Archives / August 2020

മായ ബാലകൃഷ്ണൻ 
ഓണവില്ല്  

മലയാളിക്ക് ചിങ്ങം എത്തിയാൽ ഉൾവിളിപോലെ ഓണം പിറക്കും. ഒരുമയുടെ താളമാണ് ഓണം. ആ മനസ്സൊരുമയുടെ പൊതുബോധമാണ് 2018 ലെ  മഹാപ്രളയത്തെപ്പോലും അതിജീവിക്കാൻ നമ്മെ പ്രാപ്തരാ ക്കിയത്.  ഇക്കുറി കൊറോണയെന്ന മഹാമാരി ഭീതി വിതച്ച്  നിൽക്കു മ്പോളും നമ്മൾ അതിനെയും അതിജീവിക്കും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹിമ വിളിച്ചോതുന്ന ഓണം. . 

 ഉത്സവങ്ങളും ആഘോഷങ്ങളും എപ്പൊഴും കൂടുതലായും ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ടാവാം ഓണം എന്നു കേൾക്കുമ്പോളൊക്കെ നാം ബാല്യത്തിലേക്ക് ഇറങ്ങിപ്പോകുന്നത്! കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ. എത്രയില്ലാത്തവനും ഒരു പുതുവസ്ത്രം കിട്ടുമ്പോഴുള്ള സന്തോഷം, വിഭവ സമൃദ്ധമായ ഭക്ഷണം ആ ഒരു ദിവസമെങ്കിലും കഴിച്ച ഓർമ്മകൾ എത്ര വലുതായാലും മായില്ലാ.  

ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരിതൂകിവരുന്ന മാസം! മനസ്സും മാനവു മൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം. ഓണത്തിന്  ആചാരനുഷ്‌ഠാനത്തിന്റെ നിറവ് കൂടിയുണ്ട്. 

ഇന്ന് തിരുവോണത്തിനു മാത്രം പൂവിട്ട് ഓണം ആഘോഷിക്കുന്നതിലേക്ക് കാര്യങ്ങളൊക്കെ ചുരുങ്ങിയിട്ടുണ്ട്. മുൻ നാളുകളിൽ കേരളത്തിൽ ത്തന്നെ തിരുവിതാംകൂർ, കൊച്ചി, വേണാട് എന്നപോലെ തെക്ക് വടക്ക് ഭേദത്തിൽ ഓണം ആഘോഷിക്കുന്നതിലും ആചാരങ്ങളിലും വ്യത്യസ്തത പുലർത്തിയിരുന്നു. കൊച്ചിയും തിരുവിതാംകൂറും ചേരുന്ന മധ്യകേരളത്തിൽ ഞങ്ങളുടെ നാട്ടിൽ ചിങ്ങത്തിലെ അത്തം തുടങ്ങി പത്തു ദിവസം പൂവിട്ട് ഓണംകൊള്ളും. വളരെ പണ്ട് കർക്കിടകത്തിലെ ഓണം തുടങ്ങി കന്നിമാസത്തിലെ ഓണംകൂടി കൊള്ളുമായിരുന്നു.

ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അത്തത്തിനുമുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പൂവിടാൻ മണ്ണുകൊണ്ട് പ്രത്യേകം പൂത്തറ കെട്ടിക്കൊണ്ടാണു അതിന്റെ തുടക്കം. പൂത്തറ എന്നാൽ  'വടക്കുംനാഥൻ 'കെട്ടണം എന്നാണു.  ആവണിപ്പലകയുടെ ആകൃതിയിലാണു ഈ വടക്കുംനാഥനെ കെട്ടുന്നത്.  തലയ്ക്കും വാലറ്റത്തും വലുതും ചെറുതുമായ വൃത്താകാരത്തിൽ ഒരു ഭാഗവും അവയെ ബന്ധിപ്പിക്കുന്ന വാലുപോലെ ഒരു ഭാഗവും ചേർന്ന ഈ വടക്കുന്നാ ഥനെ ചെറിയ കനത്തിൽ മണ്ണു കുഴച്ച് വീട്ടുമുറ്റത്തു മധ്യഭാഗത്തായിട്ടാണു  ഒരുക്കുന്നത്. 

തിരുവോണത്തിനു അന്ന് ഞങ്ങളുടെ നാട്ടിൽ (മധ്യകേരളത്തിൽ ) പൂവിടുന്ന രീതിയില്ല. അന്ന് മാബലിതമ്പുരാനെ എഴുന്നള്ളിച്ച് ഇരുത്തുന്ന വലിയ ചടങ്ങാണുള്ളത്. അതിനാണു പൂത്തറ ആയിട്ട് ആവണിപ്പലക തന്നെ ഉണ്ടാക്കുന്നത്. തമ്പുരാനല്ലേ...അപ്പൊ എഴുന്നള്ളിച്ച് പലകയിൽത്തന്നെ ഇരുത്തണമല്ലോ. 

കുട്ടികളാണ് തറ കെട്ടുന്നതും മാവേലിയെ ഉണ്ടാക്കുന്നതുമെല്ലാം. വലിയ മരപ്പലകയിൽ കുഴച്ച മണ്ണു അടിച്ചുപരത്തി, വക്കും മൂലയുമൊക്കെ പിടിപ്പിച്ച് ത്രികോണാകൃതിയിൽ സ്തൂപംരൂപത്തിൽ മാവേലി പല പല വലിപ്പത്തിൽ 5, 6 എണ്ണമൊക്കെ ഉണ്ടാക്കും. മാവേലിയെക്കൂടാതെ അമ്മിക്കല്ല്, ആട്ടുകല്ല്, ഉരൽ, ഉലക്ക, കിണ്ടി, അമ്മൂമ്മ, അപ്പൂപ്പൻ എന്നുവേണ്ട അത്യാവശ്യം കലാനൈപുണി യൊക്കെ പുറത്തെടുക്കാവുന്ന മണ്ണുകൊണ്ടുള്ള പണികളൊക്കെയുണ്ട്. പിന്നെ മഴ നനയ്ക്കാതെ വെയിലത്തു വച്ച്  ഉണക്കിയെടുക്കണം. 

അത്തം എത്തിക്കഴിഞ്ഞാൽ, കുട്ടികളാണു പൂവിടലും, പൂപറിക്കലും എല്ലാം. കുട്ടയും മുറവും ഉണ്ടാക്കുന്നവർ കുഞ്ഞു കുഞ്ഞു പൂത്തൊട്ടികൾ ഉണ്ടാക്കിക്കൊണ്ടു തരും. വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ടുവന്നാൽ പൂത്തൊട്ടികളും കൊണ്ട് കൂട്ടുകാരുമൊത്ത് അമ്പലപ്പറമ്പിലും, വഴിയോരത്തും, പടവരമ്പിലും, വേലിപ്പടർപ്പുകളിലും നടന്ന് നിറയേ പൂ ശേഖരിക്കും. 

രാവിലെ എഴുന്നേറ്റ് കുളിക്കണം, എന്നിട്ടുവേണം പൂവിടാൻ. അതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും ഉണ്ടാവില്ല കുട്ടികൾക്ക്.  പല്ല് തേച്ചു കയ്യുംകാലും കഴുകി ആ ചടങ്ങ് അങ്ങു ചെയ്യും! ആദ്യം ചാണകംകൊണ്ട് പൂത്തറമെഴുകണം! അതൊക്കെ അമ്മമാര് ചെയ്തുതരും. പൂത്തറയിൽ  വടക്കുന്നാഥന്റെ  തലയ്ക്കും വാലിനറ്റത്തും ആദ്യം തുളസ്സിയിലവച്ച് അതിനു മീതെ ഒരുകുടന്ന തുമ്പപ്പൂ വയ്ക്കണം. അതിനു ചുറ്റുമാണ് ഓരോ പൂവും  ഇടേണ്ടത്. വീട്ടുമുറ്റത്തെ പൂക്കൾ ഓരോന്നും ചെമ്പരത്തിയും മന്ദാരവും,ഓരോ ഇതൾ ഇതളുകളായി വട്ടത്തിൽ വയ്ക്കും.  ചിലപ്പോൾ ഓരോ ഇതളിനും ഇടയിൽ മറ്റു പൂവിന്റെ ഓരോ ഇതളും അടർത്തിവച്ചു എത്രയും മനോഹരമാക്കാൻ ആണ് ഏവരുടെയും ശ്രമം! ഇങ്ങനെ മഞ്ഞനിറത്തിൽ കോളാമ്പിപ്പൂ, നീലയിൽ ശംഖുപുഷ്പം, ഗന്ധരാജൻ, കാശിത്തുമ്പ, ബൊഗയിൻ വില്ല, ചെത്തി, മുക്കുറ്റി, കാക്കപ്പൂ.... കാക്കപ്പൂവും മറ്റും എന്തോരം നേരമെടുത്ത് പറിച്ചാലാ ഇത്തിരിയു ണ്ടാവുക!!! വേലിയിലും മറ്റും നിൽക്കുന്ന ചുന്ദരിപ്പൂവ്, കൊങ്ങിണി പൂവെന്നും ഇതിനെ പറയാറുണ്ട് . ഇങ്ങനെ അത്തംതുടങ്ങി മൂലംവരെ വലിയ ബുദ്ധിമുട്ടില്ലാതെ പോവും.  തുടർന്നുള്ള ദിവസ്സങ്ങളിൽ കൂടുതൽ പൂവ് വേണം.

മൂലംതൊട്ട് കളമിടുന്നതിൽ പ്രത്യേക ക്രമങ്ങളുണ്ട്. മൂലത്തിനു കളത്തിനു (പൂത്തറയ്ക്കു) നാലുമൂലയ്ക്കും ചാണകംകൊണ്ട് ചെറിയ കളമെഴുതി അതിൽ തുളസ്സി, തുമ്പ അങ്ങനെ ഒരു ചെറിയകളം പൂവിടും! പിന്നെ പൂരാടം, ഉത്രാടം! പൂരാടത്തിനു പ്രധാന കളത്തിനുനേരെ വീട്ടുപടിവരെ ഓരോ ചാൽ  ഇടവിട്ട് കളം തീർത്തു പൂവിടണം. ഉത്രാടത്തിനു വീട്ടുപടിക്കു പുറത്തു കളമെഴുതി പൂവിടണം. മഹാബലിത്തമ്പുരാനെ പടി തുടങ്ങി സ്വീകരിക്കുന്നു എന്നതിന്റെ പ്രതീകം ആണു. പടിക്കു പുറത്തിടുന്ന കളം ആണു ഏവരും കാണുന്നത്!  അതുകൊണ്ട് നല്ല വലിപ്പത്തിലും ഭംഗിയിലും എത്രയും മനോഹരമാക്കി വയ്ക്കും അത്.  ഓരോ ദിവസവും പൂവിട്ടു കഴിഞ്ഞാൽ ചാഞ്ഞും ചെരിഞ്ഞും കളം നോക്കിക്കണ്ടു ആസ്വദിച്ച് പിന്നെ അടുത്ത വീട്ടിലേക്ക് ഓടും! അന്നത്തെ മത്സരം അങ്ങിനെ യൊക്കെ ആയിരുന്നു.  

അങ്ങനെ തിരുവോണം എത്തി. തിരുവോണനാളിൽ മഹാബലി വരും നേരം രാവിലെ ചൂലെടുക്കാൻ പാടില്ലാ എന്നാണ്. അവിടെ തുടങ്ങുകയാണ് ഉത്രാടപ്പാച്ചിൽ!  ഉത്രാടത്തിനു വൈകുന്നേരം മുറ്റമടിച്ച് ചാണകംതളിച്ച് , കളത്തിലെ പൂക്കളൊക്കെ വാരിമാറ്റി ചാണകംമെഴുകി വൃത്തിയാക്കിയിടണം. ഉത്രാടത്തലേന്ന് തന്നെ, കളത്തിലും  മാവേലിയെ അണിയിക്കാനും അരിമാവ് അരച്ച് തയ്യാറാക്കണം. തൂശനില വെട്ടിവയ്ക്കണം, കിണ്ടിയും നിലവിളക്കും വെട്ടിത്തിളങ്ങുമാറ് തേച്ചുരച്ചു കഴുകി വയ്ക്കണം, മാവേലിയെ അണിയിക്കാൻ തുമ്പക്കുടം വേണം. തുമ്പച്ചെടി കടയോടുകൂടി പറിച്ചെടുത്തതിനെയാണ് തുമ്പക്കുടം എന്നുപറയുന്നത്. ഉത്രാടത്തിനു രാവിലെ പൂക്കളമിട്ടു കഴിഞ്ഞാൽ, നേരം പരപരാ വെളുക്കുമ്പോഴേക്കും ആരെങ്കിലുമൊക്കെ പറിച്ചെടുത്തു കൊണ്ടുപോകും മുൻപേ തുമ്പക്കട പറിച്ചെടുത്തു കൊണ്ടുവയ്ക്കാൻ പറമ്പുകൾ തോറും ഓടും. ️

ഇങ്ങനെ ശരിക്കും ഒരു ഉത്രാടപ്പാച്ചിൽ! സന്ധ്യയായാൽ പിന്നെ പൂവിളിയുടെ സമയമാണു. വീടിന്റെ ഓരോ ഭാഗത്തുനിന്നും അടുത്ത വീട്ടിലെ കുട്ടികളുമായാണു പൂവിളി കൂവുന്നത്. ഇവിടെ  ഒന്ന് നീട്ടി കൂവി നിറുത്തുമ്പോൾ അപ്പുറത്തുനിന്നും മറുകൂവൽ എത്തിയിരിക്കും! ഇങ്ങനെ കുറച്ചുസമയം മത്സരിച്ചുള്ള കൂവൽ വളരെ രസകരമായിരിക്കും. ആ സമയം മുതിർന്നവരൊക്കെ അടുക്കളയിൽ സദ്യക്കുള്ള ഒരുക്കങ്ങളിലായിരിക്കും. അത്തം തുടങ്ങി അവിട്ടം ഓണം കഴിയുന്നവരെ മത്സ്യമാംസാദികൾ ഒഴിവാക്കണം. പകരം പഴം പായസം പപ്പടം, നാനാവിധ പച്ചക്കറികൊണ്ടു തീർക്കുന്ന വിഭവ സമൃദ്ധമായ സദ്യയായിരിക്കും.

അടുക്കള നിറയെ പച്ചക്കറികളും പഴക്കുല തൂക്കിയിട്ടും, തേങ്ങാ ചിരവി വയ്ക്കലും ഓണ അട ഉണ്ടാക്കലും സദ്യക്കുള്ള ഉപ്പേരി, ഇഞ്ചി,  നാരങ്ങ, മാങ്ങ കറികളും ഉണ്ടാക്കുന്ന തിരക്കുകൾ ആണ്. അമ്മമാരും മുത്തശ്ശിയും അമ്മാവന്മാരുപോലും അന്ന് സദ്യവട്ടങ്ങൾക്ക് അടുക്കളയിൽ കയറും. ഇതിനിടയിൽ അടയുണ്ടാക്കാൻ ചിരവി വച്ചിരിക്കുന്ന തേങ്ങാ ഓരോ നുള്ളു എടുത്ത് വായിലാക്കുന്നതും കുട്ടിക്കാലത്തിന്റെ ഓണ ആഹ്ലാദമാണ്. 

വെളുപ്പിനേ ഉണർന്ന് മാവേലിയെ എതിരേൽക്കുന്നത് വീട്ടിലെ മുതിർന്ന അംഗം ആണ്. വെളുപ്പിനു കുളിച്ചുവന്ന് ഈറനുടുത്ത് ആർപ്പോ... വിളികളുടെ ആരവത്തിൽ, തലേദിവസം മെഴുകി വൃത്തിയാക്കിയിട്ട പൂത്തറയിൽ,  അരിമാവണിഞ്ഞ് പലകയിട്ട്, തൂശനിലയിൽ കുളിപ്പിച്ച മാവേലിയെ വച്ച്, ചന്ദനം തൊടുവിച്ചു, തുമ്പക്കുടംകൊണ്ട് മൂടും. നിലവിളക്കു കൊളുത്തി, തേങ്ങാപൊട്ടിച്ച് അതുകൊണ്ട്  അഭിഷേകം ചെയ്ത്  മഹാബലി തമ്പുരാനെ എഴുന്നള്ളിച്ചു ഇരുത്തുന്ന ചടങ്ങ് ആണത്. എന്നിട്ട് ആ രണ്ടു തേങ്ങാ പൊളിയിലും കിഴികെട്ടി തിരിതെളിച്ചു, ഗണപതിക്കു അവിലും മലരും പഴവും വിളക്കിനുവച്ചു, തമ്പുരാനു മുന്നിൽ അടയും നിവേദിക്കും.  പടിവരെ ഓരോ കളത്തിലും ഈ ചടങ്ങുകൾ നടത്തി പടിക്കു വെളിയിലെ കളത്തിലും അടയും നേദ്യവുംവയ്ക്കും. വീട്ടുപടിക്കു പുറത്തുവയ്ക്കുന്ന മാവേലിയെയും നേദിക്കാൻ വയ്ക്കുന്ന അടയും മോഷ്ടിച്ചു കൊണ്ടുപോകുന്നതും, പതുങ്ങിനിന്നു കുട്ടിക്കള്ളനെ പ്പിടിക്കുന്നതുമൊക്കെ രസകരമായ പതിവാണ് അക്കാലങ്ങളിൽ.  ഉത്രാടത്തിനു കോടിയുടുക്കണം, തിരുവോണത്തിനു അലക്കിയുടുക്കണം എന്നാണു മുത്തശ്ശിമാർ പറയുന്നത്. 

ഓണസദ്യ കഴിഞ്ഞാൽ നാട്ടിൽ തിരുവോണത്തിന്റെ അന്നത്തെ ഓണക്കളി ബഹുകേമമാണു. അത്തം തുടങ്ങിയുള്ള ദിവസ്സങ്ങളിൽ രാത്രിയിലാണു നാട്ടിലെ ചില വീടുകളിൽ എല്ലാവരും ഒരുമിച്ചുകൂടി കളിക്കാറ്. തിരുവോണ നാളിൽ ഉച്ചക്കുശേഷം നാടിന്റെ നാലുകരയിലുമുള്ള വലിയൊരു ജനക്കൂട്ടം ഓണക്കളി കാണാൻ തടിച്ചു കൂടും. സ്ത്രീകളേക്കാൾ പുരുഷന്മാരാണു ഇവിടങ്ങളിൽ കളിക്കാൻ  കൂടാറുള്ളത്. വട്ടമിട്ടു നിന്നു പാട്ടുപാടി ഏറ്റുചൊല്ലി കൈകൊട്ടി , ചുവടുവച്ചു സ്ത്രീകളും പുരുഷന്മാരും  കുട്ടികളുമൊക്കെ അവർക്കൊപ്പം നിരക്കും! തനി  ഗ്രാമീണമായ നാടൻപാട്ടു ശൈലിയിലാണു ആ പാട്ടുകൾ. ഗണപതി, സരസ്വതി കൃഷ്ണലീലകൾ, ഇതൊന്നും കൂടാതെ പച്ചക്കറികളുടെ പേരും സദ്യവട്ടങ്ങളും, കൂടാതെ നാട്ടിലെ സാമൂഹികാവസ്ഥയുമൊക്കെ വളരെ തന്മയത്വത്തോടെ ഓണപ്പാട്ടു രീതിയിൽ അവതരിപ്പിക്കും.  എന്നാൽ ഇന്ന് ആ തലമുറയൊക്കെ നാടുനീങ്ങിയതോടെ വലിയൊരു സംസ്കാരത്തിന്റെ  അവശേഷിപ്പുകൾ തന്നെ മാഞ്ഞുപോയി. വലിയൊരു നഷ്ടം തന്നെയാണു പുതുതലമുറക്ക് അതെല്ലാം. 

നമ്മുടെ ഓണം, കൃഷി, പുഴകൾ മലകൾ നാട്ടുനന്മകൾ എല്ലാം തിരിച്ചെടുത്താലേ നമുക്ക് നമ്മുടെ മണ്ണിലേക്കും വേരുകളിലേക്കും എത്തിപ്പിടിക്കാൻ കഴിയുള്ളൂ. ചെറിയവൻ, വലിയവൻ എന്ന ഭേദങ്ങളില്ലാതെ, വർണ്ണവ്യതിയാനങ്ങളില്ലാതെ ഏവരും  ഒന്നാവാൻ, പ്രതീക്ഷകൾ തരുന്ന പൊൻകിരണങ്ങൾ കതിരണിയട്ടെ, മണ്ണിലും മനസ്സിലും! 

 

 

Share :