Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
കവിത നിറയും കാലം

 

     ഇക്കാലത്തെപ്പറ്റിയല്ല. ഇന്ന് കവിതയല്ല, കവികളാണ് നിറയെ ഉള്ളത്.  ഏത് കാലത്തും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു എന്നാവും പറയുക, അല്ലേ? അതെ, എക്കാലത്തും കവികളുടെ എണ്ണം ഇതര സാഹിത്യ മേഖലയിൽ ഉള്ളവരെക്കാൾ കൂടുതലായിരുന്നു എന്ന് സമ്മതിക്കുന്നു. കാരണം, നാലുവരി എങ്ങും തൊടാതെ എന്തെങ്കിലും എഴുതി നീട്ടി പാടിയാൽ നാട്ടിൽ കവിയായി. മറ്റു മേഖലകളിൽ അതിനാവില്ലല്ലോ. ഇന്നത്തെ അവസ്ഥ അതുമല്ല; കാവ്യാനുശീലനമോ, ഛന്ദോബന്ധ നിബന്ധനകളോ ഒന്നുമറിയില്ലെങ്കിലും കവിതയെഴുതാം. ഒരക്ഷരം, ഒരു വാക്ക്, ഒരു വാക്യം-- ഒരർത്ഥവും ഒരാശയവും വേണമെന്നില്ല. വെറുതെ അടുക്കിയാൽ കവിതയായി; എങ്കിലേ കവിതയാകൂ എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു മലയാള കാവ്യലോകം. നല്ല കവിതകൾ ധാരാളം എഴുതി കൃതഹസ്തരായ ചിലരും ആ വഴിയിലേക്ക് നീങ്ങുന്നു എന്നത് സങ്കടകരമാണ്.

      സമകാലിക മലയാളം വാരിക ലക്കം 18 ൽ എൽ.തോമസ്കുട്ടിയുടേതായി കീഴ്മേൽക്കീഴ്മേ...എന്നൊരു കവിത കാണുന്നു. സത്യത്തിൽ വായനക്കാരൻ കീഴമേൽ മറിയുകയല്ല, തലതല്ലി ചാവുകയാണ്. പരസ്പര ബന്ധമില്ലാത്ത കുറേ പ്രസ്താവാനാ പ്രാചുര്യം കുത്തി നിറച്ച് കവിത എന്ന പേരിൽ വിളമ്പിയിരിക്കുന്നു. നിഗൂഢതയാകാം, പക്ഷെ, അത് തുറക്കാനുള്ള താക്കോൽ കൂടി എവിടെയെങ്കിലും കരുതി വയ്ക്കേണ്ടതാണ്.

      ഇതേ ലക്കത്തിൽ, തൊട്ടടുത്ത പേജിൽ ടി.പി. വിനോദിന്റെ നിൽക്കക്കള്ളി എന്നൊരു നല്ല കവിത കൂടി വായിക്കുമ്പോഴാണ് ഹാ, കഷ്ടം എന്ന് പറയേണ്ടിവരുന്നത്. രണ്ടും ഗദ്യരൂപത്തിലാണ്. ഒന്ന് മനസുതൊടുമ്പോൾ മറ്റേത് കരണത്തടിക്കുന്നു.

      നിൽക്കക്കള്ളിയില്ലാതാകുമ്പോഴാണ് ജീവിതം മരുപ്പച്ച തേടുന്നത്. മരുപ്പച്ചയിലേക്കുള്ള യാനം പ്രത്യാശയുടെ ഗന്ധം ചേറിയുള്ള താകുമ്പോൾ ചലനവേഗം കൂടും. മൂന്ന് ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരമായി ഒഴുക്കുവെള്ളത്തിൽ തൊട്ടു തൊട്ട്, പിൻവാങ്ങി; കൊടുത്ത്, കൊണ്ട് ജീവിതകാമനയുടെ തൊട്ടെടുപ്പിനെ നിൽക്കക്കള്ളി എന്ന കവിത മനോഹരമായി ആവിഷ്കരിക്കുന്നു.
 ഇതേ ലക്കത്തിൽ പി.ജെ.ജെ.ആന്റണിയുടെ ദക്ഷച്ചേച്ചി എന്ന കഥ വായിക്കുന്നു. കഥ പറയാനറിയാമെങ്കിലും കഥയുടെ ആന്തരിക ലയസൗകുമാര്യം വെളിപ്പെടുത്തുന്നതിൽ കഥാകൃത്ത് പൂർണ്ണ അർത്ഥത്തിൽ കൃതഹസ്തനല്ല എന്ന് പറയേണ്ടിവരുന്നു. ചിത്രങ്ങൾക്ക് ഫ്രയിം ഒരുക്കുന്ന തലമുറകളുടെ വൈപരിത്യത്തിന്റെ നിശ്ചല ചിത്രം ഒരുക്കുന്നതിൽ കഥാകൃത്ത് വിജയിക്കുന്നുണ്ടെങ്കിലും, അതിന് ഒരു നിഷ്പ്രഭത അനുഭവപ്പെടുന്നു. പിതാവിന്റെ ചിത്രം യേശുവിന്റെ വ്യതിയാന ചിത്രമായി വിറ്റഴിച്ച്, വർത്തമാനയാഥാർത്ഥ്യത്തിന്റെ പൊരുൾ വ്യംഗ്യ ഭംഗ്യേന ആവിഷ്കരിക്കാൻ ഈ കഥയ്ക്ക് കഴിയുന്നുണ്ട്. ഊകഥാപരിസരവും വ്യവസ്ഥാപിത കഥാ ചരിത്രവും തനതു ഭാഷാ പച്ചവഴക്കങ്ങളും ഈ ഭേദപ്പെട്ട കഥയുടെ അവശ്യ ഉൾപ്രേരകമായി ഭവിക്കുന്നുണ്ട്.
 മാതൃഭൂമി ഓണപ്പതിപ്പിൽ ബി.മുരളിയുടെ മൂടി എന്ന കഥ വായിച്ച് സന്തോഷിക്കുന്നു. മൂടി, ഇവിടെ മുഖം മൂടിയായല്ല; മുഖം വെളിപ്പെടുത്താനുള്ള ഉപാധിയായാണ് അനുഭവപ്പെടുന്നത്. കോവിഡിന്റെ  പശ്ചാത്തലമൊരുക്കി തുടങ്ങുന്ന കഥ മെല്ലെ സുമയുടെ മനോവ്യാപാരത്തിന്റെ ഉൾ വെളിച്ചത്തിലേക്ക് കടക്കുന്നു. പെട്ടെന്നാണ് മറ്റൊരു ദൈന്യഭാവത്തിലേക്ക് ഞെട്ടി വീഴുന്നത്. തികച്ചും അപരിചിതനായ ഒരു വഴിയാത്രക്കാരൻ മഴ നനഞ്ഞെത്തി, വീടിന്റെ കോലായിൽ ദൈന്യത എന്ന ഭാവത്തെ മറികടന്ന് ദുരൂഹതയുടെ മേച്ചിൽ പുറങ്ങൾ ഒരുക്കുന്നു. ഒരു ദുരൂഹത അവശേഷിപ്പിച്ച് അയാൾ മരണമടയുന്നിടത്ത് കഥ അവസാനിക്കുന്നു. പക്ഷെ, ആ ദുരൂഹത ഒരു ചെറിയ സൂചനയിലൂടെ വായനക്കാരന്റെ സർവ്വ സംശയങ്ങളും ദൂരീകരിക്കു  ന്നുണ്ട് എന്നിടത്താണ് ഈ കഥയുടെ വിജയം. ആഖ്യാനത്തിലോ, ഭാഷാ ഭാവ ധ്വനിയിലോ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഒരു കഥ ഉദ്ദേശിക്കുന്നതെന്തോ അത് വായനക്കാരന് നൽകാൻ  കഴിയുന്നു എന്നതാണ് ഈ കഥയുടെ വിജയം.
 ഇതേ ലക്കത്തിൽ വി.ആർ.സന്തോഷിന്റെ അജയൻ അങ്കമാലി എന്ന കവിത, ഭാവ വൈവിധ്യവും രൂപപരിണാമവും കൊണ്ട് ഏറെ സന്തോഷിപ്പിക്കുന്നു. വിവിധ ഭാവങ്ങളുടെ പല കാരിക്കേച്ചറുകളാണ് ഈ കവിത. ഒരു പരിഹാസം ഒളിപ്പിച്ചു വച്ച് ജീവിതകാമനയിൽ വേഷപ്പകർച്ചക്ക് വലിയ പങ്കുണ്ടെന്നാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

        ഈ വാരം വായിച്ച കഥകളും ഒട്ടുമിക്ക കവിതകളും സന്തോഷവും സംതൃപ്തിയും നൽകുന്നു എന്ന സൂചികയിൽ ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു. നമസ്കാരം!

Share :