Archives / july 2021

കുളക്കട പ്രസന്നൻ
ആറ് മാസക്കാലയളവിലേക്ക് ഉപതെരഞ്ഞെടുപ്പ്: ഇതു കീഴ് വഴക്കമാവുമോ ?

കുട്ടനാട് , ചവറ നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ മരണത്തെ തുടർന്ന് ഈ മണ്ഡലങ്ങളിലേക്ക് ഇലക്ഷൻ കമ്മീഷൻ നവംബറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിടങ്ങളിലും നേരത്തെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. അങ്ങനെ യഥാസമയം ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ ഒരു വർഷക്കാലം ജനപ്രതിനികൾക്ക് അവസരം ലഭിക്കുമായിരുന്നു. നൊവൽ കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിൻ്റെ ഭാഗമായുള്ള ലോക്ക് ഡൗണായിരുന്നതിനാൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലായെന്ന കണക്കുക്കൂട്ടലായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്. അതുമാത്രമല്ല ഒരു വർഷത്തിനു താഴെ നിലവിലെ നിയമസഭയ്ക്ക് കാലയളവുള്ളു എങ്കിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന കീഴ് വഴക്കവുമില്ല.

2020 നവംബർ 29നകം ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അതിനൊപ്പം വിവിധ സംസ്ഥാനങ്ങളിൽ 64 നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒരു ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടത്തുന്നതിനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനം. അക്കൂട്ടത്തിൽ കേരളത്തിലെ ഉപതെരഞ്ഞെടുപ്പും. കേരളത്തിൽ 140 നിയോജക മണ്ഡലത്തിൽ 2 സീറ്റിലാണ് ഒഴിവുവന്നിട്ടുള്ളത്. നവംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടന്നാൽ 2021 ഏപ്രിൽ ,മെയ് മാസത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ കണക്കുകൂട്ടിയാൽ എത്ര മാസം. ഏകദേശം ആറ് മാസമാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ജനപ്രതിനിധിക്ക് ലഭിക്കുന്നത്. ഒരു നിയോജക മണ്ഡലത്തിൽ  എന്തു വികസന പ്രവർത്തനം നടത്തുവാൻ ഈ ജനപ്രതിനിധിക്ക് സമയം ലഭിക്കും. ആറ് മാസത്തേക്ക് എന്നതു മാത്രമല്ല ഈ നിയമസഭാ കാലയളവിൽ ഒരു പൂർണ്ണ ബജറ്റ് അവതരണവും ഇനി ഉണ്ടോ?

ആറ് മാസം കഴിയുമ്പോൾ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ജനങ്ങൾക്ക് വിരസമാകില്ലെ ? തെരഞ്ഞെടുപ്പിനു വേണ്ടി ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ല ശൈലിയാണോ എന്നതും പരിശോധിക്കണം.

കൊവിഡ് 19 ൻ്റെ ഭീതിയിലാണ് സമൂഹം. കേരളത്തിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പ്രതിദിനം 3000നു മുകളിലായിരിക്കുന്നു. സെപ്റ്റംബറിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഈ രീതിയിൽ കൂടുകയാണെങ്കിൽ ഒക്ടോബറിൽ സ്ഥിതി ഇതിലും ആശങ്കാജനകമാകും. ആരോഗ്യ വിഭാഗത്തിൻ്റെ വിലയിരുത്തലും കൊവിഡ് 19 വ്യാപനം കൂടുമെന്നാണ്. 

2020 ആഗസ്റ്റിലെ പേമാരിയും സെപ്റ്റംബറിലെ പേമാരിയും കേരളത്തിൻ്റെ സാമ്പത്തിക മേഖലയ്ക്ക് നഷ്ടം വരുത്തി. കൊവിഡ് മൂലം സാമ്പത്തിക രംഗത്തിനു ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കി. ലക്ഷക്കണക്കിനു മലയാളി പ്രവാസികൾ  കേരളത്തിലെത്തി. വളരെ പ്രതിസന്ധിയിലൂടെ കേരളം കടന്നു പോകുന്നു. അതിനിടയിൽ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ വിഷമാവസ്ഥ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഉപതെരഞ്ഞെടുപ്പ് വീക്ഷിക്കാനായി മറ്റ് നിയോജക മണ്ഡലങ്ങളിൽ നിന്നും ആളുകൾ എത്തും. ഹോട്ടലുകളിലും പൊതുയോഗസ്ഥലങ്ങളിലും ബസ് സ്റ്റാൻ്റുകളിലും ജന തിരക്ക് കൂടും. സ്ഥാനാർത്ഥിയുടെ പ്രചരണ അഭ്യർത്ഥനയും വോട്ട് ചോദിച്ചുള്ള വീടുകയറലും ഉണ്ടാകുമ്പോൾ  ഓരോ മുന്നണിയുടെയും ആളുകൾ എന്ന നിലയിൽ ഒരു വീട്ടിൽ എന്ന കണക്കിൽ മൂന്നാലും കൂട്ടർ ദിനംപ്രതി എത്തും. ഇതു മിക്കവീട്ടുകാരെയും വിഷമവൃന്ദത്തിലാക്കും.

തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു കഴിഞ്ഞാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വന്നാൽ അതാര് ചൂണ്ടിക്കാട്ടും . മാസ്ക് ധരിക്കുന്നുണ്ടോ, സാനിട്ടൈസർ ഉപയോഗിക്കുന്നുണ്ടോ സാമൂഹിക അകലം പാലിക്കുന്നുണ്ടോ ഇതൊക്കെ പരിശോധിക്കപ്പെടുമോ ? 

ഉപതെരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ തോന്നും ഓ, രണ്ട് നിയോജക മണ്ഡലങ്ങളിൽ അല്ലെ ഉള്ളു എന്ന്. എന്നാൽ കാര്യം നിസ്സാരമല്ലാ. ഒരു സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏവരുടെയും കണ്ണും കാതും ആ ഉപതെരഞ്ഞെടുപ്പ് നടക്കുന്നിടത്തേക്കാവും. പത്ര- ദൃശ്യ- നവ മാധ്യമങ്ങളിലെ പ്രധാന വാർത്തകൾ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചാവും .എന്തിനു , വോട്ടെണ്ണുന്ന ദിവസം പോലും ശ്വാസം അടക്കിപിടിച്ച് ദൃശ്യമാധ്യമങ്ങൾക്കു മുന്നിൽ ഇരിക്കില്ലെ ?

തെരഞ്ഞെടുപ്പ് ചെലവ് കാണാതെ പോകരുത്. തെരഞ്ഞെടുപ്പ് നടത്തിപ്പിൻ്റെ ഭാഗമായി സർക്കാരിനുള്ള ചെലവ്, തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മുന്നണികൾക്കുള്ള ചെലവ് ഇതൊക്കെ ആറു മാസത്തേക്കുള്ള ജനപ്രതിനിധിയെ കണ്ടെത്താൻ വേണ്ടിയാണല്ലോ എന്ന് ചിന്തിക്കണം. 

ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പുകൾ വേണം. അതിനെ അനുകൂലിക്കുന്നവരാണ് നമ്മളെല്ലാം. പക്ഷെ, ചൂണ്ടിക്കാട്ടിയത് കൊവിഡും പേമാരിയും മൂലം നട്ടം തിരിയുന്ന വേളയിലെ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചാണ്. ഒഴിവാക്കാൻ കഴിയുന്ന ഒരു വിഷയത്തെ കുറിച്ചാണ്.

കമൻ്റ്: എത്രയോ ഉപതെരഞ്ഞെടുപ്പ് കേരളത്തിൽ നടന്നിട്ടുണ്ട്. ഒരു നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളം മൊത്തത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രതീതിയാണ് നമ്മൾ അനുഭവിച്ചിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അത്തരമൊരു അനുഭവമാകുമോ ? 

 

Share :