Archives / August 2020

ശ്രീകല മനോജ്
ഓർമ്മക്കൊളുത്തുകൾ


ഓർമ്മകൾ ചൂണ്ടക്കൊളുത്തുകൾ പോലെയാണ്.

ശാന്തമായൊഴുകുന്ന മനസിൽ അവ
ഭൂതകാല കൊളുത്തുകളെറിയും

കൂർത്ത കൊളുത്തുകളിൽ ഹൃദയമങ്ങനെ
പിടയും ഒരു ഏറ്റുമീൻ പോലെ

പിടയും തോറും കൊളുത്ത് മുറുകുമ്പോൾ
മുറിവുകൾ ചോര  ചീറ്റിക്കൊണ്ടേയിരിക്കും.

എത്രയൊക്കെ പറിച്ചെറിഞ്ഞാലും കൊളുത്തറ്റ്
മുറിവുകൾ നീറി പുകഞ്ഞു കൊണ്ടേയിരിക്കും.

ഉറക്കമില്ലാത്ത രാത്രികളിൽ ആ നീറ്റൽ
പുകയുന്ന അഗ്നിപർവ്വതങ്ങളായ് മാറും

കല്ലടുപ്പിൽ പൊതിഞ്ഞുവച്ച സ്വപ്നങ്ങൾ
വെന്തുരുകി ശവഗന്ധമുണർത്തും

അർബുദം കാർന്നെടുത്ത ഗർഭപാത്രത്തിൽ
നിന്ന് പിറവിയുടെ കരച്ചിലുകൾ പല്ലിളിക്കും

കുടിച്ചു വറ്റിച്ച കയ്പുനീരൊക്കെയും
പകുതിയുംചത്ത കണ്ണുകൾ പെയ്തൊഴിച്ചു കൊണ്ടേയിരിക്കും .

അല്ലെങ്കിലും അടക്കി വച്ച പകലുകളെല്ലാം
ആർത്തലക്കുന്നത് രാത്രികളിലാണല്ലോ

ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നനുത്ത രാത്രികളിൽ

അപ്പോഴും കാലം കവർന്നെടുത്ത സ്വപ്നങ്ങൾ മൂടിപ്പുതച്ച്
തളർന്നുറങ്ങുന്നുണ്ടായിരിക്കും
കരച്ചിൽ പോലും പണ്ടേ പണയം വച്ചൊരുത്തൻ.
 

Share :