Archives / july 2021

കുളക്കട പ്രസന്നൻ
ഒക്ടോബർ ഒന്ന്: ലോക വൃദ്ധ ദിനം. കേരളത്തിൽ വൃദ്ധരുണ്ടോ ?

തലമുടി നരച്ചവരെ കേരളത്തിൽ കാണാൻ പാടാണ്. മുടിക്ക് കറുപ്പു നിറം നൽകുന്ന മെലാനിൻ മലയാളിക്ക് അനുഗ്രഹിച്ച് ലഭിച്ചുവെന്ന് കരുതരുത്. തലമുടിയും മീശയും നരവീണു തുടങ്ങുമ്പോഴെ മലയാളികളിൽ ആശങ്ക തുടങ്ങും. ആദ്യമൊക്കെ നര വീണു തുടങ്ങുന്ന മുടി കത്രിക കൊണ്ട് വെട്ടിമാറ്റുകയോ, പിഴുതു കളയുകയോ ചെയ്യും. നരയുടെ എണ്ണം കൂടുമ്പോൾ കൺമഷി കൊണ്ട് മുടി കറുപ്പിക്കാൻ പരിശീലനം തുടങ്ങും. പിന്നീട് മുടി കറുപ്പിക്കാനുള്ള ഡൈ സമ്പ്രദായത്തിലേക്ക് കടക്കും. യൗവ്വനം നിലനിർത്താൻ പാടുപെടുന്ന മലയാളികൾ.

ഈ കൊവിഡ് കാലത്താണ് ശരിക്കും മുടി കറുപ്പിക്കുന്നതിൻ്റെ പ്രയോജനം നമ്മൾ കണ്ടത്. 10 വയസ്സിനു താഴെയുള്ളവരും 65 വയസ്സിനു മുകളിലുള്ളവരും വീടുകളിൽ തന്നെ അധിവസിക്കണം എന്നാണല്ലോ കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം. അപ്പോ കൊവിഡിൻ്റെ കളി നമ്മളോടോ എന്നു ചോദിച്ചോണ്ടാ മുടി നരച്ചവർ മുടി കറുപ്പിച്ച് കൂടുതൽ യുവാക്കളായത്.

എന്തോ, നമ്മൾക്കിഷ്ടമല്ല വാർദ്ധക്യം. അതിൻ്റെ ലക്ഷണങ്ങൾ. മുടി നരയ്ക്കുക, മുഖത്ത് ചുളിവ് വീഴുക, പല്ല് കൊഴിയുക, കഷണ്ടി വരിക ഇതൊന്നും ചിന്തിക്കാനെ വയ്യ . 40 വയസു കഴിഞ്ഞാൽ പിന്നീട് പ്രായം പറയുന്നവർ ഒരു നാൽപ്പതിലൊതുക്കി നിറുത്തും. അതിൽ കൂടുന്നത് എന്തിനെയോ പേടിയുള്ളതു പോലെ.

പണ്ടൊക്കെ മുതിർന്നവരോട് ഇളയവർക്ക് ഒരു ബഹുമാനം ഉണ്ടായിരുന്നു. അതു ജോലി നോക്കിയോ, സമ്പത്തിൻ്റെ അടിസ്ഥാനത്തിലോ ആയിരുന്നില്ല. തന്നെക്കാൾ പ്രായം ഉള്ള വ്യക്തിയോടുള്ള ബഹുമാനം.  ഇന്നോ, മുടി കറുപ്പിച്ചും ചുളിവുകളിൽ ക്രീം പുരട്ടിയും പ്രായം കുറഞ്ഞവരായി അഭിനയിക്കാൻ ശ്രമിക്കുമ്പോൾ പ്രായ വ്യത്യാസങ്ങൾ ഇല്ലാതെ  ഭയഭക്തി ബഹുമാനം അകന്നു പോകുന്നു.

ആ വിഷയം അവിടെ നിൽക്കട്ട്. പ്രായം ഇല്ലാതാക്കാനുള്ള കുറുക്കുവഴി കൊണ്ട് ആരോഗ്യമുള്ളവർ ആകില്ലല്ലോ ? ലോകമെമ്പാടുമുള്ള വൃദ്ധർ നേരിടുന്ന പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്. 

ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നീ നാലു ഘട്ടങ്ങളിലൂടെ ജീവിതം കടന്നു പോകുമ്പോൾ ഏറെക്കുറെ പരിചരണവും ശ്രദ്ധയും ലഭിക്കുന്നത് ബാല്യത്തിലാണെന്ന വസ്തുത നാം അറിയുന്നു. ഓരോന്നും അത്ഭുതത്തോടെ കാണുകയും ജിജ്ഞാസയോടെ സംവദിക്കുകയും ചെയ്യുന്ന ബാല്യത്തിൽ ലഭിക്കുന്ന അറിവ് ഭാവിക്ക് നിദാനമാകുന്നു. തൻ്റെ പ്രതീക്ഷകൾക്കും വിശ്വാസങ്ങൾക്കും സ്വപ്നങ്ങൾക്കും നിറം നൽകി ഊർജ്ജസ്വലതയുടെ നാളമായി മുന്നേറുന്ന കൗമാരത്തിൽ മിക്കവർക്കും ജീവിതം ആഘോഷമോ, ലഹരിയോ ഒക്കെയാവുന്നു. ജീവിതത്തിന് ഊടും പാവും ഒരുക്കുന്ന യൗവ്വനം വിട്ടകന്ന് വാർദ്ധക്യത്തിൽ എത്തുമ്പോൾ പകച്ചു നിൽക്കുന്ന മനുഷ്യൻ മുമ്പത്തേക്കാൾ ഇന്ന് ഏറി വരുമ്പോൾ ബാല്യകാലത്തെപ്പോലെ പരിചരണവും ശ്രദ്ധയും അത്യന്താപേക്ഷിതമാണ്.

വൃദ്ധരെ സംബന്ധിച്ചുള്ള വിഷയത്തിൽ  കേരളത്തെ കുറിച്ച്  ചെയ്യപ്പെടുന്നതിലാണ് ഊന്നൽ നൽകേണ്ടത് എന്ന അഭിപ്രായം ഈ ലേഖകന് ഉണ്ട്. കാരണം, പ്രായം വെളിപ്പെടാതിരിക്കാനുള്ള ശ്രമങ്ങളിൽ മലയാളികൾ കൂടുതൽ ശ്രദ്ധ നൽകുന്നതു കൊണ്ടു തന്നെ. വാർദ്ധക്യത്തെ ഉൾക്കൊളളാൻ മനസ്സ് അനുവദിക്കിന്നില്ല എന്നതാണ് യഥാർത്ഥ വിഷയം. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ പ്രായമായവർക്ക് കിട്ടിയ പരിഗണന അണുകുടുംബ വ്യവസ്ഥിതിയിൽ ഇല്ലാതായി. അമ്മാവൻ ഇന്ന് പഴഞ്ചൻ പദം. അങ്കിൾ എന്ന ആംഗലേയ പദത്തിൽ നമ്മുടെ നാടങ്ങോട്ട് പൊരുത്തപ്പെട്ടതുമില്ല. ചുരുക്കി പറഞ്ഞാൽ കൂട്ടുകുടുംബ സമ്പ്രദായം കൈവിട്ടും പോയി. അണുകുടുംബ സംസ്കാരം (പാശ്ചാത്യ രീതി) പച്ച പിടിച്ചതുമില്ല.

അച്ഛനും അമ്മയും മക്കൾക്ക് വേണ്ടി ജീവിക്കുന്നു. ആ മക്കൾ വളരുമ്പോൾ അവരുടെ മക്കൾക്കായുള്ള നെട്ടോട്ടം. ഇതിനിടയിൽ മുത്തച്ഛനും മുത്തശ്ശിയും എവിടെ ? സോറി, ഗ്രാൻ്റ് ഫാദർ - ഗ്രാൻ്റ്മാ.

കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യദ്ധരുടെ എണ്ണം കൂടുതലാണ്. കേരള ജനസംഖ്യയിൽ 12 ശതമാനം വൃദ്ധരാണ്. വാർദ്ധക്യത്തിലെ പ്രധാന പ്രശ്നം ആരോഗ്യ സംബന്ധവും മാനസ്സികവുമാണ്. വൃദ്ധർ സന്ധിവേദന, രക്തസമ്മർദ്ദം, പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം, തിമിരം തുടങ്ങിയ ശാരീരിക അവശതകളാൽ ബുദ്ധിമുട്ടുന്നു. കേരളത്തിലെ വൃദ്ധരിൽ കൂടുതലും സ്ത്രീകളും അതിൽ ഭൂരിഭാഗവും വിധവകളുമാണ്. 80 വയസ് കഴിഞ്ഞവരിൽ ഏറെപ്പേർക്കും ആരുടെയെങ്കിലും സഹായമില്ലാതെ നടക്കുവാൻ പോലും സാധിക്കുന്നില്ല. വാർദ്ധക്യത്തിൽ മറവിരോഗം പിടിപെടുന്നവർ ശൈശവാവസ്ഥയ്ക്ക് സമാനമാകുന്നു.

 പോഷകാഹാരക്കുറവ് മൂലം വയോജനങ്ങൾ മരിക്കുന്നുവെന്ന് കുറെക്കാലം മുൻപ് പഠന റിപ്പോർട്ടുണ്ടായിരുന്നു. ഇത് നിസ്സാരവത്കരിച്ച് കാണരുത്. പ്രായത്തിൻ്റെ അവശതയ്ക്ക്  പുറമേ രോഗത്തിന് മരുന്ന് വാങ്ങാൻ കഴിയാത്തത് വൃദ്ധരെ മനോവ്യഥയിലാക്കുന്നു. ഈ സാഹചര്യത്തിലെ ഒറ്റപ്പെടൽ നിരാശയിലേക്കും ആത്മഹത്യയിലേക്കും വഴിതെളിക്കും.

1982-ൽ ഐക്യരാഷ്ട്രസഭയുടെ വികസന സമ്മേളനത്തിൽ അംഗരാജ്യങ്ങൾ വയോജന നയം രൂപീകരിക്കണമെന്ന് തീരുമാനിച്ചു. 1999-ൽ കേന്ദ്ര സർക്കാർ വയോജന നയം രൂപീകരിച്ചു. 2006 ഡിസംബറിൽ കേരള സർക്കാർ വയോജന നയം അംഗീകരിച്ചു. ഇത്രയൊക്കെ ആയിട്ടും വയോജനങ്ങളുടെ സാമൂഹിക- സാമ്പത്തിക സുരക്ഷ രേഖകളിൽ മാത്രം ഒതുങ്ങുന്നു.

 പഞ്ചായത്ത് / കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി എന്നീ പ്രാദേശിക സർക്കാരുകൾ വയോജനങ്ങളുടെ ക്ഷേമത്തിനായി വാർഡുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ ആവിഷ്കരിക്കണം. 

കമൻ്റ്: ബാലവേദികളും യുവജന സംഘടനകളും വാർഡുതലങ്ങളിൽ രൂപീകരിക്കുന്നതു പോലെ വാർഡു തലങ്ങളിൽ വൃദ്ധർക്ക് ആശ്വാസം പകരുവാൻ വൃദ്ധജന സ്നേഹ വേദികൾ രൂപീകരിച്ച് വയോജനങ്ങളുടെ ജീവിത നിലവാരം മെച്ചമാക്കണം. അതിനായി വിവിധ മേഖലകളിൽ  ജോലി ചെയ്ത് റിട്ടയർ ആയവർ വയോജന കൂട്ടായ്മയ്ക്ക് രംഗത്തുവരണം. അതിന് ആദ്യം വേണ്ടത് വൃദ്ധർ പ്രായം പറയു . മോഹങ്ങൾ ഉപേക്ഷിക്കാതെ.
 

Share :