Archives / september 2020

ഫില്ലീസ് ജോസഫ്
നസീമയുടെ വീട് ( ഓർമ്മചില്ലകൾ പൂത്തപ്പോൾ - രണ്ട് )

ഉമ്മാ വളർത്തിയ കുട്ടിയാണ് നസീമ. ഉപ്പാ മരിച്ചപ്പോൾ നസീമയുടെ ഉമ്മയ്ക്ക് വയസ് ഇരുപത്തിരണ്ട്. ഉപ്പയുടെ ഓഹരിയിൽ ഉമ്മാ മണ്ണ് ചുമന്ന് കെട്ടി പൊക്കിയ ചെറു കൂരയിൽ ചേട്ടനും നസീമയും വളരെ അച്ചടക്കത്തോടെയാണ് വളർന്നത്. വാശികൾ തീരെയില്ലാത്ത കുട്ടിയാണ് നസീമായെന്ന് അക്കരെയമ്മച്ചി പറയാറുണ്ടായിരുന്നു.
                വീട് വിട്ട് നസീമയും ചേട്ടനും എങ്ങും പോവാറില്ല തന്നെ
ആകെ അനുവാദമുള്ളത് അപ്പന്റെ തറവാട്ടിലേയ്ക്ക് മാത്രം. വീട് പണിയ്ക്ക് മണ്ണും കല്ലും ചാന്തും ചുമടെടുക്കാനായിരുന്നു നസീമായുടെ ഉമ്മയെ എല്ലാവരും വിളിച്ചിരുന്നത്. അങ്ങനെ അത് അവരുടെ തൊഴിലായി മാറുകയും ചെയ്തു മനസ് നിറയെ വേദന പേറുമ്പൊഴും ഉശിരുള്ള പെൺജീവിതക്കരുത്തുമായി ഉമ്മ ജീവിച്ചു . കർമ്മമല്ലാതെ മറ്റൊന്നിലും ചിന്ത വയ്ക്കാതെ നസീമയുടെ ഉമ്മ തന്റെ സമസ്ത വികാരങ്ങളോടും യുദ്ധം ചെയ്ത് ജയിക്കുകയായിരുന്നുവെന്ന് പിന്നീട് ജീവിതമറിഞ്ഞപ്പോൾ മനസിലാക്കി.

                    ഒരിക്കലും തന്റെ ജീവിതത്തിലേയ്ക്കും സ്വപ്നങ്ങളിലേയ്ക്കും  മടങ്ങി വരില്ലെന്നറിഞ്ഞിട്ടും രാത്രി ക്കിടക്കയിൽ നസീമയുടെ ഉപ്പ തനിക്കൊപ്പമുണ്ടെന്ന് കിനാവ് കണ്ട് ഉമ്മ തന്റെ ശയ്യ മനോഹരമായി തന്നെ സൂക്ഷിച്ചു. നസീമയ്ക്കും ചേട്ടൻ റസാക്കിനും പ്രവേശനമില്ലാതെ രണ്ടു ശയ്യാ മുറികൾ മാത്രമുള്ള ആ കൊച്ചു വീട്ടിൽ ഉമ്മയുടെ മുറി വാതിൽ എപ്പോഴും അടഞ്ഞുകിടന്നു.

                         നസീമയുടെ ഉമ്മയുടെ ആടുകൾക്ക് തൊഴുത്ത് ഉണ്ടായിരുന്നില്ല . ഇരുപത് ആടുകളും അപ്പന്റെ തറവാട്ടിലെ ഇരുപത് തെങ്ങിൻ ചോട്ടിലുമായിട്ടാണ് രാത്രിയും പകലും കഴിഞ്ഞിരുന്നത്. അവയുടെ കുഞ്ഞുങ്ങൾ ആ കായലോരത്ത് തുള്ളിക്കളിച്ചോടുന്നത് കാണാൻ അപ്പന്റെ അപ്പന് വലിയ ഇഷ്ടമായിരുന്നു. എങ്കിലും രാവിലെയും വൈകിട്ടും വെളുത്ത് കിടക്കണം പറമ്പ് എന്ന നിഷ്കർഷ അപ്പച്ചനുണ്ടായിരുന്നു. അത് മുടങ്ങാതെ അനുഷ്ഠിക്കാൻ നസീമ മിടുക്കിയുമായിരുന്നു. വൃത്തിയുടെ പേരിൽ നസീമയ്ക്ക് അപ്പച്ചന്റെ കൈയ്യിൽ നിന്ന് സമ്മാനങ്ങൾ കിട്ടുക പതിവായിരുന്നു

                      കായൽ വെള്ളവും പഴങ്കഞ്ഞിയും കൂട്ടിയൊഴിച്ച് അതിൽ  പുളിങ്കുരു വേവിച്ചുടച്ച് ചേർത്ത് ആടുകൾക്കും കുട്ടികൾക്കും കൊടുത്തിട്ടാണ് നസീമ പ്രാതൽ കഴിക്കാൻ പോവുക. എന്തായാലും വീഞ്ഞ് നിറമുള്ള ചരൽ കല്ലുകൾക്കിടയിൽ  പറമ്പാകെ വെടിപ്പിലങ്ങനെ ആക്കുന്നതിനുള്ള വിദ്യ നസീമയ്ക്ക് നല്ല വശം തന്നെ. അപ്പന്റെ അപ്പൻ മരിക്കും വരെ നസീമയ്ക്ക് വസ്ത്രമായും പണമായും പണ്ടങ്ങളായും വൃത്തിയുടെ അംഗീകാരങ്ങൾ നൽകുക പതിവായിരുന്നു.. 


വേനലവധിക്കാലത്താണ് ഞാനും നസീമയുടെ പണികളിൽ പങ്കുകാരിയാവുക. ആടിനെ കുളിപ്പിക്കാനും ആട്ടിൻ കാട്ടം ശേഖരിച്ച് ഉണക്കി ചാക്കിൽ കെട്ടിവയ്ക്കാനും ഞാനും അവൾക്കൊപ്പം കൂടാറുണ്ട്. നസീമയുടെ നോവറിഞ്ഞ്, അതിന്റെ പങ്കുപറ്റി, അവളെ സഹായിക്കാൻ കഴിഞ്ഞ ദിനങ്ങളാണ് ആ കാലത്ത് ഏറെ സന്തോഷം നൽകിയതെന്ന് ഇപ്പോഴും ഓർക്കുന്നു
        
നസീമയുടെ ചേട്ടൻ റസാക്കിന് ശ്വാസം മുട്ടലിന്റെ അസുഖം വരാറുണ്ടായിരുന്നു. അവന്റെ മരുന്നിന് തന്നെ നല്ലൊരു തുക നസീമയുടെ ഉമ്മയ്ക്ക് ചെലവഴിക്കേണ്ടി വന്നു. ചുമടെടുക്കാൻ പോയി വന്ന് കുളിച്ച് നിസ്കരിച്ച് നസീമയുടെ ഉമ്മ അപ്പന്റെ തറവാട്ടിലേയ്ക്ക് വരും. പിന്നെ പച്ചക്കറി അടുക്കലും വേർതിരിക്കലും അരി അര ക്കലുമൊക്കെ ഉമ്മയാണ് ചെയ്യുന്നത്. അങ്ങനെയൊരു തണുത്ത രാത്രിയിലാണ് റസാക്കിന് വലിവും മുട്ടും കലശലായത്.... അപ്പന്റെ അപ്പനും മൂത്ത ചിറ്റപ്പനും നസീമയുടെ ഉമ്മയ്ക്കും റസാക്കിനുമൊപ്പം അക്കരെയുള്ള ഉപഹാര മാതാ ആശുപത്രിയിലാണ് റസാക്കിനെ കൊണ്ടുപോയത്. അന്ന് തോണി യുള്ളതിനാൽ വളരെ വേഗം റസാക്കിനെ ആശുപത്രിയിൽ എത്തിക്കാനായി. അതിൽ പിന്നെ റസാക്കിന്റെ ശ്വാസംമുട്ടൽ നിശ്ശേഷം മാറിയെന്നത് വലിയ അത്ഭുതമായിരുന്നു

   ആ രാത്രിയിൽ നസീമ എന്റെ മുറിയിലാണ് ഉറങ്ങിയത്. ഒരേ സമയം ഇരു ഭാഗത്തേക്കിരുന്ന് ഞാൻ ജപമാല ചൊല്ലുകയും അവൾ നിസ്കരിക്കുകയും ചെയ്തു. അപ്പന്റെ തറവാട്ടിലെ നീളൻ ഊണുമുറിയിലിരുന്ന് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. അടുക്കളയോട് ചേർന്നുള്ള ചെറിയ സ്റ്റോർ മുറിയിലുള്ള സാമാന്യം വലിയ ചതുര വിടവിലൂടെയാണ് തീൻ മേശയിലേക്ക് ആഹാരം എത്തുക. വീട്ടുകാർക്കും അതിഥികൾക്കും കയറു പിരിക്കുന്നവർക്കും തൊണ്ടുതല്ലുന്നവർക്കും മീൻ പിടിക്കുന്നവർക്കും അടുക്കളപ്പണിക്കാർക്കും എനിക്കും ഒരേ ഭക്ഷണം. സ്റ്റീൽ തൊട്ടി കളിലാണ് ഭക്ഷണമെത്തുക. ആവശ്യമനുസരിച്ച് വിളമ്പി കഴിക്കണം. അതാണ് ചട്ടം. ഊണിന്റെ രുചിയും ആടിന്റെ ചന്തവും പറഞ്ഞുറങ്ങിയ ആ രാത്രിയെക്കുറിച്ച് പിന്നീടൊരിക്കൽ റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന നസീമയോട് പറഞ്ഞ് ചിരിച്ചപ്പോൾ എൽ സി.ഡി സ്ക്രീനിൽ കണ്ണും നട്ടിരുന്ന  നസീമയുടെ മൂന്നാമത്തെ മകൻ തെല്ലൊരലോഹ്യത്തോടെ ഞങ്ങളെ ഞെട്ടിത്തിരിഞ്ഞു നോക്കി

ടീച്ചറേ എന്നൊരു സ്നേഹ വിളിയോടെ മൊബൈൽ ഫോൺ തിടുക്കത്തിൽ ഓഫ് ചെയ്ത് നസീമയുടെ 
രണ്ട് ആൺ മക്കളും കുശലാന്വേഷണം നടത്തി. വല്യുമ്മയുടെയും വല്യൂപ്പയുടെയും മുറി അലങ്കരിച്ചിട്ട് തിരിച്ചു പോവുകയാണവർ. കോഴിക്കോടുള്ള നസീമയുടെ ഭർതൃഗൃഹത്തിലെത്താൻ ഇനിയും ഒരുപാട് ഡ്രൈവ് ചെയ്യേണ്ടിവരും അവളുടെ ഭർത്താവിന്... അതുകൊണ്ട് കൂടുതൽ വിശേഷങ്ങൾ പറയാതെ കാതോർക്കാതെ ഞാനവരോട് യാത്രാ മംഗളങ്ങൾ പറഞ്ഞ് പടിപ്പുര കയറി വീട്ടിലേക്ക് നടന്നു.

നസീമയുടെ വീടും മൂറികളും റസാക്കും ഭാര്യയും മക്കളും പൊന്നുപോലെയാണ് സൂക്ഷിക്കുന്നത്. നാട്ടിലെ വ്യാപാരിവ്യവസായി  ഏകോപന സമിതിയുടെ സെക്രട്ടറി കൂടിയാണിപ്പോൾ റസാക്ക്. ഏത് കാര്യത്തിനും സഹോദരനായി എനിക്കും ചില നേരങ്ങളിൽ താങ്ങാവാറുണ്ട് റസാക്കിപ്പോൾ.

താങ്ങാനാവുന്നതിലേറേ ഭാരമാണ് നസീമയുടെ ഉമ്മ അവരുടെ ജീവിതത്തിൽ ക്ഷമയോടെ ധൈര്യത്തോടെ അനുഭവിച്ച് തീർത്തത്. മക്കളുടെ മനോഹര ജീവിതങ്ങൾ കണ്ട് ഉമ്മ ജീവിതസഫലത അറിഞ്ഞ് തന്നെയാണ് എഴുപത്തിരണ്ടാമത്തെ വയസിൽ മയ്യത്തായത്. അലങ്കാരങ്ങളോടെയുംആർഭാടത്തോടെയും നസീമയുടെ ഉപ്പയുടെ കട്ടിലിൽ  ഹൃദയസ്തംഭനം ജീവനെടുക്കും വരെ അവർ ഉണ്ടായിരുന്നു.

സഹനത്തിന്റെ തീച്ചുളയിൽ വെന്തുരുക്കി മൂത്തായി മാറിയ ജന്മം
ഇത്തരം അമ്മ ജന്മങ്ങളാണ് നല്ല മക്കളെ, നന്മ മനുഷ്യരെ, സുരക്ഷിത സമൂഹത്തെ, നല്ല തലമുറയെ, നല്ല നാടിനെ, രാഷ്ട്രത്തെ,,,,, ഒക്കെ സൃഷ്ടിക്കുന്നതെന്നോർത്ത് ഞാനാ ഭൂതകാലത്തിന്റെ പടവുകളിൽ വീണ്ടും തനിച്ചിരുന്നു.

Share :