Archives / july 2021

കുളക്കട പ്രസന്നൻ
 കൂട്ടുകുടുംബം ആഗ്രഹിക്കുന്നുണ്ടോ ?

കൂട്ടുകുടുംബ സംസ്കാരം ഇന്നു പലർക്കും ഓർമ്മയാണ്. പുതു തലമുറയ്ക്ക് ചരിത്രമാണ്.   ഒരു വീട്ടിൽ തന്നെ അപ്പൂപ്പനമ്മുമാരും അച്ഛനമ്മമാരും മക്കളും കൊച്ചുമക്കളും എല്ലാവരും അടങ്ങിയ കുടുംബം. ആ കുടുംബത്തിന് ഒരു കാരണവർ ഉണ്ടാവും. കുട്ടികളുടെ പഠനം , വിവാഹം, ആരോഗ്യ ശുശ്രൂഷ എല്ലാത്തിലും കാരണവരുടെ ശ്രദ്ധയുണ്ടാവും. 

കൃഷി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കാരണവർ ആണ്. ആ കുടുംബത്തിലെ മുതിർന്ന അംഗത്തിന് കിട്ടുന്ന പരിഗണന ഭയഭക്തി ബഹുമാനത്തോടെ ആയിരുന്നു. മുതിർന്നവരിൽ നിന്നു ഇളയവർ പഠിക്കുന്നു. പ്രകൃതിയെ കുറിച്ച് അറിവ് നേടുന്നു. ഗുരുനാഥന്മാർക്ക് നൽകുന്ന സ്ഥാനം ഉന്നതമായിരുന്നു.

പ്രായം കുറഞ്ഞവർ മുതിർന്നവരെ ബഹുമാനിച്ചിരുന്നു. തന്നെക്കാൾ പ്രായമുള്ളവരുടെ മുന്നിൽ നിന്ന് പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ അനുവദനീയമല്ലായിരുന്നു. ഏറെ ദൂരെ നിന്ന് ഗുരുനാഥന്മാരെ കണ്ടാൽ അവർ കണ്ടില്ലേലും ശിഷ്യർ എഴുന്നേറ്റ് നിൽക്കുമായിരുന്നു. മാതാ പിതാ ഗുരു ദൈവം എന്ന് കരുതുക മാത്രമല്ല അതനുസരിച്ച് ജീവിത വ്രതമാക്കാൻ പ്രാപ്തരായിരുന്ന തലമുറയെ സൃഷ്ടിച്ചു പോന്നിരുന്നു കൂട്ടുകുടുംബം.

കാർഷികവൃത്തിയിൽ നിന്നു ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയാതായ ഘട്ടത്തിൽ കൂട്ടുകുടുംബ സമ്പ്രദായത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി. നല്ല കാലം നഷ്ടപ്പെട്ടതോടെ സ്വാർത്ഥതയുള്ളവർ കൂട്ടുകുടുംബത്തിൽ വിള്ളൽ വീഴ്ത്തി സ്വന്തം ഇടങ്ങളിലേക്ക് മാറി. അതിന്ന് അണുകുടുംബ വ്യവസ്ഥയിലേക്ക് മാറി. 

അച്ഛൻ, അമ്മ, മക്കൾ എന്നതാണ് അണുകുടുംബം. ഇതു മലയാളക്കരയുടെ രീതി ആയിരുന്നില്ല. വളരെ വേഗത്തിലാണ് അണുകുടുംബ രീതിയിലേക്ക് കേരളം എത്തിയത്. ഒരു കുടുംബത്തിൻ്റെ ജീവിത ചിലവുകൾ വലിയ ഭാരമായി മാറി എന്നതു പറയാതെ നിവൃത്തിയില്ല. കുട്ടികളുടെ പഠനം, ജീവിതശൈലി രോഗങ്ങൾ, വീട് നിർമ്മാണം അങ്ങനെ ചെലവുകൾ താങ്ങാവുന്നതിനപ്പുറമായി. അച്ഛനും അമ്മയും ഒരു നുകത്തിലെന്നോണം അദ്ധ്വാനിക്കേണ്ടി വരുന്നു. മക്കളെ ഈ സമയം ആവശ്യത്തിന് ശ്രദ്ധിക്കാൻ കഴിയുന്നുണ്ടോ ? കുട്ടികളുടെ അപ്പൂപ്പനമ്മൂമ്മമാർക്ക് ആരോഗ്യ കാലത്തു മാത്രമെ സന്തോഷമുള്ളു എന്നതു വേറെ വിഷയം.

കൂട്ടുകുടുംബത്തിൽ എല്ലാവർക്കും  വേണ്ടിയുള്ള ശ്രദ്ധ പ്രധാനമായിരുന്നുവെങ്കിൽ മക്കൾക്ക് വേണ്ടിയുള്ള ഒരു കാലമാണ് അണുകുടുംബത്തിൽ. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ജീവിക്കുന്ന കാലം. മക്കൾ മാതാപിതാക്കൾക്ക് വേണ്ടി ജീവിക്കുന്നുണ്ടോ ? ആ ചോദ്യം അവിടെ നിൽക്കട്ട്'.

ഈ വിഷയം ചർച്ച ചെയ്യാൻ കാരണം 2020ലെ കൊവിഡ് 19 പശ്ചാത്തലത്തിലെ ഓണവിശേഷമാണ്. 2018ലെയും 2019ലെയും ഓണത്തിൽ നിന്നും വേറിട്ടതാണ് 2020ലെ ഓണം. 2018ൽ മഹാപ്രളയവും 2019ലെ പേമാരിയും ഓണത്തിനു മുൻപായിരുന്നു. എന്നാലും ഓണ ദിവസം ആളുകൾ പുറത്തിറങ്ങുന്നതിന് ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ 2020ൽ കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി ആഘോഷങ്ങൾക്ക് പരിധിയുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. സ്വയം നിയന്ത്രണങ്ങൾ ആവശ്യമുണ്ട്.

ആറ് മാസമായി കേരളത്തിൽ ജാഗ്രത പുലർത്തി പോരുന്നവർ വീടുകളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. മാനസിക സംഘർഷം ഏറെയാണ്. കൊച്ചു കുട്ടികൾ വീർപ്പുമുട്ടുന്നു. ഇതൊക്കെ ഒരു സ്ഫോടനം ആകുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കൊവിഡ് 19 ന് വാക്സിൻ ഫലപ്രദമാകും വിധം പരീക്ഷണം വിജയിച്ച് ആശുപത്രികളിൽ എത്തും വരെ ആശങ്ക മാറില്ല. 

നമ്മുടെ നാട് സാധാരണ ഗതിയിൽ എന്നു സഞ്ചരിക്കും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കും വിധമാണ് മനുഷ്യരുടെ അവസ്ഥ. ഇവിടെയാണ് മനസ്സ് തുറന്ന് സംസാരിക്കാൻ , അത് കേൾക്കാൻ ആരെങ്കിലും ഒക്കെ വേണ്ടത്. അതിനു വേണ്ടപ്പെട്ടവർ തന്നെ വേണ്ടതുണ്ട്. പരിചയമുള്ളവർ അപരിചിതരാകുന്നത് കൊവിഡ് 19 ൻ്റെ സ്ഥിതി വിശേഷമാണ് . അത്തരമൊരു വേദന അനുഭവിക്കുന്നവർ കൂട്ടുകുടുംബ സമ്പ്രദായം ആഗ്രഹിക്കുന്നുണ്ടാവും. ഇനിയങ്ങോട്ട് വീട്ടകങ്ങൾ ഒരു ലോകമായി മാറിയേക്കാം. 2020ൽ വീട്ടകങ്ങളിൽ ഒതുങ്ങിയ ഓണം അതിൻ്റെ സൂചകമായിരിക്കാം.

കമൻ്റ്: ദൂരത്തെ ബന്ധുവിനെക്കാൾ അയൽപക്കത്തെ ശത്രുവാകും ഉപകരിക്കുക എന്ന ചൊല്ല് കൊവിഡ് 19പശ്ചാത്തലത്തിൽ അന്വർത്ഥമാകുന്നു. അണുകുടുംബം അണുബോംബ് പോലാകുമ്പോൾ അതിന് പരിഹാരവും കൂട്ടുകുടുംബ സമ്പ്രദായമാകുമോ? ജീവിതമെന്നത് ഒരു ചക്രത്തിനോട് ഉപമിക്കാം.

Share :