Archives / july 2021

കുളക്കട പ്രസന്നൻ
തിലകൻ അഭിനയകലയിലെ പ്രമാണി

പി ജെ ആൻ്റണി, ഭരത് ഗോപി , ഭരത് മുരളി, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവരുടെ കൂട്ടത്തിൽ പറയാവുന്ന പേരാണ് കെ.സുരേന്ദ്ര നാഥ തിലകൻ എന്ന നാടക- സിനിമാ നടൻ. ജീവിത തീച്ചൂളയിൽ നിന്നും പാകം വന്ന പതറാത്ത വ്യക്തിത്വം. 

തെറ്റുകൾക്കെതിരെ കലഹിച്ച്  ജീവിതവഴിയിൽ ഒറ്റയാനായി തുടങ്ങുകയും സ്വതസിദ്ധമായ തൻ്റെ ശൈലിയിൽ എതിർപ്പുകൾക്ക് മുന്നിൽ തലക്കുനിക്കാതെ അവസാന ശ്വാസം വരെ നിലക്കൊണ്ട  തിലകനെ എന്നും ഓർക്കുന്നത് കലാരംഗത്തെ വിപ്ളവകാരി എന്നാവും. 1935ൽ ജനിച്ച തിലകൻ്റെ മാതാവ് ദേവയാനിയും പിതാവ് കേശവനും. ആ മാതാപിതാക്കൾ മകൻ ഒരു നാടക- സിനിമാ നടനായി അതിപ്രശസ്തനാവും എന്ന് സ്വപ്നത്തിൽ പോലും കരുതി കാണില്ല.

ഒന്നാം ക്ലാസിൽ ചേർക്കാനായി തിലകനെ സ്കൂളിൽ കൊണ്ടുവന്നപ്പോൾ തിലകനോട് ചോദ്യങ്ങൾ ചോദിച്ച അദ്ധ്യാപകൻ തിലകനെ രണ്ടാം ക്ലാസ്സിൽ ചേർത്തു. ഒന്നിൽ പഠിക്കേണ്ടതു  തിലകൻ പഠിച്ചു എന്ന ബോദ്ധ്യത്തിലാണ് രണ്ടിൽ ഇരുത്തിയത്. എന്നാൽ 8 ൽ മൂന്നു തവണ തോറ്റു. അതു മറ്റൊന്നു കൊണ്ടുമല്ല. പഠനത്തിനു ശ്രദ്ധ കൊടുക്കാതെ ഉഴപ്പി നടന്നതു കൊണ്ടാണ്.

സ്കൂളിൽ പഠിക്കുമ്പോൾ തിലകനിലെ കലാകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും മറിയക്കുട്ടി ടീച്ചറാണ്.  'കിട്ടുന്നതിൽ പാതി ' എന്ന നാടകം തിലകനെ കൊണ്ട് ആദ്യമായി ചെയ്യിച്ചത് ഈ ടീച്ചറാണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തോപ്പിൽ ഭാസി എഴുതിയ നാടകം തിലകനും സഹപാഠികളും ചേർന്ന് അവതരിപ്പിച്ചു. സ്കൂൾ കുട്ടികൾക്കിടയിൽ തിലകൻ താരമായി. പിന്നീടങ്ങോട്ട് നാടകങ്ങളെ പ്രണയിച്ചു. നാടകക്കളരിയിൽ വളർന്നു.

തിലകൻ്റെ അച്ഛൻ ജോലി ചെയ്തിരുന്ന എസ്റ്റേറ്റിലെ ആളുകൾ ചേർന്നു നടത്തിയിരുന്ന നാടകങ്ങൾ കണ്ട് തിലകൻ നാടകപ്രേമിയായി.  നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും ഇക്കാലഘട്ടത്തിൽ കാണാൻ അവസരം കിട്ടി.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തിലകന് ഡോക്ടർ ആകാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചു . അതിനായി കൊല്ലം എസ് എൻ കോളേജിൽ അഡ്മിഷൻ നേടി പഠനം തുടങ്ങി. ഒപ്പം നാടകവും. എന്നാൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായ കശപിശയെ തുടർന്ന് തിലകനെ ഡിസ്മിസ് ചെയ്തു. ഡോക്ടർ ആകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് അദ്ധ്യാപകനാകാൻ ഹിന്ദി പഠിക്കാൻ അവസരം തേടി. എന്നാൽ അപേക്ഷ ഫീ ഒടുക്കാനുള്ള രൂപ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ദു:ഖിതനായിരിക്കെ, ഒരു നാടക റിഹേഴ്‌സൽ ക്യാമ്പിലേക്ക് കടന്നു ചെന്ന തിലകന് ആ നാടകത്തിൽ അഭിനയിക്കാൻ സാന്ദർഭികവശാൽ അവസരം കിട്ടി. ആ നാടകത്തിനു ശേഷം നാടകട്രൂപ്പുകളിൽ എത്തപ്പെട്ടു.

മുണ്ടക്കയം നാടക സമിതി, ചങ്ങനാശ്ശേരി ഗീഥ, കെ പി എ സി, കാളിദാസ കലാകേന്ദ്രം, ചാലക്കുടി സാരഥി അങ്ങനെ നാടക സമതികളിൽ തിലകൻ നാടകം കളിച്ചു. സ്വന്തമായൊരു നാടകത്തട്ടകവും അദ്ദേഹം രൂപീകരിച്ചു. മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിരക്കുള്ള നടനായി നിന്നപ്പോഴും മലയാള നാടകവേദിയോട് തിലകൻ അകൽച്ച കാട്ടിയില്ല. നാടകം പെറ്റമ്മയും സിനിമ പോറ്റമ്മയുമാണെന്ന് അദ്ദേഹം പറഞ്ഞു.

രൂപം, ശരീര ഘടന, ശബ്ദഗാംഭീര്യം ഇതെല്ലാം ഒത്തിണങ്ങിയ അനുഗ്രഹീത കലാകാരൻ. സംഭാഷണത്തിലെ താള ഭേദങ്ങൾ വിസ്മയകരമാണ്. ഓരോ കഥാപാത്രങ്ങളുടെയും വ്യത്യസ്ത ഭാവം തിലകനിലൂടെ മിന്നി മറഞ്ഞു. ജഡ്ജി, പോലീസ്, അദ്ധ്യാപകൻ, മുതലാളി വേഷങ്ങൾ ഏതു തന്നെയായാലും കൃത്യമായ അളവിൽ അഭിനയിക്കുന്ന തിലകൻ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ, സിബി മലയിലിൻ്റെ കിരീടം, ഭദ്രൻ്റെ സ്ഫടികം, സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റ് തുടങ്ങിയ സിനിമകൾ കണ്ടാൽ തിലകൻ്റെ കഥാപാത്രത്തെ മറക്കാൻ പറ്റില്ല.

മുത്തച്ഛൻ, അച്ഛൻ, അമ്മാവൻ അങ്ങനെ ഏതു വേഷം ചെയ്യുമ്പോഴും തിലകൻ്റെ അഭിനയ രീതി പ്രേക്ഷകനെ അത്ഭുതപ്പെടുത്തുകയും ചെയ്യും.

നായകസങ്കല്പത്തിനു പതിച്ചു കൊടുക്കുന്ന സൗന്ദര്യവും സൂപ്പർ സ്റ്റാർ പട്ടവും വച്ചല്ല തിലകൻ അഭിനയിച്ചത്. തിലകൻ മലയാള സിനിമയുടെ സൗന്ദര്യമായിരുന്നു. സൂപ്പർ സ്റ്റാറുകൾക്കും മേലെയായിരുന്നു.

അപ്രഖ്യാപിത വിലക്കുകൾ നേരിടേണ്ടി വന്ന കൊമ്പനാണ് തിലകൻ. എന്നിട്ടും പതറിയില്ല. വീണ്ടും നാടകവുമായി രംഗത്തുവന്നു. നാടകാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.   ചെറിയ ഒരിടവേളയക്കു ശേഷം മലയാള സിനിമ തിലകനെ തിരിച്ചുവിളിച്ചു. ഇവിടം സ്വർഗ്ഗമാണ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിലൂടെ ആ താര കേസരി തിളങ്ങി.

ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറയാൻ എൻ.എൻ.പിള്ളയ്ക്ക് ശേഷം നാടക-സിനിമ തറവാട്ടിൽ തിലകൻ എന്ന കാരണവർക്കു കഴിഞ്ഞു.

സ്ഫടികത്തിൽ പതിച്ച നാടോടിക്കാറ്റായി മാറിയ കിരീടംവച്ച അഭിനയകലയിലെ പെരുന്തച്ചൻ
 20l 2 സെപ്റ്റംബർ 24നു യവനികയ്ക്കു പിന്നിലേക്കു മറഞ്ഞു. ഇപ്പോഴും ഇവിടം സ്വർഗ്ഗമാണെന്ന് ബോദ്ധ്യപ്പെടുത്താൻ ഇന്ത്യൻ റുപ്പിയിലെ തിലകൻ്റെ കഥാപാത്രമുണ്ട്. 
 

Share :