Archives / july 2021

അർച്ചന ഇന്ദിര ശങ്കർ
കറുത്ത പൂന്തോട്ടമുള്ള പെൺകുട്ടി

ഉഴുത മണ്ണിൽ നിന്നും 
കറുപ്പ് ഗന്ധം വമിക്കുന്നു 
കറുപ്പ് പെയ്യുന്നു 
കറുപ്പ് വിതയ്ക്കുന്നു 
കറുപ്പ് കൊയ്യുന്നു 
കറുപ്പിൻ മിഴികൾ 
ചിമ്മി തുറന്ന് 
കറുത്തൊരു  തീനാമ്പ് 
മുള പൊട്ടുന്നു 
പുറത്തേക്കത് 
ഏന്തി വലിഞ്ഞു നോക്കുന്നു 
തെരുവുകളിൽ എല്ലാം 
പ്രക്ഷോഭം കത്തുകയാണ് 
വർണ്ണവിവേചനവിരുദ്ധ സമരങ്ങൾ 
കൊടി പാറുന്നു 
കറുപ്പിലകളിൽ നിന്നും 
മുലപ്പാൽ നുകർന്നു 
കറുത്ത പൂക്കൾ പൂക്കുന്നു 
കറുപ്പിൻ വസന്തം... 
കറുപ്പെന്നു കേൾക്കുമ്പോൾ 
ഞെട്ടരുത് 
നെറ്റി ചുളിക്കരുത് 
മോശമെന്ന് വിലയിടരുത് 

വസന്തത്തിൻ വർണ്ണം 
കറുപ്പല്ലെന്നാർക്കറിയാം.... 

കറുത്ത കൊട്ടയിൽ 
കറുപ്പ് പൂക്കൾ 
പറിച്ചിട്ട് 
കറുപ്പ് ശീലയൊന്നാൽ 
മുഖം മറച്ച് 
കറുത്തൊരു പെൺകുട്ടി 
ചന്തയിലേക്ക് നടന്നടുക്കുന്നു 

ആരും വാങ്ങുന്നില്ലത്രേ, 
കറുത്ത പൂക്കൾ. 
വിപണിമൂല്യം കുറവത്രെ, 
കറുപ്പിൻ വസന്തത്തിന്. 

യാത്ര തുടരുന്നു... 

വഴിയിലെവിടെയോ 
ഒരു കൊള്ളിയാൻ 
വെട്ടുന്ന ഒച്ച കേട്ടു 
അതൊരു 
വടിവാൾ വീണതത്രെ 

കറുത്ത കുരുന്നിൻ 
കണ്ഠം കീറി 
നിണമൊലിച്ചൊഴുകുന്നു.. 
നിറം കറുപ്പോ ? 
കണ്ണുകൾ എത്തി നോക്കുന്നു 
കറുപ്പല്ല 
ചോര ചുവപ്പ് തന്നെ 

കറുത്ത പൂക്കൾ 
രക്തത്തിൽ വീണു 
ചിരിച്ചുകരയുന്നു 
കരഞ്ഞുചിരിക്കുന്നു 

നിറമറിയാത്തൊരു 
വസന്തം പെയ്യുന്നു 

 

Share :