Archives / August 2020

ഗാഥ
കനൽക്കാടുകൾ താണ്ടിയവൾ

വറ്റിവരണ്ട രാത്രിയുടെ
വേനലൊച്ചകള്‍...
വെന്തുണങ്ങിയ
മഴപ്പൊട്ടുകളുടെ
ദീനരോദനങ്ങള്‍...

തിളച്ചു മറിയും 
കഥയിലും കവിതയിലും
ചുവന്നുപോയവള്‍ !!

അശാന്തമൗനമാം വേനലിനെ
വദനത്തിലണിഞ്ഞവൾ !!!

രാവിൻറെയോരങ്ങളിൽ
പിച്ചിച്ചീന്തപ്പെട്ട,
ചോദ്യോത്തരങ്ങൾ
പിടഞ്ഞില്ലാതായ
പകലിന്നിടവഴിയിലൂടെ
വചസ്സുകള്‍ പൂക്കുന്ന
അടവിയിലേക്ക്
നടന്നുകയറിയവൾ !!

ഓര്‍മ്മകളുടെ
ചിതകളെരിയുന്നിടത്ത്
കത്തിജ്വലിക്കും
വെയിലൊഴിച്ചു
വളര്‍ത്തിയ
കന്യകയല്ലാത്ത
പെണ്ണിനെക്കുറിച്ച്
എഴുതുവാൻ
തുനിയവെ
വെറിപിടിച്ചതുപോലെ
അക്ഷരങ്ങള്‍
ചീന്തിയെറിയുന്നു.
ചുവന്ന ദാഹം
കുടിച്ചിറക്കുന്നു,
പുകച്ചുരുളുകള്‍
തുപ്പുന്നു.

കാവിയുടുത്ത
മൗനസന്യാസിയെപോലെ
വെന്തകാലുകളുറപ്പിച്ച്
നടന്നുപോകുന്ന
അസ്തമനസൂര്യനെ തേടി
പൊള്ളുന്ന മനവും വേദന
കാർന്നുതിന്നുന്ന തനുവുമായ്
കനലാഴിയിലേക്കിറങ്ങിയവൾ  !!!

ഇന്നലെകളെയോ ഇന്നിനെയോ
നാളെയെയോക്കുറിച്ചുള്ള
വേവലാതിയില്ലാതെ
തീക്കനൽ പാതയിലൂടെ
കനൽക്കാടുകൾ താണ്ടിയവൾ  !!!

 

 

 


 

Share :