Archives / August 2020

രാധികാശരത്.
കമലു

സുഖമുള്ള ഒരു  ഓർമ്മയാണ് കമലു. മുത്തശ്ശിയാണ്.  എൻ്റെ സൗകര്യത്തിന്  കമലാക്ഷി അമ്മയെ ചുരുക്കി ' കമലു ' ആക്കിയതാണ്. കുടുംബത്തിലെ  ഇളം തലമുറക്കാർ  വരെ  ആ പേര് ഏറ്റു വിളിച്ചു .

ഓരോ കാലഘട്ടത്തിനും കമലുവിൻ്റെ സംഭാവനയുണ്ട്. കൊച്ചുമക്കളായ ഞങ്ങൾക്കൊക്കെ  വട്ടയിലയിലും  വാഴയിലയിലും പൊതിഞ്ഞ്  മടിശ്ശീലയിൽ  തിരുകി കൊണ്ട് വരുന്ന പലഹാരങ്ങൾക്ക്  രുചി ഏറെയായിരുന്നു.

 കൊച്ചുമക്കളുടെമക്കൾ  ആയപ്പോൾ പലഹാരങ്ങളുടെ രീതി മാറി 'മഞ്ച്' (നെസ്ലെ മഞ്ച് ) ആയിരുന്നു  മടിശ്ശീലയിൽ വാങ്ങിക്കൊണ്ടു വന്നിരുന്നത് .

 കൂട്ടത്തിലെ  ചെറിയ കുട്ടികളോട് ആയിരുന്നു കമലുവിന് ഇഷ്ടവും  വാത്സല്യവും. ചിലപ്പോൾ അത്  മാറി മാറി വരും കാലഘട്ടത്തിനനുസരിച്ച്. കൊച്ചുമക്കളിൽ ആദ്യം ഉണ്ടായവരെയൊക്കെ അവർ വളരെയധികം  സ്നേഹിച്ചിരുന്നു.

ഇടയ്ക്ക് ജനിച്ചു  പോയതു കൊണ്ടാണോ എന്നറിയില്ല  ഞങ്ങൾ തമ്മിൽ  കൂട്ട്കൂടാൻ കുറെക്കാലമെടുത്തു .ഞങ്ങൾ തമ്മിൽ എപ്പോഴും ഒരു ' എടീ പോടി ' ബന്ധമായിരുന്നു .

 വഴക്കിടാനും കലഹിക്കാനും കൂട്ടുകൂടാനും  ഞങ്ങൾക്ക് ഞങ്ങളുടേതായ  ഒരു കാരണം എപ്പോഴുമുണ്ടായിരുന്നു. 

 കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ചെറു മക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങാൻ  പണം നൽകുന്ന  കമലുവിനെയും ചുറ്റുംകൂടി  നിന്ന് വിലപേശുന്ന കുഞ്ഞു മക്കളുടെയും  ചിത്രം ദൂരെനിന്നും  കണ്ടാസ്വദിച്ചത്  ഇപ്പോഴും ഓർക്കുന്നു. 

 ഒരിക്കൽ  വയ്യാതെ  രാത്രിയിൽ  ആശുപത്രിയിൽ കൊണ്ടുപോയതും  തണുത്ത വിരലുകൾകൊണ്ട് എന്നെ ഒരു കൊച്ചു കുഞ്ഞിനെ പോലെ  മുറുകെ പിടിച്ച്  തോളിൽ  തലചായ്ച്ചു കിടന്നതും  പിറ്റേന്ന് ഒരു നേരംപോക്ക് പോലെ ഞങ്ങൾ  അതും പറഞ്ഞു ചിരിച്ചതും  ഒളിമങ്ങാത്ത ഓർമ്മയാണ്.

 വീണ്ടുമൊരിക്കൽ  അതേ സാഹചര്യത്തിൽ  ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ  തിരികെ വന്നു ഒരു നേരമ്പോക്കായി പറഞ്ഞു ചിരിക്കാൻ കമലു എത്തുമെന്ന്  വിശ്വസിക്കാനാണ് ഇപ്പോഴും എനിക്കിഷ്ടം.

മരണം  പോലും ഞങ്ങളുടെ ഇടയിൽ ഒരു തമാശയായിരുന്നു. എൻ്റെ കുഞ്ഞുങ്ങൾക്ക് കിട്ടാതെപോയ ആ മടിശ്ശീലയിലെപലഹാരവുമായി കമലുവിൻ്റെ ഓർമ്മകൾ  മാത്രമേ കൂട്ടിനുള്ളു.

നന്മ നിറഞ്ഞ കമലുവിൻ്റെ സാന്നിധ്യം  ഇന്നത്തെ തലമുറയ്ക്ക് കിട്ടാതെപോയി. ലഭിച്ചവർ സുഹൃതികൾ, ഞാനും അതിൽ പെടും..  
അത് എൻ്റെ പുണ്യം

            

Share :