Archives / August 2020

ജാഫർ തലപ്പുഴ
പൂക്കളങ്ങൾ

കളത്തിലെ

പൂക്കളെ

ശ്രദ്ധിച്ചിട്ടുണ്ടോ...

 

അവയ്ക്ക്

രക്തസാക്ഷിയുടെ

മുഖച്ഛായയാണ്...

ഇറുത്തു കളഞ്ഞിട്ടും

തേജസ്സ് 

വറ്റാതെ

ജ്വലിച്ചു കത്തും...

 

ആ പൂക്കൾക്ക്

മരണത്തിന്റെ

മരവിപ്പാണ്....

തലേദിവസം

നെറുകയിൽ മുത്തിയ

മഞ്ഞിന്റെ

ആർദ്രത

ഹൃദയത്തിൽ

ഒളിച്ചു വെച്ചിട്ടുണ്ടാകും...

 

കളത്തിലെ

പൂക്കളുടെ

പാതിയടഞ്ഞ

കണ്ണുകളിൽ

സന്ധ്യക്ക് തെളിച്ച

വെള്ളത്തോട്

പറയാതെ പോയ

പ്രണയം

ഒളിച്ചു വെച്ചിട്ടുണ്ടാകും...

 

 

മുഖത്ത്‌,

പൂവിളി

തെളിച്ച

മന്ദസ്മിതം

ബാക്കി കിടപ്പുണ്ടാകും....

 

പൂവല്ലികളിൽ ചിലത്, കണ്ട

അർദ്ധസ്വപ്നങ്ങൾ

തിരികെ 

വരുമെന്നോർത്ത്

കണ്ണടച്ചു

കിടപ്പുണ്ടാകും...

 

 

കളങ്ങൾക്ക്

പിറകിൽ

മങ്ങിയ രേഖാചിത്രങ്ങൾ

ഒളിച്ചിരിപ്പുണ്ടാവും..

 

മുള്ള് കൊണ്ടതിന്റെ,

കണ്ടു വെച്ചത്

മറ്റാരോ ഇറുത്തെടുത്തതിന്റെ,

തൊടിയിലും

വേലിയിലും

തെരഞ്ഞു നടന്നതിന്റെ...

ചില മങ്ങിയ

ചിത്രങ്ങൾ....

 

കാത്തു വെച്ചവർ

കണ്ടു കഴിയുമ്പോൾ

പൂക്കളങ്ങളെല്ലാം

പഴയതാവുന്നു.

Share :