Archives / september 2020

ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ
കാമകിങ്കരർ ചെയ്യുന്ന കടുംകൈകൾ

കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിലെ  'പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം
വഴിപിഴച്ച കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ” എന്ന വരി ഓർത്ത് ഈ ലേഖനത്തിന് ഒരു ശീർഷകം നൽകികൊണ്ട് ഞാൻ തുടരുകയാണ്.
മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ലഹരിയാണോ അതോ അനിയന്ത്രിതമായ പല നിഷ്ടൂര പ്രവർത്തികൾ
ചെയ്യാൻ ചില പുരുഷന്മാരെ നിര്ബന്ധിതരാക്കുന്നത്?
എതിർലിംഗത്തോടുള്ള ആകർഷണം ലോകത്തിന്റെ നിലനിൽപ്പിനായി മനുഷ്യനിലെന്നല്ല സർവ്വ ജീവജാലങ്ങൾക്കും പ്രകൃതി നൽകിയ ഒരു നിയമമാണ്.എന്നാൽ അത് എവിടെ എപ്പോൾ ഉപയോഗപ്പെടുത്തണമെന്ന സാമാന്യ ബുദ്ധിയും, വിവേകവും ചിന്തിക്കുവാനുള്ള കഴിവും മനുഷ്യന് അതോടൊപ്പം നൽകിയിട്ടുണ്ട്.
പണ്ടുകാലം മുതൽക്കേ സ്ത്രീ സൗന്ദര്യത്തെ കവികളും കലാകാരന്മാരും ആരാധിച്ചിരുന്നു. അത്ഒരുപക്ഷെപ്രകൃതിയോടെന്നപോൽ ഒരുപൂവിനോടെന്നപോൽ തോന്നുന്ന ഒരു ലാളന ആയിരുന്നിരിയ്ക്കാം. ചില ആരാധന പല വിശ്വവിഖ്യാത വ്യക്തികളുടെയും സർഗ്ഗാത്മകതയെ തൊട്ടുണർത്തിയിട്ടുണ്ട് എന്ന് വേണമെങ്കിൽ അവകാശപ്പെടാം. പല കലാകാരന്മാരിലും മഹത്തായ കൃതികളായും,  ചിത്രരചനകളായും ഈ ആരാധന രൂപംപ്രാപിച്ചിട്ടുണ്ട്. പഴയകാലത്തെ പല സ്മാരകങ്ങളും ശില്പങ്ങളും സ്ത്രീ സൗന്ദര്യ ആരാധനയിൽ രൂപം പ്രാപിച്ചതാണെന്നു പറയാം. ഇതിനൊരു ഉത്തമ ഉദാഹരണമാണ്  താജ്മഹൽ. പ്രണയത്തിന്റെ ആ വെണ്ണക്കൽ സ്മാരകം മനുഷ്യമനസ്സുകളെ വശീകരിക്കുന്ന. പുരുഷന് സ്ത്രീയോടുള്ള സ്നേഹത്തിന്റെ ആരാധനയുടെ പ്രതീകമാണ്.  

സൗന്ദര്യ ആരാധന മുനിമാരിൽപോലും കാമരസത്തെ തൊട്ടുണർത്തിയിട്ടുണ്ട്.  ആകാലഘട്ടത്തിൽ അതിനു വഴങ്ങേണ്ടി വന്നിരുന്നത് അന്നത്തെ സ്ത്രീ,പുരുഷാധിപത്യത്തിന്റെ കൈപ്പിടിയിൽ ആയിരുന്നതുകൊണ്ടാകാം. എന്നാൽ ഇന്നത്തെ സ്ത്രീ ആ സാഹചര്യത്തെ ഒരു പരിധിവരെ തരണം ചെയ്തു കഴിഞ്ഞു എന്ന്പറയാം. എന്നിട്ടും സ്‌ത്രീസുരക്ഷ കൂടുതൽ ഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്നത് എന്തുകൊണ്ടെന്നാണ് ഇന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

മുംബൈയിൽ കൊറെന്റയിൻ സെന്ററിൽ പാർപ്പിച്ച കൊറോണ ബാധിച്ച ഒരു യുവതിയെപീഡിപ്പിച്ച വാർത്ത കുറച്ച് ദിവസങ്ങൾക്കുമുൻപ് മാധ്യമങ്ങളിൽ വായിക്കാൻ ഇടയായി. അതുപോലെത്തന്നെ കഴിഞ്ഞ ദിവസം കേരളത്തിൽ, കൊറോണ ബാധിച്ച 19 വയസ്സുകാരിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ ആംബുലൻസിന്റെ ഡ്രൈവർ പീഢിപ്പിച്ചതായും, അതെ തുടർന്ന് പ്രതിഷേധങ്ങൾ നടന്നതായുമുള്ളസംഭവങ്ങൾ നമ്മുടെ സാക്ഷര കേരളത്തിൽ അരങ്ങേറി എന്ന വാർത്ത വളരെ അപമാനമായി തോന്നി. രോഗാതുരയായ ഒരു പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ
നിയുക്തനായ ആൾ തന്നെ അവളെ പീഢിപ്പിച്ചു എന്നത് ഒരു മൃഗീയമായ പ്രവൃത്തിതന്നെയാണ്. ഈ പീഡനം, ലോകം ഭയക്കുന്ന കൊറോണ എന്ന അസുഖം ബാധിച്ചസ്ത്രീയുടെ ഉഭയസമ്മതത്തോടെത്തന്നെ നടന്നതാണെന്നുള്ള,കുറ്റക്കാരനെ മാനഹാനിയിൽനിന്നും രക്ഷപ്പെടുത്താൻ സോഷ്യൽ മീഡിയകളിലൂടെ ചിലർ നടത്തിയ
ന്യായീകരണം അതിലേറെ തമാശയും അതോടൊപ്പം ലജ്‌ജാവാഹമായി തോന്നി.

സ്ത്രീയെ പുരുഷൻ പല സാഹചര്യത്തിലും വെറുമൊരുഭോഗവസ്തുവായി കാണുകയും, അവളുടെ ജീവൻപോലും
അപായപ്പെടുത്തുന്നതുമായ സംഭവങ്ങൾ ഇന്ന് സർവ്വസാധാരണമായിരിക്കുന്നു.മനുഷ്യൻ മനുഷ്യനടുത്തുവരാൻപോലും ഭയക്കുന്ന കൊറോണ എന്ന മഹാമാരിയുടെ കാലഘട്ടത്തിൽപോലും ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ കാണാൻ കഴിയുന്നു എന്നത് എത്രയോ നിന്ദ്യവും ശോചനീയവുമായ ഒരു അവസ്ഥയെയാണ് കാണിക്കുന്നത്. സ്ത്രീയെ ഒരു ഭോഗവസ്തുവായി ചിലർ കാണുന്നു എന്നതിന്റെ ഉത്തരവാദിത്വം തലമുറകളായി സമൂഹത്തിന്റെ തന്നെയാണെന്ന്കുറ്റപ്പെടുത്താം. കാരണം പണ്ടുകാലങ്ങളിൽ നടന്നിരുന്ന ശൈശവവിവാഹം എന്ന ഒരുചടങ്ങുമുതൽ ഇന്ന് നിലനിൽക്കുന്ന വിവാഹം വരെ പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കുക എന്നാണ് പറയപ്പെടുന്നത്. അതായത് കൊടുക്കുക എന്നതുകൊണ്ട് സ്ത്രീയെഎന്തും ചെയ്യുവാനുള്ള അവകാശം പുരുഷന് പതിച്ചുകൊടുക്കുക എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. പെണ്മക്കളോട് സ്ത്രീ സങ്കൽപ്പത്തിന്റെ മാതൃകയാണെന്ന് പറയുന്ന സീതയാകണം എന്ന് ഉപദേശിയ്ക്കുമ്പോൾ ആൺകുട്ടികളോട് നിങ്ങൾ രാമനെപ്പോലെയാകണം എന്ന് മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കാറില്ല. കുടുംബവും, സമൂഹവും പലപ്പോഴും പെൺകുട്ടികൾക്ക് മുന്നിൽ പാടില്ലായ്മകളുടെ ലക്ഷ്മണരേഖകൾ പലപ്പോഴും വരയ്ക്കാറുണ്ട്. അതേസമയം അവൻ ഒരു ആൺകുട്ടിയല്ലേ എന്ന ഒരു ഒത്താശയും, പ്രോത്സാഹനവും എപ്പോഴും ആൺകുട്ടികൾക്ക് നൽകാറുണ്ട് എന്നുള്ളത് സ്വാഭാവികമാണ്. ഒരു പുരുഷന്റെ ജീവിതത്തിൽ  അമ്മ, ഭാര്യ തുടങ്ങി സ്ത്രീകൾക്ക് ഉള്ള വ്യത്യസ്തമായ ഭാവങ്ങളെക്കുറിച്ച് ആൺകുട്ടികൾക്ക് തിരിച്ചറിവ് ലഭിയ്‌ക്കേണ്ടത് ആദ്യമായി സ്വന്തം കുടുംബത്തിൽ നിന്നും തന്നെയാണ്. ഇത് അവന്റെ
സ്വഭാവത്തിനുവേണ്ട ഒരു അടിസ്ഥാന ഘടകം കൂടിയാണ്.

ഈ കാലഘട്ടത്തിലെ പല സംഭവങ്ങളും ഒന്ന് വിലയിരുത്തിയാൽ സ്വതന്ത്രയായ സ്ത്രീ, സ്വയം പര്യാപ്തത നേടിയെടുത്ത സ്ത്രീ ഇന്നും സുരക്ഷിതയാണോ എന്ന ചോദ്യം നമ്മുടെ മുന്നിൽ ഉയരുന്നു.?  വിദ്യാഭ്യാസംകൊണ്ടും, സ്ഥാനമാനങ്ങളെക്കൊണ്ടും പുരുഷനൊപ്പം തന്നെ ചങ്കൂറ്റത്തോടെ നിൽക്കുന്ന സ്ത്രീയെ പല സാഹചര്യങ്ങളിലും ഒരു ഭോഗവസ്തുവാക്കി മാത്രം കാണുന്ന ചില പുരുഷന്മാരുടെ  മനോഗതത്തെ മാറ്റിയെടുക്കലാണ് ഇനിസ്ത്രീയ്ക്കുവേണ്ടി ചെയ്യാൻ കഴിയുന്ന മറ്റൊരു ദൗത്യം.  സ്ത്രീപീഡനങ്ങൾക്കെതിരെ മത രാഷ്ട്രീയ വർഗ്ഗീയ ശക്തികൾക്കൊന്നും പിടികൊടുക്കാത്ത കര്ശനമായ നിയമ
നടപടികൾ തീർച്ചയായും എടുക്കേണ്ടതുണ്ട്. അപമാനം എന്ന ഭീതിയെ ഉപേക്ഷിച്ച്ഇത്തരം സാഹചര്യങ്ങളെ തുറന്ന് പ്രതികരിയ്ക്കാൻ സ്ത്രീകൾ ശക്തിയാർജ്ജിക്കണംഎന്നതും അത്യാവശ്യമാണ്.

കാമം അന്ധമാണെന്നൊക്കെ പറയുന്നത് അക്ഷരാർത്ഥത്തിൽ എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എത്രയോ ലജ്‌ജാകരം. കാമാഗ്നി കെടുത്താൻ കഴിയില്ലെന്ന് വാദിക്കുന്നവരുമുണ്ട്. പുരുഷന് തോന്നുന്ന കാമം എന്ന വികാരത്തെ പലപ്പോഴും
ന്യായീകരിയ്ക്കുന്നതായി കാണപ്പെടുന്നു. പുരുഷൻ ഒരു സ്ത്രീയോട് തെറ്റായ ഒരുസമീപനം നടത്തിയാൽ കുറ്റപ്പെടുത്താൻ ആകില്ല ;"ആണുങ്ങളല്ലേ "എന്ന ന്യായീകരണം പലയിടത്തും പുരുഷന്റെ തെറ്റിനെ ഇല്ലാതാക്കാൻ ഉപയോഗിയ്ക്കാറുണ്ട്. എന്നാൽ സ്ത്രീയിൽ വികാരവിചാരങ്ങൾ ഇല്ലേ! മനുഷ്യന്റെ ഈ വികാരങ്ങൾക്കെല്ലാം അതിന്റേതായ തലങ്ങൾ നിർവ്വചിച്ചിട്ടുണ്ട്. അതായത് ഹിന്ദുമതത്തിലെ പുരുഷാർത്ഥംജീവിതത്തിലെ നാല് ലക്ഷ്യങ്ങളെ വിശദീകരിക്കുന്നു. അവ ധർമ്മം ,  അർത്ഥം , കാമം,മോക്ഷം എന്നിവയാണ്.. ആദ്യമായി അവൻ സ്വയം ഉത്തരവാദിത്വങ്ങൾ നിറവേറ്റണം,
ധർമ്മത്തിൽ വിശ്വസിക്കണം, നന്മകൾ ചെയ്യണം. അതിനുശേഷം ജീവിതത്തിലേക്കുള്ളഅർത്ഥം അല്ലെങ്കിൽ സാമ്പത്തിക കെട്ടുറപ്പ് ഉണ്ടാക്കണം അതിനുശേഷംകുടുംബജീവിതം, കാമം അതായത് ഗാർഹസ്ഥ്യ ജീവിതത്തിലൂടെ നേടുന്ന സുഖത്തിനുള്ള പ്രയാണം. ഇതിലൂടെ സമൂഹം നിലനിർത്തുക, പുതിയൊരു തലമുറയെ വാർത്തെടുക്കുകഎന്നതാണ് ഉദ്ദേശിയ്ക്കുന്നത്. ഇതിൽ സ്ത്രീയ്ക്ക് തുല്യ പങ്കുണ്ട്. ഇവിടെ സ്ത്രീബഹുമാനിക്കപ്പെടുന്നു എങ്കിൽ മാത്രമേ മോക്ഷം അല്ലെങ്കിൽ പരിപൂർണ്ണത ഒരു പുരുഷന്റെ ജീവിതത്തിൽ ഉണ്ടാകു എന്നതാണ്. അവിടെ മറ്റു മൂന്നു ഘടകങ്ങൾക്കും പ്രാധാന്യം നൽകാതെ കാമത്തിന് മാത്രം അല്ലെങ്കിൽ സുഖത്തിനു മാത്രം മുൻ‌തൂക്കംനൽകുമ്പോഴാണ് സമൂഹത്തിൽ അസന്തുലനാവസ്ഥാ സംഭവിയ്ക്കുന്നത് എന്ന് പറയാം.പണ്ട് ഗുരുകുല സമ്പ്രദായങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ കുട്ടികൾക്ക് ഇത്തരം
ജീവിത സന്മാർഗ്ഗ പാഠങ്ങളും ഗുരുക്കന്മാർ ഉപദേശിച്ചിരുന്നു. ഗുരുകുല സമ്പ്രദായംഇല്ലാത്ത ഈ കാലഘട്ടത്തിൽ ഇത്തരം ജീവിത മൂല്യങ്ങളെ കുട്ടികൾക്ക്പകർന്നുകൊടുക്കേണ്ടത് പാഠ്യവിഷയത്തിന്റെ ഭാഗമായാണ്.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കോട്ടം സംഭവിയ്ക്കുവാനുള്ള പ്രധാന കാരണം വേഷവിധാനത്തിൽ സ്ത്രീകൾ പാശ്ചാത്യ പരിഷ്കാരത്തിനു പുറകെ പോകുന്നത് കൊണ്ടാണെന്നുള്ളത് പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട് . എന്നാൽ ഇത് ഒരു തെറ്റായ കാഴ്ചപ്പാടാണ് എന്ന് പറയാം. കാരണം നമ്മുടെ ഭാരതം വിട്ട് പലരും പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാകാറുണ്ട്. ഒരുപക്ഷെ അവിടെ അവർക്ക് കാണാൻ കഴിയുന്നത്
മുഴുവനായും പാശ്ചാത്യ വേഷവിധാനത്തോട് കൂടിയുള്ള, വളരെ തുറന്ന ഒരു സമീപനത്തോടുകൂടിയുള്ള സ്ത്രീ സമൂഹത്തെയാണ്. എന്നിട്ടും അവരോട് മോശമായിപെരുമാറാൻ ഒരു ഭാരതീയനും മുതിരാറില്ല. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് സ്ത്രീകളെ പുരുഷൻ ഒരു ഉന്മാദാവസ്തുവായി കാണുന്നത് വേഷവിധാനത്തിന്റെയോ,സ്വഭാവത്തിന്റെയോ പ്രത്യാഘാതമല്ല തിരിച്ച് പണത്തിനു പുറകെ പായുന്ന മനുഷ്യന്അവനറിയാതെ നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ മൂല്യച്ച്യുതിയാണ്. സ്ത്രീയെഅപലയെന്നും, ദുർബ്ബലയെന്നും പലസ്ഥലങ്ങളിലും വ്യാഖ്യാനിക്കാറുണ്ട്. അതും പുരുഷമേധാവിത്വത്തിന്റെ ഒരു തെറ്റായ വിശദീകരണമാണ്. സമൂഹത്തിൽ പുരുഷനു തത്തുല്യമായ ശക്തിയാണ് സ്ത്രീയും. ലോക നിലനിൽപ്പിനുവേണ്ടി സ്ത്രീയിലും പുരുഷനിലും പ്രകൃതി നിക്ഷിപ്തമാക്കിയ കർത്തവ്യങ്ങൾ വ്യത്യസ്തമാണെന്നു മാത്രം.പീഢനങ്ങളെ ചെറുത്തുനിൽക്കാൻ സ്ത്രീകൾ കൂടുതൽ ശക്തരാകുമ്പോൾ, സ്ത്രീകളോട്മൃഗീയമായ സമീപനം കാഴ്ചവയ്ക്കുന്ന പുരുഷൻ വെറും മൃഗതുല്യനായി തരംതാഴ്ന്ന് പുരുഷസമൂഹത്തിനുതന്നെ അപമാനമായി മാറുന്ന ഒരു സ്ഥിതിവിശേഷമാണ്
സംജാതമാകുന്നത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

Share :