Archives / August 2020

രാഹുൽ കൈമല
ഉടുമ്പ്

 

     

വായനയുടെ  വസന്തകാലം.
പ്രകൃതിയെ പ്രണയിച്ച കാലം.
പാട്ടിനോട് പെരുത്ത് പൂതിയുള്ള കാലം.
കുറേ യാത്ര പോയ കാലം.
കാൽപ്പന്തു കളിയിൽ കെങ്കേമനായിരുന്ന കാലം ...
ആ കാലമൊക്കെ കഴിഞ്ഞിട്ട്  കൊല്ലമെത്രയായിരിക്കുന്നു. 
പിന്നെ മനുഷ്യത്വം വേണ്ടാത്ത മടുപ്പിക്കുന്ന മരവിച്ച ഒരു തരം ജീവിതമായിരുന്നില്ലേ ...
പെൻഷൻ പറ്റി പിരിഞ്ഞതിന്റെ പിറ്റേന്ന് , പ്രഭാത ചിന്തയിൽ ബാലഗോപാലൻ തന്റെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കി. സത്യത്തിൽ ഒരു പോലീസുകാരനാവേണ്ട ആളല്ല താൻ. ഇനിയൊട്ടും ആ പണിക്ക് പോവുകേയുമില്ല. അച്ഛനിട്ട പേരു പോലും അതിന് യോജിച്ചതുമല്ല. എന്നിട്ടും പോലീസുകാരൻ തന്നെയായി. ഇനിയെങ്കിലും സമാധാനമായിട്ടൊന്ന് ജീവിക്കണം. അതിന് ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലതാനും.
വീട്ടുകാരുടെ വാക്കു വകവെക്കാതെ വിവാഹം വേണ്ടെന്ന് വെച്ചത് വെറുതെയായില്ല. ഇനി
കുറേ പുസ്തകങ്ങള് വായിക്കണം. 
ലോകമായ ലോകമൊക്കെ ചുറ്റിക്കറങ്ങണം. അല്ലെങ്കിലും ജീവിതം തന്നെ ഒരു യാത്രയാണല്ലോ.
പ്രിയപ്പെട്ട ജഗ്ജീത് സിംഗിന്റേയും റാഫിയുടേയും ബാബുക്കയുടേയും പാട്ടുകൾ പൂതി തീരുവോളം കേൾക്കണം. തത്വചിന്തയും പാട്ടുചിന്തയും ഒരുമിച്ചുണർന്നു.
പിന്നെ ഒരു പുസ്തകമെഴുതുണം.
ഒരു സർവ്വീസ് സ്റ്റോറി.
താനിവിടെ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തണമല്ലോ. മാത്രമല്ല യാതയയപ്പു ചടങ്ങിൽ ചാടിക്കേറി പ്രഖ്യാപിച്ചതുമാണ്. അല്ലെങ്കിലും
എഴുത്തിനോട് പണ്ടേ ഒരു കമ്പമുണ്ടായിരുന്നു.
എന്നാൽ അതിനുള്ള സമയവും സാവകാശവും സ്പാർക്കും ഇല്ലാതിരുന്നതുകൊണ്ട് ഇതുവരെ സാധിച്ചില്ല. ഇനിയതാവാം ...
രാഷ്ട്രീയത്തെ മൂല്യങ്ങളെ മുൻനിർത്തുന്ന ഒരു സാംസ്ക്കാരിക പ്രവർത്തനമായല്ലേ കാണേണ്ടത് ...
പക്ഷെ തന്റെ അനുഭവത്തിൽ അങ്ങനെയല്ല ഉണ്ടായിട്ടുള്ളത് ....
സർവ്വീസിലുടനീളം താനത് അനുഭവിച്ചതാണ്. അതുപോലെ മനുഷ്യനിർമ്മിത നിയമങ്ങളെല്ലാം നിയമപരിപാലനത്തിൽ നിഗൂഢ ശാസ്ത്രങ്ങളായി അനുഭവപ്പെട്ടു. നീതിയെപ്പോഴും ദുർബലരായ സാധാരണക്കാരന് അപ്രാപ്യവും അതിസമർത്ഥരായ അധികാരികൾക്ക് അധികാരദുർവിനിയോഗത്തിനുള്ള പഴുതുകളുമായി മാറി.
ഹൃദയത്തിന്റെ ഭാഷയ്ക്ക് വൃത്തവും വ്യാകരണവുമില്ലെന്ന് പറയാറുണ്ട്. അതുപോലെ നിയമത്തിന്റെ ഭാഷയ്ക്കും ഹൃദയവും ബോധ്യവും ഉണ്ടാവാറില്ല. എന്നാൽ താനെഴുതുന്ന സർവ്വീസ് സ്റ്റോറിയിൽ ഇതൊക്കെ ഉണ്ടാവേണ്ടതുണ്ട്. 

അങ്ങനെ മനസ്സുകൊണ്ട് ഭാവിയിലേക്കൊരു ഓട്ട പ്രദക്ഷിണം നടത്തി തിരിച്ചു വന്നപ്പോഴേക്കും വെളുക്കനെ ചിരിച്ചുക്കൊണ്ടൊരു മാരണം മുന്നിൽ വന്നു നിൽക്കുന്നു.
"വാതിലടക്കാത്തതു കൊണ്ട് വെളുപ്പാൻ കാലത്ത് വെറുതെ വിളിച്ച് ശല്യപ്പെടുത്തേണ്ടി വന്നില്ല" 
വന്ന മാരണം കസേര വലിച്ചിട്ട് ഇരുന്നു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് വീടിന്റെ വാതിലിന്റെ കാര്യം ബാലഗോപാലൻ ഓർത്തത് തന്നെ. രാത്രിയെപ്പോഴോ സഹപ്രവർത്തകരുടെ സന്തോഷത്തിന്റെ സഭ കൂടി പിരിഞ്ഞതേ ഓർമ്മയുള്ളൂ . വീടെത്തിയതും കിടന്നതുമൊക്കെ മറ്റാരോ ആണെന്നൊരു തോന്നൽ.
"സാറിന്നലെ പോലീസിന്ന് പിരിഞ്ഞപ്പൊ ഞാനിന്നലെ ജയിലീന്ന് റിലീസായി. സാറ് കാരണവാ എന്റെ ജീവിതം കോഞ്ഞാട്ടയായത്. എന്നിട്ട് ഒന്നും അറിയാത്തതു പോലെ ഇരിക്കുന്നത് കണ്ടില്ലേ ... ഇനിയുള്ള കാലം ഞാൻ സാറിന്റെ കൂടാ".
മിഴിച്ചിരിക്കുന്ന ബാലഗോപാലൻ സ്വയമെന്നപോലെ പറഞ്ഞു ... 
"ഞാനിപ്പൊ , ഒരു വിരമിച്ച പോലീസുകാരനല്ലെ ; കുറ്റവാളികളുമായിട്ടൊന്നും സമ്പർക്കപ്പെടേണ്ട കാര്യമില്ലല്ലോ". "ഞാനിപ്പൊ ഒരു വിരമിച്ച  കള്ളനാ സാറെ. അപ്പൊ സമ്പർക്കപ്പെടാലോ. മാത്രമല്ല എന്റെ ജീവതം തകർത്തത് ബാലഗോപാലൻ സാറാ". 
വന്നയാൾ തറപ്പിച്ചു പറഞ്ഞു.
"ഇവനെന്നെ തേടി തന്നെ വന്നതാണ്"
ബാലഗോപാലൻ മനസ്സിൽ കുറിച്ചു. തെല്ലൊന്ന് സംശയിച്ച് ചോദിച്ചു ...
"നീയാ പിച്ചാത്തി പരമുവാണോ. പിച്ചാത്തികൊണ്ടു പൂട്ടുതുറക്കുന്ന പ്രഗൽഭൻ. നിന്റെ കയ്യിലിപ്പഴും പിച്ചാത്തിയുണ്ടോ. എന്നെ കൊല്ലാനോ മറ്റോ".
വന്നയാൾ പറഞ്ഞു...
"എവിടന്ന് . ഞാനാരേം കൊന്നിട്ടില്ല സാറെ. മോഷണ ശ്രമത്തിനിടെ അയാളെയൊന്ന് കുത്തിപ്പോയി. അയാളുടെ സമയം അടുത്തോണ്ട് അയാളങ്ങ് ചത്തു. അതിനല്ലെ സാറെന്നെ പിടിച്ച് കൊലപാതകിയാക്കിയേ ? "
''അങ്ങനാണേ പരമുവല്ല .  പിന്നെയാരാ" ... 
ബാലഗോപാലൻ ചിന്തക്ക് തീ കൊളുത്തി. അത് അന്തരീക്ഷത്തിലേക്ക് പുകച്ചുരുളായി പായിച്ചു. വന്നവൻ ചുവപ്പു ഷർട്ടഴിച്ച് ചുമരിൽ കലണ്ടർ തറച്ച ആണിയിൽ തൂക്കി മാസത്തിനും ദിവസങ്ങൾക്കുമിടയിൽ ഒരു ചുവന്നവരയിട്ടു വെച്ചു. വന്നവന്റെ കഴുത്തിലാടുന്ന കുരിശ് കണ്ട് ബാലഗോപാലൻ വീണ്ടും ചോദിച്ചു. 
"നീ ജോസഫല്ലേടാ  ? ... ജില്ലം ജോസഫ് ? " 
അവിടെക്കണ്ട ഒരു തോർത്തെടുത്ത് കുടഞ്ഞ് വന്നയാൾ പറഞ്ഞു.
"വിശേഷവൊക്കെ കുളി കഴിഞ്ഞിട്ട് പറയാവല്ലോ. നേരം കെടക്കുവല്ലേ. ഇപ്പഴേ ഇതങ്ങ് പിടി. അതിങ്ങ് താ"...
അയാൾ വരുന്ന വഴിക്ക് വാങ്ങിയ ഫയർ ബാലഗോപാലനെ എൽപ്പിച്ച് ബാലഗോപാലന്റെ  ചുണ്ടത്തിരിക്കുന്ന സിഗററ്റെടുത്ത് ഒന്ന് ആഞ്ഞു പുകച്ച് തുടർന്നു ...
"വായിച്ചോണ്ടിരി. ച്ചിരി എരുവും പുളിയും ചെല്ലട്ടെ". 
പിന്നെ അയാൾ ഒന്നും രണ്ടും സാധിക്കാൻ അതിന്റെ സാധ്യതയന്വേഷിച്ച് ഒരു മൂളിപ്പാട്ടും പാടിപ്പോയി ... 
"ആഹാ ... രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല" ...
ബാലഗോപാലൻ അറപ്പോടെ കൈയ്യിലുള്ള ഫയർ താഴേക്കിട്ടു കൊണ്ട് സ്വയം പറഞ്ഞു. 
"ജോസഫല്ല ... അവൻ പുകയും വലിക്കില്ല , പാട്ടും പാടില്ല. പിന്നെ ഏതവനാടാ ഇവൻ"
ഇനിയുള്ള കാലമെങ്കിലും മനസ്സമാധാനമായിട്ടൊന്ന് ജീവിക്കാനിരുന്നതാ. ഇത്തിരി മനസ്സമാധാനം അകത്താക്കാൻ തന്നെ അയാൾ തീരുമാനിച്ചു. അലമാരക്കകത്തു നിന്നും കുപ്പിയെടുത്ത് മദ്യം ഗ്ലാസിലേക്ക് പകർന്നു. രാവിലെ തന്നെ തുടങ്ങാനുള്ള  ഒരസ്കിതയിൽ തൊട്ടു നക്കാൻ അച്ചാറു കൊണ്ടു വെച്ചു. പിന്നെ ചന്ദനത്തിരി കത്തിച്ചുവെച്ചു. കത്തിച്ചു പിടിച്ച ചന്ദനത്തിരിയുമായി മദ്യം നിറച്ച ഗ്ലാസ് നോക്കി അങ്ങിനിരിക്കെയാണ്  കുളികഴിഞ്ഞു വന്ന മാരണം ഒന്നും നോക്കാതെ ഒഴിച്ച് വച്ച മദ്യമെടുത്ത് ഒറ്റ വലിക്കകത്താക്കിയത്. അറപ്പുളവാക്കുന്നൊരു ഏമ്പക്കമിട്ടയാൾ പറഞ്ഞു ...
"രാവിലെ തുടങ്ങിയല്ലെ. ഇന്നലത്തെ ഹാങ് ഓവറ് മാറാൻ നല്ലതാ സാറെ" ...
അൽപം ഗൗരവത്തോടെ ബാലഗോപാലൻ പറഞ്ഞു. 
"ഞാനൊരു നീണ്ട യാത്രക്കുള്ള തയ്യാറെടുപ്പിലാണ്. വീടും സ്ഥലവും വിറ്റുകിട്ടിയാൽ ഉടനെ തിരിക്കും".
"നന്നായി സാറെ. കൂട്ടിനിപ്പൊരാളെക്കൂടി കിട്ടിയില്ലെ. സാറ് ഭാഗ്യവാനാ. ഞാനാണേ ജയിലിനകത്ത് കിടന്നങ്ങ് ബോറടിച്ചിരിക്കുവായിര്ന്ന്. ഒരു യാത്രയും നല്ലതാ".
അയാൾ അടുത്ത പെഗ്ഗ് വലതുകൈകൊണ്ടൊഴിച്ച് ഇടതുകൈകൊണ്ട് കഴുത്തിൽ തൂങ്ങി കിടക്കുന്ന കുരിശ് തടവികൊണ്ട് പറഞ്ഞു ...
"ഇത് കൂടെയുണ്ടായിരുന്ന ആന്റപ്പൻ ചേട്ടന്റെ സ്നേഹവാ. സാറിനിപ്പഴും എന്നെയങ്ങോട്ട് പിടിത്തം കിട്ടിയിട്ടില്ലല്ലെ ?  എന്നെ പിടിച്ചു കൊടുക്കാൻ സാറന്ന് പരമാവധി പരിശ്രമിച്ചായിര്ന്നു. ഓർത്ത് നോക്ക് ... പരമുവുമല്ല ജോസഫുമല്ല" ...
അയാളുടെ ചുവന്ന കണ്ണുകൾ ബാലഗോപാലനിലേക്ക് ആഴ്ന്നിറങ്ങി. ആ നോട്ടത്തിൽ ബാലഗോപാലനൊന്ന് അസ്വസ്ഥനായി ... വന്നയാൾ നീട്ടിയ മദ്യം വാങ്ങി ബാലഗോപാലനും കണ്ണുമടച്ച് ഒറ്റ വലിക്ക് കുടിച്ചു. പിന്നെ ചിന്തക്ക് തീ കൊളുത്തി സർവീസ്സിലൂടെ ഒന്നു റോന്തുചുറ്റി പുകച്ചുരുളുകൾക്കുള്ളിൽ കിടന്നു കറങ്ങി. സിഗററ്റ് കുറ്റി അണക്കുമ്പോഴേക്കും വന്നയാൾ കുപ്പിയുടെ പകുതിയും തീർത്തിരുന്നു.
"കണ്ടു പിടിച്ചോ ? " വന്നയാൾ പരിഹാസച്ചുവയോടെ ചോദിച്ചു.
"നീയെന്താ കള്ളനും പോലീസും കളിക്ക്യാ ? "
ബാലഗോപാലൻ നീരസത്തോടെ തിരിച്ചു ചോദിച്ചു.
"അല്ല സാറെ. സർവ്വീസ് സ്റ്റോറിയൊക്കെ എഴുതാൻ പോകുവാന്ന് കേട്ടായിര്ന്ന്. ഈ ഓർമ്മപ്പിശകും വെച്ച് അതിനൊക്കുവോ ?"
വന്നവൻ ചോദിച്ചതിലും കാര്യമുണ്ടെന്ന് ബാലഗോപാലനു തോന്നി. അയാൾ ചിന്താവൃത്തത്തിലേക്ക് തന്നെ തിരിച്ചുപോയി. 
അമ്പത്തിയേഴ് കൊല്ലം പിറകോട്ടേക്ക് ഒരു പെനാൽട്ടി കിക്ക്. ബാലഗോപാലൻ കാൽപ്പന്തുകളിയിൽ കൗമാരക്കാരുടെ ആവേശമായിരുന്ന കാലം. ഏറനാട്ടിൽ കായിക താരമായിരുന്ന കാലം. അതേ കാലത്തു തന്നെ ഭൂസമരങ്ങളിലൂടെ നേതൃനിരയിലേക്ക് വളർന്നു വന്ന സഖാക്കളുടെ ആവേശമായിരുന്നു ധീരനായ കുട്ട്യാലിയും. കുട്ട്യാലി ജനങ്ങൾക്കൊപ്പമല്ല , ജനങ്ങൾക്ക് മുന്നിൽ നിന്നാണ് ഭൂവുടമകൾക്കെതിരെ സമരം നയിച്ചത്. അങ്ങനെ ജനപ്രിയ നേതാവ് ജനപ്രതിനിധിയുമായി. അധികാരത്തിന്റെ ആർത്തി മൂത്ത് ഇരുട്ടിന്റെ മറപറ്റി ഇരട്ടക്കുഴൽ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടയിൽ കുട്ട്യാലി മരിച്ചുവീഴുമ്പോൾ ശ്വാസമടക്കിപ്പിടിച്ച് ബാലഗോപാലൻ കണ്ട വരത്തനായ മുറിചെവിയൻ കൊലയാളിക്ക് ഇപ്പോൾ തന്റെ മുന്നിൽ വന്നു നിൽക്കുന്നവനുമായി വല്ല രൂപ സാദൃശ്യവുമുണ്ടോ ...
ഉണ്ട് ...
കാലം നരയും ചുളിവും വീഴ്ത്തിയെങ്കിലും മാറ്റമില്ലാതെ തുടരുന്ന ആ മുറിയൻ ചെവിയുണ്ട് ... കാട്ടി കരുണൻ ... യാതൊരു കരുണയുമില്ലാത്ത മനുഷ്യമൃഗം  ...
കരുണൻ പരോളിലിറങ്ങിയപ്പോഴൊക്കെ നാട്ടിൽ രാഷ്ട്രീയ പകപോക്കലുകൾ നടന്നിട്ടുണ്ട് ... രക്തം ചിന്തിയിട്ടുണ്ട് ... രക്തസാക്ഷികൾ പിറന്നിട്ടുമുണ്ട് ...  അധികാരത്തിന്റെ കസേരക്കളിയിൽ ഇങ്ങനെ ഒരുപാട് കരുണൻമാരെ എന്നും എക്കാലത്തും രാഷ്ട്രീയം കയ്യാളുന്ന മേളാളൻമാർ വിലക്കു വാങ്ങിയിരുന്നു ... താനായിരുന്നല്ലോ കുട്ട്യാലിക്കേസിലെ ഏക ദൃക്സാക്ഷി. കരുണൻ ശിക്ഷിക്കപ്പെട്ടതും തന്റെ സാക്ഷി മൊഴിയിലാണ്. സ്പോർട്സ് കോട്ടയിൽ എ എസ് ഐ ആയി പോലീസിൽ ചേർന്ന താനെന്നും കരുണന്റെ പാർട്ടിക്കാർക്ക് കണ്ണിലെ കരടായിരുന്നല്ലോ. മാറിമാറി വന്ന അവരുടെ ഭരണകാലത്ത് , തന്നെയവർ കേരളം മുഴുവനിട്ട് പന്തുതട്ടി കളിച്ചിട്ടുണ്ട്. സ്പെഷൽ യൂണിറ്റിലേക്കയക്കേണ്ട തന്നെ പതിവായി ലോക്കലിലേക്ക് നിയമിച്ചു. ന്യായമായും ലഭിക്കേണ്ട പ്രമോഷനുകളും തടഞ്ഞു വെച്ചു. ഒടുവിൽ ഒരേയൊരാഴ്ച്ച സി ഐ ആയി വിരമിച്ചു...... ആദ്യമൊക്കെ അവൻ പരോളിലിറങ്ങുമ്പോൾ, തന്നെ തേടി വരുമായിരുന്നു. വെറുതെ കണ്ടൊന്ന് തൊഴുത് സുഖാന്വേഷണം നടത്തി പോവുമായിരുന്നു.  പത്തിരുപത്തഞ്ച് കൊല്ലമായിക്കാണും അവസാനമായി കണ്ടിട്ട്. എന്തിനായിരിക്കും ഇപ്പൊൾ അവൻ എന്നെ തേടി വന്നത്. തന്നെയവൻ മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിക്കാനോ ... അതോ ...
അപ്പോഴേക്കുമയാൾ ബാലഗോപാലന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു. പുകപടലങ്ങൾ ബാക്കിയാക്കി ബുള്ളറ്റ് അയാളേയും കൊണ്ട് പറന്നു. 

യൊഹാൻ സെബാസ്റ്റ്യൻ ബാഹിന്റെ സംഗീതം രോഗശമനം നൽകിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അസ്വസ്ഥതകളിൽ  അറിയാതെ അരിച്ചെത്തുന്ന ഭയം ശമിപ്പിക്കാനും സംഗീതം തന്നെയാണ് മരുന്ന്. ബാലഗോപാലൻ ഹോം തീയറ്ററിൽ പെൻഡ്രൈവ് കണക്ട് ചെയ്തു. വിലായത് ഖാന്റെ സിത്താറിന്റെ മാന്ത്രികതയിൽ അയാൾ കുപ്പിയിലുള്ളതിന്റെ ബാക്കിയും അകത്താക്കി. ഇരു ലഹരിയും അയാളെ പതുക്കെ മയക്കത്തിലേക്ക് തള്ളിയിട്ടു. ഉണർന്നത് കരുണൻ വന്ന് തട്ടി വിളിച്ചപ്പോഴാണ്. 
"ദാണ്ടെ , നമ്മുടെ ദേശീയ ഭക്ഷണം കൊണ്ടു വെച്ചിട്ടുണ്ട്. പിന്നെ ഞാനിച്ചിരി ഇറച്ചിയങ്ങ് വാങ്ങി കറിവെച്ചു. സാറ് നല്ല കൂർക്കം വലിയാ കെട്ടോ. സിത്താറും കൂർക്കം വലിയും കൂടി ഒരു ജുഗൽബന്ദിയായിരുന്നിവിടെ. പണ്ട് ജവഹർലാൽ നെഹ്റു കിടപ്പിലായപ്പൊ ഡോക്ടർമാര് നിർദ്ദേശിച്ചത് ഈ പുള്ളിയുടെ സിത്താർ വായനയല്യോ. കെടക്കെട്ടെന്ന് ഞാനും കരുതി. ഹാ ,  സാറിങ്ങോട്ടെഴുന്നേറ്റേ. ദാ ഒരോന്ന് പിടിപ്പിക്ക്. ഞാൻ നല്ല വിസ്ക്കി വാങ്ങിച്ചിട്ടുണ്ട്. ഒഴിക്കാൻ ഇളനീരും. ഇവനാവുമ്പൊ ഒരോളത്തിലങ്ങ് കിടക്കും"
അയാൾ പൊറോട്ടയും ചിക്കൻ കറിയും മദ്യവും മറ്റും ടീപ്പോയിൽ നിരത്തി വെച്ചിരുന്നു. ബാലഗോപാലൻ ചുരുണ്ടു കിടന്ന സോഫയിൽ നിന്നും എഴുന്നേറ്റിരുന്നു. കരുണൻ ഇളനീരൊഴിച്ച് ഒരു പെഗ്ഗ് ബാലഗോപാലന് നേരെ നീട്ടി പറഞ്ഞു ...
"ഒരു പോലീസുകാരന്റെ ജീവിതം നരകവാ അല്ലെ സാറെ ? "
കരുണൻ നീട്ടിയ മദ്യം വാങ്ങി ഒരു കവിൾ കുടിച്ച് ബാലഗോപാലൻ ചോദിച്ചു ...
"കരുണൻ വന്ന കാര്യം പറ"
മുറിചെവി തടവിക്കൊണ്ട് കരുണൻ പറഞ്ഞു ...
"അപ്പൊ മുച്ചീട്ട് കളിക്കാരനും പിടിച്ചുപറിക്കാരനും കള്ളനുമൊന്നുമല്ലെന്ന് മനസ്സിലായി. അന്ന് ഞാൻ ജീവിതം തുടങ്ങുന്ന കാലത്ത് കൊലപാതകിയായെന്നെ മുദ്ര കുത്തി ജയിലിലടച്ചത് സാറാ. അതിന്റെ പിൻതുടർച്ചാവകാശത്തിൽ ഞാൻ പിന്നെയങ്ങോട്ടൊരുപാട് തെറ്റുകൾ ചെയ്യുന്നൊരു ശരിയായി. ഒന്നും എനിക്ക് വേണ്ടി ആയിരുന്നില്ല. അധികാരികൾക്ക് വേണ്ടി. അവരുടെ അധികാരത്തിനു വേണ്ടി. ഒരിക്കൽ പോലും കാണുകയോ അറിയുകയോ മിണ്ടുകയോ ചെയ്യാത്തവരെ കൊന്നു. അതിന്റെ അവസാനത്തെ കണ്ണിക്ക് കുറിവീണതിപ്പം ഇവിടയാണ്. ഒരു വ്യത്യാസമേയുള്ളൂ. നമ്മൾ തമ്മിൽ പരിചയമുണ്ട്. പരസ്പരം അറിഞ്ഞിട്ടുണ്ട്. മിണ്ടിയിട്ടുണ്ട്. പിന്നെ പഴയൊരു പ്രതികാരവുമുണ്ട്. അല്ലേ സാർ"
കരുണന്റെ കണ്ണുകൾ ബാലഗോപാലന്റെ കണ്ണുകളിൽ കോർത്തു.
"എത്ര ദിവസം ... എത്ര ദിവസം എന്നെ കൊല്ലാതിരിക്കാൻ നിനക്ക് കഴിയും"
ബാലഗോപാലൻ നോട്ടം മുറിയാതെ ചോദിച്ചു. നോട്ടത്തിന്റെ തുടർച്ചയിൽ കരുണന്റെ മറുപടി വന്നു ...
"പരമാവധി ഇരുപത്തിയൊൻപത് ദിവസം"
ബാലഗോപാലൻ സ്വയമെന്നോണം പറഞ്ഞു.
"മതി. അത്രയും മതി. അതിനുള്ളിൽ ഞാനത് എഴുതി തീർക്കും"
"ഈ സർവ്വീസ് സ്റ്റോറിയാണ് സാറിന്  നറുക്കു വീണത്"
കരുണൻ മദ്യം ചുണ്ടോടടുപ്പിച്ച് കണ്ണിമവെട്ടാതെ പറഞ്ഞു.
ഒരു കവിൾ മദ്യം കുടിച്ച് കണ്ണെടുക്കാതെ ബാലഗോപാലനും തുടർന്നു ...
"അറിയാം. അതു പുറത്തു വന്നാൽ അധികാരത്തിനു വേണ്ടി പലരും ചെയ്ത പലതും ഇരുട്ടിന്റെ മറനീക്കി പകൽ വെളിച്ചത്ത് വരും.  എനിക്കെഴുതാതിരിക്കാനാവില്ല. നിനക്കെന്നെ കൊല്ലാതിരിക്കാനും. കൊല്ലുന്നതിനൊപ്പം എന്റെ എഴുത്തും നിനക്ക് നശിപ്പിക്കാം. പക്ഷെ ഞാനതെഴുതി തീർക്കും" ... വീട്ടുതടങ്കലിനു തുല്ല്യമായ ചില നിബന്ധനകളോടെ കരുണൻ ബാലഗോപാലന്റെ ആയുസ്സ് നീട്ടികൊടുത്തു. ബാലഗോപാലന്റെ ആയുസ്സിന്റെ പുസ്തകത്തിൽ ഇനി ഇരുപത്തിയൊൻപത് ദിവസങ്ങൾ മാത്രം.  മരിക്കാനുള്ള സമയം കുറിച്ചു കഴിഞ്ഞു. ജീവിക്കാനുള്ള സമയം കുറഞ്ഞു വരുന്നു. നിമിഷസൂചിയുടെ ചലനത്തിനൊപ്പം അരിച്ചു കയറുന്ന മരണഭയം മനസ്സിനെ കീഴ്പ്പെടുത്തും മുമ്പ് എഴുത്തിന്റെ വിത്തുകൾ പാകണം. അതെ എഴുതാൻ വേണ്ടിയുള്ള സമയവും സമാഗതമായിരിക്കുന്നു. എഴുതാൻ മാത്രമുള്ള സമയം. അതും തലക്ക് തോക്ക് ചൂണ്ടി കരുണൻ നിറയൊഴിക്കാൻ കാത്തു നിൽക്കുന്ന സമയം. തന്റെ സമയത്തിനിപ്പോഴാണ് വലിയ വില നൽകേണ്ടി വന്നത്. ബാലഗോപാലന്റെ ചിന്തകളെ ഭയം വിഴുങ്ങി തുടങ്ങി. നിമിഷനേരം കൊണ്ട് ഭയം പ്രസവിച്ച് പെരുകുന്നതായി അയാൾക്ക് തോന്നി. അതിന്റെ ഭാരം താങ്ങാനാവാതെ ബാലഗോപാലൻ ക്ഷണത്തിൽ ഒരു പെഗ്ഗു കൂടി കഴിച്ചു. പിന്നേയും പിന്നേയും കഴിച്ചു ... അങ്ങനെ ഭാരിച്ചു വരുന്ന ഭയത്തിനു മുകളിൽ അയാൾ പാകിയ വിത്തുകൾ അക്ഷരങ്ങളായി മുളച്ചു തുടങ്ങി. കരുണൻ ബാലഗോപാലന്റെ ഫോൺ എടുത്ത് അതിൽ നമ്പർ ലോക്ക് സെറ്റ് ചെയ്തു. അപ്പോൾ അയൽവാസി ചാമിയാർ തിടുക്കത്തിൽ അങ്ങോട്ട് കയറി വന്നു. ആ കറുത്തുരുണ്ട കുറിയ മനുഷ്യനുരുണ്ടു വന്ന് അവർക്കരികിലെത്തി.
''ഇത് സെറിയള്ളാട്ടോ ... സണ്യാസത്തിണ് പോകുണ്ണത് ,  ണള്ളത്. അതുകൊണ്ട് റാവിളെ മുതള് കള്ള് കുടിക്കണമെണ്ണിള്ള. കൂട്ടുകാറനും കൂടെ കുടിക്കുണ്ണുണ്ടള്ളോ. സാറിനെപ്പോളെ പോലീസുകാറണാവും" 
ചാമിയാരുടെ ഉച്ചത്തിലുള്ള സംസാരത്തിന് ശാന്തനായി കരുണൻ മറുപടി മൊഴിഞ്ഞു ...
"അല്ല കളളനാ. ആരു പറഞ്ഞു സാറ് സന്യസിക്കാൻ പോകുവാന്ന്"
വലിയൊരു കാര്യം കണ്ടു പിടിച്ച ഗമയിൽ ചാമിയാർ തുടർന്നു ...
"വീടും സ്ഥളവും വിൽക്കാൺ പറഞ്ചള്ളോ. ണാണതിന് ആളെ റെഡിയാണ്ണുണ്ട്. സണ്യസിക്കാണല്ലാതെ പിണ്ണെന്തിനാണ്  ?  ....  സോറി കള്ളൻ ,  മിസ് അണ്ടർസ്റ്റാന്റ് ചെയ്യറുത്. ണാൺ ബ്രോക്കറള്ള ,  ചിന്ന ഒറു ഹെൽപ്പ്. ഇങ്കേ കമ്മത്ത് ലൈണിളെ എണിക്കൊറു സ്വർണ്ണക്കടയിറുക്ക്.  എണക്ക് ഇണ്ണേക്ക് പൊറന്തനാള്. രണ്ടു പേറും സാപ്പാടിണ് വീട്ടുക്ക് വാങ്ക" ...
ചാമിയാർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. 
"ഇന്നതൊന്നും ശരിയാവില്ല ചാമിയാരെ"
ബാലഗോപാലൻ കരുണനെ നോക്കി പറഞ്ഞു. 
"അയ്യയ്യോ അവളവു ഫിറ്റാ. സറി സാപ്പാട് ണാൺ ഇങ്ക കൊണ്ടുവറേൻ"
ചാമിയാർ മറുപടിക്ക് കാത്ത് നിൽക്കാതെ തിടുക്കത്തിൽ തിരിഞ്ഞു നടന്നു. ചാമിയാരുടെ വീട് ഒരു മതിലിന്റെ പോലും മറയില്ലാതെ ബാലഗോപാലന്റെ വീടിനോട് ചേർന്ന് സയാമീസ് ഇരട്ടകളെ പോലെ കിടക്കുകയാണ്. ബാലഗോപാലനുള്ള ബെഡ് കോഫി എന്നും ചാമിയാരുടെ ഭാര്യ ഭഗീരഥിയുടെ വകയാണ്. ബാലഗോപാലൻ കുടിച്ചാലും കുടിച്ചില്ലെങ്കിലും കൃത്യമായിട്ടത് രാവിലെ ഏഴു മണിക്ക് ജനൽ പടിയിലുണ്ടാവും. 

തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അക്ഷരങ്ങളുടെ മൂശയിലിട്ട് വാക്കുകൾ വാർത്തെടുക്കുകയാണ് ബാലഗോപാലൻ. സർഗ്ഗവേദനയുടെ സംവേദനതൃഷ്ണയിൽ രാകിയെടുത്ത ജീവിത സത്ത്യങ്ങളെ അയാൾ ഇന്നലകളുടെ നാൾ വഴികളിലേക്ക് വിളക്കിച്ചേർക്കുകയാണ്. തന്റെ എഴുത്തിടങ്ങളിലേക്ക് എഴുതാനുള്ളതിന്റെ ഉള്ളാരുക്കം നടത്തി ബാലഗോപാലൻ സാക്ഷ്യമെന്ന് തന്റെ സർവ്വീസ് സ്റ്റോറിക്ക് നാമകരണം ചെയ്തു. ജനിക്കും മുമ്പെ നാമം നിർണ്ണയിച്ച സൃഷ്ടിയുടെ ജാതകമെഴുതാൻ അയാൾ സാക്ഷ്യത്തെ മൂന്നായി ഭാഗിച്ചു. രക്തസാക്ഷി , സാക്ഷി , ആത്മസാക്ഷി. മനസ്സിന്റെ ചതുരംഗക്കളത്തിൽ കറുപ്പും വെളുപ്പുമായി ഇടതും വലതുമായി രാഷ്ട്രീയക്കരുക്കൾ നിരന്നു. ഓരോ കരുനീക്കത്തിലും കരുക്കൾ കോമരങ്ങളായി കളത്തിൽ ഉറഞ്ഞു തുള്ളി. പരസ്പ്പരം പടവെട്ടി പോരടിച്ച് ചോര ചിന്തി , പടക്കളം ചോരച്ചാലുകൾ കൊണ്ട് നിറഞ്ഞു. ചോരയിറ്റു വീഴുന്ന  മരിക്കാത്ത വാക്കുകൾ മുറിവുണങ്ങാത്ത നിണമണിഞ്ഞ വരികളെ സാക്ഷ്യപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് കണക്കെടുക്കപ്പെടുന്ന രാഷ്ട്രീയ ബലിദാനികളുടെ അക്കങ്ങൾ അണിനിരത്തി ബലാബലത്തിലൂടെ അരങ്ങേറുന്ന പകിട കളികൾ. വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട നക്സൽ നേതാവ് മുതൽ കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരകളായി തീരുന്ന വിദ്യാർത്ഥികൾ വരെ നീളുന്ന അസംഖ്യം രക്തസാക്ഷികൾ. ജാതിയുടെയും നിറത്തിന്റേയും ലിംഗത്തിന്റേയും വിശപ്പിന്റേയും  മതിലുകൾക്കിടയിൽ രക്തസാക്ഷികളായിപ്പോയവർ. പ്രായഭേദമന്യേ പിഞ്ചു പെൺകുട്ടികൾ മുതൽ വൃദ്ധകൾവരെ ഏതു നിമിഷവും എവിടെ വെച്ചും എപ്പോഴും കൊടിയ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന രക്തസാക്ഷികൾ ഏറെ. ട്രാൻസ് സൗഹൃദമെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഇതര ലിംഗ ലൈഗിംക വിഭാഗങ്ങളിലെ രക്തസാക്ഷികളും വേറെ. അങ്ങനെ മണ്ണിനും പെണ്ണിനും പൊന്നിനും പണത്തിനും അധികാരത്തിനും വേണ്ടി  ഇരയാക്കപ്പെട്ടവരുടെ രക്തസാക്ഷിക്കൂട്ടത്തെ അക്ഷരങ്ങളിൽ അരിച്ചെടുത്ത് ബാലഗോപാലൻ ആദ്യഭാഗം ആദ്യ ആഴ്ച്ചയിൽ തന്നെ അനവധി അദ്ധ്യായങ്ങളിലായി അടയാളപ്പെടുത്തി. രണ്ടു ദിവസത്തെ മാറ്റിക്കുറിക്കിയുള്ള രചനയുടെ രസതന്ത്രത്തിൽ ഇരുപത് അദ്ധ്യായങ്ങളിലായി രക്തസാക്ഷി പിറന്നു. അപ്പോഴും മദനി മുതൽ ഹാദിയ വരെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ അയാളെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു. എഴുത്തിനൊരിടവേള നൽകി ബാലഗോപാലൻ  മദ്യസേവയിലേക്ക് കടന്നു. 
"നിനക്കെന്നെ കൊല്ലാനായേക്കും പക്ഷെ എന്റെ ആശയത്തെ കൊല്ലാനാവില്ല. ഏറ്റുമുട്ടേണ്ടത് വ്യക്തികളോടല്ല. ആശയങ്ങളോടാണ്" 
എഴുത്തിന്റെ ആത്മവിശ്വാസത്തിൽ തേട്ടി വന്ന അഴീക്കോട് മാഷിന്റെ തത്വചിന്തയിൽ ബാലഗോപാലൻ ലഹരിയിൽ മുങ്ങി മൊഴിഞ്ഞു കുഴഞ്ഞു.
ഹോം തീയറ്ററിൽ നിന്നൊഴുകുന്ന ഉമ്പായിയുടെ ഗസലാസ്വദിച്ചിരിക്കുന്ന കരുണൻ അതും കേട്ടൊന്നാസ്വദിച്ചു ചിരിച്ചു. 
"സത്യത്തെ മിഥ്യയും, മിഥ്യയെ സത്യവുമാക്കുന്ന കാലത്തിന്റെ ജാലവിദ്യക്കിടയിൽ, നേരു മാത്രം കാണുന്ന നേരത്തെ സാക്ഷിയാവണമെനിക്ക്"
ബാലഗോപാലൻ മദ്യത്തിന്റെ ലഹരിയിൽ ആ രാത്രിയിൽ കത്തിയമർന്നു. 
പുലരും നേരം അയാൾ സൂര്യോദയം കാണാനാൻ അതിയായി ആഗ്രഹിച്ചു. കരുണനയാളെ കുന്നിൻ മുകളിലേക്ക് കൂട്ടികൊണ്ടു പോയി .. 
അരുണോദയവേളയിൽ അലയൊലികളുതിർത്ത് പൊട്ടിപ്പുറപ്പെട്ട സൂര്യപ്രഭാവം സിന്ദൂരപ്പൊട്ടു പോലെ ഉദിച്ചുയർന്നു വരുന്നത് കണ്ട് അയാൾ ആവേശഭരിതനായി പറഞ്ഞു ...
"ഉദയസൂര്യൻ നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ഇന്നലെ സന്ധ്യ മുതൽ മാറി നിന്നത് ശക്തിയോടെ വീണ്ടും തിരിച്ചു വരാനാണെന്ന്. മാറി നിന്നപ്പോഴും സത്യത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് മറ്റൊരിടത്ത് പ്രകാശിച്ചു കൊണ്ടേയിരുന്നുവെന്ന്. ബാലഗോപാലൻ മുമ്പെന്നോ വായിച്ചതിന്റെ ആവേശത്തിൽ ആഴിപ്പരപ്പിൽ നിന്നും ആകാശപ്പരപ്പിലേക്ക് പിറന്നപടിയെത്തുന്ന കുങ്കുമസൂര്യനെ  കണ്ണിമവെട്ടാതെ നോക്കി നിന്നു. അസ്തമയത്തിന്റെ അന്തിച്ചന്തം കാണാനും കരുണനയാളെ കടൽ തീരത്തേക്ക് കൊണ്ടുപോയി. അലറി അടുക്കുന്ന തിരമാലകൾ തല തല്ലികരഞ്ഞ് രക്തവർണ്ണമാവുന്നു. ഒരു തിര അവസാനിക്കുമ്പോൾ മറ്റൊന്ന് ... നിറം മാറുന്ന ആകാശം. കടൽ പക്ഷികളുടെ കൂട്ട കരച്ചിൽ. വലിയ സൈക്കിൾ ടയർ ഉരുട്ടി വരുന്ന പയ്യൻ ബാലഗോപാലനു മുന്നിലേക്ക് വന്നു. അവന്റെ സൈക്കിൾ വൃത്തത്തിനകത്തുകൂടി ബാലഗോപാലൻ അസ്തമയ സൂര്യന്റെ അവസാനം കണ്ടു. നാളത്തെ പകലിനായ് പൂർവ്വാധികം ശക്തിയിൽ ഉയർത്തെഴുന്നേൽക്കാൻ  ചോരയൊലിച്ചത് ചെഞ്ചോരക്കടലിൽ മരിച്ചു വീണിരിക്കുന്നു. അന്തിച്ചുവപ്പിന്റെ ചമയം ഇരുണ്ട് രാത്രിയുടെ മേലാപ്പ് കെട്ടി. നീലാകാശം പൂത്തുലഞ്ഞ് നക്ഷത്ര കുഞ്ഞുങ്ങൾ മിന്നിത്തിളങ്ങിയപ്പോൾ  കരുണൻ ബുള്ളറ്റ് സ്റ്റാർട്ടു ചെയ്തു.  അനുസരണയുള്ളവനായി ബാലഗോപാലൻ കരുണനു പിറകിൽ കയറി ചെവിയിലേക്ക് ചുണ്ടുകൾ ചേർത്തുവെച്ചു മന്ത്രിച്ചു ...
"സത്യം ഒരു വജ്രസൂചി പോലെയാണ്. സത്യത്തിന്റെ തെളിവുകളെ നശിപ്പിക്കാൻ അനുവദിക്കില്ല. നശിപ്പിക്കപ്പെട്ടവയുടെ ചിത്രങ്ങളെല്ലാം പുന:സൃഷ്ടിക്കുക തന്നെ ചെയ്യും" ഉടമയാരെന്നോർമ്മയില്ലാത്ത ഉദ്ധരിണികൾ ബാലഗോപാലനിൽ ഉദിച്ചുകൊണ്ടിരുന്നു. അയാളെ ഭരിക്കുന്ന ചിന്തകളേയും വഹിച്ചുകൊണ്ട് കരുണൻ ബുള്ളറ്റിൽ പാഞ്ഞു. ആ യാത്ര അയാളുടെ എഴുത്തിന്റെ തുടർച്ചയിലവസാനിച്ചു. തുടർന്നുള്ള മണിക്കൂറുകൾ രണ്ടാം ഭാഗമായ സാക്ഷിയുടെ സൃഷ്ടിക്ക് മൂകസാക്ഷിയായി രാത്രിയിലവസാനിച്ചു. കരുണൻ അടക്കവും ഒതുക്കവുമുള്ളൊരു വീട്ടമ്മയെപ്പോലെ വീടകം അടിച്ചും തുടച്ചും അടുക്കിയും വൃത്തിയാക്കിയും പകലിന്റെ പാതി കഴിച്ചുകൂട്ടി. പാതി കഴിഞ്ഞ പകലിൽ ബാലഗോപാലനെ വീടിനകത്തിട്ടു പൂട്ടി പുറത്തേക്കൊന്നിറങ്ങി  വേണ്ടതൊക്കെ വാങ്ങിച്ചു വന്നു. വേണ്ടുവോളമൊക്കെ വെച്ചുണ്ടാക്കി . വിളമ്പി. നിമിഷങ്ങൾ മണിക്കൂറുകളും മണിക്കൂറുകൾ ദിവസങ്ങളുമായി പെരുകി. മരിക്കാൻ ഒൻപതു ദിവസം ബാക്കി നിൽക്കെ ബാലഗോപാലൻ സാക്ഷിയുടെ സൃഷ്ടി ഇരുപത്തിരണ്ട് അദ്ധ്യായങ്ങളിലായി പൂർത്തിയാക്കി. മനസ്സ് നന്നേ വിയർത്തിരിക്കുന്നു. ശരീരവും ഒന്നു വിയർക്കണം. ബാലഗോപാലൻ കാൽപന്തുകളിയുടെ ഓർമ്മകൾ അയവിറക്കി. ആ ഓർമ്മകളുടെ ഓരത്തുനിന്നും കളിക്കളത്തിലേക്ക് കരുണനയാളെ കൂട്ടിക്കൊണ്ടുപോയി ... അവർ മലബാർ ക്രിസ്ത്യൻ കോളേജിന്റെ ഗ്രൗണ്ടിലേക്കെത്തി. ബാലഗോപാലനവിടെ കാൽപ്പന്തുകളിയിൽ കൗമാരക്കാർക്കൊപ്പം കൂടി കളിച്ചു തുടങ്ങി. ആവേശത്തിരയിളക്കത്തിൽ അവസാനത്തെ കളി അറിഞ്ഞു കളിക്കും വിധം അയാൾ കളം നിറഞ്ഞാടി. അയാളുടെ കാൽവേഗത്തിനു മുമ്പിൽ കൗമാരക്കാർ പകച്ചു നിന്നു. അയാളുടെ മനസ്സും ശരീരവും ഒരേ വേഗത്തിൽ പാഞ്ഞു. ജീവിത പാച്ചിലിനിടയിലെ ശരിയും തെറ്റും ഇഴപിരിച്ചെടുത്ത് ആത്മ പരിശോധന നടത്താൻ അയാൾ തന്റെ ചുറ്റുമുള്ള ചിന്തകൾക്ക് തീയിട്ടു. അങ്ങനെ മനനാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ആത്മരാഗത്തിന്റെ നോവുകളിൽ അയാൾ ആത്മസാക്ഷി ആരംഭിച്ചു. എഴുത്ത് അതിന്റെ ആത്മ സഹനത്തിന്റെ പാരമ്യതയിലേക്ക് പടരുകയാണ്. പതിനെട്ട് അദ്ധ്യായങ്ങളിലായി അവസാന ഭാഗം സാക്ഷ്യത്തിന്റെ ഭാഗഭാക്കാവുകയാണ്. കുറ്റബോധത്തിന്റേയും കുമ്പസാരത്തിന്റെ ആത്മസാക്ഷ്യത്തിനു മുന്നിൽ അയാൾ നിസ്സഹായനായി നിന്നു. ഒടുവിൽ ,  ഒടുവിലേക്ക് ഒതുങ്ങി ഒടുങ്ങി ഒരു പൂർണ്ണ ബിന്ദുവിൽ അതവസാനിച്ചു. ഒപ്പം ഒന്നും ചെയ്യാനാവാതെ അവസാനിക്കാൻ തയ്യാറാവുകയാണ് ബാലഗോപാലനും ... 

എഴുത്തവസാനിച്ച ഇരുപത്തിയെട്ടാം ദിവസം പതിവില്ലാത്ത പലതും ബാലഗോപാലനെ അലട്ടി. അത്രയേറെ അയാൾ അസ്വസ്ഥനായിരുന്നു. സാക്ഷ്യത്തിന്റെ സർഗ്ഗസൃഷ്ടിയിൽ നിന്നുമുള്ള മോചനത്തോടെ വീണ്ടുമയാളിലേക്ക് ഭയത്തിന്റെ നിഴൽപ്പാടുകൾ പാഞ്ഞു. നിമിഷനേരം കൊണ്ട് അയാളേക്കാളേറെ വളർന്ന ഭയത്തിന്റെ നിഴൽപ്പാടുകൾ ബാലഗോപാലനെ വരിഞ്ഞുമുറുക്കി. അതിന്റെ ആധിയിൽ ആവിർഭവിച്ച അവസാന ആഗ്രഹങ്ങളൊക്കെ കരുണൻ സാധിച്ചു കൊടുത്തു. ഒടുവിൽ ഒരു മാസത്തെ ക്ഷൗരവും കഴിഞ്ഞ് ബാർബർഷോപ്പിൽ നിന്നുമിറങ്ങിയ ബാലഗോപാലൻ വീട്ടിലെത്തി തൂക്കമൊന്നു നോക്കി. അതെ ഇരുപത്തിയെട്ട് ദിവസം കൊണ്ട് അത്ര തന്നെ ഭാരം കുറഞ്ഞിരിക്കുന്നു. തന്റെ മരണവിധി മനസ്സിനൊപ്പം ശരീരത്തേയും ബാധിച്ചിരിക്കുന്നു. ഇനിയൊന്നും ചെയ്യാനില്ല. കരുണൻ വിധിച്ച മരണത്തിനു മുമ്പിൽ കീഴടങ്ങുക മാത്രം. അപ്പോഴാണ് ആറി തണുത്ത ഭഗീരഥിയുടെ കാപ്പി അയാളുടെ ശ്രദ്ധയിൽ പതിഞ്ഞത് ...
"ക്ലൈബ്യം മാസ്മ: ഗമ: പാർത്ഥ നൈതത്ത്വയ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയദൌർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ"
ശ്രീകൃഷ്‌ണൻ പാർത്ഥനോട് വിനാശകാരിയായ ഭയം വിട്ടെഴുന്നേൽക്കാൻ പറയുന്ന ഭഗവത്ഗീതയിലെ വാക്കുകൾ ബാലഗോപാലൻ പലവുരി മനസ്സിലേക്ക് ആവാഹിച്ചു.
ഭയത്തിന്റെ ഭാരം ക്രമേണ കുറഞ്ഞ് കുറഞ്ഞ് അയാളുടെ മനസ്സ് ഒരപ്പൂപ്പൻ താടി പോലെ പറന്നു തുടങ്ങി. രാത്രിയുടെ അവസാന അത്താഴത്തിനായ് പാരഗൺ ഹോട്ടലിൽ നിന്നുമെത്തിയ വിഭവങ്ങങ്ങൾ ബാലഗോപാലൻ തന്നെ തീൻമേശയിൽ നിരത്തി. വിലകൂടിയ മദ്യം കൊണ്ടു വെച്ചു. പിന്നെ ഐസ് ക്യൂബുകൾ നിറച്ച പാത്രവും. ഇരുവരും മുഖാമുഖം തീൻമേശക്ക് ഇരുപുറവുമായി ഇരുന്നു .. ബാലഗോപാലന്റെ ആഗ്രഹം പോലെ ഇരുവരും ആദ്യം ആഹാരം രുചിച്ചു തുടങ്ങി ...
"ഇന്ന് എന്റെ അവസാന രാത്രിയാണ്. നാളെ സൂര്യോദയത്തിന് മുമ്പ് ഞാൻ കൊല്ലപ്പെടും. ഈ രാത്രിയെ എനിക്കതിജീവിക്കാനാവില്ല. അല്ലേ ... എങ്ങനെയാണ് എന്നെ നീ കൊല്ലാൻ പോവുന്നത് ... വെടിവെച്ചാണോ... അതാണല്ലോ ശീലം ... ഒരിക്കൽ പോലും അറിയാത്ത ആളുകളെ കൊല്ലുമ്പോൾ അവരുടെ ജീവൻ കൺമുമ്പിൽ കിടന്ന് പിടഞ്ഞു വീഴുമ്പോൾ ഒരിക്കലെങ്കിലും നീ അവരെക്കുറിച്ചോർത്ത് വേദനിച്ചിട്ടുണ്ടോ ?  എന്തിന്റെ പേരിലായാലും നീയില്ലാതാക്കുന്നത് അവരെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന അവരുടെ കുടുംബത്തെ കൂടിയാണ്. സഹജീവികളോടുള്ള കരുണയാണ് കരുണാ സ്നേഹം. നിർഭാഗ്യവശാൽ ഈ ജന്മം നിനക്കത് അനുഭവിക്കാനുള്ള ഭാഗ്യമില്ലാതെ പോയി. മനുഷ്യനാവാൻ നീയിനി ഒരു ജൻമം കൂടി ജനിക്കേണ്ടിയിരിക്കുന്നു"
അത്താഴം കഴിച്ചു കഴിഞ്ഞ് കൈകഴുകി വന്ന ബാലഗോപാലൻ സാക്ഷ്യത്തിന്റെ അവസാന താളിൽ അവസാന വാക്കുകൾ എഴുതി ചേർത്തു ...
"Darkness may hide the trees and  the flowers from the eyes. But it cannot hide love  from the soul" ...
ഖലീൽ ജിബ്രാന്റെ വാക്കുകൾ ബാലഗോപാലൻ കരുണൻ കേൾക്കാനായി ഒന്നുറക്കെ വായിച്ചു. പിന്നെ സാക്ഷ്യമടച്ചു വെച്ച് മദ്യകുപ്പിയുടെ കഴുത്തിൽ പിടിമുറുക്കി അതിന്റെ അടപ്പു തുറന്നു. ഇരു ഗ്ലാസിലേക്കുമായി മദ്യമൊരുപോലെ പകർന്നു. പിന്നെ മദ്യത്തെ ഒന്നു ചുംബിച്ച് പതിയെ ഐസ് ക്യൂബുകൾ അതിലേക്കിട്ടു. ഇരു ഗ്ലാസ്സുകളിലും ഐസ് ക്യൂബുകൾ നിറഞ്ഞ് മദ്യം തുള്ളി തുളുമ്പാതെ നിന്നു. ബാലഗോപാലൻ മനസ്സിന്റെ അവസാന വിചാരണയിലേക്ക് കടന്നു ... 
"നിന്റെ തോക്കിൽ എന്റെ ജീവനെടുക്കാനുള്ളത് നിറച്ചു കഴിഞ്ഞോ ... എവിടെ നിറയൊഴിച്ചാലാണ് എന്നെ ഒറ്റ വെടിക്ക് കൊല്ലാൻ കഴിയുക. വേദനയില്ലാതെ മരിക്കണം എനിക്ക്. ശയിക്കണമെനിക്കിനി മരണമെന്ന മഹാസത്യത്തിലേക്ക്‌"
"അതൊക്കെ അതിന്റെ സമയത്ത് സംഭവിച്ചോളും. സാറതോർത്ത് വേവലാതിപ്പെടണ്ട"
ഒരു വേട്ടക്കാരന്റെ ക്രൗര്യത്തോടെ കരുണൻ കണ്ണുകൾ കൂർപ്പിച്ചു പറഞ്ഞു. അവന്റെ മുഖം തന്റെ മരണം കാണാൻ ചുമന്ന് തുടുക്കുന്നതായി ബാലഗോപാലനു തോന്നി. വെപ്രാളപ്പെട്ടയാൾ പറഞ്ഞു ...
"അതെ മരണം അതിന്റെ സമയത്ത് തന്നെ സംഭവിക്കും" 
ബാലഗോപാലൻ അതുതന്നെ പിന്നേയും പിന്നേയും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ അയാൾ  മദ്യത്തിന്റെ ഗ്ലാസെടുത്ത് കരുണനു നേരെ നീട്ടി. കരുണനത് വാങ്ങി. ഇരുവരും കണ്ണുകൾ കോർത്ത് ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് ചിയേർസ് പറഞ്ഞു. ഇരുവരും ഒരു കവിൾ മദ്യം ഒരു പോലെ അകത്താക്കി. പിന്നെ ബാലഗോപാലൻ പറഞ്ഞ പ്രകാരം ആദ്യ പെഗ്ഗും ഒരുമിച്ചകത്താക്കി.
"തലക്കൊരു പിടുത്തം പോലെ"
വല്ലാതെ വിമ്മിഷ്ടപ്പെട്ട് കരുണൻ ക്ഷണത്തിൽ പറഞ്ഞു.
"അത് മരണത്തിന്റെ തണുപ്പരിച്ചു കയറുന്നതാണ് കരുണാ ... സാരമില്ല... സമയമാവുന്നു ... മരിച്ചോളും"
ബാലഗോപാലൻ ശ്വാസമടക്കി പറഞ്ഞു. ഇരുവരുടേയും വായയിൽ നിന്നും നുരയും പതയും ഒലിച്ചിറങ്ങി. ബാലഗോപാലൻ തുടർന്നു ....
"ദാ ആ ജനൽ വഴിയാണ് മരണം പൊട്ടാസ്യം സയനൈഡിന്റെ രൂപത്തിൽ ഐസ്ക്യൂബിലേക്ക് ആവാഹിച്ചത്. ഇപ്പം മദ്യത്തിലൂടെ നമ്മളത് സ്വന്തമാക്കിക്കഴിഞ്ഞു. ഒടുവിൽ ഒടുവിലത്തെക്കൂടൊരുക്കി കൂട്ടിരിക്കാൻ കാത്തിരുന്നവനെത്തി. നമ്മളിനി അവനോടൊപ്പം ശയിക്കും. ഇനി അവസാന നിമിഷത്തിന്റെ അന്ത്യശ്വാസവും അവനെടുക്കും"
മരണവെപ്രാളത്തിൽ ബാലഗോപാലൻ പിടഞ്ഞു. മരണവേദനയിലും ചിരിച്ചു കൊണ്ട് കരുണൻ ചോദിച്ചു ...
"എന്നെക്കൊന്ന് നിങ്ങൾക്ക് രക്ഷപ്പെടാമായിരുന്നില്ലേ ?"
"നിന്നെ കൊല്ലുക എന്നുള്ളതെന്റെ വിധിയാണ്. നിന്നോടൊപ്പം മരിക്കുക എന്നതും" ...
മുഴുമിപ്പിക്കാനാവാതെ വലിയൊരു പിടച്ചിലോടെ ബാലഗോപാലൻ തീൻമേശയിലേക്ക് കമഴ്ന്നു വീണു. മരണത്തിന്റെ പിടിച്ചിലിൽ കരുണൻ അൽപ്പം കൂടി മദ്യം ഗ്ലാസിലേക്ക് പകർന്നു. പിന്നെ ഐസ്ക്യൂബ്സ് മദ്യത്തിൽ നിറച്ചു. അയാൾ ആരോടെന്നില്ലാതെ മന്ത്രിച്ചു ...
"I am not the body ; I am not even the mind . And my identity is a concept"
കരുണൻ പുഞ്ചിരിയോടെ മദ്യം ഒരു കവിൾ കുടിച്ചപ്പോഴേക്കും തീൻമേശയിലേക്ക് മറിഞ്ഞു വീണു.
അയാൾ അവസാന ശ്വാസമെടുത്തു.
എല്ലാത്തിനും മൂകസാക്ഷിയായി കാറ്റിന്റെ ചിറകടിയിൽ സാക്ഷ്യത്തിന്റെ താളുകൾ മറിഞ്ഞു കൊണ്ടിരുന്നു. കാലം കാത്തു വെച്ച ചിലതിന് കർമ്മ സാക്ഷിയാവാൻ.

Share :