Archives / july 2021

കുളക്കട പ്രസന്നൻ
കുടത്തിലെ ഭൂതം കണക്കെ കൊവിഡ്

ചൈനയിൽ വുഹാനിൽ നിന്നും ഏതോ സാഹചര്യത്തിൽ പടർന്നു പിടിച്ച നൊവൽ കൊറോണ വൈറസ് കൊവിഡ്- 19 എന്ന പേരിൽ ലോകമെങ്ങും ഭൂതം കണക്കെ വ്യാപിച്ചിരിക്കുകയാണ്. 10 വയസിനു താഴെയുള്ള കുട്ടികളെയും 65 വയസിനു മുകളിൽ ഉള്ളവരെയും അതീവ ശ്രദ്ധ നൽകി കൊവിഡ് വ്യാപനത്തിൽപ്പെടാതിരിക്കാൻ പ്രത്യേക മാനദണ്ഡം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.  ഗുരുതര രോഗമുള്ളവർക്കും കരുതൽ ആവശ്യമാണ്. 

പ്രായമോ, രാഷ്ട്രീയമോ, ജാതി -മതമോ , ലിംഗ വ്യത്യാസമോ പാവപ്പെട്ടവൻ - പണക്കാരൻ തുടങ്ങി യാതൊരു വ്യത്യാസവും ഇല്ലാതെ കൊറോണ വൈറസ് പിടിപ്പെടും. ഇതു ലോകം തിരിച്ചറിഞ്ഞിട്ട് പത്തു മാസത്തോളമായി.

ലോകത്ത് കൊവിഡ് 19 ൻ്റെ വ്യാപനം കൂടുന്നു. മരണനിരക്ക് ഉയരുന്നു. രോഗവിമുക്തരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കൊവിഡിനെ പ്രതിരോധിക്കാൻ ഒരു വാക്സിൻ വിജയകരമായി പരീക്ഷണ ഘട്ടം പൂർത്തികരിച്ചില്ല എന്നതാണ്.  അതിനു ഒരു മറുപടി പറയാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞിട്ടുമില്ല. ഓക്സ്ഫോഡുമായി ചേർന്ന് സിറം നടത്തി വന്ന വാക്സിൻ പരീക്ഷണം തൽക്കാലം നിർത്തി വച്ചിരുന്നു. പാർശ ഫലങ്ങളെ തുടർന്നായിരുന്നു പരീക്ഷണം നിർത്തിവച്ചത്. 

റഷ്യയിൽ സ്പുടിനിക് വാക്സിൻ്റെ പരീക്ഷണമാണ് ഇപ്പോൾ പ്രതീക്ഷ നൽകുന്നത്. വാക്സിൻ ദാ വന്നു, ദേ പോയി എന്നൊക്കെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ടമ്പടിച്ചിരുന്നു. 

മാനവരാശിക്ക് ഭീഷണിയായി കൊറോണ വൈറസ് വന്നപ്പോൾ ഉടൻ തന്നെ അതിൻ്റെ പ്രതിരോധത്തിനായി വാക്സിൻ പരീക്ഷണം തുടങ്ങിയത് ആദ്യമായിട്ടായിരിക്കാം. കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങളായ മാസ്ക് ധരിക്കുക, സോപ്പിട്ട് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നതു കൊണ്ടാണോ എന്തോ കൊവിഡ് പ്രതിരോധത്തിൽ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോൾ ഇല്ലാതായതു പോലെ. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും എന്നതുകൊണ്ടാണോ കൊവിഡല്ല പ്രശ്നം എന്ന നിലയിലേക്ക് മാറി തുടങ്ങിയത്. 

കൊവിഡിനൊപ്പം ജീവിക്കുക എന്ന ശൈലിയിലേക്ക് മാറാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന മറ്റെന്തെങ്കിലും ഘടകങ്ങൾ ഉണ്ടായോ എന്നതും ആലോചിക്കേണ്ടതുണ്ട്. അങ്ങനെയുണ്ടെങ്കിൽ അതപകടമാണ്. അങ്ങനെയൊരു ചിന്ത എവിടെയോ ഉദിച്ചതിൻ്റെ ഫലമാണ് ജലദോഷം പോലൊരു പനിയാണ് കൊവിഡ് 19 എന്ന ചർച്ച പലരിലും ഉണ്ടാവുന്നത്.

ജനിതകമാറ്റം വന്ന വൈറസ് ഏതു രീതിയിൽ അപകടകാരി ആകും എന്ന് എങ്ങനെ അറിയാൻ കഴിയും. അതു മാത്രമല്ല,  ഒരാളിൽ വൈറസിൻ്റെ ആക്രമണം എത്രത്തോളം ഉണ്ട് എന്നത് ഒരു വിഷയമാണ്. രോഗ പ്രതിരോധശേഷിയുള്ള ഒരാൾ ആണെങ്കിൽ രോഗത്തിൻ്റെ കാഠിന്യം കുറവായിരിക്കും.

കൊറോണ വൈറസിനെ കുറിച്ച് പഠിച്ചു പഠിച്ച് ഒന്നുമറിയാത്തവരെ പോലെ ആകുകയാണ് പലരും. കൊവിഡ് 19 ൻ്റെ തുടക്കത്തിൽ ഭീതിക്കൊണ്ട് അതീവ ശ്രദ്ധ പുലർത്തിയവർ ഇപ്പോൾ ജാഗ്രതയില്ലാത്തതായിരിക്കുന്നു. ഈ വിഷയം ഗുരുതരമാണ്.

കൊവിഡ് രോഗികളുടെ എണ്ണം കൂടിയാൽ വെൻ്റിലേറ്റർ സൗകര്യം തന്നെ ഇല്ലാതാവും. അവിടെയാണ് ഗുരുതരമായ സാഹചര്യം തുടങ്ങുന്നത്. ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിതർ ആകുന്നുണ്ട്. ഇതും മറ്റൊരു ഗൗരവ വിഷയമാണ്.

വൃക്ക സംബന്ധമായ അസുഖമുള്ളവർ, ഹൃദ്രോഗികൾ, അർബുദ രോഗികൾ തുടങ്ങി നിരവധിയായ അസുഖമുള്ളവരുടെ ചികിത്സ തുടരേണ്ടതുണ്ട്. ജിവിത ശൈലീ രോഗങ്ങൾ ഉളളവരുടെ നീണ്ട നിര തന്നെയുണ്ട്. ഇതിനിടയിലാണ് കൊറോണ എന്ന ഭൂതം മനുഷ്യരെ വലയ്ക്കുന്നത്.

കൊവിഡ് - 19 നെതിരെ ഒരു വാക്സിൻ ഇല്ലെങ്കിലും കേരളത്തിൽ അലോപ്പതിയും ഹോമിയോയും രണ്ട് ചേരിയായി അഭിപ്രായങ്ങൾ പറയുന്നത് എന്തിനോ എന്തോ ? ഹോമിയോ മരുന്ന് കഴിച്ചാൽ രോഗ പ്രതിരോധശേഷിയുണ്ടാവും എന്ന ഹോമിയോ വിഭാഗത്തിൻ്റെ വാദമാവാം അലോപ്പതിക്കാരെ ചൊടിപ്പിച്ചത്. ഇവിടെ തർക്കമല്ല വേണ്ടത് രോഗവ്യാപനം തടയലാണ്. അതിനു വേണ്ട മാർഗ്ഗങ്ങൾ അടിയന്തിരമായി വേണം.

കമൻ്റ്: കൊറോണ ഗോ എന്ന് വിളിച്ചതുകൊണ്ടോ പപ്പടവട കഴിച്ചാലോ കൊറോണ വ്യാപനം തടയാൻ കഴിയില്ല.  വാക്സിൻ വരുന്നതുവരെ ഒന്നുകിൽ കൊവിഡ് മനുഷ്യ ശരീരം വേണ്ടെന്ന് തീരുമാനിക്കണം. അല്ലേൽ മനുഷ്യൻ കൊവിഡിൽ നിന്ന് അകലം പാലിക്കണം. 
 

Share :