Archives / july 2021

കുറിഞ്ഞിലക്കോട് ബാലചന്ദ്രൻ
 കഥാകാലം

 

       മലയാള സാഹിത്യത്തിൽ, കാലദേശാന്തരങ്ങളുടെ സുഗമസഞ്ചാരം നന്നായി അടയാളപ്പെട്ടിട്ടുണ്ട്; വിശേഷിച്ച് ഗദ്യമേഖലയിൽ. നോവൽ രംഗത്ത് സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികകൾ മുതൽ അത് സുവ്യക്തമായി അടയാളപ്പട്ടിട്ടുള്ളത് കാണാം. ബഷീറും തകഴിയും ,എം.ടി യിൽ തുടങ്ങി ഏറ്റവും ഒടുവിൽ മനോജ് കുറൂർ വരെ ഇത് അടയാളപ്പെടുത്തുന്നു.
 കാലത്തിനനുസരിച്ച് മാറുന്ന ദേശാന്തര സ്ഥലികളുടെ ഗരിമയോ, അതില്ലായ്മയോ അടയാളപ്പെടുത്തുന്നതിൽ ചെറുകഥാ സാഹിത്യം, നോവൽ സാഹിത്യത്തോളം ശ്രദ്ധപുലർത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. വ്യക്തികേന്ദ്രിതമോ,സൂക്ഷ്മാനുഭവസമ്പന്നമോ ഒക്കെയായിരിക്കും മിക്കവാറും ചെറുകഥളുടെ അന്തർധാര. എന്നാൽ, പുതിയ മലയാള ചെറുകഥ കാലദേശങ്ങളെ അനുസരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യുന്നതായി കാണാം. കാലവും ദേശാന്തരപകർച്ചകളും ഇന്ന് ചെറുകഥകളുടെ ശരീരഭാഗമായി മാറിയിട്ടുണ്ട്; വിശേഷിച്ച് പുതിയ ചെറുകഥാകൃത്തുകളിൽ അത് സുവ്യക്തവും സുദൃഢവുമാണ്.
: സെപ്റ്റംബർ ലക്കം ഭാഷാപോഷിണിയിൽ വി. ഷിനിലാലിന്റെ അഭീ കിത് നാ ദൂർ ഹെ? എന്ന മനോഹരമായ  കഥ വായിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു. ദേശവും കാലവും, വേർപിരിച്ചെടുക്കാനാവാത്ത ഇഴയടുപ്പമായി ഈ കഥാശരീരത്തീൽ വിലയിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ജൈവികമായ ഭൂവധികാരത്തിന്റെയും ഭൂതകാലത്തിൽ നിന്ന് അടിമത്തത്തിന്റെയും ദുരിതവേദനകളുടെയും വർത്തമാനത്തിൽ, വാസ്തുഹാരകളുടെ വാഗ്ദത്ത ഭൂമി അഥവാ എവിടെയോ കാണുമെന്ന് പ്രതീക്ഷിക്കുന്ന ദേശം തേടിയുള്ള ഒരു യാത്രയിലാണ് ഈ കഥ. പൂർവാപരബന്ധത്തെ ഇഴ പൊട്ടാതെ ബന്ധിപ്പിച്ച് സൂക്ഷ്മസ്ഥലികളുടെ സ്ഥൂലഭാവത്തെ, ഭാഷയുടെ ലയഭാവംകൊണ്ട് ഭദ്രമായ  ധ്വനിപ്പിച്ചിരിക്കുന്നു. ചരിത്രത്തിന്റെ സമ്പന്നതയിലേക്കുള്ള വൈദേശിക അധിനിവേശവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പും ഒടുവിൽ തോൽവിയുടെ വക്രരേഖയിൽ വച്ചുള്ള സന്ധിയും തുടർന്നുള്ള അടിമത്തവും, എന്നിട്ടും പ്രതീക്ഷ കൈവിടാതുള്ള പരിക്ഷീണപരിശ്രമങ്ങളും ഏതൊരു അടിമലോകത്തിന്റെയും യാഥാർത്ഥ്യമാണ്. അത് വളരെ സുഗേയമായി ഈ കഥ അനാവരണം ചെയ്യുന്നു.
 ഭാഷാ പോഷിണിയിൽ ഹൃഷികേശൻ . പി.ബി.യുടേതായി ഒടുവിൽ എന്നൊരു നല്ല കവിത വായിക്കുന്നു. ചരാചര പ്രേമവും ജീവിതവുമല്ല, പക്ഷിയും, ഇലത്തളിരാവുക, അതിൽ സൂക്ഷ്മ ജീവിയാവുക, ജീവനാളമാവുക ... എന്നതാണ് ജീവിക്കുക എന്നതിനടയാളം എന്ന മേഘ പ്രഘോഷണമാകുന്നു ഈ കവിത. സുന്ദരമായ ലയഭംഗിയിൽ കാവ്യ ശരീരത്തെ ഭാഷാ സൗന്ദര്യം കൊണ്ട് ഭ്രമിപ്പിക്കകയാണ്. താളവും ലയവും ഭാവുകത്വവുംകൊണ്ട് ഭാഷയുടെ കാവ്യസൗന്ദര്യം അളന്നെടുക്കുകയാണ് കവി.

      ഇതേ ലക്കത്തിൽ മധ്യവയസ്സിൽ എന്ന കവിതയുമായി കണിമോൾ ജീവിതനിലവറ തുറന്ന് ദൈവീകതയുടെ നിരർത്ഥകതയെ അനാവരണം ചെയ്യുന്നു. അദൃശ്യമായ കരിനാഗങ്ങളുടെ കാവലിൽ ഗോപ്യമാക്കപ്പെടുന്ന വിശ്വാസങ്ങളെയും അതിന്റെ നിരർത്ഥകതയെയും ചോദ്യം ചെയ്യുകയാണ്. ആഖ്യാന സൗകുമാര്യം തനതു വഴക്കം വ്യതിരിക്തമാക്കപ്പെടുന്ന ഭാഷാലയം ഈ കവിത അനുഭവവേദ്യമാക്കുന്നു!

      എസ്. രമേശന്റെ വിലയ്ക്കു വാങ്ങാം, സന്തോഷ്  പാലായുടെ വാൾ സ്ട്രീറ്റ്, റിസ്‌വാന സിനിയുടെ സർട്ടിഫിക്കറ്റുകൾ എന്നീ കവിതകളും നിലവാരം പുലർത്തുമ്പോൾ എസ്. രാജലക്ഷ്മിയും ആലങ്കോട് ലീലാകൃഷ്ണനും സി.എസ്.ജയചന്ദ്രനും പ്രമീളാദേവിയുമൊക്കെ വല്ലാതെ നിരാശപ്പെടുത്തുന്നു.…
: ദേശാഭിമാനിയിൽ രാവുണ്ണിയുടെ ചേനക്കാര്യത്തിനിടക്ക് ഒരാനക്കാര്യം എന്ന കാവ്യക്കേച്ചർ വ്യത്യസ്തത പുലർത്തുന്ന ഒരനുഭവമാണ്. നാട്ടാനയും കാട്ടാനയും തമ്മിലുള്ള സംഭാഷണത്തിലൂടെ ജീവിത നൈരന്തര്യത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ അവസ്ഥാന്തരങ്ങളെ തുറന്നു കാണിക്കുന്നു. കാരിക്കേച്ചറിനെ കവിതകൊണ്ടുള്ള കാവ്യക്കേച്ചറായി പരിണമിപ്പിച്ചിരിക്കുന്നു. ഒരു വൈവിധ്യം അനുഭവിപ്പിക്കുന്നു എന്നതാണ് ഇതിന്റെ വിജയം.
 ചന്ദ്രിക ആഴ്ചപ്പതിപ്പ് ലക്കം 47ശിഹാബുദ്ധീൻ കുമ്പിടി ഉമ്മയും കടലും എന്നൊരു കവിത എഴുതിയിരിക്കുന്നു. ഉമ്മയെ കടലുകാണിക്കാൻ കൊണ്ടുപോകുന്ന മകന്റെ നിദ്രാടനമാകുന്നു ഈ കവിത. കരയും കടലും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ നൈതികതയിൽ അമ്മയും മകനും തമ്മിലുളള സ്നേഹ നാളി ബന്ധത്തിന്റെ ചുരുളഴിക്കുകയാണ് ഇവിടെ.
കാല ദേശങ്ങളുടെ അടയാളപ്പെടുത്തൽ സാഹിത്യത്തെ ചരിത്രപരതയുടെ രേഖകൾ കൂടിയാക്കി മാറ്റുന്നു. നല്ല കഥകളും കവിതകളും ഈ അടയാളപ്പെടുത്തലുകളുടെ ഈടുവയ്പുകളാകുമ്പോഴാണ് എഴുത്തുകാർ വിജയിക്കുന്നത്. നമസ്തേ!

Share :