Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
ഓണവും സാഹിത്യവും

 

     ഓണം മലയാളികളുടെ ദേശീയോൽസവമായാണ് കരുതപ്പെടുന്നത്. ഈ വർഷത്തെ ഓണം കോവിഡിന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിൽ ഒതുങ്ങി കടന്നുപോയി. ദാരിദ്ര്യത്തിന്റെ പൂർവകാല സ്മരണകളിൽ വയർ നിറയെ ചോറുണ്ണാനുള്ള സദ്ദിനങ്ങളായിരുന്നു ഓണം. ഇന്നതൊക്കെ മാറി, എന്നും ഓണ നാളുകളുടെ ഗരിമയിൽ മലയാളികളിൽ ഭൂരിപക്ഷവും എത്തിയിരിക്കുന്നു. അപ്പോഴും ഓണം ഒരു നൊസ്റ്റാൾജിയയായി നിലകൊള്ളുന്നു. മലയാളികളുടെ അഹംബോധത്തിന്റെ നാളുകളായി !

      സാഹിത്യത്തിലെ ഓണം, ഓണപ്പതിപ്പുകളിൽ അക്ഷരം വിളമ്പാനുള്ള ദിനങ്ങളായി മാറിയിട്ട് നളറെയായി. തലായെടുപ്പുള്ള എല്ലാ എഴുത്തുകാരെയും നെറ്റിപ്പട്ടം കെട്ടിച്ച് എഴുന്നള്ളിക്കാൻ എല്ലാ ആകാലിക പ്രസിദ്ധീകരണക്കാരും മൽസരിക്കുകയാണ്. ഈ കൊറോണക്കാലത്തും അതിന് ഒരു ഭേദവുമുണ്ടായില്ല. മുഴുവൻ വായിച്ചു തീർക്കാൻ ഇനിയും സമയം കിട്ടിയിട്ടില്ല. വായിച്ചിടത്തോളം, തലയെടുപ്പുള്ള നമ്മുടെ എഴുത്തുകാർ പടച്ചുവിടുന്ന ഓണക്കാല സാഹിത്യം വായിച്ച് കഷ്ടമെന്ന് പറയാനെ കഴിയുന്നുള്ളു. 

    സമകാലിക മലയാളം ഓണപ്പതിപ്പിൽ, കെ.ജി.എസിന്റെ കയ്പ്, കെ.എ.ജയശീലന്റെ ഹേ ശരീര!, കെ.ജയകുമാറിന്റെ മറവി ദിനം, എം.ആർ.രേണുകുമാറിന്റെ ചാരം എന്നീ കവിതകൾ വായിച്ച് കോരിത്തരിക്കാൻ ആഗ്രഹിച്ചു. പക്ഷെ, നിഗൂഢ കവിതാ ഗർഭത്തിലേക്ക് ഉൾവലിഞ്ഞ്, കവിതാ വിത്ത് ചാപിള്ളകളായി മലച്ചു കിടക്കുന്ന ദുരനുഭവമാണ് അനുഭവപ്പെടുന്നത്. ഇത്രയ്ക്ക് മോശപ്പെട്ട കവിതകൾ എഴുതിയില്ലെങ്കിൽ ഓണം വരില്ല എന്ന് ഇവർ കരുതുന്നതു പോലെ തോന്നിപ്പോകുന്നു.

   

  എന്നാൽ ഇതേ ലക്കത്തിൽ ഇന്ദു മേനോന്റെ കുന്നലക്കോൻ എന്ന കവിത വായിക്കുമ്പോൾ മുൻധാരണകൾ അപ്പാടെ മാറ്റിമറിക്കപ്പെടുന്നു. ചരിത്രത്തിന്റെ ഐതിഹ്യ വഴികളിലൂടെ വർത്തമാനത്തിന്റെ വർത്തുളസ്ഥലിയിലേക്ക് സഞ്ചരിക്കുന്നു, കവിത. കോഴിക്കോടൻ മലയാളത്തിന്റെ നിഗൂഢതയിലേക്ക് കാവ്യ മലയാളത്തെ സന്നിവേശിപ്പിച്ച് ചരിത്രത്തിനുള്ളിലെ മാലിന്യത്തെ വലിച്ചു പുറത്തിട്ട്, തനതു കാലമാലിന്യങ്ങളെ നിറയ്ക്കാനുള്ള ഇടങ്ങളാക്കി മാറ്റുന്നു ഓർമയിലെ ഐതിഹ്യങ്ങളെ ! വ്യതിരിക്തമായ ഒരു കാവ്യഭാഷയിലൂടെ പുതിയൊരു കാവ്യാനുഭവം പ്രദാനം ചെയ്യുന്നു, ഈ കവിത.

       മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1174 ൽ അരുൺ ടി വിജയൻ, ഒരിക്കലിറങ്ങിയാൽ തിരിച്ചു കയറാനാവാത്ത ഇടങ്ങൾ എന്നൊരു കവിതയുമായി നിൽക്കുമ്പോൾ എല്ലാ മുൻ ധാരണകളെയും തിരുത്തേണ്ടിവരുന്നു. ഒരിക്കലിറങ്ങിയാൽ തിരിച്ചു കയറാനാവാത്തവ കൂടിയാണ് വീടുകൾ എന്ന പ്രതിലോമ ഭേദത്തെ അനുലോമമാക്കുന്ന ചിന്താ പ്രസരണത്തിന്റെ ഗതി തിരിക്കലാകുന്നു, ഈ കവിത. വീടിന്റെ ആത്മഭാവങ്ങളെ സൂക്ഷ്മമായി വരച്ചിട്ട് ,"എന്റെ നിശ്വാസത്തെ ശ്വസിച്ചു കിടന്നവൾ" എന്ന പരീകൽപ്പനയിൽ, ജീവിതം നിരർത്ഥക ശരീരമല്ല; ശ്വസനത്തിന്റെ സൂക്ഷ്മ ഗന്ധം കൂടിയാണ് എന്ന പ്രസ്താവന കൂടി ആകുന്നു ഈ കവിത.

      തുടർന്നിതാ, വീടിന്റെ ആത്‌മഭാവത്തിലേക്ക് ക്ഷണിക്കുന്ന മറ്റൊരു കവിത - കെ.ഗോപിനാഥന്റെ വാതിലുകൾ ഒരു സ്വഭാവമാണ്. ഒരേ ഭാവത്തിന്റെ വിരുദ്ധ വഴികളിലൂടെ സഞ്ചരിച്ച്, ഒടുവിൽ ഒരേ തീരത്തടുക്കുന്ന രണ്ട് മനോഹര കവിതകൾ. ഒന്ന് തിരസ്കൃതവും മറ്റേത് സ്വീകൃതവുമായി തോന്നുമെങ്കിലും അടിസ്ഥാനപരമായി രണ്ട് കവിത ളും ഒരേ പരിസരത്തിലും പരിപ്രേഷ്യത്തിലുമാണ് നിലകൊള്ളുന്നത്.

മാതൃഭൂമി ഓണപ്പതിപ്പിൽ റഫീക്ക് അഹമ്മദിന്റെ കമിഴ്ന്നു വീഴൽ എന്ന കവിത വായിക്കുമ്പോൾ, മനുഷ്യാ നീ മണ്ണാകുന്നു എന്ന ബൈബിൾ വചനത്തിന്റെ ഉൾത്തുടിപ്പ് വെളിപ്പെടുന്നു. മണ്ണിലേക്ക് കമിഴ്ന്ന് വീഴുന്നത് നിശ്ചയമായും ഉയരത്തിലേക്കാണ് എന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. ഭൂമിയുടെ മണം, മരിച്ച് മണ്ണിനടിയിൽ കിടക്കുന്നതിന്റെ സുഖം എന്നിങ്ങനെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ ആഴം മനോഹരമായി ഈ കവിത ആവിഷ്ക്കരിക്കരിക്കുന്നു .

 ഇതേ ലക്കത്തിൽ വീരാൻ കുട്ടിയുടെ വാവേ....വാവേ.... എന്ന മറ്റൊരു മനോഹര കവിത കൂടി വായിക്കുന്നു. കുഞ്ഞുങ്ങളും പ്രകൃതിയും പക്ഷിമൃഗാദികളും തമ്മിലുള്ള ; തമ്മിൽ ഉണ്ടാകേണ്ട ഇഴയടുപ്പത്തിന്റെ തനതു ഭാവങ്ങൾ അതിമനോഹരമായി ആവിഷ്കരിക്കുന്ന കവിത. വീരാൻ കുട്ടിയുടെ തനതു കാവ്യരീതിയും സൗന്ദര്യവും ഒട്ടും ചോർന്നുപോകുന്നില്ല ഈ കവിതയിലും.

       ഇതാ മനോജ് കുറൂരിന്റെ എഴുത്ത് എന്ന അതി മനോഹരമായ മറ്റൊരു കവിത. ഒപ്പം സഞ്ചരിക്കുന്ന അഹന്ത എന്ന നിഴൽ തലയിൽ നിന്നും ഇറക്കി വക്കുമ്പോൾ ഉടലിലെ ചെളി ഇടയ്ക്ക് നിലത്ത് പേരെഴുതി മണ്ണിലുറപ്പിച്ചു നിറുത്തുന്നതിന്റെ വക്കുടക്കലും വാക്കുടക്കലുമാകുന്നു ഈ കവിതയും.

       മണ്ണിൽ ചുവടുറപ്പിക്കാതെ, മണ്ണിന്റെ ചൂടും ചൂരും മണവുമറിയാതെ എത്ര ഉയരത്തിൽ പണിതുയർത്തുന്ന അഹന്തയും ഒറ്റവാക്കിന്റെ കല്ലുടയലിൽ നിലംപൊത്തും എന്ന് സമകാലികരായ മൂന്ന് കവികൾ ഒരേ പ്രസിദ്ധീകരണത്തിൽ ഒരേ സമയം കവിതയെഴുതുന്നു എന്നത് കാലത്തിന്റെ പ്രതികരണമായി കരുതാനാണ് എനിക്കിഷ്ടം.

   

 ലോപയുടെ പച്ച, സെറീനയുടെ അ/ ഭയം, കണിമോളുടെ കലി എന്നീ ഭേദപ്പെട്ട കവിതകളും ഈ ഓണപ്പതിപ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഭാഷയിലെ തലയെടുപ്പുള്ള കേശവന്മാർ - സച്ചിദാനന്ദൻ, വിജയലക്ഷ്മി, കെ.വി.രാമകൃഷ്ണൻ, കെ.ജയകുമാർ, പ്രഭാവർമ്മ, ദേശമംഗലം രാമകൃഷ്ണൻ എന്നിവരെല്ലാം വല്ലാതെ നിരാശപ്പെടുത്തുന്നു.
പുതുകവികൾ സമ്മാനിച്ച സന്തോഷവും തലതൊട്ടപ്പന്മാർ സമ്മാനിച്ച നിരാശയും കടന്ന് മാധ്യമം ആഴ്ചപ്പതിപ്പ് 1174 ൽ വിനു ഏബ്രഹാമിന്റെ ബ്രൈമൂറിലെ വിളക്കുകൾ എന്ന കഥ വായിച്ചപ്പോൾ സർവ്വ നിരാശയും പടി കടക്കുന്നു.

  

    മഞ്ഞിൻ പുതപ്പിൽ, അരിച്ചേറുന്ന തണുപ്പിൽ, കൈകൾ കാലുകൾക്കിടയിൽ തിരുകി തലവഴി പുതച്ച് ഉണർന്നു കിടക്കുന്ന രാസുഖം അനുഭവിപ്പിക്കുന്നു, മനോഹരമായ ഈ കഥ.പത്മരാജൻ കഥയിൽ കൗമാരത്തിലെങ്ങോ വായിച്ച ബ്രൈമൂറിലെ വിളക്കുകളുടെ മാസ്മരികത അനുഭവിക്കാനായി ബ്രൈമൂർ മലയിലേക്ക് ഒറ്റക്ക് യാത്രയുന്ന പ്രതാപ് പോത്തൻ എന്ന സഞ്ചാര സാഹിത്യകാരന്റെ അന്തവും കുന്തവുമില്ലാത്ത യാത്രയും അനുഭവങ്ങളുമാണ് കഥാവിഷയം. ഒട്ടും മടുപ്പില്ലാതെ; എന്നല്ല ഭാഷയുടെ ലാളിത്യത്തിലും നൈതികതയിലും അലിഞ്ഞുചേരും വിധം വായനാ സുഖം തരുന്ന കഥാഖ്യാനം.ബ്രൈമൂർ എന്ന പശ്ചിമഘട്ടത്തിലെ സുന്ദര വനത്തിന്റെ ചരിത്രവും വർത്തമാനവും ഇഴയടുപ്പിച്ച് നെയ്തെടുത്ത കഥ .തീർച്ചയായും വിനു, പെരിങ്ങമ്മലയിലും കാട്ടർ മുക്കിലും ബ്രൈമൂറിലും എത്തിയിരുന്നു എന്നതിൽ സംശയമില്ല. മേമ്പൊടിയായി എമിലി ബ്രോണ്ടിയുടെയും ആർതർ കോനൻ ഡോയലിന്റെയും കൃതികളിലെ മൂർ ഭൂമികകളെയും പത്തനംതിട്ടയിലെ ചരൽക്കുന്നിനെയും കൂട്ടുപിടിച്ച് ബ്രൈമൂർ മലകൾക്ക് ഒരു അതിഭാവുകത്വം കൂടി നൽകുന്നു, കഥാകാരൻ. പൊതുവെ, വിനു ഏബ്രഹാമിന്റെ കഥകൾ ആഖ്യാന ശൈലി കൊണ്ട് വായനക്കാരെ ആകർഷിക്കുന്നവയാണ്. ഇവിടെ, അത് ഒന്നുകൂടി മെച്ചമായിട്ടുണ്ട് എന്നു പറയാൻ മടിക്കേണ്ടതില്ല. ഒരു കാര്യത്തിൽ വിയോജിപ്പുണ്ട്. പെരിങ്ങമ്മല കാടർ മുത്തിലെ ചായക്കടക്കാരൻ റഷീദിന്റെയും, ബ്രൈമൂറിലെ ശെൽവന്റെയും നാവിൽ അച്ചടി ഭാഷ കുത്തി നിറച്ച് നാട്ടുവഴക്കത്തിന്റെ നൈതികത നശിപ്പിച്ചതിൽ മാത്രം!

       ഓണക്കാല വായനയുടെ പൂക്കളത്തിൽ നാടൻ പുക്കളാണ് അധികവും. നാട്ടുനടപ്പിന്റെയും നാട്ടു ദീനത്തിന്റെയും ചില പ്രാമാണിത്വത്തിന്റെ നിഷ്ഫലതയും വെളിപ്പെടുന്നു. ഓണക്കാല സാഹിത്യ വായന ഇനിയും അവശേഷിക്കുന്നു ..... ആശയും ഒപ്പം നിരാശയുമായി ..... പ്രതീക്ഷയോടെ നമസ്തേ!

Share :