വയലറ്റ്
"അല്ല സിസ്റ്ററേ നിങ്ങടെ ക്യാൻവാസിലെ സ്ത്രീകൾക്കൊന്നും ഉടുതുണി വേണ്ടെന്ന് വല്ല നിയമോണ്ടോ"
അഡ്വക്കേറ്റായ സിസ്റ്റർ ജോഷ്വാ ചോദിച്ചു.
നിലാവും കിനാവും നിറങ്ങളിൽ നിറച്ച് ക്യാൻവാസിൽ അനന്യ സാധാരണമായൊരു സ്ത്രീ സൗന്ദര്യം സന്നിവേശിപ്പിക്കുകയാണ് സിസ്റ്റർ ജെസി. വരകളിൽ നിറഞ്ഞ് നിറങ്ങളിൽ നനഞ്ഞ അവളുടെ മനസ്സിന്റെ മറുപടി മുഖരാഗത്തിൽ മന്ദഹാസമായി തെളിഞ്ഞു. ചിത്രത്തിലേതുപോലെ സമാനമായി തെളിഞ്ഞ ജെസിയുടെ ഭാവം കണ്ട് ജോഷ്വാ തുടർന്നു ...
"കെ സി എസ് പണിക്കരു പോലും മ്യൂറൽസും പോർട്രേയ്റ്റും ചെയ്തവസാനം ചെന്നെത്തിയത് ലിപികളിലല്ലേ. ലിപികൾ ഏതോ നിഗൂഢതയിലെ പ്രതീകങ്ങളാക്കി പ്രത്യേക രീതിയിൽ നിരത്തി കളറ് ചെയ്ത് ബോക്സിലാക്കിയിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗ്യാ"
ജെസി ക്യാൻവാസിലെ ഉടലാഴങ്ങളിലേക്ക് കടും ഛായങ്ങൾ പുരട്ടിക്കൊണ്ട് പറഞ്ഞു ...
"പണിക്കരുടെ ലിപികൾ ആസ്വാദ്യകരം തന്നെ.. തർക്കമില്ല. യഥാർത്ഥ രൂപങ്ങളിൽ തുടങ്ങി അമൂർത്ത രൂപങ്ങളായി വ്യതിചലിച്ച രചനാശൈലി ബംഗാളിൽ ജാമിനിറോയിയിൽ നിന്നും ദക്ഷിണേന്ത്യയിൽ പണിക്കരിലൂടെ പുനരാഖ്യാനം നേടിയിട്ടുമുണ്ട്.. എന്നാൽ രേഖകളാണ് ചിത്രകലയുടെ ജീവൻ. വർണ്ണങ്ങൾ അതിന്റെ ജീവിതവും. രേഖകൾ രൂപഭേദങ്ങൾക്ക് ആധാരമെങ്കിൽ വർണ്ണങ്ങൾ ഭാവ ദായകവും. രേഖകളും വർണ്ണങ്ങളും ചിത്രകലയുടെ ഊടും പാവുമാണ്. പിന്നെന്തിനാ വേറെ മേൽമുണ്ട്"
ജെസി വക്കീലായ തന്നെ പോലും വാക്കുകൾ കൊണ്ട് അതിസമർത്ഥമായി കീഴ്പ്പെടുത്തിയിരിക്കുന്നു.
ഒന്നര വർഷത്തെ ഫൈൻ ആർട്സ് കോളേജിലെ പഠനം ജെസിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. എറണാകുളത്ത് നിന്നും മദർ സുപ്പീരിയറാണ് സിസ്റ്റർ ജസിയെ തിരുവനന്തപുരത്തേക്ക് ചിത്രകല പഠിക്കാനയച്ചത്. അന്തർമുഖിയായിരുന്ന സിസ്റ്റർ ജെസിയെ മഠത്തിൽ കൊണ്ടു വന്നാക്കി മദർ തന്നെയാണ് ജോഷ്വായെ ഏൽപ്പിച്ചത്. അന്നു മുതൽ സിസ്റ്റർ ജെസിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ജോഷ്വായാണ്.
"എന്തായാലും ക്യാൻവാസിനൊരു ഉടുമുണ്ട് വേണം. മഠത്തിലുള്ളവരാരും കാണണ്ടല്ലോ"
സിസ്റ്റർ ജോഷ്വാ ഉപദേശിച്ചു പോയി. അത്താഴത്തിനു മുമ്പുള്ള പ്രാർത്ഥനയ്ക്ക് സമയായി. മഠം പ്രാർത്ഥനയിൽ മുഴുകി.
ഇതു പോലൊരു നേരത്ത് നല്ല നിലാവത്ത് ഇരുപത്തിനാലാണ്ട് മുമ്പാണ് അനാഥാലയത്തിന്റെ മുറ്റത്തെ ഇലഞ്ഞിമരചോട്ടിൽ ആ പിഞ്ചു പെൺ കുഞ്ഞിന്റെ കരച്ചിൽ ആദ്യമായി കേട്ടത്. അന്ന് അവളുടെ അമ്മയുടെ ഹൃദയാക്ഷരങ്ങളും പതിനെട്ടു കത്തുകളായി കൂട്ടിനുണ്ടായിരുന്നു. നിലാവിലലിഞ്ഞ് നിദ്രയിലാണ്ട അന്നത്തെ രാത്രിയെ നിർത്താതെ കരഞ്ഞുണർത്തിയ ആ കൈകുഞ്ഞുമായി അനാഥാലയത്തിന്റെ അകത്തേക്ക് നടക്കുമ്പോൾ മദർ ആ കത്തുകളത്രയും മുറുക്കി പിടിച്ചിരുന്നു. അതിൽ അവളുടെ അമ്മയുടെ ഹൃദയം പകർന്നു വെച്ചിട്ടുണ്ടാവുമെന്ന് അത് വായിക്കാതെ തന്നെ മദർ ഊഹിച്ചിരുന്നു. പതിനെട്ട് വയസ്സുവരെ തന്റെ മകളോട് പറയാനുള്ളതത്രയും പെറ്റമ്മ പകർത്തിയ പതിനെട്ട് കത്തുകൾ!. ഒരു പക്ഷെ ഭൂമിയിൽ ഇനി ജീവിച്ചിരുന്നില്ലെങ്കിലോ എന്ന് തീരുമാനിച്ച ഒരമ്മ ഒരുമിച്ചെഴുതിയ കത്തുകൾ. അനാഥാലയത്തിന്റെ മുറ്റത്തെ ഇലഞ്ഞിപൂത്ത് പൂക്കൾ പൊഴിയുന്നതു പോലയാണ് അവൾക്ക് തന്റെ ബാല്യം അനുഭവപ്പെട്ടത്. ആ പൂക്കൾ മാലയായി കാലം കോർത്തെടുക്കുന്നതു പോലെ അമ്മയുടെ കത്തുകളിലൂടെ വളർന്ന അവളുടെ കൗമാരവും ... ഓരോ പിറന്നാളിനും അമ്മയുടെ ഓരോ കത്തുകൾ അവൾക്ക് സമ്മാനമായി ലഭിച്ചുകൊണ്ടിരുന്നു. ഓരോ കത്തിലൂടേയും അവൾ അമ്മയെ അടുത്തറിഞ്ഞു. അത് കടലാസിലേയ്ക്ക് വരകളും വർണ്ണങ്ങളുമായി വളർന്നു. പതിനെട്ടാമത്തെ വയസ്സിൽ കത്തുകളവസാനിച്ചു. അതോടെ അവളിലെ അമ്മനിറങ്ങളും അർദ്ധവിരാമത്തിൽ അവസാനിച്ചു. തന്റെ ഇനിയുള്ള പിറന്നാളുകൾക്ക് അമ്മയുടെ കത്തുകളുണ്ടാവില്ല. നിറം മാറുന്ന നിമിഷങ്ങൾ തന്റെ കൈവശമുള്ളതിനെ മുഴുവൻ മറയ്ക്കുന്ന കറുപ്പായി മനസ്സിൽ പടർന്നു.. പൊരുത്തപ്പെട്ടു പോന്ന പെറ്റമ്മയെന്ന പൊരുൾ പെട്ടന്ന് ശൂന്യമായിരിക്കുന്നു. ആ ശൂന്യതയുടെ കറുപ്പിൽ നിന്നും ഇത്തിരി വെട്ടത്തിന്റെ ശ്വാസമെടുക്കാൻ അവൾ പോറ്റമ്മയിൽ അഭയം പ്രാപിച്ചു. സാവധാനം സഹനവും സമാധാനവും അവളിൽ നിറഞ്ഞു. പ്രാർത്ഥനകളുടെ ശാന്തി ഗീതങ്ങളിൽ പ്രകൃതിയുടെ പ്രശാന്തമായ പച്ച തുരുത്തിൽ മനസ്സ് പരമമായ സ്നേഹത്തിൽ പച്ച പിടിച്ചു. മദറിന്റെ ഉപദേശമനുസരിച്ച് അവൾ കർത്താവിന്റെ മണവാട്ടിയാവാൻ തീരുമാനിച്ചു. എന്നാൽ അത്രനാൾ അവൾ മനസ്സിന്റെ കൂട്ടിലടച്ചിട്ട നിറങ്ങളെയൊക്കെ സ്വതന്ത്രമാക്കാൻ അവളുടെ മനസ്സടുത്തറിഞ്ഞ മദറും തീരുമാനിച്ചു.
മത പഠനത്തിനു ശേഷം അവളെ ചിത്രകല പഠിക്കാനയച്ചു.
അപ്പോഴാണ് മനസ്സിലെ നിറങ്ങളൊക്കെ തന്റെ തന്നെ സ്വപ്നങ്ങളായിരുന്നെന്ന് അവൾ തിരിച്ചറിഞ്ഞത്. ആ സ്വപ്നങ്ങൾക്ക് കാവലായി കൂട്ടിരിക്കാൻ കൂടെ പഠിക്കുന്ന ഷഹബാസുമെത്തി. സ്ഥിരതയും ആർദ്രതയും നിഴലിക്കുന്ന നീല നിറം നിറനിലാവ് പോലെ പരന്നു. ആ നീലിമയുടെ നിനവുകളിൽ മഴയായും പുഴയായും കാറ്റായും കവിതയായും അവൾ കനവുകളിൽ ലയിച്ചു. മനസ്സിൽ കെടാതെ സൂക്ഷിച്ച കനലെരിഞ്ഞ് ജ്വലിയ്ക്കുന്ന ആവേശ ചുവപ്പായി അവളിൽ ആളിപടർന്നു. ഒടുവിൽ വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ മറ്റെല്ലാം വിസ്മരിക്കപ്പെട്ടു.
"ഇങ്ങനെ ഒരു ബന്ധം തുടർന്നാൽ ഇവിടെ തുടരാനാവില്ല "
സിസ്റ്റർ ജോഷ്വാ മുന്നറിയിപ്പ് നൽകി.
"ഞാനിവിടന്ന് മാറണമെന്നല്ലേ"...
ജെസ്സി ചോദിച്ചു.
"മാറ്റം എങ്ങനെ വേണമെന്ന് തീരുമാനിക്കാം. സ്വയം മാറാം അല്ലെങ്കിൽ മഠത്തിൽ നിന്നും മാറാം"
ജോഷ്വാ തീർത്തു പറഞ്ഞു. സിസ്റ്റർ ജോഷ്വാ ജെസി കേൾക്കാനായി വേദപുസ്തകത്തിലെ വചനങ്ങൾ ഉറക്കെ വായിച്ചു.
"അചഞ്ചലസ്നേഹവും വിശ്വസ്തതയും തെറ്റിനു പരിഹാരം വരുത്തുന്നു ; യഹോവയോടു ഭയഭക്തിയുള്ളവൻ തെറ്റിൽ നിന്ന് ഓടിയകലുന്നു. ദൈവത്തെ പറ്റികാനാകില്ല. ഒരാൾ വിതയ്ക്കുന്നതു തന്നെ കൊയ്യും. ജഡത്തിനു വേണ്ടി വിതക്കുന്നവൻ ജഡത്തിൽ നിന്ന് നാശം കൊയ്യും. പക്ഷെ ആത്മാവിനു വേണ്ടി വിതയ്ക്കുന്നവൻ ആത്മാവിൽ നിന്ന് നിത്യ ജീവൻ കൊയ്യും"
ജോഷ്വാക്കുള്ള മറുപടിയെന്നോണം ജെസി പറഞ്ഞു ...
"ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ദൈവത്തിന്നടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും ദൈവം സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. ഇങ്ങനൊക്കയാ ഖുറാനിലും പറഞ്ഞിട്ടുള്ളത്"
ജെസിയുടെ പ്രതികരണം കേട്ട് ജോഷ്വാ വേഗത്തിൽ വേദപുസ്തകത്തിന്റെ താളുകൾ മറിച്ച് വീണ്ടുമൊരു വചനം ഉച്ചത്തിൽ വായിച്ചു ...
"യഹോവ നിങ്ങളുടെ ശത്രുക്കളെ നിങ്ങൾക്കുനേരെ അയക്കും. തിന്നാനോ കുടിക്കാനോ ഉടുക്കാനോ ഇല്ലാതെ ഇല്ലായ്മയിൽ നിങ്ങൾ അവരെ സേവിക്കേണ്ടി വരും. നിങ്ങളെ പാടേ നശിപ്പിക്കുന്നതുവരെ ദൈവം നിങ്ങളുടെ കഴുത്തിൽ ഇരുമ്പുനുകം വെക്കും"
ജെസി കഴുത്തറ്റം വരെ പുതച്ചിരുന്ന പുതപ്പെടുത്ത് തലവഴി മൂടി കിടന്നു. ജോഷ്വാ ഒരു നിശ്വാസത്തോടെ വേദപുസ്തകം അടച്ച് എരിഞ്ഞു തീരാറായ മെഴുകുതിരി ഊതി അണച്ചു.
ജോഷ്വാ അറിയിച്ചതനുസരിച്ച് പിറ്റേന്നു തന്നെ എറണാകുളത്ത് നിന്നും മദറെത്തി. അവർ രണ്ട് നാൾ അവളോടൊപ്പം താമസിച്ചു. ജെസ്സിയെ മാനസാന്തരപ്പെടുത്താൻ ശ്രമിച്ചു. അവൾക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. ഒരു വേള അവൾ തന്നോട് കുമ്പസരിക്കുമെന്നവർ ആഗ്രഹിച്ചു. എന്നാൽ അതുണ്ടായില്ല. മഠത്തിലെ പ്രാർത്ഥനാമുറിയിലെ കുരിശിൽ തറച്ചിരിക്കുന്ന യേശുവിന്റെ നിഴൽ ജെസിയിലേക്ക് നീണ്ടു. ടേബിൾ ഫേനിന്റെ കാറ്റിൽ അവളുടെ കഴുത്തിൽ തൂങ്ങി കിടക്കുന്ന കൊന്ത ആടിക്കൊണ്ടിരുന്നു. അവൾക്കരികിലിരുന്ന് സ്നേഹത്തോടെ മദർ പറഞ്ഞു ...
"നമ്മുടെ ജീവിതത്തിലെ ജീവവായുവായ വിശുദ്ധ ഗ്രന്ഥത്തിൽ രണ്ടു കന്യകമാരെ കുറിച്ച് പ്രധാനമായും പ്രതിപാദിക്കുന്നുണ്ട്. ഉൽപത്തി പുസ്തകത്തിൽ ദൈവത്തെ അറിഞ്ഞിട്ടില്ലാത്ത ഹൗവ്വയേയും പുതിയ നിയമത്തിൽ ദൈവത്തെ അറിഞ്ഞ മറിയത്തേയും. ഹൗവ്വ ദൈവ വചനങ്ങൾ വളച്ചൊടിച്ചു. അവൾ പുരുഷനെ സന്ദർശിച്ച് പാപത്തിന് പ്രേരിപ്പിച്ച് വിലക്കപ്പെട്ട കനി കഴിപ്പിച്ചു. അവൾ അനുസരണക്കേടിന്റേയും അഹങ്കാരത്തിന്റേയും താൻപോരിമയുടേയും ധിക്കാരത്തിന്റേയുമൊക്കെ ആൾരൂപമായി. എന്നാൽ നസ്രത്തിലെ മറിയം കർത്താവിന്റെ അനുസരണയുള്ള ദാസിയായി സ്ത്രൈണതയുടേയും സ്ത്രീസഹജമായ വിനയത്തിന്റേയും ആൾരൂപമായി മാറി. മറിയം സക്കറിയേയും എലിസബത്തിനേയും സന്ദർശിച്ചത് അവരെ ആത്മാവുകൊണ്ട് നിറക്കാനാണ്. നിന്റെ അഭിവാദനസ്വരം എന്റെ കാതുകളിലെത്തിയപ്പോൾ എന്റെ ഉദരത്തിലെ ശിശു ആത്മാവിന്റെ ആനന്ദത്താൽ കുതിച്ചു ചാടി എന്നല്ലേ എലിസബത്ത് അന്ന് കന്യാമറിയത്തിനോട് പറഞ്ഞത്. ഇനി മദറ് പറഞ്ഞതൊക്കെയൊന്ന് മോളാലോചിക്ക്"
മദർ അവളോടൊപ്പം പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു.
"അവസാനം ഹൗവ്വ തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിച്ച് മക്കളോട് പറഞ്ഞത് പുതിയ ആദാമായ യേശുവിന്റെ വാക്കുകൾ നിങ്ങൾ ശ്രവിക്കുവിൻ എന്നാണ്. നിങ്ങൾ സർപ്പങ്ങളെ പോലെ വിവേകമുള്ളവരും പ്രാവുകളെ പോലെ നിഷ്ളങ്കരുമായിരിക്കാനാണ്"
പിറ്റേന്ന് യാത്ര പറഞ്ഞ് പോവുന്നതിനുമുമ്പ് ഇത്രയും കൂടി മദറവളെ ഓർമ്മിപ്പിച്ചു. അപ്പോഴേക്കും ജെസ്സി മനസ്സു കൊണ്ട് തന്റെ തിരുവസ്ത്രം അഴിക്കാൻ തിരുമാനിച്ചിരുന്നു. അത്രമേൽ അദമ്യമായ അഭിവാഞ്ഛയുടെ മോഹ മഞ്ഞ അവളിൽ അനുരക്തയായിരുന്നു ...
"കർത്താവിന്റെ മണവാട്ടിയായവളാ ഒരു മുസ്ലീമിന്റെ മണവാട്ടിയാവുന്നത്. പേടിയില്ലേ മനസ്സില്"
"ഇല്ല ഇപ്പൊ മനസ്സ് നിറയെ പ്രണയമാണ്"
ഒറ്റ ശ്വാസത്തിൽ ഷഹബാസിനോട് അങ്ങനെ പറയണമെന്ന് അവളുടെ മനസ്സ് പറഞ്ഞു. പക്ഷെ അതുറക്കെ പറയാൻ അപ്പോളവൾക്ക് ധൈര്യമുണ്ടായില്ല. അനുരാഗത്തിന്റെ ആഴപ്പരപ്പിലേക്ക് ആവേശത്തിരകളുയർത്തിയ ഓറഞ്ചു നിറം അവളെ ഉത്തേജിപ്പിച്ചു. അവൾ വിലക്കപ്പെട്ട കനി കഴിച്ച് അനുസരണക്കേട് കാട്ടി. ഷഹബാസ് ഒരു വസന്തമായി അവളിൽ നിറഞ്ഞു. സമത്വത്തിന്റെ പ്രതീകമായ വെള്ള നിറം നീതി തേടുന്നതു പോലെ അവൾ കന്യാസ്ത്രീയായി ത്യജിക്കേണ്ട ജീവിതം വേണ്ടെന്നു വെച്ചു. കന്യാവസ്ത്രം മാറ്റി വെച്ചു. അവളുടെ ചിത്തത്തിലെ ചിത്രശാലയിൽ അവന്റെ ആൺ നിറങ്ങൾ നിറഞ്ഞു. അകത്ത് അതിരുകെട്ടിതിരിച്ച ആഗ്രഹങ്ങളുടെ അരുവികളൊക്കെ അണപ്പൊട്ടിയൊഴുകി. അത് കടലായ് ഉടലിനെ വിഴുങ്ങി. അവർ ഹൃദയരാഗത്തിൽ നിന്നും ശരീരരാഗത്തിലേക്ക് പകർന്നാടപ്പെട്ടു. പിന്നെ ഉടലാഴങ്ങളിൽ ഉടൽ പെയ്തു നിറഞ്ഞു.
ഫൈൻ ആർട്സ് കോളേജിലെ പഠനം പൂർത്തിയായി. ജീവിതത്തെക്കുറിച്ച് ഉറച്ച തീരുമാനമെടുക്കേണ്ട സമയയമായി.
"എന്താ ഒരു രജിസ്റ്റർ മേര്യേജ് വേണമെന്നുണ്ടോ"
ഷഹബാസ് സ്നേഹപൂർവ്വം ചോദിച്ചു.
"വേണ്ട മനസ്സുകൊണ്ടെന്നേ കരാറൊപ്പിട്ടു കഴിഞ്ഞതല്ലേ"
ജെസ്സി ഷഹബാസിന്റെ മനസ്സറിഞ്ഞു പറഞ്ഞു. അവർ ഒരുമിച്ചുള്ള ജീവിതമാരംഭിച്ചു. അപ്പോഴേയ്ക്കും ഇരുവരേയും തങ്ങളുടെ ഇടങ്ങളിൽ നിന്നും അവരുടേതായിരുന്നവർ മുറിച്ചു മാറ്റി കഴിഞ്ഞിരുന്നു. ഒറ്റപ്പെട്ട അവർ ജീവിതം തുടരാൻ സാമ്പത്തികമായി നന്നേ ബുദ്ധിമുട്ടി. അങ്ങനെയിരിക്കെയാണ് ശരീരം പരസ്പ്പരം ക്യാനവാസുകളാക്കി ചിത്രങ്ങളൊരുക്കുന്ന ശരീരകല എന്ന ആശയം ഷഹബാസ് മുന്നോട്ട് വെക്കുന്നത്. മനുഷ്യകുലത്തോളം പഴക്കമുള്ള ഉടൽ വർണ്ണ വരകളിലൂടെയുള്ള ആശയാവിഷ്കാരം.
"പണ്ട് ... ആഫ്രിക്കയിലെ പ്രാചീന ഗോത്രക്കാർ പൂവിന്റയും കായയുടേയും മറ്റും കറകളുപയോഗിച്ച് ചെയ്തു തുടങ്ങിയ ഏർപ്പാടാണിത് .. നായാടി നടന്ന മനുഷ്യർ മുഖത്തെഴുത്തിലും ശരീരമെഴുത്തിലും അവരുടെ ഭാഷകണ്ടെത്തുകയായിരുന്നു ... അവർ നിറങ്ങളിലൂടെയാണ് അവരെ തിരിച്ചറിഞ്ഞത്. സ്വന്തം അസ്ഥിത്വത്തെ അടയാളപ്പെടുത്തിയത്. മനനത്തിൽ മുഴുകിയ മുനികളും അവരുടെ ദൈവ സങ്കൽപ്പങ്ങളെ ഗരീരത്തിൽ വരച്ച് ചേർത്തു. അവർ ശരീര വർണ്ണങ്ങൾ കൊണ്ട് ആത്മീയതയുടെ വാൽമീകമൊരുക്കി. കൊമേഷ്യലായി , മോഡലിംങ്ങായിട്ടിതിനെ ആദ്യം ഉപയോഗിച്ചത് സാലി റാന്റാണ്. പിന്നെ പന്തയങ്ങൾക്ക് പ്രതിഷേധങ്ങൾക്ക് ഒക്കെ ഉപയോഗിച്ചു തുടങ്ങി. നമുക്കിതിനെ പുതിയ രീതിൽ ഒന്നു പരീക്ഷിച്ചാലോ"
ജെസി സമ്മതിക്കില്ലെന്ന് ഉറപ്പിച്ചാണ് വളച്ചു കെട്ടി ഷഹബാസ് ഇതത്രയും പറഞ്ഞത്. എന്നാൽ അവനെ അമ്പരപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ...
"നിറങ്ങളെ കൊണ്ട് നഗ്നത മറയ്ക്കുന്ന ചിത്രകല !നമുക്കിത് ഒരു സ്റ്റോറിയായിട്ട് ചെയ്യണം. ആളുകൾ പ്രതികരിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളായി മാറണം നമ്മുടെ ശരീരം. മനസ്സറിയുന്നത് ശരീരം പറയട്ടെ"
മനസ്സിന്റെ വരികൾ അതിന്റെ തന്നെ ശരീരത്തിന്റെ വർണ്ണങ്ങളാവുന്നു. നഗ്നശരീരങ്ങൾക്ക് ഊടും പാവുമാവുന്ന വരയും വർണ്ണങ്ങളും. നേർരേഖകളിൽ നിന്നും നീളുന്ന ത്രിമാനരേഖകൾ ... ഛായങ്ങളിൽ തീയായും മഴയായും നൃത്തം ചെയ്യുന്ന ആൺ പെൺ ശരീരങ്ങൾ. നിഴലും വെളിച്ചവും ഇഴചേർത്ത് ആ ശരീര ചിത്രങ്ങൾ അവർ പരസ്പ്പരം ക്യാമറയിൽ പകർത്തി. അങ്ങനെ സ്ഥായി ഭാവങ്ങളുടേയും സഞ്ചാരി ഭാവങ്ങളുടേയും അമൂർത്തതയിലേക്ക് നിറം പിടിച്ച ശരീര കലയുടെ നൂറ്റൊന്ന് ചിത്രങ്ങൾ പിറന്നു. നൂറ്റൊന്നാമത്തെ ചിത്രത്തിൽ അവരുടെ ഉടലുകൾ ഒന്നായിരുന്നു. രണ്ട് ഒന്നുകൾക്കിടയിൽ സംപൂജ്യമാവുന്ന ഒന്ന്. നിഗൂഢമായ ആഴങ്ങളിലേക്ക് തണുത്തുറഞ്ഞ് കിനിഞ്ഞിറങ്ങുന്ന പക്വമായ പരമോന്നത ജ്ഞാനം പോലെ വയലറ്റ് നിറം നിറഭേദങ്ങൾക്കപ്പുറം നിറവായ് നിറഞ്ഞു നിന്നു ...
പേരും പെരുമയും നേടി കേരളത്തിനകത്തും പുറത്തും പ്രദർശനങ്ങൾ നടന്നു. മുൻ കന്യാസ്ത്രീയുടേയും മുസ്ലീം പുരുഷന്റെയും ആവിഷ്ക്കാര സ്വാതന്ത്ര്യം സമൂഹ മാധ്യമങ്ങളിൽ വിപ്ലവമുണ്ടാക്കി. മത മൗലികവാദികളും സദാചാര സ്നേഹികളും ചേരി തിരിഞ്ഞാക്രമിച്ചു. പ്രതിഷേധങ്ങൾക്കിടയിൽ പ്രശസ്തിയും പണവും വർദ്ധിച്ചു.. പുതിയ സങ്കേതങ്ങൾ ... പുതിയ പരീക്ഷണങ്ങൾ ... ശരീരകലയുടെ ഉടൽ കാഴ്ച്ചയൊരുക്കി ഇരുവരും രാജ്യത്തിനു പുറത്തും ശ്രദ്ധേയരായി. വിദേശിയർക്കടക്കം ചിത്രങ്ങൾ വലിയ വിലയ്ക്കു വിൽക്കാൻ സാധിച്ചു. ജീവിക്കാനുളള ഒരടിസ്ഥാന സമ്പത്ത് അവർ സ്വന്തമാക്കി. ഇനി ജീവിച്ചു തുടങ്ങണം.. ആഗ്രഹങ്ങളൊക്കെ വരച്ചു തീർക്കണം .. സ്വപ്നങ്ങളൊക്കെ സ്വന്തമാക്കണം ... കരയോളം ... കടലോളം ... പ്രപഞ്ചത്തോളം ...
പ്രപഞ്ചത്തിലേക്കുള്ള ഒരു ജീവൻ വൈകാതെ അവളുടെ വയറ്റിൽ തുടിച്ചു.
"നമ്മളിൽ നിന്നും നമ്മളിലേയ്ക്ക് നമ്മുടെ സ്വന്തമായൊരാൾ. നീയൊരു അമ്മയാവാൻ തുടങ്ങുമ്പൊ ഞാനുമൊരു അച്ഛനാവാൻ തുടങ്ങുകയാണ്. പത്തു മാസത്തെ നിന്റെ മാനസിക ശാരീരിക മാറ്റങ്ങൾ ഞാനുമറിഞ്ഞിരിക്കണം. പ്രസവിക്കേണ്ടത് നീയാണെങ്കിലും പ്രസവിക്കാൻ നിന്നെ പ്രാപ്തയാക്കേണ്ടത് ഞാനാണ്. ഞാനുണ്ടാവണം എപ്പോഴും ... പ്രസവിക്കുമ്പോഴും ... ഞാനല്ലേ നമ്മുടെ കുഞ്ഞിനെ ആദ്യം കാണേണ്ടത് ... ഈ കൈ കൊണ്ടല്ലേ അതിനെ ആദ്യം എടുക്കേണ്ടത്... അതുകൊണ്ട് ഒരു ആശുപത്രിമുറിയിലും നിന്നെ കൊണ്ടുപോയി കീറി മുറിക്കാൻ ഞാൻ സമ്മതിക്കില്ല. എന്റെ കൈകളിലേക്ക് നീ നമ്മുടെ കുഞ്ഞിനെ പ്രസവിക്കും"
ഷഹബാസ് പറഞ്ഞതാണ് ശരി. അല്ലെങ്കിലും അവനെന്ന വലിയ ശരിയിലൂടെയാണ് തന്റെ ജീവിതം ഇപ്പോൾ സഞ്ചരിക്കുന്നത്. അവന്റെ പ്രണയ സമ്മാനം ഗർഭത്തിൽ സ്വീകരിച്ചു കഴിഞ്ഞു. ഇനി അനുഭവിച്ചറിയേണ്ടത് അമ്മയാവുന്ന അൽഭുത പ്രതിഭാസമാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം ..
വൈകാതെയവർ വയനാടിന്റെ വന്യ സൗന്ദര്യത്തിൽ ഒരു കൊച്ചു സൗധം സ്വന്തമാക്കി. പ്രകൃതിയുടെ പരമമായ വ്രതശുദ്ധിയിൽ ഗർഭ രക്ഷാകവചമൊരുക്കി പത്തു മാസങ്ങൾ പിന്നിട്ടു. ഋതുക്കൾ മാറി വന്നു. മഴ ഇടക്ക് വന്ന് മിണ്ടി പറഞ്ഞു പോയി. കാറ്റ് ശല്യപ്പെടുത്താതെ മുത്തം വെച്ചു പോയി. അവൾ മഴനൂൽ കനവുകളിലും കാറ്റിന്റെ താരാട്ടിലും ഉറങ്ങിയുണർന്നു. കാട്ടാറിന്റെ താളത്തിൽ കാട്ടുമരങ്ങളുടെ നൃത്തത്തിൽ കാട്ടുപൂക്കളുടെ ഗന്ധത്തിൽ നാൽപ്പത് ആഴ്ച്ചകൾ കഴിഞ്ഞിരിക്കുന്നു ... രാത്രിയുടെ നിദ്രാഭംഗങ്ങളിൽ നിറവയറിലെ അനക്കങ്ങൾ അനുഭവിച്ച് അവൾ കിടന്നു. പുലർകാലത്തെ കിളിമൊഴികളുടെ പാട്ടിൽ അവളറിയാതെ കണ്ണടച്ച് നിറവയറിൽ താളാത്മകമായി വിരലോടിച്ചു കൊണ്ടിരുന്നു. പ്രഭാതത്തിന് പതിവിൽ കൂടുതൽ കുളിരുണ്ട്. എന്നിട്ടും ഇളം വെയിലിന്റെ ചൂടറിഞ്ഞവൾ അൽഭുതത്തോടെ കണ്ണു തുറന്നു. ഷഹബാസ് തന്റെ ഉള്ളം കാലിൽ കൈ കൊണ്ട് ചൂടുപിടിപ്പിക്കുകയാണ്. അത് കണ്ട് അവളുടെ മുഖത്തു വിരിഞ്ഞ മന്ദഹാസം മെല്ലെ മാഞ്ഞു. പൊടുന്നനെ പൊട്ടിപുറപ്പെട്ട വേദനയിൽ അവളുടെ മുഖം വരിഞ്ഞു മുറുകി ... ഇടിമുഴക്കങ്ങളുടേയും മിന്നലുകളുടേയും അകമ്പടിയോടെയുള്ള ഇടവപ്പാതി പോലെ ഇടവേളകളിൽ ഇടിവെട്ടി വരുന്ന കഠിന വേദനയിൽ കിടന്നവളുടെ ഉടൽ പിടഞ്ഞു. അവളുടെ ശരീരഭാഷ പ്രസവത്തിലേക്കടുക്കുന്നതിന്റെ സൂചന നൽകി. അടിവയറ്റിൽ നിന്നും അധികരിച്ചു വന്ന വേദന അസഹ്യമായ പ്രവാഹമായി. ശരീരം അതിന്റെ നാഡീ ഞരമ്പുകളെ പറിച്ചെടുത്ത് ജനൽ പുറത്തേക്ക് തല നീട്ടുന്ന പച്ചിലക്കാടിനേയും വള്ളി പടർപ്പുകളേയും വകഞ്ഞു മാറ്റി ആകാശത്തേയ്ക്ക് കുതിച്ചു. അവൾ ആകാശ മേഘങ്ങൾക്കിടയിലെ മഴവില്ലിനറ്റം വരെ പോയി. ഷഹബാസവളെ ഭൂമിയിലേയ്ക്ക് വലിച്ചടുപ്പിക്കാൻ പാടുപ്പെടുന്നുണ്ട്.
അപ്പോഴേക്കും ഷഹബാസവളെ വിവസത്രയാക്കി കഴിഞ്ഞിരുന്നു. അവളെ അവൻ പതുക്കെ എഴുന്നേൽപ്പിച്ച് അരികിൽ തയ്യാറാക്കി വെച്ച ഇളം ചൂടുവെള്ളം നിറച്ച വാട്ടർ ബേഗിൽ ഗുരുത്വാകർഷണത്തിനു വിധേയമാകും വിധം കുന്തിച്ചിരുത്തി. അവനവളുടെ നിവർന്നിരിക്കുന്ന ഉടലിൽ മൃദുവായി തലോടി തുടങ്ങി. മുമ്പ് അനുവർത്തിച്ചിരുന്ന മസാജിന്റെയും ആരോമ തെറാപ്പിയുടേയും തുടർച്ചയെന്നോണം കഴുത്തിൽ നിന്നും സ്തനങ്ങളിലേക്കും പിന്നെ ഉടലാകയും ഉഴിഞ്ഞുകൊണ്ടിരുന്നു. അവളുടെ കരയുന്ന കണ്ണുകളും വിതുമ്പുന്ന അധരങ്ങളും ചുംബിച്ചവൻ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. അവൾ അനിയന്ത്രിതമായ വേദനകളുടെ ഉടലാഴിയിലേക്ക് അവസ്ഥാന്തരപ്പെടുകയാണ്. ഉൾപിടച്ചിലിൽ ഉടലാടിയുലയുന്നു. അമ്നിയോട്ടിക് ഫ്ലൂയിഡിൽ കിടക്കുന്ന അവളുടെ കുഞ്ഞ് കൈകാലുകളിൽ തുഴഞ്ഞ് ഗർഭപാത്രത്തിലെ ഇരുട്ടിൽ നിന്നും പൊക്കിൾകൊടിയിൽ കൊരുത്ത് പ്രകൃതിയുടെ പ്രകാശത്തിലേക്ക് പിറക്കുകയാണ്. വയനാടൻ മലമടക്കുകളെ പോലും പിളർത്തുമാറ് അലയടിച്ചുയർന്ന അവളുടെ ആർത്തനാദം പ്രകൃതിയിൽ പ്രതിധ്വനിച്ചു. കിളിമൊഴികളുടെ കൊഞ്ചലും കാറ്റിന്റെ കിന്നാരവും നിലച്ച് പ്രകൃതി പോലും നിശ്ചലമായി. നിശബ്ദതയുടെ താരാട്ടിൽ ഷഹബാസിന്റെ കൈകളിലേയ്ക്ക് പിറവി കൊണ്ട കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേട്ടു. ഇളം വെയിലും ഇളം കാറ്റും പതുങ്ങി വന്ന് കുഞ്ഞിനെ കൺകുളിർക്കെ കണ്ടു. ജെസി ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. കുഞ്ഞിനെ ആദ്യമായി അവളുടെ അച്ഛൻ എടുത്തിരിക്കുന്നു. ഷഹബാസിന്റെ ആഗ്രഹം പോലെ ജെസി അമ്മയായിരിക്കുന്നു.
കുഞ്ഞിനവർ ദയ എന്ന് പേരിട്ടു. യാതൊരു ദയയുമില്ലാതെയാണ് ദയ മുലകുടിക്കുന്നതെങ്കിലും അവളിലെ അമ്മ അതാസ്വദിച്ചു. മുലയൂട്ടൽ അവാച്യമായൊരു അനുഭൂതിയായി അവൾക്കനുഭവപ്പെട്ടു. അതിന്റെ നിർവൃതിയിൽ മാറിലെ ചൂട് പരമാവധി നിലനിർത്തിയവൾ മുലയൂട്ടികൊണ്ടേയിരുന്നു.
ശൈത്യകാലത്തു മാത്രം പൂവിടുന്ന വയലറ്റ് പൂക്കൾ അവരുടെ വീട്ടു മുറ്റത്തും വിരിഞ്ഞു നിറഞ്ഞു. മഞ്ഞുതുള്ളികളിൽ തുള്ളി തുളുമ്പി അവ വയലറ്റ് വസന്തം തീർത്തു. മഞ്ഞിൽ മയങ്ങിയ തെളിമയില്ലാത്തൊരു വയലറ്റ് പ്രഭാതത്തിലേയ്ക്ക് ഒരു നാൾ ഒരപരിജിതൻ തെളിഞ്ഞു വന്നു. അവിശ്വസനീയമായത് കണ്ടതുപോലെ അവൾ അയാളിൽ തന്നെ മിഴിനട്ടു നിന്നു. മഞ്ഞു പാളികൾക്കിടയിലൂടെ പതിവില്ലാതൊരു പാതിരിയാണ് അവളുടെ മുന്നിലേക്ക് വന്നത്. സഭ അറുത്ത് മാറ്റി അകറ്റി നിർത്തിയവളെ തേടി എവിടെ നിന്നോ അറുപത് കഴിഞ്ഞ ഒരു വൈദികനെത്തിയിരിക്കുന്നു. അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു. അതിന്റെ തണുപ്പ് അവളുടെ ശരീരത്തിലേയ്ക്ക് അരിച്ചിറങ്ങി പെരുവിരൽവരെയറിഞ്ഞു .. അയാൾ അവളുടെ കുഞ്ഞിനേയും എടുത്ത് ഉമ്മ കൊടുത്തു. അവ്യക്തമായൊരു ശബ്ദമുണ്ടാക്കി അവളുടെ ഭാഷയിൽ ദയ സ്നേഹം പ്രകടിപ്പിച്ചു. അയാൾ അവൾക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുകയാണ്. അയാളുടെ കണ്ണുകൾ നനയുന്നുണ്ട് .. തൊണ്ടയിടറുന്നുണ്ട്.. പിടിച്ചു നിൽക്കാനാവാതെ മനസ്സ് പ്രക്ഷുബ്ദമായി സങ്കടകൂട് പെയ്യുമെന്നായപ്പോൾ തിടുക്കത്തിലയാൾ തിരിച്ചു പോയി. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ... വന്നു പോയ പാതിരി തന്റെ പിതാവാണെന്ന് അയാൾ നെറ്റിയിൽ സമ്മാനിച്ച ചുംബന നിമിഷത്തിൽ തന്നെ ജെസിക്ക് ബോദ്ധ്യമായി. ഒപ്പം പ്രായപൂർത്തിയാവും വരെ അമ്മയുടേതെന്നു കരുതി തനിക്ക് ലഭിച്ചിരുന്ന കത്തുകളും പിതാവിന്റേതായിരുന്നോ എന്നവൾ സംശയിച്ചു. അപ്പോൾ അക്ഷരങ്ങളിലൂടെ വായിച്ചെടുത്ത അമ്മ .. അതിനുള്ള ഉത്തരത്തിനവസാനം, അവൾ അമ്മയായി മാറിയ അവളിലേയ്ക്ക് തന്നെ മടങ്ങി.
പ്രതീക്ഷകളിൽ പിച്ചവെച്ചു തുടങ്ങിയ ദയ ചിത്രങ്ങളോടും ഛായങ്ങളോടും പെട്ടന്ന് കൂട്ടു കൂടി. ഉടുതുണിയില്ലാത്ത ശരീരത്തിലവൾ നിറം പകരുന്നത് പതിവായി. ഒരു നാൾ അവൾ ദേഹത്തും നിലത്തും ചിന്തിയ ഛായങ്ങളിൽ ഇരു കൈയ്യിലുമേന്തിയ ബ്രഷ് മുക്കി നിലത്തു കിടന്ന ക്യാൻവാസിൽ കയറിയിരുന്ന് നിറകൂട്ടുകൾ വരച്ചുകൊണ്ടിരുന്നു. അവൾക്കുള്ള ആഹാരവുമായെത്തിയ ജെസിയുടെ കണ്ണുകൾ ക്യാൻവാസിലുടക്കി. ക്യാൻവാസിലെ നിറവാർന്ന ചിത്രത്തിലേക്ക് നിമിഷങ്ങളോളം ജെസി നോക്കി നിന്നു. പിന്നെ യാന്ത്രികമായി ദയയെ എടുത്ത് ഒക്കത്തുവെച്ചു. ഒന്നര വയസ്സുകാരിയുടെ സൃഷ്ടി. ദയയുടെ വികൃതിയിൽ നിറം കൊണ്ട കൃതിയ്ക്ക് വല്ലാത്തൊരു സഞ്ചാര സ്വഭാവം. നോക്കുന്തോറും നോക്കത്താ ദൂരത്തേക്ക് നിറയുന്ന നിറങ്ങൾ .. ഒടുവിൽ ഒടുവിലത്തെ ഒരു ബിന്ദുവിൽ വന്നു നിറയുന്ന നീലയ്ക്കും പർപ്പിളിനും ഇടയിലെ വയലറ്റ് നിറം. അതെ വയലറ്റ് തന്നെ. തന്റെ പ്രണയത്തിന്റെ നിഴൽ. താനേറെ ഉപയോഗിച്ച നിറം. തനിക്കേറെ പ്രിയപ്പെട്ട നിറം. ദയയെ സമ്മാനിച്ച സ്നേഹത്തിന്റെ നിറം .. ജെസി നിഷ്കളങ്കമായി ചിരിക്കുന്ന ദയയുടെ കവിളിൽ മുത്തം വെച്ച് അവളുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു ...
"ദ ഷെയ്ഡ് ഓഫ് ലൗ"
ദയയുടെ സൃഷ്ടിക്ക് ജെസിയുടെ മനസ്സ് പെട്ടന്ന് പറഞ്ഞ പേര് ! അപ്പോൾ വാതായനത്തിലൂടെ അരിച്ചെത്തിയ കാറ്റ് ദയക്കൊരു അപ്പൂപ്പൻ താടി സമ്മാനിച്ചു. അവളത് ഉള്ളം കൈയ്യിൽ സൂക്ഷിച്ചുവെച്ചു. രാത്രി മാത്രം വിരുന്നിനെത്തുന്ന പറക്കുന്ന മിന്നാമിനുങ്ങുകൾക്ക് കൂട്ടായി പറപ്പിച്ചു കളിക്കാൻ ... അവളുടെ കൈവെള്ളയിൽ കിടന്ന് ആ അപ്പൂപ്പൻ താടിയ്ക്ക് നിറം പിടിച്ചു. അവളുടെ ചിന്തകളിലും നിറങ്ങൾ നിറഞ്ഞു തുടങ്ങി .. വെള്ള ... മഞ്ഞ ... നീല ... വയലറ്റ്!