Archives / september 2020

മിതൃമല ചന്ദ്രസേനൻ
ഇരുട്ടുമുറിയിലെ ഇല്ലാത്ത കറുത്തപൂച്ച അഥവാ ഇലൂമിനാറ്റി

ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന നിലയുമുള്ളവരുടെ ഇടയിലെ പ്രബലമായ ഒരന്ധവിശ്വാസമാണ് ഇലൂമിനാറ്റി.  ഒട്ടുമിക്ക ക്യാമ്പസുകളിലും ഇലൂമിനാറ്റി എന്നത് ഒരു സ്റ്റാറ്റസ് സിംബലാണ്.  അസാധാരണ കഴിവും ഉയര്‍ന്ന ബുദ്ധിനിലവാരവുമുള്ളവര്‍ക്കു മാത്രമേ ഇലൂമിനാറ്റി എന്നാല്‍ എന്താണെന്നറിയുകപോലുമുള്ളൂ എന്നാണ് വിശ്വാസം.  ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ സിനിമ പുറത്തിറങ്ങിയതോടെയാണ് ഇലൂമിനാറ്റി ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.  ഇലൂമിനാറ്റി അടയാളങ്ങളായ ഐ ഓഫ് സാത്താന്‍ അഥവാ സാത്താന്റെ കണ്ണ്, 666 എന്ന നമ്പര്‍, മൂങ്ങയുടെ രൂപം, ഒറ്റക്കണ്ണിന്റെ പ്രസക്തി എന്നിവ നിരവധി തവണ ഈ സിനിമയില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നാണ് ഇലൂമിനാറ്റിക്കാര്‍ അവകാശപ്പെടുന്നത്.  ലൂസിഫര്‍ എന്ന കഥാപാത്രം ഉപയോഗിക്കുന്ന കാറിന്റെ നമ്പര്‍ 666.  ഇതൊക്കെയാണ് ലൂസിഫറിനെ ഇലൂമിനാറ്റി അനുഭാവ സിനിമയാക്കി മാറ്റിയത്.  
എല്ലാ അന്ധവിശ്വാസങ്ങളും പലപ്പോഴും പലരും അറിയുന്നത് അന്ധവിശ്വാസത്തിനെതിരെ പോരാടുന്നവരില്‍ നിന്നാണ്.  അന്തരീക്ഷത്തില്‍ നിന്ന് വിഭൂതിയും വായില്‍ നിന്ന് ശിവലിംഗവുമെല്ലാം സൃഷ്ടിക്കുന്ന മനുഷ്യദൈവത്തെ മാലോകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഇതിനെതിരെ പ്രവര്‍ത്തിച്ചവരാണ്.  അതുപോലെ ഇലൂമിനാറ്റി എന്ന സങ്കല്‍പ്പം യാഥാര്‍ത്യമാണോ എന്ന് ആളുകളെക്കൊണ്ട് ചിന്തിപ്പിച്ചതും ഇതിനെതിരെ പ്രവര്‍ത്തിച്ചവര്‍ തന്നെ. സാധാരണ നിലയില്‍ വിദ്യാഭ്യാസമില്ലാത്തവരിലാണ് പല അന്ധവിശ്വാസങ്ങളും വേരോടുന്നത്.  എന്നാല്‍ ഇലൂമിനാറ്റി അങ്ങനെയല്ല.  ഇത് നല്ല വിദ്യാഭ്യാസമുള്ളവരിലൂടെ മാത്രമാണ് നിലനിന്നുപോരുന്നത്.  
കോണ്‍സ്പിറസി തിയറി അഥവാ ഗൂഢാലോചനാ സിദ്ധാന്തം എന്ന ധാരയിലൂടെയാണ് ഇലൂമിനാറ്റി രംഗപ്രവേശം ചെയ്തത്.  മറ്റാര്‍ക്കും അറിയാത്ത ഒരു രഹസ്യക്രമം ഉണ്ടെന്നും ആ ശക്തിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നുമുള്ള മത സങ്കല്‍പ്പം തന്നെയാണ് ഇലൂമിനാറ്റിയുടെയും കാതല്‍.  ലോകത്തെവിടെ എന്തു നടന്നാലും അത് ഇലൂമിനാറ്റിയുടെ പ്രവര്‍ത്തന ഫലമായി സംഭവിച്ചതാണെന്ന് സാഹചര്യ തെളിവുകള്‍ നിരത്തി ഇവര്‍ വാദിക്കും.  ഇതിനായി നിരവധി ഫോള്‍സ് എവിഡന്‍സുകള്‍ അഥവാ തെറ്റായ തെളിവുകള്‍ ഇവര്‍ ഹാജരാക്കും.  പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമായി ഇത് തോന്നുകയും ചെയ്യും.  
1776ല്‍ ബവേറിയായില്‍ എന്‍ലൈറ്റന്‍മെന്റ് ഗ്രൂപ്പ് അഥവാ പ്രബുദ്ധ സംഘം എന്ന നിലയില്‍ ആദം വെയ് ഷോപ്റ്റ് എന്ന പ്രൊഫസറാണ് ഈ രഹസ്യ സംഘം ഉണ്ടാക്കിയതെന്നാണ് ഒരു സങ്കല്‍പ്പം.  പ്രഭുക്കള്‍, സമ്പന്നര്‍, മതമേലാളന്മാര്‍ എന്നിവര്‍ക്കെതിരെയാണ് ഈ സംഘടന പ്രവര്‍ത്തിച്ചിരുന്നത്.  ദൈവ നിഷേധികളായ 10 പേരടങ്ങുന്ന ഒരു മിലിറ്റന്റ് ഗ്രൂപ്പായിരുന്നു ഇത്.  അതുകൊണ്ട് തന്നെ കത്തോലിക്ക സഭ തുടക്കം മുതല്‍ ഇതിനെതിരായിരുന്നു.  ഭരണാധികാരത്തെ വെല്ലുവിളിക്കുന്ന സംഘടനയായതിനാല്‍ സ്വാഭാവികമായും ഭരണവും ഭരണത്തെ നിയന്ത്രിച്ചിരുന്ന മതവും ഇതിനെതിരെ നടപടികള്‍ ആരംഭിച്ചു.  ഭരണാധികാരി ചാള്‍സ് തീയോഡര്‍ 1784ലും 1785ലും 1787ലും 1790ലും ഈ സംഘടന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.  ഓരോ നിരോധനത്തിലുമുണ്ടായ ക്രൂരമായ നടപടികളെ അതിജീവിച്ച് ഈ സംഘടന ഉയിര്‍ത്തെഴുന്നേറ്റു. എന്നാല്‍ 1790കളില്‍ ഇതിന്റെ സംഘാടകരായ 10 പേര്‍ തമ്മില്‍ സ്വര ചേര്‍ച്ചയില്ലാതെ വരികയും സംഘടനയുടെ കെട്ടുറപ്പില്ലാതാവുകയും ചെയ്തു.  അന്ന് ഫ്രീമേസണ്‍ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത്.  ഫ്രീമേസന്‍ സംഘടന ഇന്നുമുണ്ട്.  അതിന് കേന്ദ്രീകൃത ഭരണ സംവിധാനമേയില്ല.  ഈ സംഘടനയുടെ ചുവടുപിടിച്ചാണ് ഗൂഢാലോചനാ സിദ്ധാന്ത പ്രകാരം ഇലൂമിനാറ്റി എന്ന സങ്കല്‍പ്പം രൂപം കൊണ്ടത്.  ഗോയ്‌ഥെ അടക്കമുള്ള പ്രഗത്ഭര്‍ ഈ സംഘടനയുടെ ഭാഗമാണെന്ന പ്രചാരം പോലുമുണ്ടായി.  നിരവധി അടയാള ചിഹ്നങ്ങള്‍ ഈ സംഘടനയ്ക്കുള്ളതിനാല്‍ അതിലേതെങ്കിലുമൊന്ന് എവിടെയെങ്കിലും കണ്ടാല്‍ അവരെല്ലാം ഇലൂമിനാറ്റികളാണെന്ന് പ്രചരിപ്പിക്കുവാന്‍ തുടങ്ങി.  അപ്രകാരം ഗൂഗിള്‍ പോലും ഇലൂമിനാറ്റിയുടെ നിയന്ത്രണത്തിലാണെന്ന വാദവുമുണ്ട്. കാരണം ഗൂഗിളിന്റെ ജി എന്ന അടയാളം ഇലൂമിനാറ്റിയെ സൂചിപ്പിക്കുന്നതാണ്.  
1790ന് ശേഷം 1960കളിലാണ് ഇലൂമിനാറ്റി പുനര്‍ജനിക്കുന്നത്.  ഗ്രേഹില്‍, വെന്റല്‍ തോണ്‍ലേ എന്നീ വ്യക്തികള്‍ ചേര്‍ന്നെഴുതിയ പ്രിന്‍സിപ്പിയ ഡിസ്‌കോഡിയ എന്ന ഗ്രന്ഥമാണ് ഇലൂമിനാറ്റിയുടെ ആധികാരിക ഗ്രന്ഥമെന്ന് ചിലര്‍ വിശ്വസിക്കുന്നു.  സര്‍ ഐസക് ന്യൂട്ടന്റെ പ്രിന്‍സിപ്പിയ മാത്തമറ്റിക്ക എന്ന പുസ്തകത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇതിന്റെ തലക്കെട്ട്.  എന്നാല്‍ പ്രിന്‍സിപ്പിയ ഡിസ്‌കോഡിയ വെറുമൊരു തമാശ പുസ്തകം മാത്രമാണ്.  വസ്തുക്കളെ കണ്ടാല്‍ മാത്രം പോര അതിന്റെ ഉള്ളുകൂടി കാണുവാനാകാണം. എങ്കില്‍ മാത്രമേ അതില്‍ ശാസ്ത്രീയതയുള്ളൂ എന്നൊക്കെ പ്രചരിപ്പിച്ച് ദുരൂഹതകളുടെ ശൃംഘല സൃഷ്ടിക്കലാണ് ഇവരുടെ രീതി.  നാം സാധാരണ നിലയില്‍ ദൈനംദിനം ചെയ്യുന്ന പ്രവൃത്തികള്‍ പോലും ഇലൂമിനാറ്റിയുടെ സ്വാധീനം മൂലം നാമറിയാതെ ചെയ്യുന്നതാണെന്ന് പോലും അവര്‍ വിശ്വസിപ്പിക്കുന്നു.  കാലാവസ്ഥാ വ്യതിയാനം പോലും മറികടക്കുവാനുള്ള ഉപായങ്ങളറിയുന്നവരാണ് ഇലൂമിനാറ്റികള്‍ എന്നാണ് വിശ്വാസം.  ആദ്യമൊക്കെ ജനങ്ങളെ സംരക്ഷിക്കലായിരുന്നുവെങ്കില്‍ ഇന്ന് അതില്‍ നിന്നും മാറി ലാഭമുണ്ടാക്കലില്‍ പോലും ഇവര്‍ ശ്രദ്ധ ചെലുത്തുന്നു. അതാണ് ബാങ്കിംഗ് രംഗത്തെ ഭീമന്‍ കമ്പനിയായ റോത്ത് ചൈല്‍ഡ് കുടുംബം ഇലൂമിനാറ്റികളായി അറിയപ്പെടുന്നത്.  ഡാന്‍ ബ്രൗണിന്റെ ഏയ്ഞ്ചല്‍സ് ആന്റ് ഡീമോണ്‍സ് എന്ന കൃതിയും ഇലൂമിനാറ്റിയുടെ പുസ്തകമായി പ്രചരിപ്പിക്കപ്പെടുന്നു.  ഈ കൃതി സിനിമയാവുകയും ചെയ്തു.  അത്ഭുതങ്ങള്‍ ഇഷ്ടപ്പെടുക എന്നത് തലച്ചോറിന്റെ ഒരു സവിശേഷതയാണ്.  ഇതു മനസ്സിലാക്കി രചനകള്‍ നിര്‍വഹിക്കുന്ന വ്യക്തിയാണ് ഡാണ്‍ ബ്രൗണ്‍.  അതിനപ്പുറം അദ്ദേഹം ഇതില്‍ മറ്റൊന്നും കണ്ടിരുന്നുമില്ല.  
ലണ്ടന്‍, വാഷിംഗ്ടണ്‍, വത്തിക്കാന്‍, ഡെന്‍വര്‍ എയര്‍പോര്‍ട്ടിന്റെ നിലവറ എന്നിവ ഇവരുടെ ആസ്ഥാനങ്ങളായാണ് അനുഭാവികള്‍ വിശ്വസിക്കുന്നത്.  ഷെര്‍ലക് ഹോം വിശ്വാസം പോലെ ഒന്നാണിത്.  ഷെര്‍ലക് ഹോമിന് ഇപ്പോഴും കത്തുകള്‍ വരുന്നു എന്നത് അമിത വിശ്വാസങ്ങളുടെ ആഴത്തെ സൂചിപ്പിക്കുന്ന ഒന്നാണ്.  ഈ പ്രപഞ്ചത്തെ മുഴുവന്‍ ലോകത്തിന്റെ പല കോണുകളിലിരുന്ന 9 പേര്‍ നിയന്ത്രിക്കുന്നു.  അവരുടെ അനുഭാവികള്‍ പലരൂപത്തിലും പല ഭാവത്തിലും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു.  പക്ഷെ, നാമതറിയുന്നില്ല.  ഏതൊരു സംഭവത്തിലും ഇലൂമിനാറ്റിയുടെ ഇടപെടല്‍ സുനിശ്ചിതം.  അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ 2001 സെപ്റ്റംബര്‍ 9ന് തകര്‍ത്തത് പോലും ഇലൂമിനാറ്റിയുടെ സഹായത്തോടെയാണ്.  ഡീമോണിറ്റൈസേഷന്റെ ഭാഗമായി നോട്ടുനിരോധനം ഏര്‍പ്പെടുത്തിയും ഇലൂമിനാറ്റിയുടെ ഇടപെടലുകളിലൂടെയാണ്.  എന്തിന് നമ്മുടെ കേരളത്തില്‍ നടന്ന വെള്ളപ്പൊക്കമടക്കം ഇലൂമിനാറ്റിയുടെ അജണ്ടയായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത്തരം തെറ്റായ കാര്യങ്ങള്‍ക്ക് പ്രചാരം നല്‍കുവാന്‍ ചിലര്‍ കാട്ടുന്ന വ്യഗ്രതയാണ് നാമിവിടെ കാണുന്നത്.  കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ ഇലൂമിനാറ്റികളാണ്.  ഫാസിസ്റ്റുകള്‍ക്ക് ജൂതന്മാര്‍ ഇലൂമിനാറ്റികളാണ്.  
ഒരു പുതിയ ലോകക്രമം സൃഷ്ടിക്കലാണ് തങ്ങളുടെ ചുമതലയെന്ന് പ്രചരിപ്പിക്കുന്നവരാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍. ക്ഷിപ്രവിശ്വാസ താത്പര്യക്കാര്‍ വളരെപ്പെട്ടെന്ന് വീണുപോകുന്ന ഒരു വഴിയാണിത്.  തികഞ്ഞ അന്വേഷകരാണെന്ന ധാരണപരത്തുകയും എന്നാല്‍ അപ്രകാരം അല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുക ഇവരുടെ പ്രത്യേകതയാണ്.  എല്ലാ സംഭവങ്ങള്‍ക്കു പിന്നിലും ഒരദൃശ്യ ശക്തിയുണ്ടെന്ന ധാരണ വെറുതെ പരത്തുകയാണ്.  യഥാര്‍ത്ഥത്തില്‍ മതത്തിനെതിരെയാണ് ഇലൂമിനാറ്റി സങ്കല്‍പ്പം പടുത്തുയര്‍ത്തിയതെങ്കിലും ഏക കാരണ സിദ്ധാന്തമെന്ന മതസങ്കല്‍പ്പത്തിലാണ് ഇലൂമിനാറ്റികള്‍ വിശ്വസിക്കുന്നത്.  ഒരൊറ്റത്തീരുമാനം ലോകത്തിന്റെ പലകോണുകളിലിരുന്നുകൊണ്ട് നടപ്പിലാക്കുന്ന ഗൂഢ സംഘം!  സമൂഹത്തിനിടയിലേയ്ക്ക് അനുയായികളെ രഹസ്യമായി വിന്യസിച്ച് വിജയകരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍. ഇങ്ങനെയൊക്കെയാണ് ഇലൂമിനാറ്റികള്‍ സ്വയം അവകാശപ്പെടുന്നത്.  എന്തും ഏതും തങ്ങളുടേതോ അല്ലെങ്കില്‍ തങ്ങളുടെ സ്വാധീനം മൂലമോ ഉണ്ടായതാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ ഒരേയൊരു പണി.  അതിപ്രശസ്തരായ ഓരോ വ്യക്തിയും തങ്ങളുടെ പ്രവര്‍ത്തകരാണെന്ന ധാരണ സമൂഹത്തില്‍ പരത്തുക എന്നതാണ് ഇതില്‍ പ്രധാനം. അങ്ങനെ മൈക്കിള്‍ ജാക്‌സണും ബ്രൂസിലിയും ട്രംപുമെല്ലാം ഇലൂമിനാറ്റികളായി ചിത്രീകരിക്കപ്പെടുന്നു.
ഇലൂമിനാറ്റിയുടെ ഉത്പത്തി ഇന്ത്യയിലാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.  കലിംഗ യുദ്ധത്തിനു ശേഷം മാനസാന്തരം വന്ന അശോക ചക്രവര്‍ത്തി രൂപം കൊടുത്ത സംഘടനയാണിതെന്നാണ് ഇവരുടെ വിശ്വാസം.  തങ്ങളുടെ ശേഷി മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തുവാന്‍ അശോക ചക്രവര്‍ത്തി 9 പേരെ ചുമതലപ്പെടുത്തിയെന്നും അവര്‍ അത് തലമുറകളായി കൈമാറി വരുന്നുവെന്നുമാണ് കരുതുന്നത്.  കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇവര്‍ തങ്ങളുടെ പദവി അര്‍ഹതപ്പെട്ട മറ്റൊരാളിലേയ്ക്ക് കൈമാറുന്നു.  ഇവരും ഇവരുടെ ആള്‍ക്കാരും നമ്മുടെയിടയില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്ക് തമ്മില്‍ തിരിച്ചറിയുന്നതിന് പ്രത്യേക കോഡുകളുണ്ടെന്നും പ്രചരിപ്പിക്കുന്നു.  എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്ന ഒരു ശക്തി എവിടെയോ ഉണ്ടെന്ന് വിശ്വസിക്കുവാന്‍ പലര്‍ക്കും ഇഷ്ടമാണ്.  സഹജമായ മടിയാണ് ഇത്തരം ചിന്താഗതികള്‍ സൃഷ്ടിക്കുന്നത്. ഏതൊരു സംഭവത്തിനു പിന്നിലുമുള്ള ശാസ്ത്രീയത അന്വേഷിച്ചറിയുക എന്നത് ശ്രമകരമായ ഒരു പ്രവര്‍ത്തനമാണ്.  അതിനുശ്രമിക്കാതെ ഇതെല്ലാം അദൃശ്യമായ ഒരു ശക്തിയുടെ പ്രവര്‍ത്തന ഫലമാണെന്ന സമാധാനപ്പെടലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് വഴിതുറക്കുന്നത്.  അറിവുകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ക്ക് തടയിടുന്ന ഇത്തരം സമാധാനപ്പെടലുകള്‍ യഥാര്‍ത്ഥത്തില്‍ മടിയന്മാരുടെ സിദ്ധാന്തം മാത്രമാണ്.  നിര്‍ഭാഗ്യവശാല്‍ അറിവുള്ളവരെപ്പോലും അങ്കലാപ്പിലാക്കുവാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്.  ശാസ്ത്രം അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുന്നേറുമ്പോഴും അന്ധവിശ്വാസങ്ങളില്‍ അഭയം തേടുന്ന ഒരു പുതുതലമുറ ശക്തിയാര്‍ജിക്കുന്നു എന്നത് നാം തിരിച്ചറിയേണ്ട ഒന്നാണ്.  വിശ്വാസത്തിന്‍മേല്‍ ചോദ്യങ്ങളോ സന്ദേഹങ്ങളോ ഇല്ല.  അതുകൊണ്ട് തന്നെ ഇത് അശാസ്ത്രീയമായ ഒന്നാണ്.  സന്ദേഹപ്പെടലിലൂടെയാണ് നിരവധി ശാസ്ത്രശാഖകള്‍ രൂപം കൊണ്ടത്.  ഇതാണ് സത്യമെന്നിരിക്കിലും അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകുന്ന യുവമനസ്സുകള്‍ ഭാവിയുടെ പ്രതിസന്ധികളാണ്.  ശാസ്ത്രത്തിന്റെ തണലില്‍ പുരോഗമനാത്മകമായ നിരവധി കാര്യങ്ങള്‍ ചെയ്യുവാനുള്ളപ്പോള്‍ ഇരുട്ടുമുറിയില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുന്നതുപോലെ പലരും ഇന്നും ഇലൂമിനാറ്റിയെ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.  

 

Share :