Archives / july 2021

മാങ്ങാട് രത്നാകരൻ
    8 ഒക്കച്ചങ്ങാതി

      പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെക്കുറിച്ചും സി.പി.എം നേതാവിനെക്കുറിച്ചും ഓരോരുത്തർക്കം അവരവരുടെ അഭിപ്രായം ഉണ്ടാകാം. അഭിപ്രായമില്ലാത്തവരും ഉണ്ടാകാം. അങ്ങനെയാണ് വേണ്ടതും .ജനാധിപത്യം വിജയിപ്പൂതാക!
       എനിക്കും അഭിപ്രായം ഉണ്ട്. രാഷ്ട്രീയമായി യോജിപ്പും വിയോജിപ്പും ഉണ്ട്. വിയോജിപ്പാണ് കൂടുതലും. അതു വ്യക്തമാക്കാൻ മടിയുണ്ടായിട്ടല്ല. പക്ഷേ , ഇതൊരു 'ഭാഷാ വേദി'യാകയാൽ അങ്ങോട്ടു കരകവിയേണ്ടല്ലോ.
     പിണറായി വിജയൻ്റെ ചില ഭാഷാപ്രയോഗങ്ങളെക്കുറിച്ച് മുമ്പെഴുതിയിട്ടുണ്ട്. " അട്ടം പരതിയും ചെറ്റകളും മറ്റും ....." (വാക്കേ വാക്കേ , കറൻ്റ് ബുക്സ് ,തൃശൂർ ,2019) ആണ് അതിലൊന്ന്. അത് ആവർത്തിക്കുന്നില്ല.
      പിണറായിയെ വിളിക്കുന്ന പ്രയോഗത്തിനും നാട്ടുമൊഴിയുടെ ചാരുതയുണ്ട്: ഇരട്ടച്ചങ്കൻ.
      " ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ അറിയില്ലായിരിക്കാം. എന്നാൽ കുഞ്ഞാലിക്കുട്ടിയെപ്പോലെ ദീർഘകാലം മന്ത്രിയായിരുന്ന ഒരാൾക്ക് ഈ സാങ്കേതികത്വം അറിയാതെ വരില്ല. എന്നാൽ ഒക്കച്ചങ്ങാതിമാർ പറയുമ്പോൾ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കാൻ ?'' പിണറായി വിജയൻ ഈയിടെ തൻ്റെ ഒപ്പിനെക്കുറിച്ച് ഉയർന്ന വിവാദത്തിനു മറുപടി പറഞ്ഞപ്പോഴാണ് 'ഒക്കച്ചങ്ങാതി' പുറത്തുചാടിയത്.
        (പഴയ) തിരുവിതാംകൂറിൽ, ഇതിത്തിരി ' ദുരൂഹ'മായിരിക്കാൻ ഇടയുണ്ടു. മലബാറിൽ ,വിശേഷിച്ചും വടക്കെ മലബാറിൽ 'സുഗ്രഹ 'മായ പദമാണ് 'ഒക്ക ' .  'ഒക്ക '' എന്നു പറഞ്ഞാൽ ആദ്യം തോന്നുന്ന അർത്ഥം ''കൂടെ '' എന്നാണ്. ചേർച്ച ,സമ്മതം എന്നിങ്ങനെയും  അർത്ഥമുണ്ട്. "ഒക്ക 'യ്ക്ക് ഞങ്ങളുടെ നാട്ടിൽ ഒരു എതിർപദമുണ്ട് , 'കൊക്ക' .അവര് 'ഒക്ക 'യല്ല 'കൊക്ക' യാണ്‌. എന്നുപറഞ്ഞാൽ അർത്ഥം തിരിഞ്ഞല്ലോ : അവർ തമ്മിൽ വിരോധത്തിലാണ്.
         ചെറുതായൊന്ന് വഴിമാറട്ടെ. കാസർകോട്ടെ മുസ്ലിങ്ങൾക്കിടയിൽ 'ഒക്കു' എന്നൊരു വാക്കുണ്ട് .ബിശ്യ ( വർത്തമാനം ,സംഭാഷണം) ത്തിനിടെ തുടർച്ചയായി കേൾക്കുന്ന വാക്ക് .  'അതെ ', 'ങ്ങാ' എന്നിങ്ങനെയുള്ള സമ്മതമൊഴിക്കു തുല്യമായ വാക്കാണത്.
    ഉദാ: "അൻ്റ  ബീടരെ പേര് കൗസൂന്നാ?"
" ഒക്കു"
"മോന് വിസിനസ്സാ ?"
"ഒക്കു ,ഒക്കു "
    ഇതാ, ഞാൻ തിരിച്ചെത്തി. 'ഒക്ക ' യെ നമുക്ക്ഗുണ്ടർട്ടിലും മഹാനിഘണ്ടുലും നോക്കാം.
ഒക്ക: 1. together ; എൻ്റെ ഒക്കേ ഉള്ളവർ എൻ്റെ ഒക്കയുള്ളതിറ്റാൽ often ഒക്കക്കുടേ, ഒക്കപ്പാടെ , ഒക്കത്തക്ക ,ഒരുത്തൻ
  ഒക്കറായ്ക - യ് മ No = ഒവ്വായ്മ discord(ഗു .നി )  
ഒക്ക 1 okka .രു.ഭേ. ഒക്കെ, ഒക്കവേ. T .ഒക്ക .അവ്യ.     
2. ഒന്നുചേർന്ന് ഒപ്പം .ടimultaneously
3 കൂടെ (മ .നി)
     വാമൊഴിയിൽ 'ഒക്കച്ചെങ്ങായി, " 'ഒക്കചങ്ങായി' എന്നിങ്ങനെയാണ് കേൾക്കുക. ചങ്ങാതി സംസാരഭാഷയിൽ 'ചങ്ങായ് 'യോ ,'ചങ്ങായി'യോ ആണ്
    ഒക്കച്ചങ്ങാതി ,കൂടി നടക്കുന്ന ,കൂടെനടക്കുന്ന ചങ്ങാതിയാണ്. നല്ലതിനും ചീത്തയ്ക്കും കൂടെത്തന്നെയുണ്ടാകും. പിണറായിഭാഷ്യത്തിൽ ,ഇവിടെ ചീത്തയ്ക്കു കൂടെനടക്കുന്ന ചങ്ങാതിയാണ് . 
   'ശത്രു'വിനെ വിമർശിക്കേണ്ടി വരുമ്പോൾ ,മുന്നുംപിന്നും നോക്കില്ല. 'ഒക്ക 'യാകും. അതിൽ ന്യായമുണ്ടോ എന്നു ചോദ്യം വന്നാൽ ,ന്യായം ,അതാർക്കുവേണം എന്നാകും ഉത്തരം.

Share :