Archives / july 2021

ഡി യേശുദാസ്
അസീം താന്നിമൂടിന്റെ

 

     

മികച്ച കവിതകളുടെ സമാഹാരമാണ് അസീം താന്നിമൂടിന്റെ "കാണാതായ വാക്കുകള്‍”.പ്രസക്തവും സവിശേഷവുമായ പ്രമേയങ്ങളും അകൃത്രിമലാവണ്യം കൊണ്ട് ചൈതന്യവത്തും താളാത്മകവുമാണ് ഇതിലെ കവിതകള്‍. 2002 വരെയുള്ള രചനകളുടെ സമാഹാരമാണിത്.ദീര്‍ഘനാളത്തെ മൗനത്തിനു ശേഷമാണ് കവി തന്റെ കാവ്യശേഖരവുമായി സഹൃദയരെ സംബോധന ചെയ്യുന്നത്. അസീം കവിതകളെ സ്നേഹിക്കുന്നവരെ സംബന്ധിച്ചടത്തോളം ഏറെ ആഹ്ളാദകാരമായ കാര്യമാണിത്.ആധുനികതയില്‍ നിന്നു പുതുകവിതയിലേക്കുള്ള പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നവയാണ് അസീമിന്റെ രചനകള്‍.പ്രതീകാത്മകതയുടെ സൗന്ദര്യവും,ദ്വന്ദ്വാത്മകതയുടെ സന്ദിഗ്ധകളും,വിശ്വാസരാഹിത്യവും, രൂപകങ്ങളുടെ സവിശേഷപ്രയോഗങ്ങളും അസീമിന്റെ കവിതകളിലുണ്ട് .വാക്കുകളുടെ ജൈവികത അനുഭവിപ്പിക്കുന്നതും വൃത്തഗന്ധിയുമാണ് എന്നത് വലിയ പ്രത്യേകതയാണ്.

'നെടുമങ്ങാടിന്റെ സ്വകാര്യ സര്‍വീസുകള്‍' ഏറ്റവും വേറിട്ട കവിതയാണ്. ഇതൊരു ദേശകവിതയാണ്. നെടുമങ്ങാടിന്റെ സ്ഥലകാലസവിശേഷതകളെ റിപ്പോര്‍ട്ടു ചെയ്യുന്ന രീതിയാണ് കവി ആഖ്യാനത്തിന് കവി സ്വീകരിച്ചിരിക്കുന്നത്. ഗദ്യത്തിന്റെ സര്‍ഗ്ഗാത്മകമായൊരു പരീക്ഷണമാണിത്. തന്റെ ദേശത്തിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതോടൊപ്പം ആശങ്കകളും വിമര്‍ശനങ്ങളും വിദഗ്ധമായി ഇക്കവിതയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. ചരിത്രവും സമകാലരാഷ്ടീയവും വികസനപ്രശ്നങ്ങളും ഇവിടെ ചര്‍ച്ചയാവുന്നുണ്ട്. നെടുമങ്ങാട് ഒരു കേന്ദ്രമാവുകയും നഗരമാവുകയുമാണ്.നെടുമങ്ങാടന്‍ എഴുത്തുജീവിതത്തെ അനായാസമായി,വിമര്‍ശനാത്മകമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ രചനയെ കാവ്യാത്മകമാക്കുന്നതും ഇതുതന്നെ. രസിപ്പിക്കുന്നതും ധ്വനിപ്പിക്കുന്നതുമായ ഇതിലെ പ്രയോഗങ്ങളെല്ലാം തന്നെ പ്രസാദാത്മകവുമാണെന്നത് ഈ കവിതയെ വിജയിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ കവിതയുടെ തുടര്‍ച്ചയാണ്'തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍'എന്ന കവിത . നാഗരികതയിലൂടെ കേരളത്തെ കാണുകയാണ് കവി.നഗരത്തിലേക്കുള്ള വരവും പോക്കും ദുരൂഹത എന്ന സമസ്യയിലൂടെയാണ് കോറിയിടുന്നത്. അജ്ഞാതമായ ജീവിതങ്ങളും പരിഭ്രാന്തമായ അലച്ചിലുകളും വിലാസമില്ലാത്ത മരണങ്ങളും നഗരത്തെ അവിശ്വസ്തതയുടെ കേന്ദ്രമാക്കുന്നു.

ഒരു ആഘാതം ഏല്‍പിച്ച കവിതയാണ് 'ശ്മശാനം'.കുട്ടികള്‍ എന്നും നമുക്കു പ്രിയപ്പെട്ടവരാണ്.അവര്‍ക്കു സംഭവിക്കുന്ന എന്തും നമ്മളെ ബാധിക്കും. അതിലൊരു വൈകാരികതയുണ്ട്. അത് അതിഭാവുകത്വത്തിലേക്കു വീഴാതെ അസീം കൈകാര്യം ചെയ്തിരിക്കുന്നു.

"കുട്ടികള്‍

ആര്‍ത്തുല്ലസിക്കുന്ന

മൈതാനമാണ്

മുടന്തുള്ള കുഞ്ഞിന്റെ

ശ്മശാനം.

എന്നും രാത്രയിലവന്‍

മൈതാനം

ദുസ്സ്വപ്നം കാണും.”

ഇക്കവിത വായിച്ചു കഴിയുമ്പോഴേക്കും മുടന്ത് ഒരു കുട്ടിയെ സംബന്ധിച്ച് എന്താണെന്നു നാം അനുഭവിക്കുന്ന അവസ്ഥ ഉണ്ടാവുകയാണ്. ഒരര്‍ഥത്തില്‍ നാമെല്ലാം മുടന്തരാണല്ലോ എന്നൊരറിവ് ഉണ്ടാവുകയാണ്.കുറഞ്ഞ വാക്കുകള്‍ കൊണ്ട് അസാധാരണമായൊരനുഭവത്തെ ആസ്വാദകരുടേതു കൂടെയാക്കാനുള്ള കാവ്യവൈഭവം വെളിപ്പെടുന്നുണ്ടവിടെ.

'അന്ധനും ബധിരനും' എന്ന കവിത നോക്കൂ-

"ആദ്യനോട്ടത്തില്‍ത്തന്നെ

അവന്‍

അവളെ ഇഷ്ടപ്പെട്ടു.

ഉറക്കമൊഴിഞ്ഞിരുന്ന്

പ്രണയലേഖനങ്ങളെഴുതി

അവന്‍ അവള്‍ക്കു സമ്മാനിച്ചു.

ഉറക്കമൊഴിഞ്ഞിരുന്ന്

പ്രണയകവിതകള്‍

അവനായ് അവള്‍

ചൊല്ലിക്കൊണ്ടേയിരുന്നു.”

പ്രണയത്തില്‍ ഒരു ഐറണി കൊരുത്തു വെച്ചിരിക്കുകയാണ് കവി. എക്കാലത്തെയും മനുഷ്യജീവിതത്തിന്റെ പരസ്പരവൈരുദ്ധ്യത്തെ ,കാണുന്നുണ്ടെങ്കിലും കേള്‍ക്കാതെ പോകുന്ന, കേള്‍ന്നുണ്ടെങ്കിലും കാണാതെപോകുന്ന ദുരിതാവസ്ഥയുടെ കാരണത്തെ നാം ഇവിടെ മുഖാമുഖം കാണുന്നു.ഫിലോസഫിക്കലായ ഒരു തലത്തില്‍ ഇക്കവിത നമ്മെ വശീകരിക്കുന്നു.

ഒരു ദൂരദര്‍ശിനിയിലൂടെ കാണുന്നതിനെക്കാള്‍ ദൂരം കണ്ണുനീര്‍തുള്ളിയിലൂടെ കാണാമെന്ന ചിന്ത ഒരു ചൊല്ലുപോലെ നമുക്ക് പരിചിതമാണ്. ഈ കാഴ്ചയുടെ അനുഭവത്തെ "തുള്ളികള്‍" എന്ന കവിതയില്‍ കണ്ടുമുട്ടുന്നത് ഇങ്ങനെയാണ് -

എന്നാല്‍ നീ

ഊറ്റിന്റെ ഗര്‍ഭവേദനയില്‍ നിന്നും

പൊക്കിള്‍ക്കൊടി മുറിഞ്ഞു വന്ന

ഒരു തുള്ളിയാണ്.

നിനക്ക് അക്കങ്ങളിലൊതുങ്ങാത്ത

കാഴ്ചയിലൊതുങ്ങാത്ത

അനേകം വര്‍ണ്ണങ്ങളേയും

വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളേയും

പ്രതിബിംബിക്കേണ്ടതുണ്ട്.

അതുകൊണ്ട് നീ

കണ്ണില്‍തന്നെ തങ്ങിയാല്‍ മതി.

'കടലുകാണാത്ത കാമുകന്‍'സവിശേഷമായ മറ്റൊരുരചനയാണ്. ഇത്പ്രണയകവിതയാണ് . പുരുഷന്റെ പ്രണയതാല്‍പര്യത്തില്‍ നിന്നു വ്യത്യസ്തമാണ് ഈ രചന. പുരുഷന്‍ പറയുകയും പെണ്ണു കേള്‍ക്കുകയും ചെയ്യും എന്ന പ്രണയകവിതകളിലെ കീഴ്വഴക്കം മാറിമറിയുകയുകയാണിവിടെ.പെണ്ണിനെ പുഴയും ആണിനെ കടലുമായി സങ്കല്പിച്ചിരുന്ന ഫ്യൂഡല്‍ക്കാഴ്ചയോടും ഈ കവിത വിയോജിക്കുന്നു. കാമുകനോട് കാമുകി പറയുന്നു എന്നതും പുരുഷനെ പുഴയായും പെണ്ണിനെ കടലായും കല്പിച്ചിരിക്കുന്നു ഇക്കവിതയില്‍. പുരുഷന്റെ ആധിപത്യവാസനകളുടെ കാഴ്ചക്കുറവും ഉദാസീനതയും സ്ത്രീയെ മനസ്സിലാക്കുന്നതില്‍ സങ്കുചിതത്വം തീര്‍ത്തിട്ടുണ്ട്. ആ അലസ്സക്കാഴ്ചയിലേക്കാണ് അവള്‍ താനെന്ന കടലിനെ തുറന്നു കാട്ടുന്നത്. "മൃഗം" എന്ന കവിതയും സ്ത്രീജീവിതത്തെ സ്ത്രീയുടെ നോട്ടത്തിലൂടെ അവതരിപ്പിക്കുന്ന മികച്ച രചനയാണ്.

'ചാരുകസേര'യും ,'ഷെഹീദും'രാഷ്ട്രീയകവിതകളാണ്. 'ചാരുകസേര' ഒരു പ്രതീകാത്മകത നിലനിര്‍ത്തുമ്പോള്‍ 'ഷെഹീദ്'നേരിട്ടുള്ള ആഖ്യാനമാണ്. ഒരു കാലഘട്ടത്തെ വ്യത്യസ്തമായി അനുഭവിപ്പിക്കാനും ധാര്‍മികവും രാഷ്ട്രീയവുമായ ചില ചോദ്യങ്ങള്‍ മുന്‍പോട്ടുവെക്കാനും ഈ കവിതകള്‍ക്കു കഴിയുന്നു. 'ചാരുകസേര' ആരംഭിക്കുന്നത് ഉപ്പാപ്പയെ വിളിച്ചുകൊണ്ട് ആ പഴയ കസേര പൊടിത്തട്ടിയെടുക്കുന്നതോടെയാണ്. വിപ്ളവകാരിയായിരുന്ന തന്റെ ഉപ്പാപ്പയുടെ ജീവിതത്തില്‍ നിന്നു തന്റെ ജീവിതത്തിന്റെ അകലം വെളിവാക്കിക്കൊണ്ട് തുടരുന്ന കവിത തന്റെ ഉറക്കമില്ലായ്മയെ വിശദമാക്കികൊണ്ടാണ് വികസിക്കുന്നത്. തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ നിരവധി മനുഷ്യാവസ്ഥകള്‍ ഇവിടെ കടന്നു വരുന്നു.

"ഉപ്പാപ്പാ

ഈ ചാരുകസാരയ്ക്ക്

നന്നേ ക്ഷീണമുണ്ട്

കഥ കേട്ടുറങ്ങാന്‍

ഒരിക്കല്‍ ഞാനോടിക്കയറി

തോളത്തിരിക്കുമ്പോള്‍

അന്നുപ്പാപ്പ കിതച്ചതുപോലെ

ഈ ചാരു കസേരയും...”

ഈ വരകളിലെത്തുമ്പോള്‍ നമുക്ക് കവിതയുമായി താദാത്മ്യപ്പെടാതിരിക്കാന്‍ കഴിയുകയില്ല.അവസരവാദരാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാലജീവിതത്തില്‍ ധാര്‍മികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട് ഈ കവിതയ്ക്ക്.അതേ പ്രാധാന്യം 'ഷെഹീദി' (രക്തസാക്ഷി) നുമുണ്ട്.തിരിച്ചറിയപ്പടാതെ പോകുന്ന ,തുടര്‍യില്ലാതെ പോകുന്ന ഇത്തരം മനുഷ്യര്‍ക്കുള്ള കാവ്യസ്മാരകങ്ങളാണ് ഈ രചനകള്‍ .

"വേണ്ടപ്പെട്ടൊരാള്‍കൂടിമരിച്ചു.

വിലാസവും മുഖവുമില്ലാത്തവന്‍,

നാമത്തില്‍ നഞ്ചുള്ളവന്‍"എന്നാരംഭിക്കുന്ന ഊ കവിത പൊള്ളിക്കുന്ന അനുഭവമാണ് തരുന്നത്. ഭാഷണത്തിന്റെ ഘടന സ്വീകരിച്ചിരിക്കുന്ന ഈ കവിതകള്‍ പുലര്‍ത്തുന്ന നാടകീയത കവിതയെ തീവ്രാനുഭവമാക്കുന്നു. 'ഷെഹീദാ'കട്ടെ സംഭാഷണഭാഷയുടെ സാധ്യതയെ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.

വിവിധദശാന്തരങ്ങളിലൂടെ സംഭവിക്കുന്ന തുടര്‍ച്ചയുടെ സംസ്കൃതിയെ ഒരു മരത്തിനെ കേന്ദ്രമാക്കി അവതരിപ്പിക്കുന്ന ദീപ്തമായ കവിതയാണ് 'പുനര്‍ജനി' . പലകാലത്ത് പലപാകത്തില്‍ പലരീതിയില്‍ പലവേഗത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനത്തെ അതിജീവന ദര്‍ശനത്തിന്റെ മൂശയില്‍ ഉരുക്കിയെടുത്ത കവിതയാണ് ഇത്. മരം ഫോസിലായിത്തിരുന്നതും പിന്നെ ഇന്ധനമായി മാറുന്നതുമായ ശാസ്ത്രീയമായ യുക്തി ഈ ഭാവനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പുനര്‍ജന്മം എന്ന പൗരാണിക സങ്കല്പവും ഇതില്‍ കാണാം.യഥാര്‍ഥത്തില്‍ അമരത്വമാര്‍ജ്ജിക്കാനുള്ള മനുഷ്യമനസിന്റെ ദാഹത്തോട് ചേര്‍ന്നു നില്‍ക്കുകയാണ് അസീമിന്റെ ഭാവനയും.

തന്നില്‍തന്നെ മറ്റൊരാളെ കാണുക അസീം കവിതയിലെ ഒരു പ്രധാന സവിശേഷതയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് "നദി കലങ്ങുന്നു" എന്ന രചന.മനുഷ്യജീവിതത്തെ പ്രതീകമാക്കുന്ന പ്രാക്തനമായ ഉദാഹരണമാണ് നദി.തെളിഞ്ഞ നദിക്കരയില്‍ ഇരുന്ന് കവി തന്റെ പ്രകൃതിയെ അതില്‍ കാണുന്നു. തുടര്‍ന്ന് നോക്കുമ്പോള്‍ ഒരു കറുത്ത യുവാവിനെ കാണുന്നു.തന്റെയും അയാളുടെയും സങ്കടം ഒന്നുതന്നെയെന്നു തിരിച്ചറിഞ്ഞ് പരസ്പരം അടുക്കാന്‍ ശ്രമിക്കുമ്പോള്‍ നദി കലങ്ങുകയും കാഴ്ച മങ്ങുകയും ചെയ്യുന്നു.അവര്‍ക്ക് ഒന്നിക്കാന്‍ കഴിയുന്നില്ല.ആ കറുത്ത യുവാവ് വാസ്തവത്തില്‍ താന്‍തന്നെയാണ്.സ്വയം അപരിചിതമായിരിക്കുന്ന ഒരവസ്ഥ ഇവിടെ കവി അനാവരണം ചെയ്യുകയാണ്. തന്നെ അപരിചിതനായി കാണുക വഴി അനുഭവസ്ഥനായ മനുഷ്യനെയും ആവിഷ്കര്‍ത്താവായ മനുഷ്യനെയും കാവ്യാത്മകമായ യുക്തിയില്‍ കണ്ണി ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് കവി.ദ്വന്ദ്വാത്മകതയുടെയും അപരസാന്നിധ്യത്തിന്റെയും അനുഭവങ്ങള്‍ ആവിഷ്കൃതമായമറ്റു കവിതകളാണ് 'ഒരാള്‍ ', 'സ്വപ്നത്തില്‍ ഞാന്‍ അസ്വസ്ഥനാകുമ്പോള്‍' , 'ഇടത്ത് വലത്ത്', 'മഴ തോരുമ്പോള്‍'തുടങ്ങിയ രചനകള്‍.എല്ലാക്കാലത്തും മനുഷ്യന്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. താന്‍ ജീവിക്കുന്ന ചരിത്രസന്ദര്‍ഭം സൃഷ്ടിക്കുന്ന ഭയാശങ്കകളാണ് മുഖ്യമായും ഇതിനു കാരണമായിത്തീരുന്നത്. ഉത്തരം കിട്ടാത്ത നിരവധി സമസ്യകള്‍ നേരടേണ്ടി വരുന്ന മനുഷ്യകുലത്തിന്റെ അനിവാര്യതയാണ് ഇത്തരം സന്ദിഗ്ധതകള്‍. "മനസ്സ് മറ്റൊരു ദുരൂഹമായ ഗ്രഹം" (മനസ്സ്) എന്ന് അസീം എഴുതിയത് ഈ നിലയ്ക്കും പ്രസക്തമാണ്.

"നിനക്കുവേണ്ടി"അതിമനോഹരമായ പ്രണയകവിതയാണ്. കാമുകിയുടെ സൗന്ദര്യത്തെ ആവിഷ്കരിക്കാന്‍ കവി സ്വീകരിച്ചിരിക്കുന്ന തന്ത്രം എത്രയും ആസ്വാദ്യമാണ്. അവള്‍ അണിയുന്നതിനാല്‍ ചമയങ്ങള്‍ക്കു കൈവരുന്ന സൗന്ദര്യാതിശയത്തെ പറയുന്നതിലൂടെയാണ് അവളുടെ വശ്യതയെ കവി വെളിപ്പെടുത്തുന്നത്.

"നിനക്കുവേണ്ടി മാത്രമായി സൃഷ്ടിച്ച

ഒരേ ഒരു സൗന്ദര്യവസ്തു

നിന്റെ വലത്തേക്കവിളിലെ

കറുത്ത മറുകാണ്"

എന്നെഴുതി അസീം പ്രണയിനിയുടെ സൗന്ദര്യത്തെ അനന്യമായ ഒന്നാക്കിത്തീര്‍ത്തിര്‍ക്കുന്നു. 'ഈര്‍പ്പം' എന്ന കവിതയിലും പ്രണയത്തിന്റെ അനിര്‍വചനീയമായ ജീവചൈതന്യത്തെ ആവിഷ്കരിച്ചിരിക്കുന്നത് കാണാം.

"നിന്റെ- നനവുമായി ഞാന്‍ നടക്കുമ്പോള്‍ ചുറ്റും

തുടുത്ത പച്ചയില്‍ നിലാവു പെയ്യുന്നു”.

പ്രണയം പാരിസ്ഥികമായൊരു അനുഭൂതിയിലേക്ക് വളര്‍ന്നു നില്‍ക്കുകയാണിവിടെ.താളാത്മകതയും വാക്കുകളുടെ സാന്ദ്രതയും ഇമേജറിയുടെ സൂക്ഷ്മതയും 'ഈര്‍പ്പ'ത്തെ സവിശേഷമായൊരു മാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.

"പാടിത്തെളിയാതേതോ

കുയിലിന്റെ ഗാനം

കവുങ്ങിന്‍ തോപ്പിലിഴഞ്ഞു നടക്കുന്നു...”

"വിലാസം ചെളിയില്‍പ്പൂഴ്ന്നുു

മറഞ്ഞ

ജഡത്തിന്‍

കരളില്‍ കുറുകി-

യിരുന്നൊരു പ്രാവിന്‍-

ചിറകടിയാണെ-

ന്നേകാന്തതയില്‍" (ഏകാന്തത)

കവുങ്ങിന്‍ തോപ്പിലെ കുയിലിന്റെ ഗാനത്തിലൂടെയും പ്രാവിന്‍ ചിറകടിയിലൂടെയും ഏകാന്തതയെ അനുഭൂതമാക്കിയ കാവ്യഭാവന അവിസ്മരണീയമാണ്.

സന്ദിഗ്ധതയും വിസ്മൃതിയും അതിജീവനവ്യഗ്രതയും"കാണാതായ വാക്കുകള്‍" എന്ന കവിതയെ സങ്കീര്‍ണ്ണവും മനോഹരവുമാക്കുന്നു. ചില വാക്കുകള്‍ കാണാതായതോടെ പരസ്പരബന്ധം നഷ്ടമായ പൊറുതികേടിനെ "നാവു കുഴഞ്ഞപോലക്ഷരജാഥനിന്നു പരുങ്ങുകയാണതില്‍" എന്നു രാഷ്ട്രീയധ്വനിയോടെ നാം വായിക്കാം. ഒരു വ്യക്തി ചെന്നു പതിക്കുന്ന രാഷ്ട്രീയവും സാമൂഹികവും ദാര്‍ശനികവും വൈയക്തികവുമായ സമസ്യയില്‍ സ്ഥാനമുറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ കവിത കല്പനയുടെ അനന്യതകൊണ്ടും സവിശേഷമാണ്.

“-കൊടും

മൗനമെന്തോ കുറിച്ചപോല്‍ വാക്കുകള്‍

വീണുടഞ്ഞ വരികള്‍ ദുരൂഹത "

"ഡിസംബറിന്‍ കള്ളികള്‍ കടന്നെത്തിയ തുമ്പികള്‍

പുസ്തകത്തിലെ അവ്യക്തതകളില്‍

എന്റെ ( നിന്റെയും) പേരുകള്‍ ചേര്‍ത്തു വ-

ച്ചൊറ്റ ശ്വാസത്തില്‍ വായിച്ചു ശൂന്യത...” (കാണാതായ വാക്കുകള്‍)തുടങ്ങിയ വരികളില്‍ അത്യന്തം സൂക്ഷ്മമായ കാവ്യാനുഭവത്തെ കണ്ടുമുട്ടുന്നതിന്റെ ആഹ്ളാദം ചെറുതല്ല.

 

Share :