Archives / july 2021

മാങ്ങാട് രത്നാകരൻ
 അസർപ്പൂ (വാക്കും വാപ്പയും    9)

                                      പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു മിനിക്കഥ വായിച്ചതോർക്കുന്നു. അവിദഗ്ധമായി ആ കഥ ചുരുങ്ങിപ്പറഞ്ഞാൽ ഇങ്ങനെയാണ്:
   നാട്ടിൻപുറത്തെ ഒരു സർക്കാർ ആശുപത്രിയിലേക്ക് ഒരു ഡോക്ടർ സ്ഥലം മാറ്റം കിട്ടി വന്നു. ആൾ ഹിന്ദു നാമധാരിയാണ്. ഹിന്ദു മതവിശ്വാസിയാണോ എന്നു നമുക്കറിഞ്ഞുകൂടാ.
     ഒരു ദിവസം ഒരു മുസ്ലീം സ്ത്രീ അഞ്ചു വയസ്സുള്ള കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തി. കുട്ടിക്ക് വയറിളക്കമാണ്. പരിശോധിക്കുന്നതിനിടെ, എപ്പോഴാണ് തുടങ്ങിയത് എന്ന് ഡോക്ടർ ചോദിച്ചു. തലേന്നാൾ അസറ്ബാങ്ക് കൊടുക്കുമ്പോഴാണ് വയറിളക്കം വന്നു തുടങ്ങിയതെന്ന് സ്ത്രീ പറഞ്ഞു.
         ഡോക്ടർക്ക് സംഗതി പിടികിട്ടിയില്ലെങ്കിലും ഊഹിച്ചു. അസറ്ബാങ്ക് കൊടുക്കുമ്പോഴാണ് തുടങ്ങിയതെങ്കിൽ അതു കൊടുക്കാതിരികുകയല്ലേ നല്ലത്? അസറ്ബാങ്ക്  കൊടുക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞു. ചില മരുന്നുകളും കൊടുത്തു.
       പിറ്റേന്ന് അസറ്ബാങ്ക് കൊടുത്തപ്പോഴെക്കും വയറ്റിളക്കം കലശലായി. മകനെക്കുറിച്ചോർത്ത് ഉമ്മയ്ക്ക് ആധിയായി. അവർ നേരെ പളളിയിൽപ്പോയി മൊയ്ലിയാരോട് (മുസലിയാർ) അസറ് ബാങ്ക് കൊടുക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു.
     സംഗതി പുലിവാലായി. അത്രയ്ക്കയോ !  കാര്യങ്ങൾ പിടിച്ചിടത്തു നിന്നില്ല. ഇസ്ലാം മതവിരോധിയായ ഹിന്ദു ഡോക്ടറെ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റി.
      ആ കഥ വായിച്ച് വയറുനിറയെ ചിരിച്ചതോർക്കുന്നു. ഇപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല.
        അസർ എന്നാൽ അറബിയിൽ ഉച്ചതിരിഞ്ഞ നേരം എന്നർത്ഥം. ആ നേരത്തുള്ള വാങ്കുവിളിയാണ് അസർബാങ്ക്.
                                                                                                                                                                                      ഈയിടെ ,എൻ്റെ നാട്ടിലെ -- കാസർകോട് -മുസ്ലീം ഭാഷയിലെ നാട്ടുവാക്കുകൾക്ക് പ്രാധാന്യം നൽകി ,എബി കുട്ടിയാനം എന്ന ഭാഷാസ്നേഹിയായ ചെറുപ്പക്കാരൻ എഴുതിയ പഞ്ചാത്തിക്കെ എന്ന കാസർകോടൻ ഭാഷാ നിഘണ്ടുവിൽ ഒരു പൂവിനെ കണ്ടുമുട്ടി സന്തോഷിച്ചു . പൂവിൻ്റെ പേരെന്തെന്നോ? അസർപ്പൂ.
 സംഗതി പിടികിട്ടിയോ?
           നാലുമണിപ്പൂവ്.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                           

Share :