Archives / september 2020

സ്വപ്ന അനിൽ
കാറ്റ് 

ഉത്തരീയത്തിൽ ഉമ്മവച്ചുകൊ-

ണ്ടുത്തരായണ കാറ്റുവന്നു 

ഉള്ളിലെ  ഗദ്ഗദച്ചൂടിൽതളർന്നൊരെൻ 

മേനിയെ തൊട്ടു തലോടിനിന്നു. 

 

മൗനത്തിലാണ്ടൊരെൻ ചാരത്ത്  നീയൊരു 

മോഹനഗാനമായ് ചേർന്നുനിന്നു 

സ്നേഹക്കുളിർതന്ന കാറ്റേ നിൻ ചുംബനം 

മമ വേദനയ്ക്കെന്നും  ശാന്തിയേകി. 

 

പലപലദുഃഖശ്ശരങ്ങളെൻ പ്രാണനെ 

പകയോടെയെന്നപോലാക്രമിക്കേ 

പലപല രൂപത്തിലെപ്പോഴും നീയെന്റെ 

മുറിവിലൂതിയെൻ അരികേ നിന്നു. 

 

അച്ഛനായ്, തോഴനായ്, സോദരനായിനീ 

കാമുകസ്നേഹക്കുളിർമ്മനൽകി 

കാറ്റേ നീ നിർമ്മലസ്നേഹം പകർന്നെന്റെ 

കദനത്തിനൊത്തിരി ശാന്തിയേകി. 

 

 

Share :