Archives / july 2021

അർച്ചന ഇന്ദിര ശങ്കർ
അധ്യാപകദിനം

ഓരോ അധ്യാപകദിനവും കടന്നുപോകുന്നത് അനേകായിരം സ്നേഹാദരങ്ങളുടെ പൂച്ചെണ്ടുകളിൽ നിറഞ്ഞ പ്രതീക്ഷയുടെ സുഗന്ധമേറ്റ്‌ വാങ്ങിയാണ്. ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികമായ സെപ്റ്റംബർ 5 നു ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു. പ്രതലങ്ങളിലെ ക്ലിഷേ വാചകങ്ങളിൽ നിന്നിറങ്ങി ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ട ഒരു സുപ്രധാന ചോദ്യമുണ്ട്. ആരാണ് അധ്യാപകർ ?

അജ്ഞതയുടെ ഇരുൾമറനീക്കി ഹൃത്തിൽ വെളിച്ചത്തിന്റെ തിരി തെളിക്കുന്നവരാണ് അദ്ധ്യാപകർ എന്ന് ഭംഗിവാക്കായി പറയാം. 
കേവലം അറിവ് പകർന്നു തരിക എന്നതിൽ ചുരുങ്ങുന്നതല്ല അധ്യാപനം എന്ന തൊഴിലിന്റെ ധർമ്മവും കടമയും. ഇതാണ് ശരി ഇതാണ് തെറ്റ് എന്ന് വ്യവസ്ഥാപിത കല്പനകൾ അടിസ്ഥാനപ്പെടുത്തി മനഃപാഠം പഠിപ്പിക്കുകയുമല്ല ആ അദ്ധ്യാപനവൃത്തിയുടെ അടിസ്ഥാനമൂല്യം. തെറ്റും ശരിയും സ്വയമേവ തിരിച്ചറിയാൻ ഒരു തലമുറയെ, അതിലൂടെ ഒരു സമൂഹത്തെ തന്നെ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ആദർശമായി ഓരോ അധ്യാപകരും ഉയർത്തിക്കാട്ടേണ്ടത്. മാർഗ്ഗനിർദേശി എന്നതിലുപരി മാത്രകയാവാൻ ഓരോ അധ്യാപകർക്കും കഴിയണം.  "ആശാനക്ഷരമൊന്നുപിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്" എന്ന കവിവാക്യം അന്വർത്ഥമാക്കുന്നതാണ് സമകാലിക സംഭവങ്ങൾ വിരൽ ചൂണ്ടുന്ന മാതൃകകൾ . ശരി പഠിപ്പിക്കേണ്ടവർ തന്നെ തെറ്റുകൾ ചെയ്യുകയും അനീതിയുടെ കാവലാളാവുകയും ചെയ്യുമ്പോൾ അന്ധകാരത്തിന്റെ ഛായ പടർന്ന ഒരു ഭാവിയെ ആവും നമുക്ക് വീക്ഷിക്കാൻ കഴിയുക. അദ്ധ്യാപക വിദ്യാർഥി ബന്ധത്തിലെ മാറ്റപ്പെടേണ്ടതും നിലനിർത്തപ്പെടേണ്ടതുമായ വ്യവസ്ഥകൾ വേർതിരിച്ചറിയാൻ നമ്മുടെ നിരീക്ഷണങ്ങൾക്ക്  കഴിയണം. ഗുരു ശിഷ്യ ബന്ധം വളരെ പവിത്രമായ ഒന്നാണ്, അതിൽ കളങ്കത്തിന്റെ നിറം പൂശാൻ കാപാലികരെ അനുവദിവത്തിക്കാതിരിക്കാൻ നാമോരോരുത്തർക്കും കടമയുണ്ട്.
അധ്യാപകരാണ് രാജ്യത്തിന്റെ നട്ടെല്ല്, സ്വപ്‌നങ്ങൾ യാഥാർഥ്യങ്ങളാവുന്നത് അവരിലൂടെ ആണ് എന്ന അബ്ദുൾ കലാമിന്റെ വാക്കുകൾ ഒരിക്കലും വിസ്മരിക്കപ്പെടരുത്. നല്ലൊരു  നാളെയ്ക്കായുള്ള പാകപ്പെടുത്തലാണ് ഓരോ അദ്ധ്യാപകരുടെയും കർത്തവ്യം, ഒട്ടും നിസാരവത്കരിക്കാനാവാത്ത ആ പ്രവർത്തി സമൂഹത്തിന്റെ ഊർജ്ജസ്രോതസ്സായി പരിണമിക്കുന്നു. വിദ്യാഭ്യാസമുള്ളവരും അല്ലാത്തവരും തമ്മിൽ ജീവിക്കുന്നവരും മരണപ്പെട്ടവരും പോലെയുള്ള അന്തരമുണ്ടെന്ന അരിസ്റ്റോട്ടിലിന്റെ വാചകത്തിന്റെ  അർത്ഥമുൾക്കൊള്ളുമ്പോൾ തിരിച്ചറിയുന്നത് ജീവദായകം എന്ന മഹദ് പ്രവൃത്തിയാണ് അദ്ധ്യാപനം എന്ന് തന്നെയാണ്. ഈ മൂല്യം ഒട്ടും തന്നെ ചോർന്നു പോകാതെയുള്ള  ഒരു ലോകം വാർത്തെടുക്കാൻ നാമെല്ലാം കടമപ്പെട്ടവരാണ്.

ഇതിലെല്ലാമുപരി അനുഭവമാണ് ഏറ്റവും വലിയ ഗുരു, സ്വയം പഠിക്കുക, സ്വയം പഠിപ്പിക്കുക, അതിലൂടെ നമ്മുടെ എക്കാലത്തെയും മികച്ച അദ്ധ്യാപകരായി സ്വയം പരിവേഷമെടുക്കുക എന്നത് കൂടെ മറക്കാതിരിക്കാം. മാതാപിതാക്കളാവണം മക്കളുടെ ജീവിതത്തിലുടനീളമുള്ള സഞ്ചാരപാതകളിലെല്ലാം പ്രകാശം ചൊരിയുന്ന അധ്യാപകർ. പ്രപഞ്ചത്തിലെ ഓരോ വസ്തുവിൽ നിന്നും ജീവജാലത്തിൽ നിന്നും നമുക്ക് പഠിക്കാനേറെയുണ്ട്. അങ്ങനെ നോക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം നമ്മുടെ അധ്യാപകർ തന്നെ.

 

Share :