Archives / september 2020

സിപി. സുരേഷ് കുമാർ 
നേരറിയുന്നേരം 

ചിരിച്ചു നീ വഞ്ചിച്ചാ 

പരമസത്യങ്ങളെ 

ആർത്തിയായി

മൊത്തിക്കുടിച്ച

രസത്തിൽ 

നെഞ്ചിൽ തുടിച്ച

താളമേളങ്ങൾ 

ആരാരുമറിയാതെ 

നിഷ്പ്രഭമാക്കി  

ഓർത്തുവച്ചോരോ 

ചിന്തതൻ മുന്നിൽ നീ ആരാച്ചാരുടെ 

വേഷവുമിട്ടു. 

 

വഞ്ചനതീർത്ത നിൻ വദനസൗന്ദര്യം 

കണ്ണിന്റെ കള്ള കോണിലൊളിച്ചു 

കാമിനിയായെന്നും  കാന്തനോടും 

കാരുണ്യം കെട്ടോരോ 

ചെയ്തികൾ കാട്ടി 

പകവിങ്ങി 

സത്യരൂപങ്ങളേയും നീ 

മാലോകർ മുന്നിൽ 

പാഴ്ജന്മമാക്കി 

കാലന്റെ മുമ്പിൽ 

കാഴ്ച്ചയും വച്ചു. 

 

കാലങ്ങൾ മെല്ലെ 

പോയ്‌ മറഞ്ഞെങ്കിലും 

ചതികളിൽ മാത്രമായ് 

നിൻ അന്തരംഗം 

പണിതൊരുക്കിയ 

കുരുതിക്കളത്തിൽ 

കുഴിമാടങ്ങളും  

ഒന്നൊന്നായി നീ 

നിരത്തിവച്ചു.

 

ഒറ്റയ്ക്ക് ഒരുമ്പെട്ട് 

കൊന്നുവച്ചോ? നീ 

ഒസ്യത്തിൻ തുമ്പാൽ 

മുഖം മറച്ചോ? 

ഒറ്റയ്ക്ക് വാഴാൻ 

ഒറ്റി നടന്നെന്നും 

മറ്റൊന്നിനും നേരം 

മാറ്റിവയ്ക്കാതെയും 

 

സത്യത്തിൻ പാതകൾ അതിർവരമ്പറ്റപ്പോൾ 

ശക്തിതൻ രൂപം 

പുനർജ്ജനിയായി

കഥയെല്ലാം മുന്നിൽ 

ഉറഞ്ഞു തുള്ളുമ്പോൾ 

കാലം കണ്ണീർ 

പൊഴിച്ചു മണ്ണിൽ 

നേരെല്ലാംമെല്ലെ 

ത്തെളിഞ്ഞു പാരിൽ. 

 

 

Share :