Archives / july 2021

എം.കെ.ഹരികുമാർ
യാൻ മാർട്ടൽ പറയുന്നത്

പ്രമുഖ കനേഡിയൻ നോവലിസ്റ്റ് യാൻ മാർട്ടൽ കൊൽക്കൊത്ത സാഹിത്യ സംഗമത്തിനു വേണ്ടി കഴിഞ്ഞ മാസം  ഫേസ്ബുക്ക് പേജിൽ വന്ന് പറഞ്ഞ ചില കാര്യങ്ങൾ കൊറോണക്കാലത്തെ സാഹിത്യചിന്തകൾക്ക് കൂടുതൽ വ്യാപ്തി നല്കുന്നു

 

.  യാൻ മാർട്ടൽ

ലോക്ഡൗൺ മനുഷ്യർക്ക് അവരുടെ ബന്ധങ്ങളെക്കുറിച്ച് ഓർക്കാൻ ഒരവസരം നല്കിയെന്ന് യാൻ മാർട്ടൽ ചിന്തിക്കുന്നു.സാധാരണ രോഗങ്ങളുടെ ചികിത്സയ്ക്ക് ആശുപത്രികളിൽ പോകുന്നവർക്ക് കൂട്ടിരുപ്പുകാരുണ്ടാകാറുണ്ട്.എന്നാൽ കൊറോണയ്ക്ക് ഐസൊലേഷൻ വാർഡാണ് .കൂടെ ആരും നില്ക്കാൻ പാടില്ല. രോഗി സ്വന്തം ഏകാന്തത ഭക്ഷിച്ചു കഴിയണം. ആ രോഗി തൻ്റെ പൂർവ്വകാല സ്നേഹ ബന്ധങ്ങളെക്കുറിച്ചോർത്ത് നിരാശതയിൽ വീഴും.

ആരോഗ്യത്തെക്കുറിച്ചുള്ള വീണ്ടുവിചാരം ആരംഭിക്കേണ്ട സമയമാണിത്. പ്രകൃതിയിലെ എല്ലാ ജീവികളെയും തിന്നുക എന്ന സമീപനത്തിൽ നിന്ന് മനുഷ്യൻ പിന്മാറണമെന്ന് അദ്ദേഹം പറയുന്നുണ്ട്.ഇത് കുറേക്കൂടി അർത്ഥവ്യാപ്തിയിൽ കാണേണ്ട വിഷയമാണ്.

നോട്ടം മാറണം

മനുഷ്യൻ ഒരു ജീവിയെ നോക്കുന്ന രീതി തന്നെ മാറണം.അപകടം പിടിച്ച ആ നോട്ടം തിന്നാൻ വേണ്ടിയാണ്.ഒരു ജീവിയുടെയും സൗന്ദര്യമോ അസ്തിത്വമോ അംഗീകരിക്കാൻ പറ്റാത്ത വിധം രുചിയോടുള്ള മനുഷ്യൻ്റെ ആസക്തി ഭയാനകമായി മാറിയിരിക്കുന്നു. ഏത് ജീവിയെയും  മനഷ്യൻ ഇറച്ചിയായി മാത്രം കാണുന്നു. ആരു പറഞ്ഞു ജീവികളുടെ അന്യാദൃശമായ സൗന്ദര്യവും സവിശേഷതകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന് അവയെ  തിന്നാൻ വേണ്ടിയാണെന്ന്?.ഒരു പുതിയ ഭക്ഷണ ശീലം കണ്ടെത്തേണ്ടിയിരിക്കുന്നു.

യാൻ മാർട്ടൽ ഇപ്പോൾ ട്രോജൻ യുദ്ധത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുകയാണ്.2002 ൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചത് മാർട്ടലിൻ്റെ 'ലൈഫ്  ഓഫ് പി ' എന്ന നോവലിനായിരുന്നു.പത്തു ലക്ഷത്തിലധികം കോപ്പി വിറ്റഴിഞ്ഞ ഈ നോവൽ പക്ഷേ ,ചുരുങ്ങിയത് അഞ്ച് പ്രസാധകരെങ്കിലും തള്ളിക്കളഞ്ഞതാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസാധകരെ നയിക്കാൻ നല്ല എഡിറ്റർമാർ ഇല്ല എന്നാണ് ഇത് കാണിക്കുന്നത്. 2012 ൽ തൈവാൻ സംവിധായകൻ ആംഗ് ലി ഇത് സിനിമയാക്കിയപ്പോഴും വൻ വിജയമായി.

പി എന്ന കഥാപാത്രം കപ്പൽച്ചേതത്തെ തുടർന്ന് ഒരു ബോട്ടിൽ കടലിൽ ചുറ്റിത്തിരിഞ്ഞത് ഒറ്റയ്ക്കല്ല; കൂടെ ഒരു ഇന്ത്യൻ കടുവയുമുണ്ടായിരുന്നു.അവർക്കിടയിൽ സ്വാഭാവികമായി ഒരു ബന്ധം ഉടലെടുത്തിരുന്നു.മനുഷ്യൻ യാഥാർത്ഥ്യത്തെ നിർവ്വചിക്കുന്നത് മതാത്മകമായല്ലെന്ന ഒരു ചിന്ത ഈ നോവലിലൂടെ യാൻ മാർട്ടൽ അവതരിപ്പിച്ചു.'ലൈഫ് ഓഫ് പി ' യിലെ അവസ്ഥ എപ്പോഴുമുണ്ട്.ബോട്ട് കിട്ടിയാൽ അത് കരയ്ക്കടുപ്പിക്കാനാവണം. ബോട്ട് ഇല്ലെങ്കിലോ ?

മറവി ബാധിക്കും

എത്ര വലിയ ദുരന്തമുണ്ടായാലും മനുഷ്യൻ അതെല്ലാം വേഗം മറക്കുമെന്ന്, ഒന്നാം ലോകയുദ്ധകാലത്ത് ഇരുപത്തഞ്ച് ദശലക്ഷം പേർ കൊല്ലപ്പെട്ടതും എന്നാൽ പിന്നീട് എല്ലാം മറന്ന് മനുഷ്യർ ബാറിൽ ഡാൻസ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി യാൻ മാർട്ടൽ സമർത്ഥിക്കുന്നു. മനസ്സിനു എല്ലാം മറക്കാനുള്ള സിദ്ധിയുണ്ട്. അസ്തിത്വത്തിൻ്റെ രഹസ്യം എന്നു പറയുന്നത് സ്വപ്നം കാണാനുള്ള കഴിവാണ്. പുരാണങ്ങൾ കഥകളായി നില്ക്കുകയാണെങ്കിലും ആളുകൾ അത് യഥാതഥമായി വിശ്വസിക്കുന്നു. ഗ്രീക്കുകാർക്ക് ഹോമറിൻ്റെ ഇതിഹാസങ്ങൾ വെറും കഥകളല്ല, ബൈബിൾ പോലെയാണെന്ന് മാർട്ടൽ പറയുന്നു. ആളുകൾ സ്വപ്നം കാണുന്നതിലൂടെ യാഥാർത്ഥ്യത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

മാർട്ടലിൻ്റെ പ്രിയപ്പെട്ട വിഷയം വിശ്വാസവും മതവും മനുഷ്യനിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്നതാണ്. ട്രോജൻ യുദ്ധത്തെക്കുറിച്ചുള്ള പുതിയ നോവലിലും അതുണ്ടാകുമത്രേ. 'ദ് ഹൈ മൗണ്ടൻസ് ഓഫ് പോർച്ചുഗൽ' (2016) എന്ന നോവലിൽ യാൻ മാർട്ടൽ മരണത്തെയാണ് പശ്ചാത്തലമാക്കുന്നത്. മറ്റുള്ളവരുടെ മരണത്തെക്കുറിച്ചോർത്ത് തീവ്രമായി ദുഃഖിക്കുന്ന അനുഭവം. ഈ നോവലിലെ മലകൾ മനസ്സിലെ മലകളാണെന്ന് നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

കൊറോണയെ അധികരിച്ച് ഒരു നോവൽ അദ്ദേഹം ആലോചിച്ചിട്ടില്ല .അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അത് വ്യർത്ഥമായിരിക്കും. ഒരു കൊറോണ നോവലുമായി ഗ്രാമത്തിലേക്ക് ചെന്നാൽ അതിന് വായനക്കാരെ കിട്ടില്ല.കാരണം അവർ കൊറോണയെ നേരിട്ട് അനുഭവിച്ചവരാണ്.അവർക്കറിയാത്തതായി എന്താണ് ഒരാൾക്ക് എഴുതുന്നുള്ളത് ?

കൊറോണ കഴിയുന്നതോടെ മനുഷ്യരെ മറവി ബാധിക്കും; കൊറോണയിൽ നിന്ന് രക്ഷപ്പെടാനുള്ള സിദ്ധിയാണത്.

Share :