Archives / August 2020

   ദിവ്യ സി.ആർ
പുറംചട്ട

           വീണ്ടും ഞാൻ അപമാനിതയും കൂടുതൽ ദു:ഖിതയുമായിരിക്കുന്നു..!
പരിഹാസത്തിൻെറതല്ലാത്ത, പരിഗണനയുടെ ചെറു കണികപോലുമില്ലാതെ പതിവുവഴക്കുകൾ കഴിഞ്ഞ് രാവ്, ദീർഘമായ ശാന്തത സമ്മാനിച്ച് കടന്നു പോയി. അസ്വാരസ്യങ്ങളുടെ പെരുമഴക്കാലം തന്നെയല്ലേ ഓരോ കുടുംബ ജീവിതങ്ങളുമെന്ന് വിശദമായ ചർച്ചകൾക്ക് ശേഷം അടിവരയിട്ടുറപ്പിക്കാം..!
ഭാവനകളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്കവൾ പതിവുപോലെ കാടുകയറി. കരഞ്ഞു കലങ്ങിയ, ചോരപ്പാടുകൾ വീണ കൺതടങ്ങൾക്ക് കനം വർദ്ധിച്ചതായി അവൾക്ക് തോന്നി. മയക്കത്തിൻെറ ആലസ്യം മനസിനെ മഥിക്കുമ്പോഴും കൺപോളകൾ നീതി പുലർത്താനാവാതെ ഇരുളിൽ എന്തൊക്കെയോ പരതുകയായിരുന്നു.
    കവിതയിലെ വരികൾക്കിടയിലെ വായനയിൽ പ്രണയത്തെ കുറിച്ച് വിശാലവികാരികതയോടെ എഴുതുന്ന ഭാവുകത്വം തിരയുന്ന ആരാധകരെ, രാവിൽ ആകാശത്ത് പൂവിട്ട നക്ഷത്രക്കൂട്ടങ്ങളോടെന്ന പോലെ ഭ്രാന്തമായി ചിരിക്കണമെന്ന് തോന്നി. ചിന്തകൾ മുളങ്കാടുകളുടെ ശീൽക്കാരശബ്ദങ്ങൾക്കിടയിലേക്കൂളിയിട്ടപ്പോൾ അറിയാതെ മയക്കത്തിൻെറ മാസ്മരികതയിലേക്ക് അവളും നടന്നടുത്തു.
   അതാ.. സന്ധ്യയുടെ ചുവപ്പ് പുതച്ച ആകാശത്തിൻെറയും ഭൂമിയുടെയും അതിർത്തിയിൽ നിന്നും തന്നെ മാത്രം നോക്കി സൗമ്യമായി പുഞ്ചിരിച്ചു കൊണ്ടിറങ്ങി വരുന്ന അരൂപി. മനുഷ്യ രൂപമില്ലാത്ത, എന്നാൽ ശബ്ദവും സാന്നിധ്യവുമറിയിച്ചു മടങ്ങുന്ന പ്രണയസങ്കൽപം.!
   പതിവുപോലെ അവൻ അവൾക്കരുകിലേക്ക് നടന്നടുത്തു. തീഷ്ണമായി തിളങ്ങിയ അവ്യക്തമായ ആ പ്രകാശരൂപത്തെ അവൾ ഗാഢമായി പുൽകി. നേർത്ത തണുപ്പുള്ള ചുംബനം അവളുടെ നെറുകയിൽ പതിയുമ്പോൾ, വിവാഹജീവിതത്തിൻെറ പൊള്ളത്തരങ്ങൾ നിറഞ്ഞ പുറംചട്ട അഴിച്ചുവച്ച് ദീർഘമായ ആലിംഗനത്തിൽ മുഴുകിയിരുന്നു. ആർദ്രമായ ആ രാവിൽ തന്റെ വിഹ്വലതകൾക്ക് അവൻ പകർന്ന സാന്ത്വനം നിദ്രയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുവാനുള്ള പ്രേരണയായി. മിഴികളും മനസ്സും അഭൗമമായൊരു സമാധാനത്തിന്റെ ആശ്വാസം നുകരവേ പുലർച്ചയുടെ അലാറം മേശപ്പുറത്ത് മുഴങ്ങി.
രാവിൻെറ ഭോഗാലസ്യത്തിലെവിടെയോ വലിച്ചെറിഞ്ഞ 'പുറംചട്ട' തെരഞ്ഞെടുത്തണിഞ്ഞ്, പതിവുപോലെ ദൈനംദിന കാര്യങ്ങളിൽ അവൾ വ്യാപൃതയായി.

Share :