Archives / july 2021

അർച്ചന ഇന്ദിര ശങ്കർ
വിവേചനത്തിന്റെ മതിലുകൾ

 

സമകാലിക രാഷ്ട്രീയത്തിന്റെ  ഉൾ വേരുകൾ തേടി ഇറങ്ങിയാൽ ചെന്നെത്തുന്നത് വിവേചനത്തിന്റെ മണ്ണിടങ്ങളിലാവും . ഭരണഘടനയുടെ താളുകളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാവും, സമത്വത്തിന്റെ മഷിയിൽ മുങ്ങിയാണത്തിന്റെ  അക്ഷരങ്ങൾ പിറവികൊണ്ടതെന്നു .
അക്ഷരങ്ങളിൽ നിന്നും ആശയങ്ങളിലേക്കും അവിടെനിന്ന് യാഥാർത്ഥ്യങ്ങളിലേക്കും  നടന്നാൽ ആ മഷിയുടെ തെളിച്ചം മങ്ങുന്നതായി കാണാം.
 ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന  മഹദ്വചനം ഇടയ്ക്കെങ്കിലും സ്മരണകളിൽ പൊടിതട്ടിയെടുക്കണം . ഗ്രാമങ്ങളിലും ചേരികളിലും മുഴങ്ങുന്ന രാജ്യത്തിൻറെ ബഹുസ്വര ശബ്ദത്തെ ഭരണവർഗ്ഗം അറയ്ക്കുന്നതാണോ , ഭയക്കുന്നതാണോ ?
കപട വികസന പ്രദർശനമേളകളിൽ വെണ്മയുടെ ഭിത്തിയിൽ എവിടെയെങ്കിലും ദാരിദ്ര്യത്തിന്റെ  സത്യത്താൽ കറ പുരളുന്നുണ്ടെങ്കിൽ ,  അവരുടെ മുഖംമൂടികൾക്കതൊരു കോട്ടം തന്നെയാവണം.
അതിനാൽ ഭയക്കുന്നതുമാവാം . എന്തുതന്നെയായാലും ഈ ഉയരുന്ന അയിത്തത്തിൻറെ അസത്യമതിലുകളിലെ മതത്തിന്റെയും പണാധിപത്യത്തിന്റെയും ,കാലം മായ്ക്കാത്ത സവര്ണതയുടെയും  വിഷം കലർന്ന ഇഷ്ടിക കഷ്ണങ്ങളുടെ ഭീകരത നാം തിരിച്ചറിയേണ്ടിയിരിക്കുന്നു .
എത്ര കുമ്മായം തേച്ചു വെളുപ്പിച്ചാലും  മറുവശത്തെ  ഇരുണ്ട നിഴലുകളുടെ   ശബ്ദമിരമ്പും. കാരണം,  ബഹുഭൂരിപക്ഷം വരുന്ന രാജ്യത്തിൻറെ ആത്മാവ് ഇപ്പോഴും തുടിക്കുന്നതവിടങ്ങളിലാണ്.
അധികാരവർഗ്ഗത്തിന്റെ ഭരണപീഠത്തിനും വോട്ടു കുത്തുന്ന  പൊതുജനങ്ങൾക്കും  ഇടയിൽ വിവേചനത്തിന്റെ വേർതിരിവിന്റെ  മതിലുകൾ ഉയരുമ്പോൾ നാം ജനാധിപത്യം എന്ന വാക്കിൻറെ അർത്ഥം വീണ്ടും ആഴത്തിൽ  ചിന്തിക്കേണ്ടിയിരിക്കുന്നു...

 

Share :