് നോവിന്റെ ഭൂപടം വരച്ചത്.."* 
കവിക്ക് ഒരു സ്വപ്നവും  നിസ്സാരസമല്ല, മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥയിൽ അവനവന്റെ സ്വാർത്ഥ സ്വപ്നങ്ങൾക്ക് പിന്നിൽ പായുന്നവരുടെ കുടെയല്ല കവി. മണ്ണിന്റെ ഓരോ ജീവന്റെ ഒപ്പവും അതിനു വേണ്ടിയുള്ള എഴുത്തും തുടർന്നു.

"കുടഞ്ഞിട്ട മഷിത്തൂവലുകള്‍ കൊണ്ട് 
കവിതയില്‍ നിറയുന്ന 
പറക്കമുറ്റാത്ത മൗനങ്ങള്‍ക്കു മേല്‍  
അടയിരിക്കുന്നത് കേകയോ കാകളിയോ......?" 
ഭാഷയുടെ
അപനിര്‍മ്മിതികളി കൊരുക്കപ്പെട്ട  
കാവ്യത്തെ കാലം മറന്നുപോകുമെന്നും കവി പറയുന്നുണ്ട്.  
"ഇന്ഗ്ലീഷെന്നു പറഞ്ഞാലുടലില്‍ 
വേഷം തീണ്ടാ യോഷ കണക്കെ.. 
ഭോഷന്മാരിഹ മലയാളത്തിന്‍ 
ഭാഷ മറന്നനുഗമനം പൂണ്ടു. 
പുകഴ് പാടാനവര്‍ ജിഹ്വകളെന്തി- 
പ്പുലയാടുന്ന വിദേശമഹത്വം;" 
മലയാളത്തെ മറന്നുകൊണ്ടുള്ള ഒരു മഹത്വവും വേണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. മാതൃഭാഷയുടെ ഉയരങ്ങളേതും കവിക്ക് ആത്മാഭിമാനം തന്നെ. 
"സത്രം പോലൊരു മിത്രം പോലെ 
മാത്രം കരുതുക ഹൌണീഭാഷ്യം.. 
സ്വന്തം ഭവനം, ഭാര്യ, സ്വദേശം 
മറ്റെന്തും ബദലാമോവുലകില്‍??" അതുകൊണ്ടാണ് ഇങ്ങനെ ചോദിക്കാൻ ആകുന്നത്. 

ജീവിതം..
ഇരുളിലേക്ക്
വേരുകളാഴ്ത്തിയ
പകൽമരങ്ങൾ..

സന്ധ്യ..
ചോരചുമച്ചു ചത്ത
പകൽക്കിനാവുകൾ...

രാത്രി..
കൂടണഞ്ഞ
നിദ്രക്കിളികളുടെ
പകൽച്ചില്ലകൾ..

പകൽ...
ഉണർച്ചയിൽ
ചില സ്വപ്നങ്ങളുടെ
ചിത...!

മരണം..
മൂന്നു പകലുകൾ
ഒരുമിച്ചു പുതച്ച
രാത്രി...!! 

ജീവിതത്തിൽ വേരുകൾ ആഴ്ത്തി നിൽക്കുകയും മരണത്തിന്റെ കൊടുങ്കാറ്റ്  തേടുകയും ചെയ്യുന്ന അപൂർവതയാണ് ഷിറാസ്. കൊടുങ്കാറ്റിലും പേമാരിയിലും ആടിയുലഞ്ഞു ഉതിർത്ത കവിതകൾ ഭൂവിലുപേക്ഷിച്ചു അവൻ പോയി. ഓർമ്മകളുടെ കൊടുങ്കാറ്റ് ഇന്നും നമ്മളിൽ വീശിക്കാൻ ആ കവിതകൾക്ക് ആകുന്നു

വിടവാങ്ങൽ ഇപ്പഴും ഒരു വേദനയാണ് കവിത വിട്ടെറിഞ്ഞു അവൻ തിടുക്കത്തിൽ പോകുമ്പോൾ ആഴത്തിൽ പതിഞ്ഞ സൗഹൃദത്തിന്റെ കെട്ടിപ്പിടിച്ച  വേരുകൾ വലിഞ്ഞു മുറുകയാണ്. ഇപ്പഴും ആ വലിഞ്ഞു മുറുകൽ  മാറിയിട്ടില്ല.

Share :