Archives / july 2021

- കുളക്കട പ്രസന്നൻ

നമ്മുടെ നാട് കൊറോണ കേറാമൂലകളാവണം 

ഓണത്തെപ്പറ്റി പല ഐതീഹ്യങ്ങളുണ്ട്. അതിൽ പ്രധാനം മാവേലിയെ വാമനൻ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയതുമായ ഐതീഹ്യത്തിനാണ് ജനമനസ്സിൽ സ്ഥാനം. ആ മാവേലി എല്ലാ വർഷവും ചിങ്ങത്തിലെ തിരുവോണ നാളിൽ പ്രജകളെ കാണാൻ വരുന്നു. 

മാവേലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തും മുമ്പ് മാവേലി ചോദിച്ചത് തൻ്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിനമാണ്. വാമനനത് അംഗീകരിച്ചും കൊടുത്തു.      ഇന്നാണെങ്കിൽ അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചാൽ സാധിച്ചു കൊടുക്കുമോ ?ആവോ ......

മാവേലിയെ വരവേൽക്കാൻ എത്രത്തോളം തയ്യാറെടുപ്പുകളാണ് മലയാളികൾ നടത്തുന്നത്.  ഇപ്പോഴത്തെ തയ്യാറെടുപ്പല്ല പഴയകാലത്തു ഉണ്ടായിരുന്നത്. കാണം വിറ്റും ഓണം ഉണ്ണണമെന്നാ പഴമൊഴി. ഇപ്പോഴും ഓണത്തിനെന്നല്ല പലപ്പോഴും കാണം വിൽക്കുന്നവരുണ്ട്. ഓണം ഉണ്ണാനല്ലെന്ന് മാത്രം. മദ്യഷാപ്പിൽ ക്യൂ നിന്നു വാങ്ങിയ ലഹരിയുടെ വിലയായിട്ടാണെന്ന് മാത്രം.

ഓണം വരിക എന്നാൽ കുട്ടികൾക്ക് സന്തോഷമാണ്. കുട്ടികൾക്ക് ഉടുപ്പിനും നിക്കറിനും പാവാടയ്ക്കും ഒക്കെ തുണി വാങ്ങി തയ്ക്കാൻ കൊടുക്കണം, മുതിർന്നവർക്കുള്ള തുണി വേറെ വാങ്ങണം,  മുളകും മല്ലിയും വാങ്ങി കഴുകി ഉണക്കി പൊടിക്കണം, ഏത്തക്കുല ഉപ്പേരി വറക്കാനും ശർക്കരവരട്ടിയിടാനും വേണം , മുറ്റം ചെത്തി വൃത്തിയാക്കണം, പുരയ്ക്കുള്ളിൽ മുറികൾ ചാണകം മെഴുകണം അങ്ങനെ ഓണത്തിരക്കിലാവും മലയാളികൾ. ഉത്രാടത്തിന് തിരുവോണത്തിന് ഭക്ഷണം കഴിക്കാനുള്ള തൂശിനില വരെ വെട്ടി കഴുകി തുടച്ചു വയ്ക്കണം. തിരുവോണ നാളിൽ പരിപ്പ്, പപ്പടം, സാമ്പാർ, പ്രഥമൻ, പുളിശ്ശേരി, പച്ച മോര് എന്നിവ കൂടാതെ പച്ചടി, കിച്ചടി, തോരൻ, അവിയൽ, നാരങ്ങ അച്ചാർ, മാങ്ങാ അച്ചാർ, ഉപ്പേരി, ശർക്കരവരട്ടി, പഴം എന്നിങ്ങനെ വിഭവസമൃദ്ധമായ സദ്യ. ഇപ്പോൾ ഇതൊക്കെ ഫോണിൽ വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തും. അതു കൊണ്ട് ഏതുവിധത്തിൽ ഈ സാധനം അകത്താക്കണമെന്ന് പുതുതലമുറയ്ക്കറിയുമോ ? ആ .......

അത്തപ്പൂക്കളം ഇപ്പോൾ മത്സരയിനമായതുകൊണ്ട് യൂ ട്യൂബിൽ നോക്കി പുതുതലമുറ തകർക്കും. പണ്ട് അങ്ങനെയാണോ ? കുട്ടികൾ തൊടിയിലും പറമ്പിലും നടന്ന് വിവിധയിനം പൂക്കൾ പറിച്ചു കൊണ്ടുവന്ന് പൂക്കളം ഇടും. ഈ കുട്ടികൾ വിവിധ പൂക്കൾ പറിക്കാനിറങ്ങുമ്പോൾ അവർ പ്രകൃതിയെ പഠിക്കും. തുമ്പ, മുക്കുറ്റി, തൊട്ടാവാടി , തെച്ചി അങ്ങനെ ഒട്ടനവധി സസ്യങ്ങളെ നേരിട്ടറിയും. വിവിധ നിറങ്ങളിലുള്ള അത്തപ്പൂക്കളം പോലെ മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സത്യം തിരിച്ചറിയും. ഇതു ഏതു യൂണിവേഴ്സിറ്റിയിൽ നിന്നു പഠിക്കാൻ കഴിയും ?

പണ്ട് ഓണം എന്നത് കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെയായിരുന്നു ആഘോഷിച്ചിരുന്നത്. അന്നു മുതലായിരുന്നു പൂക്കളവും ഒരുക്കിയിരുന്നത്. എന്നാൽ പിന്നീട് ചിങ്ങത്തിലെ അത്തം മുതൽ തിരുവോണം വരെയായി പൂക്കളമിടൽ. ചിങ്ങത്തിലെ തിരുവോണം മുതലിങ്ങോട്ട് അടുത്ത തിരുവോണം വരെയുള്ള ഇരുപത്തിയെട്ടു നാളുകളായി ഇപ്പോൾ ഓണഘോഷം. എന്നാലും കർക്കടകത്തിലെ തിരുവോണ നാൾ പിള്ളേരോണമായി ആഘോഷിക്കുന്നുണ്ട്.

ഓണത്തിന് പെണ്ണുങ്ങൾക്കുള്ള പ്രാധാന്യം എടുത്തു സൂചിപ്പിക്കേണ്ടതാണ്. ചിങ്ങത്തിൽ അത്തം മുതൽ പത്ത് നാൾ പെണ്ണുങ്ങൾക്ക് ഉത്സവനാളുകളാണ്. ധനുമാസത്തിലെ തിരുവാതിരയും പെണ്ണുങ്ങൾക്ക് ഉത്സവ നാൾ തന്നെ. ഇപ്പോൾ പ്രത്യേകിച്ച് ഒരു നാൾ എന്ന് മലയാളമങ്കയ്ക്ക് മാറ്റി വയ്ക്കേണ്ടതുണ്ടോ? 

ഇവിടെ ഓണത്തെ പറ്റി പറഞ്ഞു വന്നത് മറ്റൊരു വിഷയത്തിലേക്ക് കടക്കേണ്ടതുണ്ട് എന്നതു കൊണ്ടാണ്. ഇത്തവണത്തെ ഓണം വന്നത് ലോകം തന്നെ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയിലാണ്. കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ ജനങ്ങൾ പടയാളികളായി നിൽക്കുകയാണ്. ജാഗ്രത വളരെ ആവശ്യമാണ്. കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഓണം ആഘോഷമാണ് എന്നു കരുതി നിലവിലെ സാഹചര്യങ്ങൾ മറക്കരുത്. ഓണാഘോഷം വീടുകളിൽ ഒതുങ്ങണം. നമ്മൾ ഓണത്തെ അറിയുമ്പോൾ മാവേലി തൻ്റെ പ്രജകളെ കാണാൻ തെരുവിലല്ല വരുന്നത്. നമ്മുടെ വീടുകളിലേക്കാണ്. ആ മാവേലിയെ നമ്മൾ കാത്തിരിക്കേണ്ടത് സ്വഭവനങ്ങളിലാണ്. വെറുതെ തെരുവിലിറങ്ങി നടന്നാൽ ഓണം എന്നത് കൊറോണയെ സ്വീകരിക്കലാവും എന്നു പറയാതെ നിവൃത്തിയില്ല.

അത്തപ്പൂക്കളത്തെ കുറിച്ചുള്ള ഐതീഹ്യം എല്ലാവർക്കും അറിവുള്ളതാണ്. തൃക്കാക്കരയിൽ പോയി തൃക്കാക്കരയപ്പനെ പൂജിക്കാൻ ജനങ്ങൾക്ക് കഴിയാതെ വന്നപ്പോൾ അവരവരുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കി കൊള്ളാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്ന ഐതീഹ്യമുണ്ട്. അപ്പോൾ അത്തപ്പൂക്കളമൊരുക്കേണ്ടതു നമ്മുടെ വീട്ടുമുറ്റത്തു തന്നെ. മാവേലിയെ സ്വീകരികരിക്കേതും നമ്മുടെ വീടുകളിലേക്കുമാണ്. 

ആൾവാസമില്ലാത്തതും ഗതാഗത യോഗ്യമല്ലാത്തതുമായ പ്രദേശങ്ങളെ ഓണം കേറാമൂല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അപരിഷ്കൃത പ്രദേശം എന്നർത്ഥം. ഓണം കേറാമൂലകളാവരുത് നമ്മുടെ ഈ ഓണക്കാലം. എന്നാൽ കൊറോണ കേറാമൂലകളാവണം. അതിനുള്ള ജാഗ്രത നമ്മൾ ഓരോരുത്തരും പുലർത്തണം. 

കമൻ്റ്: റെഡിമെയ്ഡ് ഓണമായിരുന്നു ഇടക്കാലത്ത് മലയാളികൾ അനുഭവിച്ചിരുന്നത്. പരിസ്ഥിതിയെ അറിഞ്ഞുള്ള ഓണമാണ് ആഘോഷം. അതിനുള്ള അവസരമാകണം ഈ ഓണാഘോഷം.

Share :