Archives / july 2021

മാങ്ങാട് രത്നാകരൻ
ചെത്ത്-അടിപൊളി ( വാക്കും വാപ്പയും 7)


               ചെത്ത് സ്റ്റൈലിൽ അടിപൊളി പാട്ടിൻ്റെ അകമ്പടിയോടെ ബൈക്കിലൊന്ന് കറങ്ങിയതേയുള്ളു. ഏമാന്മാർ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു.

      ഈയിടെ ഒരു പത്രവാർത്തയുടെ തുടക്കത്തിൽ, ഒറ്റവാക്യത്തിൽത്തന്നെ ചെത്തും അടിപൊളിയും പ്രത്യക്ഷപ്പെട്ടു കണ്ടപ്പോൾ സന്തോഷമായി. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ നമ്മുടെ ഭാഷയിൽ പ്രത്യക്ഷപ്പെട്ട പവൻമാർക്ക് പദങ്ങളാണിവ.
        ഈ പദങ്ങൾക്ക് നിഘണ്ടുവിലെന്തേ അയിത്തം ?
     1965-ലാണ് മലയാള മഹാനിഘണ്ടുവിൻ്റെ ആദ്യ വാല്യം ,  പുറത്തിറങ്ങുന്നത്. അന്ന് ഈ രണ്ടു പദങ്ങളും, 'പൊട്ടിമുളച്ചി'ട്ടില്ല. രണ്ടായിരാമാണ്ടിൽ, രണ്ടാം പതിപ്പു വന്നപ്പോഴും യിൽ 'അടിപൊളി'യെ കണ്ടില്ല. കാരണം ,സംഗതി ഒന്നാം പതിപ്പിൻ്റെ ഈച്ചകോപ്പിയാണ് .സംസ്കൃതത്തിൽ പറഞ്ഞാൽ പുനർമുദ്രണം .അതിന് രാഷ്ട്രീയഭിക്ഷാംദേഹികളും മറ്റും ഉപയോഗിക്കുന്ന തരം ന്യായം പറയുന്നുമുണ്ട്. "മുഴുവൻ വല്യങ്ങളും പ്രസിദ്ധീകരിക്കുന്നതിനു ശേഷമല്ലാതെ ഒരു പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കാൻ കഴിയില്ല." അതെന്തേ?  പരിഷ്കരിക്കാൻ   കഴിയണോ?
      'ചെത്ത് ' യിൽ ഉണ്ടായിരുന്നു. (മഹാനിഘണ്ടു ,അഞ്ചാം വാല്യം ഘ - ണ്യ) പലതരം ചെത്തുകൾ ഉണ്ട്, കള്ളുചെത്ത് ഉൾപ്പെടെ. 1985-ൽ 'ചെത്തി ' തുടങ്ങിയിട്ടില്ലാത്തതിനാൽ വേവലാതി വേണ്ട. പക്ഷേ, 'ചെത്തി ' ത്തുടങ്ങിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നോ?
      നാം ഇംഗ്ലീഷുകാരിൽ നിന്ന് പഠിക്കേണ്ടാത്തതെല്ലാം പഠിച്ചു.  പഠിക്കേണ്ടതൊട്ട് പഠിച്ചതുമില്ല എന്നാണ് കരുതേണ്ടത്.  നിഘണ്ടു വാക്കുകളെ ഉപ്പിലിട്ടുവയ്ക്കുന്ന ചീനബ്ഭരണിയല്ലേ, നിത്യജീവിതത്തിൽ അതിനെന്തു കാര്യം എന്നു ചോദിക്കാം. എന്നാൽ അങ്ങനെയല്ല. ഫ്രഞ്ച് എഴുത്തുകാരൻ ഷോൺ കൊക്തു പറഞ്ഞു: "The greatest  masterpiece  in literature  is only a dictionary out of order. " (ഒരു നിഘണ്ടു കുലുക്കിക്കുത്തിയതാണ് ഏതൊരു മഹത്തായ സാഹിത്യ സൃഷ്ടിയും.) എങ്ങനെയുണ്ട്?
      വീണ്ടും പത്രവാർത്തയെ ആശ്രയിക്കട്ടെ: തലവാചകം: ഓക്സ്ഫഡ് ഡിക് ഷ്ണറിയിൽ 'ഹർത്താൽ'.  ഉപശീർഷകം: പുതുതായി 1000 ഇംഗ്ലീഷ് വാക്കുകൾ. 384 ഇന്ത്യൻ ഇംഗ്ലീഷ് .
  വാർത്ത: ഓക്സ്ഫഡ് ഇംഗ്ലീഷ് അഡ്വാൻസ്ഡ് ലേണേഴ്സ് ഡിക് ഷ്ണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ 'ഹർത്താൽ ''ഇടംപിടിച്ചു. പുതുതായി ചേർന്ന ഇന്ത്യൻ ഇംഗ്ലീഷ് പദങ്ങളുടെ കൂട്ടത്തിലാണ് ഹർത്താലും ആധാറും ഡബ്ബയും (ചോറ്റുപാത്രം) ശാദിയും (വിവാഹം) ഉൾപ്പെട്ടത്.
   അതുപോട്ടെ, മലയാളം പദങ്ങളെങ്കിലും മലയാള നിഘണ്ടുക്കളിൽ ചെന്നുചേരേണ്ടേ?
'അടിപൊളി'യെ നിഘണ്ടു കണ്ടില്ല എന്നു പറഞ്ഞുവല്ലോ .ചെത്തിൻ്റെ ചില അർത്ഥങ്ങളിൽ പുതിയ ചെത്തുണ്ട്:
   ചെത്തി ഒരുക്കുക = മുറ്റവും മറ്റും പുല്ല് ചെത്തി വൃത്തിയാക്കുക
   വൃത്തിയുടെ ഒരു വകഭേദമാണ് 'ചെത്തി ' നടക്കുന്നതിൽ ഉള്ളത്.  'അനാവശ്യങ്ങൾ ' കളഞ്ഞുള്ള ഒരുക്കം, ഒരുങ്ങൽ. 'ചെത്തി ' യിലെന്ന പോലെ ,ഒരു മുറിക്കൽ അതിലുണ്ട് , ക്ഷിപ്രവേഗവുമുണ്ട്.
    അങ്ങനെ ,മനോഹരം ( ഷർട്ട് ചെത്താണല്ലോ ,ചെത്ത് ഷർട്ടാണല്ലോ .) നല്ല, ഗംഭീരം (ചെത്ത് സ്റ്റൈൽ) അങ്ങനെയെല്ലാം ചെത്ത്, ചെത്തിപ്പടരാം.
       അടിപൊളി, ഒന്നാന്തരം ഇങ്ങനെ സന്ദർഭത്തിനുസരിച്ച് അർത്ഥമാനങ്ങളിലേക്ക് ഉയരുന്ന പദമാണ്
അടിപൊളി !
അടിപൊളി സിനിമ
സദ്യ അടിപൊളി
ബീച്ചിൽ പോയി അടിച്ചുപൊളിച്ചു.
    ഇപ്പോൾ 'പൊളിച്ചു' എന്നു മാത്രം പറഞ്ഞാലും അതേ അർത്ഥം കിട്ടുമെന്നായിട്ടുണ്ട്.
   നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ ,സമൂഹത്തിൽ താഴേക്കിടയിലായവരുടെ സംഭാഷണങ്ങളിലെ വാക്കുകൾ, 'അശ്ലീല' പദങ്ങൾ ,തെറി -- ഇതെല്ലാം നിഘണ്ടുകളും തൊടാൻ മടിക്കുന്നു.
      ഏറ്റവും 'ഗംഭീരമായ ' തെറി സാഹിത്യം (കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്, ചേർത്തല പൂരപ്പാട്ട് തുടങ്ങിയവ ഓർക്കുക.) മുതൽക്കൂട്ടായുള്ള മലയാളികൾക്ക് തെറി വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഒരു നിഘണ്ടുവോ സമാഹരണമോ ഇല്ല. വിക്ടോറിയൻ മൂല്യങ്ങൾ ബിലാത്തിയിൽ നിന്നു വന്നതാണ്. ബിലാത്തി ആ മൂല്യങ്ങൾ എന്നേ  കയ്യൊഴിഞ്ഞു. ബിലാത്തിക്കാർ കെട്ടുകെട്ടിയിട്ടും നാമതു കൊണ്ടുനടക്കുന്നു.

Share :