Archives / september 2020

ബഹിയ
ചത്തവളുടെ കാട്

ആത്മഹത്യ ചെയ്തൊടുങ്ങിയ ഓരോരുത്തർക്കും വേണ്ടി,
ഓർമമരം നട്ടുനട്ടാണ്
തൊടിയാകെ
കാടുപിടിച്ചത്. 

ഏറെ മോഹിച്ചാദ്യമായി 
കിട്ടിയൊരു കളിപ്പാവയെ,
കയ്യിൽനിന്നും പിടിച്ചുവാങ്ങി 
ഏട്ടത്തിയമ്മ
കൂട്ടുകാരിയുടെ കയ്യിൽ
കൊടുത്തപ്പോൾ
അതിരിലെ വേലിക്കൽ നിന്നും
ഭ്രാന്തൻകായ പറിച്ചുകഴിച്ച
കുഞ്ഞിപ്പെണ്ണിന്റെ ഓർമ്മക്കാണ്
കണിക്കൊന്ന നട്ടത്.

അവളെന്റെ ആരുമല്ലെന്നറച്ച് 
വെറുത്തുമാറ്റി നിർത്തിയോരപ്പനെ-
ക്കുറിച്ച് പറഞ്ഞ്,
കെട്ടിപ്പിടിച്ചു കരഞ്ഞ്,
തിരിച്ചുപോകുംവഴി
ട്രെയിനിനു തലവെച്ചവൾക്കായാണ്
ഇലഞ്ഞിമരം നട്ടത്.

കറുത്തു പോയതിന്റെ പേരിൽ
അണ്ണാച്ചിയെന്ന് വിളിച്ചും
മാർക്ക് കുറഞ്ഞനേരം 
മൂത്തോരുടെ തീട്ടം തിന്നൂടേന്ന് ചോദിച്ചും
മാറ്റിനിർത്തിയപ്പൊ 
ചുട്ടുപഴുത്ത നെഞ്ചിലെ
തീയണക്കാനായി
കിണറ്റീച്ചാടി ചത്തോൾക്കായാണ്
ഉതിർമുല്ല നട്ടത്.

ആരോരും കാണാനേരത്ത് 
കെട്ടിവരിഞ്ഞ് ശ്വാസം മുട്ടിച്ച
ബന്ധുവിനെ പേടിച്ച്
കവിളിലെ മീശ കൊണ്ട മുറിവടക്കം
മണ്ണെണ്ണയൊഴിച്ച്
കത്തിച്ചു കളഞ്ഞവൾക്കായാണ്
ചുവന്ന ചാമ്പക്കാമരം.

'പിന്നെ നിനക്കിവിടെ
എന്താടീ പണി'യെന്നും
'ഉപ്പില്ല' 'മുളകേറി' എന്നും
പറയാൻ മാത്രം
അവളോട് വാ തുറക്കുന്നവന്നു മുന്നിൽ,
പ്രണയം, പ്രണയമെന്നു കേണ്
ഫാനിൽ തൂങ്ങിയാടിയവൾക്കായ്
നീർമാതളം.

പ്രണയമെന്നോതി
ഉടൽ കൊതിച്ച്
വലയൊരുക്കിയ വേടനോടുള്ള 
ഇഷ്ടം മൂത്ത് കടലിൽ ചാടി 
ചത്തവൾക്കായൊരു
ഗുൽമോഹർ.

പെറ്റും വയറുചാടിയും
തടിച്ചും ഇടിഞ്ഞു തൂങ്ങിയും
കെട്ടിയോന്റെ അമ്മയായെന്ന് 
കുത്തു കേട്ടു മടുത്തും
തിന്നാതിരുന്നിട്ടും തോറ്റപ്പോൾ,
അങ്ങേരുടെ കൂടെ കൂട്ടാനുള്ള മടിയെ,
കളനാശിനി കുടിച്ച്
മറികടന്നവളുടെ
ഓർമ്മമരം നിറയെ
പേരക്ക കായ്ക്കുന്നുണ്ട്.

നന്നാക്കാൻ കൊടുത്ത 
ഫോണിൽ നിന്നും
ആപ്പിൽ കുരുക്കി
പടം പിടിച്ചിട്ടുണ്ടെന്ന് 
പറഞ്ഞ്
കൂടെ കിടക്കാൻ വിളിച്ച
മാന്യനായ കുടുംബക്കാരനെ പേടിച്ച്
ഒരൊറ്റ പിടി ഗുളികകൾ കൊണ്ട്
ഉറങ്ങിച്ചത്തവൾക്കായാണ്
ഉറക്കംതൂങ്ങിയെന്ന
മഴമരം നട്ടത്.

കണ്ടു കണ്ട്
തുടർന്നിരുന്ന സീരിയല്ലിനെയല്ല, 
കൂട്ടുകാരേം പഠിപ്പിനേം
എഴുത്തിനേം ബന്ധുക്കളേം
വിലക്കപ്പെട്ട്
ഒറ്റക്കായപ്പോൾ
പ്ലഗിൽ വിരൽ ചേർത്ത്
ഷോക്കടിപ്പിച്ച് ചത്തവൾക്കായാണ്
നെല്ലിമരം.

ഇളംമേനിയിൽ
മോഹം തീർക്കാൻ കൊതിച്ചവരെ പേടിച്ച്
ഉറങ്ങാതിരുന്നിരുന്ന
ഒരമ്മക്കും മക്കൾക്കുമായ്
നാൽപാമരം...

പിന്നെയുമുണ്ട്, 
മച്ചിയെന്ന വിളികേട്ട്
ആകാശത്തേക്ക് കോണികയറിപ്പോയവൾക്ക് നീലക്കൊടുവേലി...

കടമ്പ്, കായാമ്പൂവ്
ആഞ്ഞിലി, നീർമരുത്
മണിമരുത്, പാരിജാതം
അങ്ങിനെ അങ്ങിനെ...

എന്നിട്ടോ?
എന്നിട്ടെന്താ;
ഓരോരോ ചാവലിലും
ഓരോരോ പിറവിയെടുത്ത്
കാടോളം വളർന്ന്
ആ കാട്ടിൻ നടുവിലെ
കുളക്കരയിലെ
പാലച്ചുവട്ടിലിരുന്നവൾ
മീനിനേം പാമ്പിനേം
തുമ്പിയേം കണ്ട്,
പച്ചപ്പിൽ കുളിർത്ത്
പൂക്കളോട് ചിരിച്ച്
ജീവിതം കൊണ്ട് കാമ്പുള്ള
കവിത രചിക്കുന്നുണ്ട്...

              

Share :